മഞ്ഞില്‍ കുളിച്ചു നിന്ന അമേരിക്കയുടെ മടിത്തട്ടിലേക്ക് ഒരു ഫെബ്രുവരി മാസമായിരുന്നു കാലു കുത്തിയത് . അതൊരു സ്വപ്ന സാക്ഷാത്കാരവും ചുറ്റും മഞ്ഞു കൊണ്ട് പൂക്കളം തന്നെ സൃഷ്ടിച്ചിരുന്നു .
നാട്ടില്‍ ഡിസംബര്‍ മാസം മാത്രം അല്പം കുളിരും , തണുപ്പും അനുഭവിച്ചിരുന്നതൊഴിച്ചാല് ഈ മഞ്ഞിന്റെ കാഴ്ച ഒരു അനുഭൂതിയായിരുന്നു . എയര്‍പോര്‍ട്ടില്‍ ഭര്‍തൃസഹോദരനും ഭാര്യയും വിന്റര്‍ കോട്ടുകളുമായി എത്തിയിരുന്നു .
പിന്നീട് ജോലിയ്ക്കായുള്ള ഒരു വേട്ടയായിരുന്നു . മാസങ്ങള്‍ ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടില്‍ കഴിഞ്ഞു . അതിനു ശേഷം ജോലിക്കു വേണ്ടിയുള്ള തിരച്ചിലും അവരുടെയൊക്കെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജോലിയും കരസ്ഥമാക്കി .
അങ്ങനെ നാട്ടില്‍ വീട്ടമ്മയായി കഴിഞ്ഞുകൂടിയ എനിക്ക് വലിയൊരു തുണിക്കടയില്‍ സ്റ്റോക്കില്‍ ഒരു ജോലി തരപ്പെട്ടു . ജോലി എന്നെ അതിശയിക്കുമാറ് ഏണിയില്‍ കയറി പുതിയ സ്റ്റോക്കുകള്‍ പൊട്ടിച്ച് ഇടുക
എന്നതായിരുന്നു . ഒരു എക്സ്പീരിയന്‍സും ഇല്ലാത്ത എനിക്ക് അത് എനിക്ക് അത് കിട്ടിയത് തന്നെ ഭാഗ്യമായി കരുതി . ഒരിക്കല്‍ ആദ്യമായി ബസ്സില്‍ കയറി ജോലിസ്ഥലത്തേക്ക് പോകവേ തെറ്റി വേറൊരു വണ്ടിയില്‍ കയറിയതും വേറൊരു സിറ്റിയില്‍ ചെന്നിറങ്ങിയതും ഓര്‍മകളില്‍ വരുന്നു .
ആദ്യം സത്യത്തില്‍ കരഞ്ഞു പോയി എങ്കിലും ഒരു മദാമ്മ അരികില്‍ വന്നു കാര്യം അന്വേഷിച്ചതും അവര്‍ തന്നെ ജോലിസ്ഥലത്തേക്കുള്ള ബസ്സില്‍ കയറ്റി വിട്ടതും ഓര്‍ത്തു പോകുന്നു . പിന്നീടൊരിക്കലും വഴി തെറ്റിയിട്ടില്ല . അമേരിക്കന്‍സിന്റെ മര്യാദയും ആത്മാര്‍ത്ഥതയും ഞാനന്ന് മനസിലാക്കി . അവരുടെ താങ്ക്സിനും, സോറിക്കും ഒക്കെ വളരെ അര്‍ത്ഥവ്യാപ്തി ഉള്ളതായി തോന്നിയിരുന്നു .
അന്നൊരിക്കല്‍ ക്രിസ്മസ് ടൈമില്‍ ജോലിസ്ഥലത്ത് ഒരു ഫുഡ് കോംബറ്റീഷനും വച്ചിരുന്നു . അവിടെ വിവിധ രാജ്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണല്ലോ . എല്ലാവരും അവരവരുടേതായ വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ട് വന്നു നിരത്തിയിരുന്നു . ഞാനതും ഒരു ഫിഷ് കട്ലറ്റ് തയ്യാറാക്കി കൊണ്ട് പോയിരുന്നു . അതിശയമെന്ന് പറയട്ടെ എന്റെ ഫിഷ് കട്ലറ്റിന് ഒന്നാം സമ്മാനം കിട്ടിയിരുന്നു , സത്യത്തില്‍ അത് വളരെ ടേസ്റ്റി ആയിരുന്നു എന്നാണ് അറിഞ്ഞത് . നാട്ടില്‍ വച്ച് എന്റെ പാലപ്പത്തിന്റെ റെസിപി 'ഗൃഹാലക്ഷ്മി' മാസികയില്‍ വന്നിട്ടുള്ള കാലം ഇത്തരുണത്തില്‍ ഓര്‍ത്ത് പോകുന്നു . എങ്കിലും അമേരിക്കന്‍സ് എന്റെ പാചകത്തോട് വളരെ നീതി പുലര്‍ത്തിയല്ലോ എന്ന് വിചാരിച്ചു പോയി , ചിലപ്പോഴെങ്കിലും വലിയ ജോലികളിലെ ഡിസ്ക്രിമിനേഷനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും പോലും .
കാലം കടന്നു പോയി പിന്നീട് ഒരു സ്റ്റേറ്റ് ജോലി തന്നെ കരസ്ഥമാക്കി , അത് പരീക്ഷകളും ഇന്റര്‍വ്യൂകളും കടന്നു തന്നെ . ഇപ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് ഒന്നുമില്ലാതെ സുമനസുകളുടെയും ഫ്രണ്ട്സിന്റെയും സഹായത്തോടെ ജോലിയില്‍ പോയിരുന്നു . തികച്ചും തെറ്റില്ലാത്ത ഒരു ജോലി തന്നെയായിരുന്നു .
ഇപ്പോള്‍ 20 വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് വിരമിച്ച് റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിച്ച കഴിഞ്ഞു കൂടുന്നു , കൂട്ടിന് അല്പസ്വല്പം ഷുഗറും പ്രഷറും ഒഴിച്ചാല്‍ ജീവിതം സ്വസ്ഥം .
ഇവിടെ റിട്ടയര്‍മെന്റിന് പ്രായപരിധി ഇല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും വിരമിക്കാം പക്ഷെ 55 വയസ്സാണ് പ്രായപരിധി സ്റ്റേറ്റില്‍ ഫുള്‍ പെന്ഷന് .
കലണ്ടര്‍ കൊഴിഞ്ഞു പോയതറിഞ്ഞില്ല മക്കള്‍ ഒക്കെ പറക്കമുറ്റി അവരവരുടെ കൂരകളില്‍ ചേക്കേറി അതാണല്ലോ ലോകനിയമവും . പിന്നീട് ഭര്‍ത്താവിന്റെ വേര്‍പാട് ഒരു നെരിപ്പോടായി മനസ്സില്‍ പേറി കാലങ്ങള്‍ തള്ളി നീക്കുന്നു . ജീവിക്കാന്‍ തരക്കേടില്ലാത്ത സാമ്പത്തികം ആര്‍ക്കും അമേരിക്കയില്‍ കിട്ടും എന്ന സത്യം മറക്കാവതല്ല . പിന്നെ ചിലപ്പോഴെങ്കിലും ഒരു തിരിച്ചു പോക്കിനെക്കുറിച്ചും ആലോചിക്കാതിരുന്നിട്ടില്ല , ഒക്കെ ദൈവനിശ്ചയം പോലെ അങ്ങനെ പോകുന്നു കാര്യങ്ങള്‍ അമേരിക്കയില്‍
മേരി മാത്യു മുട്ടത്ത്