Image

മുടിയനായ അപ്പൻ  (കഥ: ബെന്നി ന്യൂജേഴ്‌സി)

Published on 05 February, 2022
മുടിയനായ അപ്പൻ  (കഥ: ബെന്നി ന്യൂജേഴ്‌സി)

രണ്ടു മക്കൾക്ക് ഒരു അപ്പൻ ഉണ്ടായിരുന്നു.

അപ്പൻ മൂത്ത മകനോട്. 'എടാ മകനേ... നീ വല്ലാതെ എന്നെ നാണം കെടുത്തി, എന്റെ മുഖത്ത് കരി വാരി തേക്കുന്നു...

സ്കൂളിലെ മിഡ്-ടേം എക്സാമിന് ഒരു മാർക്കാണ് ഇംഗ്ലീഷിന് നിന്റെ ബന്ധുവിനേക്കാൾ കുറഞ്ഞത്! എല്ലാ ദിവസവും കൂടെ ഇരുത്തി ചൂരലിന്റെ രുചിയിൽ വായിപ്പിക്കുകയും സ്കൂളിൽ നിന്നുള്ള കുറിപ്പുകൾ വായിച്ചിട്ട് നിനക്കായ് വേണ്ട ‘ശിക്ഷ’ണം തരുകയും ചെയ്തിരുന്നല്ലോ?

നിന്റെ കൈയ്യക്ഷരം നന്നാക്കാൻ കൈവിരലുകൾക്ക് ആവശ്യമായ ചൂരലുമ്മ തന്നിരുന്നതും നീ മറന്നു. ഓരോ ദിവസവും എപ്പോൾ നീ ഉണരണം, എന്ത് കഴിക്കണം, ഏതു കുപ്പായം ധരിക്കണം, ഏതൊക്കെ കൂട്ടുകാരെ നിനക്ക് വേണം, എങ്ങിനെ നിൽക്കണം, നടക്കണം, ഇരിക്കണം തുടങ്ങിയ എല്ലാത്തിലും ഈ അപ്പൻ കൂടെനിന്ന് പഠിപ്പിക്കുകയും, നിന്റെ മസ്‌തിഷ്‌ക്കത്തിൽ സ്ഥിരമായി ഇവ പതിയുവാൻ ആവശ്യമായ വേദനക്കഷായങ്ങൾ മുറതെറ്റാതെ നൽകുകയും ചെയ്തിരുന്നു. അങ്ങിനെ ദൈവത്തിന്റെ മുമ്പിൽ ഒരപ്പന്റെ കടമകൾ സത്യസന്ധമായി നിർവഹിക്കുന്നുണ്ട് എന്ന് അപ്പൻ സന്ധ്യയിൽ ഉറക്കെ പ്രാർത്ഥിക്കൂന്നത് നീ കേൾക്കാറില്ലേ?

'ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.' മകനെ, ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ ഉപദേശങ്ങൾ ഈ അപ്പൻ എല്ലാ ദിവസവും രണ്ടു പ്രാവശ്യമെങ്കിലും ഉരുവിടുന്നത് നീ അറിയുന്നില്ലെ? അപ്പന്റെ സ്നേഹിതനായ ആ ചൂരലിനെ അപ്പനെന്നും താലോലിക്കുന്നതു് നീ കാണുന്നില്ലയോ...

നിന്റെ ക്ലാസ് ബുക്കുകൾ പരിശോധിക്കാനായി ഊണു മേശക്കു ചുറ്റും കൂടുമ്പോൾ, ആ ചൂരലിലേക്ക് നിന്റെ കണ്ണുകൾ പായുന്നതും, അത് കണ്ട് ഈ അപ്പന്റെ ഉള്ളം സന്തോഷിക്കുന്നു എന്നതും നീ അറിയുന്നില്ലയോ? ആ ചൂരലിന്റെ ഭയത്തിൽ നീ വളർന്ന് എല്ലാവരിലും മുൻപന്തിയിൽ എത്തുമെന്നത് അപ്പനെ അതീതമായി സന്തോഷിപ്പിച്ചിരുന്നല്ലോ.

രാവും പകലും നിന്നെ ഉരുവിട്ടു ഉരുവിട്ട് പഠിപ്പിച്ച സൺഡേ സ്കൂൾ പ്രസംഗ മത്സരത്തിന്റെ ഒരു വാക്ക് നീ മറന്നുപോയിരുന്നത്, മകനെ, നിന്റെ സ്ഥാനം ഒന്നിൽ നിന്നും രണ്ടിലേക്ക് വഴുതി മാറുമെന്നതു കണ്ട് ജാക്കറ്റിന്റെ ഉള്ളിൽ ഭദ്രമായി ഒളുപ്പിച്ചുവെച്ചിരുന്ന അപ്പന്റെ പ്രിയ സ്നേഹിതനതായ ചൂരലെടുത്ത്, ആ വാക്കിനെ നീ മറന്നത് എന്തെന്ന് എല്ലാരുടെയും മുൻപിൽ നിന്നെ ഓർപ്പിക്കാൻ അപ്പന്റെ കൈ തരിച്ചു വന്നത് നീ അറിയില്ലയോ?

അന്ന് വികാരിയച്ചൻ ഓടി അടുത്തു വന്നിട്ട് നീ എത്ര നന്നായി പ്രസംഗിച്ചുവെന്നു പറഞ്ഞ് എന്നെ അഭിനന്ദിച്ചപ്പോൾ, ആ ചൂരൽ ഈ അപ്പന്റെ ജാക്കറ്റിന്റെ ഉള്ളിലേക്ക് വീണ്ടും ഒളിപ്പിക്കുകയായിരുന്നു...

നിന്നെപ്പറ്റിയുള്ള അപ്പന്റെ ആവലാതി നന്നായി അറിയുന്ന വികാരിയച്ചൻ അപ്പനെങ്ങാനും സ്റ്റേയ്ജിൽ കയറിവന്ന് നിന്റെ ഓർമ്മയിലേക്ക് ആ വാക്ക് കൊണ്ടുവരാനുള്ള 'ആയുധം' പുറത്തെടുത്ത് പ്രയോഗിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി പിന്നീട് പറഞ്ഞു. മോനേ.. എല്ലാം നിന്റെ നന്മയ്ക്കു വേണ്ടിയല്ലയോ?

Love is God, Love never PUNISH… സ്നേഹമുള്ള ദൈവം ‘ശിക്ഷിക്കില്ല’ എന്ന വാക്കിൽ തപ്പിത്തപ്പി മുപ്പത് സെക്കന്റിന് മേലെയാണ് നീ സ്തംഭിച്ചു നിന്നുപോയത്... മകനേ, എത്രയോ തവണ ഉരുവിട്ടുരുവിട്ട് ഈ അപ്പൻ ആ വാക്ക് നിന്നെ കാണാപ്പാടം ചൊല്ലിച്ചാ സ്റ്റേജിൽ കയറ്റിവിട്ടത്! അപ്പന്റെ പെരുവിരൽ മുതൽ നെറുകംതല വരെ ദേഷ്യത്തരിപ്പായെങ്കിലും, നിന്റെ കണ്ണുകൾ ആകാശത്തിലേക്ക് ഉയരുന്നതും നിന്റെ വലത്തെ കയ്യ് ഇടത്തേ കയ്യിനെ തഴുകുന്നതും കണ്ടു. മകനെ, ആ കൈയ്യിലായിരുന്നല്ലോ ഈ അപ്പൻ ജ്ഞാനിയാ ശലോമോന്റെ 23:13 ന്നിൽ സായൂജ്യം കണ്ടിരുന്നത്. അപ്പന്റെ ജാക്കറ്റിന്റെയുള്ളിൽ ഒളിപ്പിച്ചിരുന്ന ചൂരൽ പറയുന്നുണ്ടായിരുന്നു, 'അപ്പാ, എന്നെ എടുത്ത് ഉയർത്തി കാട്ടാൻ!'

എല്ലാ സാബത് ദിവസങ്ങളിലും ദേവാലയത്തിൽ നിന്നും മടങ്ങിവരുമ്പോൾ, ശുശ്രൂഷയിൽ പുരോഹിതന്റെ സഹായി ആയ നിനക്കു പറ്റിയ തെറ്റുകൾ ‘അടി’വരയിട്ട് നിന്നെ തിരുത്തുന്നതും, ആ തെറ്റുകൾ മുൻപ് പറഞ്ഞുതന്നതാണെങ്കിൽ ചൂരലിൽ അപ്പന്റെ സ്നേഹം നിനക്ക് പകർന്ന് തന്നിരുന്നതും അറിയില്ലയോ?

ധൂപക്കുറ്റി വീശുമ്പോൾ എൺപത് ഡിഗ്രിയിൽ കൂടുതൽ ആകരുത് എന്നത് പലപ്രാവശ്യം നിന്നെ പഠിപ്പിച്ചിട്ടും കഴിഞ്ഞ ഞായറാഴ്ച തൊണ്ണൂറിന് അടുത്തു വരുന്നത് അപ്പൻ കണ്ടുകൊണ്ടിരിക്കുകയാർന്നു! കണ്ണും കയ്യും അപ്പൻ കാണിച്ചിട്ടും നീ വീണ്ടും വീണ്ടും ആ തെറ്റ് അവർത്തിച്ചുകൊണ്ടിരുന്നു. കാസായും പീലാസായും എടുത്ത് വികാരിയച്ചൻ പടിഞ്ഞാട്ട് തിരിഞ്ഞപ്പോൾ ധൂപം വെച്ചുകൊണ്ടിരുന്ന നിന്റെ ഇടത്തെ കൈപ്പത്തി നെഞ്ചത്തുനിന്ന് നാല് ഇഞ്ച് താഴെയായതും ധൂപക്കുറ്റി തൊണ്ണൂറ്റി അഞ്ചു ഡിഗ്രീക്ക് മേലേ ആകുന്നതും കണ്ട് നിരാശനായി അപ്പൻ തലതാഴ്ത്തി. പുരാതന സുറിയാനി ദേവാലയത്തിൽ തലമുറകളായി കപ്യാരായിരുന്ന മ്മടെ കാർന്നോമ്മാർ ഇതുകണ്ട് എത്ര ദു:ഖിക്കുമെന്ന് നിനക്കറിയോ? വി. കുർബ്ബാനയിൽ പരേതാന്മാക്കൾ ഐക്കലയിൽ വന്നുചേരുമെന്ന് നൂറുവട്ടം നിന്നോട് പറഞ്ഞിട്ടും നിന്റെ തലയിൽ കേറണില്ലല്ലോ, മകനെ.

കൂട്ടുകാരുടെ കൂടെനിന്ന് നീ കൂടുതൽ ചിരിക്കുന്നത് കേൾക്കുമ്പോൾ, നിന്റെ ചിരിയുടെ തരംഗ ആവൃത്തിയിലുള്ള ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിക്കാറുള്ള അപ്പൻ, ആ ചിരിയിൽ പാപത്തിന്റെ കറകൾ വീണിട്ടുണ്ടെങ്കിൽ പെട്ടെന്നു മനസ്സിലാക്കുകയും ഭവനത്തിൽ എത്തുമ്പോൾ 'വേണ്ടപോലെ' നിന്നെ ഓർപ്പിക്കുകയും ചെയ്യാറുള്ളതല്ലയോ മകനെ…

***

തന്റെ ഭവനത്തിൽ മകന്റെ അസാന്നിത്യം മനസ്സിലാക്കിയ അപ്പൻ, ചൂരൽ തുടച്ചു വൃത്തിയാക്കി പുരോഹിതൻ വാഴ്ത്തിക്കൊടുത്ത ഒലിവ് എണ്ണ പുരട്ടി അതിനെ പാകം വരുത്തി. ജാക്കറ്റിന്റെ ഉള്ളറയിൽ ഒളിപ്പിച്ചു വെച്ചിട്ട് അവനെ അന്വേഷിച്ചിറങ്ങി.

'പോയവൻ പോയിത്തുലയട്ടെ അപ്പ, അങ്ങേക്ക് അനുസരണയുള്ള ഈ മകൻ ഇല്ലയോ' എന്ന ഇളയ മകന്റെ അഭ്യർത്ഥന ചെവികൊള്ളാതെ, തന്നെ ധിക്കരിച്ച്‌ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ അഹങ്കാരിയായ മൂത്തവനെ കണ്ടുപിടിച്ച്,

കയ്യും കാലും കെട്ടിയിട്ട്, നഗരമധ്യത്തിൽ കൂടി വലിച്ചിഴച്ചു കൊണ്ടുവന്ന്, തന്റെ ‘അപ്പൻ അധികാരം’ എല്ലാവരെയും കാട്ടിക്കൊടുക്കണമെന്ന ധാർഷ്ട്യത്തിൽ യെരുശലേമും പ്രാന്തപ്രദേശങ്ങളും അരിച്ചു പെറുക്കി.

ഗോലാൻ കുന്നുകളിൽ പന്നിയെ മേയ്ക്കുന്ന മകനെ അകലേന്നു കണ്ട അപ്പൻ കോപത്താൽ തിളച്ചു മത്തനായി കുന്നു കയറി. പക്ഷേ, മകന്റെ കയ്യിലെ വലിയ ചൂരൽ കണ്ടു ഭയപ്പെട്ട്‌ അകലെ മാറി നിന്ന് മകനെ നീട്ടി വിളിച്ചു. അപ്പന്റെ നീട്ടിയ വിളികേട്ടു പരിചയമുള്ള മകൻ അടുത്തു ചെന്നിട്ട് അവന്റെ കയ്യിലുള്ള ചൂരൽ താഴെ ഇട്ടു.

അപ്പന്റെ കണ്ണുകൾ കോപം കൊണ്ട് ചുമക്കുന്നതും കോട്ടിന്റെ പോക്കറ്റിലേക്ക് വലത്തെ കൈ നീളുന്നതും കണ്ട മകൻ ഗോലാൻ താഴ്വരയെ നടുക്കികൊണ്ടു ആട്ടഹസ്സിച്ചു.

“താഴെ ഇടൂ നിങ്ങടെ ദുരധികാരത്തിന്റെ ചെങ്കോൽ. തൊട്ടുപോകരുത് എന്നെ. പാമ്പിനെ തല്ലുന്നതുപോലെ സ്വന്തം മകനെ ഉപദ്രവിച്ചത് നിങ്ങൾക്ക് ഇപ്പോഴും മതിയായില്ലേ? എന്ത് ദുഷ്ടനാണ് നിങ്ങൾ? നിങ്ങളെക്കാൾ എത്രയോ മടങ്ങ് ഭേതമാണ് കാട്ടിലെ വന്യമൃഗങ്ങൾ!”

അട്ടഹാസം കേട്ട് പന്നിക്കൂട്ടങ്ങൾ ഓടിയെത്തി ശബ്ദമുണ്ടാക്കി അവന്റെ ചുറ്റും വട്ടം കൂടി ഒരു കോട്ടപോലെ നിന്നു. ഇന്നലെ പ്രസവിച്ച അന്നസേ എന്നവൻ പേരിട്ടു വിളിച്ച പന്നിക്കുഞ്ഞിനെ വാരി കൈയ്യിലെടുത്ത് തലോടി ഉമ്മകൊടുത്തുകൊണ്ട് മകൻ പറഞ്ഞു തുടങ്ങി.

കൊടുംതപസ്വിയായ അച്ഛാ, ഭൂലോകത്തിന്റെ കാമനകളിൽ നിന്ന് എത്ര ക്രൂരമായാണ് താങ്ങൾ യൌവ്വനത്തിലേക്ക് കാലുകുത്തിയിരുന്ന എന്നെ കഠിന ചിട്ടയോടെ ആശ്രമത്തിൽ തളച്ചിട്ടത്. വൈശാലി എന്ന വിദൂഷി എന്റെ പരുഷത്വത്തിൽ കവിതകൾ രച്ചിച്ചപ്പോഴാണ് എന്റെ കണ്ണുകൾ തുറന്നത്. 

'വ്യാസന്റെ ചിരി'യിൽ വിഭാണ്ഡകനാണ് പരിഹാസിതനായത്, അല്ലാതെ നിങ്ങളുടെ മകൻ ഈ ഋഷ്യശൃംഗൻ അല്ല!

വിശ്വാസികളുടെ പിതാവാം അബ്രാഹാം പിതാവേ, കുലം നിലനിർത്താൻ നിങ്ങളുടെ ദാസിയായിരുന്ന എന്റെ പാവം അമ്മ ഹഗാറിനെ നിങ്ങൾക്ക് വേണമായിരുന്നു, അല്ലേ? എന്നിട്ട് സദസ്സുകളിലെല്ലാം എന്നെ പരിഹസിക്കാൻ നിഷ്ടൂരമായി നിങ്ങൾ എറിഞ്ഞുകൊടുത്തു. എൻ്റെ അമ്മയേയും താങ്ങളുടെ മകനായ എന്നേയും മരണ ശിക്ഷ വിധിച്ച്, തീ പാറുന്ന മരുഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. വെറും ഒരു തൂണ്ട് അപ്പവും ഒരു മൺകുടം വെള്ളവും മാത്രമായിരുന്നല്ലോ തന്നു വിട്ടത് . മണലാരണ്യത്തിലേക്ക് അടിച്ചോടിച്ച് വിട്ടപ്പോൾ നിങ്ങളുടെ കറപറ്റിയ സദാചാരത്തെ വെള്ളപൂശാമെന്ന് മനക്കോട്ട കെട്ടിയിരുന്നെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി.

നിങ്ങൾക്ക് പേരെടുക്കാൻ നടത്തിയ ദണ്ഡി യാത്രയിൽ ഞാനാ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ചപ്പോൾ എന്നെ തല്ലി ഓടിച്ചിട്ട് താങ്ങളുടെ സംയമനത്തിന്റെ കപട പരീക്ഷണശാലയിലെ ഇരകളായ അന്തേവാസിനികളുടെ തോളിൽ തൂങ്ങി നടന്നു നീങ്ങി. ഞാനും അമ്മ കസ്തൂർബായും അതുകണ്ട് ഉള്ളുനൊന്ത് അവരെ ശപിച്ചു: മുടിഞ്ഞു പോകട്ടെ അവരുടെ സ്ത്രൈണത. എന്റെ അമ്മയും നിങ്ങടെ പരീക്ഷണശാലയിലെ വികാരമില്ലാത്ത വെറുമൊരു ഉപകരണം മാത്രമായിരുന്നു. അറിയോ, ഈ മൂത്തമകന്റെ നഷ്ടബാല്യത്തിന്റെ കാശാപ്പുകാരനാണ് നിങ്ങൾ എന്ന്?!

അപേക്ഷിക സിദ്ധാന്തവുമായി ലോകത്തിന്റെ നെറുകയിൽ ചക്രവർത്തിയായി വാണിരുന്ന നിങ്ങൾ എന്റെ മൂത്ത പെങ്ങൾ ലൈസറയെ അറിയോ?... മുഴുവൻ ഞാൻ പറയുന്നില്ല. അവളുടെ ആത്മാവ് സെർബിയായുടെ ഏതോ ഒരു ഗ്രാമത്തിലെ ശ്മശാനത്തിൽ നിങ്ങളെ പ്രതീക്ഷിച്ചിരുക്കുന്നു എന്നത് നിങ്ങൾക്കറിയാം. നിങ്ങളുടെ കലാലയ കാമുകി, എന്റെ അമ്മ മിലേവയുടെ കണ്ണീർ ഒരിക്കലും തോരാതിരുന്നതിനെ നിങ്ങൾ സൗകര്യപൂർവം ചിരിച്ചു തള്ളി. നിങ്ങളെ ലോകത്തിലെ വലിയ ബുദ്ധിരാക്ഷസ്സൻ ആക്കിയ സിദ്ധാന്തത്തിന്റെ കണക്കുകൾ എഴുതിക്കൂട്ടിയത് ആ കൊച്ചുമുറിയിലെ മേശയിൽ, മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ നിങ്ങൾ സമ്മാനിച്ച പിഴച്ച ഗർഭത്തിന്റെ അരിഷ്ടകളുടെ നടുവിലായിരുന്നു. പേരുവന്നപ്പോൾ മിലേവ നിങ്ങൾക്ക് ആയിത്തമായി.

താങ്ങൾക്ക് , ഞങ്ങൾ മക്കൾ വെറും ടെൻസർ കാൽക്കുലസ്സിലെ ഉത്തരം കണ്ടെത്താനാകാതിരുന്ന വെറുമൊരു ഒരു സമസ്യ മാത്രമായിരുന്നു.

വലിയ മഞ്ഞുവീഴ്ചയുണ്ടായിരുന്ന ഒരു ദിവസം സ്കൂളിൽ നിന്നും എന്നെ പിക്ക് ചെയ്ത് പൊരുന്ന വഴി ഒരു കത്ത് തന്നിട്ട് എന്നോടു വായിക്കാൻ പറഞ്ഞത് ഓർക്കുന്നില്ലയോ? ഒരു ക്ലാസ് മുറിയിൽ നിന്നും അടുത്ത ക്‌ളാസ്സ് മുറിയിലേക്ക് നീണ്ട ദൂരം നടന്നെത്തിയപ്പോൾ അഞ്ചു മിനിട്ട് വൈകിയത് അറിയിച്ച കത്തായിരുന്നു അത്. ക്രൂദ്ധനായി ആ കൊടുംമഞ്ഞിൽ ഹൈവേയിൽ എന്നെ ഇറക്കിവിട്ടു. എങ്കിലും, ഒരു മണിക്കൂർ മഞ്ഞിൽ കൂടി തണുത്തു വിറച്ചു നടന്നുവന്ന് നിങ്ങളുടെ ഭവനത്തിന്റെ മുൻവാതിലിൽ പല തവണ മുട്ടി വിളിച്ചു. നിങ്ങൾ വാതിൽ തുറന്നില്ല, തുറക്കാത്ത വാതിൽപ്പടിയിൽ ഒരു രാവു മുഴുവൻ ഞാനിരുന്നു. പിന്നെ ഇറങ്ങി നടന്നു. സ്നേഹം അന്വേഷിച്ചുള്ള അനന്തമായ യാത്ര...

അതീത സ്നേഹത്തിന്റെ പ്രതീകമായ നിങ്ങളുടെ ചൂരലിന് ഒഴിവ് കൊടുക്കാനാണ് നിങ്ങളുടെ ഭവനത്തിനോട് എന്നന്നേക്കുമായി യാത്ര പറഞ്ഞു പോയത് എന്നത് അറിയില്ലയോ?

ഗോലാൻ മലയോരങ്ങളിൽ പന്നികളെ നോക്കുന്ന ജോലിയാണ് എനിക്ക് കിട്ടിയത്.

പന്നിക്കൂട്ടങ്ങളുടെ ഉടമസ്ഥൻ ഈ ചൂരൽ കയ്യിൽ തന്നിട്ട് ഉറക്കെ പറഞ്ഞിരുന്നു. ‘ദാസാ, ഈ ചൂരൽ നിനക്കു ഞാൻ തരുന്നു. നീ എന്റെ പന്നിക്കൂട്ടങ്ങളെ വേണ്ടവിധം കാത്തു പരിപാലിക്കുക. എന്റെ പ്രിയ പന്നികൂട്ടങ്ങളെ ഉപദ്രവിക്കാൻ വരുന്ന ചെന്നായ്ക്കളെ ഓടിക്കാനും ഈ ചൂരൽ നിനക്ക് ഉപകാരപ്പെടും. ഞാൻ എത്രയും എന്റെ പന്നിക്കൂട്ടങ്ങളെ സ്നേഹിക്കുന്നുവെന്ന്, ദാസാ, നിനക്കറിയില്ലയോ?’

ചൂരൽ എന്റെ കൈകളിൽ കിട്ടിയപ്പോൾ അതെന്റെ ഇടത്തെ കയ്യിലേക്ക് അഞ്ഞൂവീശി ഞാൻ രസിച്ചു. അതെന്റെ ഒരു പതിവ്  വിനോദമായി. 

നിങ്ങളുടെ സ്നേഹ 'ശിക്ഷ'ണത്തിന്റെ മാധുര്യം പന്നികളെ മേയ്ക്കുന്ന എന്നെ ഉന്മത്തനാക്കി. ദിവസങ്ങൾ കഴിയും തോറും ഈ പന്നിക്കൂട്ടങ്ങൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു.“

അപ്പന്റെ തലതാഴുന്നതു കണ്ട മകൻ അന്നസേയെ അവളുടെ അമ്മയുടെ അടുത്തേക്ക് ഇറക്കി വിട്ടു.

മകന്റെ കൈപിടിച്ചിട്ട് ഗദ്ഗദത്തോടെ അപ്പൻ പറഞ്ഞുതുടങ്ങി....

"മകനേ! ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. ഇനി നിന്റെ അപ്പൻ എന്നു വിളിക്കപ്പെടാൻ യോഗ്യനല്ല; നിന്റെ യജമാനന്റെ പന്നികളെ മേയ്ക്കുവാൻ നിനക്കു പകരം എന്നെ സ്വീകരിച്ചാലും."

അമ്മയുടെ പാലുകുടിച്ചു കഴിഞ്ഞ് തുള്ളിച്ചാടി തിരികെ വന്ന അന്നസേയെ അവനെടുത്ത് തോളത്തിട്ടു. 
പിതാവിനേയും കൂട്ടി യജമാനന്റെ അടുത്തേക്ക് നടന്നു. പന്നിക്കൂട്ടങ്ങൾ അവന്റെ കൂടെ കൂടി.

യജമാനന്റെ അടുത്ത് എത്തിയിട്ട് അവൻ പറഞ്ഞു.


"യജമാനനെ, ഇത് അന്ധനായിരുന്ന കാണാത പോയ എന്റെ അപ്പൻ. ഈ അപ്പൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു."

യജമാനൻ അവനോട് "നിന്റെ സന്തോഷം നമുക്ക് ആഘോഷിക്കാം. എന്റെ ഏറ്റവും കുസൃതികളായ പന്നികളെ മേയ്ക്കാനാണ് ഞാൻ നിന്നെ ഏൽപ്പിച്ചത്. എന്റെ പല ദാസരും മടുത്തിട്ട് ഉപേക്ഷിച്ച പന്നിക്കൂട്ടങ്ങളെ നിന്നെ ഏല്പിച്ചപ്പോൾ നീയും അവരെപ്പോലെ എന്നെ വിട്ടുപോകുമെന്ന് ഞാൻ കരുതി.

വേഷം മാറി നീ അറിയാതെ എന്റെ പന്നികളെ കാണാൻ വന്നപ്പോഴെല്ലാം കണ്ടത്, നീ പന്നികളെ താലോലിച്ച്‌ ഉമ്മകൊടുക്കുന്നതും, പന്നിക്കുഞ്ഞുങ്ങളെ മടിയിൽ കിടത്തി താരാട്ടു പാട്ടുപാടി ഉറക്കുന്നതുമായിരുന്നു. നിന്റെ താരാട്ടു പാട്ടുകൾ മലയുടെ അടിവാരത്തും ഒഴുകിയെത്തിയിരുന്നു. ആ താരാട്ടു കേട്ടാണ് എന്റെ കുഞ്ഞുമകളും ഉറങ്ങിയിരുന്നത്... ദാസാ, നീ എനിക്കും ആനന്ദം തന്നിരിക്കുന്നു"

യജമാനൻ തന്റെ ദാസന്മാരോടു: വേഗം മേൽത്തരമായ അങ്കി കൊണ്ടുവന്നു ഈ അപ്പനെ ധരിപ്പിപ്പിൻ; ഇവന്റെ അപ്പന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. ഇവന്റെ അപ്പൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.

സീയോൻ മലയുടെ ഉയരങ്ങളിൽ നിന്ന് ഒരു അശരീരി മുഴങ്ങി: "പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ അവരെ സ്നേഹം കൊണ്ട്, കണ്ണിലെ കൃഷ്ണമണി കണക്കെ പോറ്റി വളർത്തുവിൻ. എന്തുകൊണ്ടെന്നോ, അവർ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ പിറന്ന മാലാഖമാർ എന്നറിഞ്ഞാലും............."

 

ഇതെല്ലം കണ്ട് സ്തബ്ദനായ അപ്പൻ കോട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന ചൂരൽ തന്റെ ഇടത്തെ കൈപ്പത്തിയിലേക്ക് ആഞ്ഞാഞ്ഞ് അടിച്ചു. പല കഷങ്ങളായി ചൂരൽ ഒടിഞ്ഞ് ചുറ്റും വീണു. പിന്നെ മകന്റെ കാൽക്കൽ വീണ് മാപ്പിരന്നിട്ട് ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.

“പൊന്നുമകനെ, നിന്റെ അപ്പൻ എന്ന് പറയുവാൻ ഈ മഹാപാപി അർഹനല്ല. നിന്നോടും സ്വർഗ്ഗത്തിലെ പിതാവിനോടും ഞാൻ പാപം ചെയ്തിരിക്കുന്നു. അതിനുള്ള ശിക്ഷ എനിക്ക് തന്നാലും. ഞാൻ അന്ധനായിരുന്നു. മകനേ, നീ എന്റെ കണ്ണുകൾ തുറപ്പിച്ചു.”

കഷ്ണം കഷ്ണമായി ഒടിഞ്ഞ ചൂരലെടുത്ത് തീയിലേക്ക് എറിഞ്ഞിട്ട് അപ്പനെ കെട്ടിപ്പിടിച്ച് ചുംബനം കൊണ്ടു വീർപ്പുമുട്ടിച്ചു.

അപ്പന്റെ കവിളുകളിൽ കൂടി ധാരാധാരയായി ഒഴുകിയിരുന്ന കണ്ണീരുമായി മകന്റെ ചുടുകണ്ണീർ അലിഞ്ഞു ചേർന്ന് വലിയ ഒരു പ്രവാഹമായി ഗോലാൻ മലയിലെ പാറകളിൽ കൂടി ഒഴുകിവന്ന് ജോർദാൻ നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടാക്കി.

Join WhatsApp News
KNOWLEDGE IS GOLD 2022-02-05 10:44:37
Primitive people were not ignorant. They knew what was available at their time. They did not write their books for future humans. Their books were just Chronicles of what they knew. It is the modern man who is ignorant, stubborn, and refuses to go forward. Modern man is blessed to enjoy the best of knowledge and information. The modern man runs away from the great wealth of information provided by Science. But like the Prodigal son, the modern religious men run into primitive Pitts of Stone Age knowledge and take shelter in them. They even attack those who volunteer to save them from those Pitts of Ignorance. * We have a bunch of Malayalees in USA, they still cannot the evils of trump and modi and still keep praising them and attack those who try to educate them. The sad part is they write false information as comments
Wisdom of The Cross 2022-02-05 18:20:08
The New ( Testament ) is hidden in the old , the old is revealed in the New ' - the article touching on aspects of same , how the false gods of ego and its lusts and cruelties can afflict lives depriving one of true wisdom ..Solomon was blessed with wisdom on affairs of the world , much of our present day knowledge all over the world , in natural remedies and such with roots to same .. Solomon was not spared from the generational spirits in the family lines .. The Remedy for same from The Cross not given yet.. and the words of David the father on his death bed ,asking Solomon to take revenge on his enemy likely added to the fallen traits .. The Scripture author , in narrating the life of David later on , skips on his failures - alluding to the mercy in The Lord that was bestowed on him , through his repentance ..The True Wisdom on The Cross , to disempower the spirits at the roots of the egos and pride and lusts , to instead be open to the Love and holiness as our Patrimony is what our times call upon ..true , many a parent too fail in winning the ever present battles in every life , against the triple enemies of the devil, the flesh and the world , yet , trusting in the Power of The Cross , persevere .. words of the Holy Father recently on how The Lord knew how He , as a prophet would not find honor in His own hometown , yet is in their midst with the Heart of the Father .. thank God that many in Father roles have taken in that lesson well enough and persevere , both in taking in The Wisdom in The Spirit and in trying to share same , in The Way that we have been shown ..
Raju Mylapra 2022-02-06 02:30:56
Reversed moral Bible story. Thought provoking satire.
josecheripuram 2022-02-06 01:34:37
A well written satire , there were these type of Fathers in the past and I know few kids ran away from home. The author has good potential for humor in his writing. Keep writing we are here to read. All the best.
Sudhir Panikkaveetil 2022-02-07 14:11:32
പാപികൾ പശ്ചാത്തപിക്കുമ്പോൾ സ്വർഗ്ഗം മാത്രമല്ല സന്തോഷിക്കുന്നത് ഭൂമിയിലെ മനുഷ്യരും സന്തോഷിക്കുന്നു. കാരണം അവരെകൊണ്ടുള്ള ഉപദ്രവം തീർന്നല്ലോ എന്ന ആശ്വാസം. ശ്രീ ബെന്നി കുര്യൻ ഈ കഥ മെനയാനുള്ള ത്രെഡ് എടുത്തിരിക്കുന്നത് ഗാന്ധിയുടെ ജീവിതത്തിൽ നിന്നും ബൈബിളിൽ നിന്നുമാണ്. രാഷ്ട്രപിതാവ് ഒരു നല്ല പിതാവായിരുന്നില്ലെന്നു പുസ്തകങ്ങളിൽ കാണുന്നു. അദ്ദേഹത്തിന്റെ മൂത്ത് മകന് ബിലാത്തിയിൽ പോയി അച്ഛനെപ്പോലെ നിയമബിരുദം നേടാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അത് നിഷേധിക്കപ്പെട്ടു. ബൈബിളിലെ അപ്പനെപോലെ രാഷ്ട്രപിതാവ് മകനെ സ്നേഹിച്ചില്ല. ആ മകന്റെ ഉള്ളിലെ കോപവും നിരാശയും ഈ കഥയിലെ അപ്പനെ മകന്റെയടുത്തേക്ക് എത്തിക്കുന്നു. മകനെ അപ്പന് മാപ്പു കൊടുക്കുന്നു. അപ്പന്റെ അമിത ശാസനവും ശിക്ഷയുമൂലം ഹീരാലാൽ എന്ന ഒരു യുവാവിന്റെ എല്ലാ സ്വപനങ്ങളും അസ്തമിച്ചു, ബൈബിളിലെ മകനെ അപ്പൻ സ്നേഹിക്കുന്നു സ്വീകരിക്കുന്നു. എന്നാൽ ഭാരതത്തിലെ പിതാക്കന്മാർ അങ്ങനെയല്ല. സ്പടികം എന്ന ചലച്ചിത്രത്തിലും ഈ പ്രമേയത്തിന്റെ സൂചനകൾ ഉണ്ട്. ഈ കഥക്ക് ഇന്ന് വളരെ പ്രാധാന്യമുണ്ട്. ഇന്ന് മാതാപിതാക്കൾ മക്കളെ പഠിപ്പിക്കാൻ വേണ്ടി അവരുടെ ശൈശവബാല്യ മോഹങ്ങൾ കരിയിച്ചു കളയുന്നു. അപ്പന്മാർക്ക് ദുഖിക്കേണ്ടി വരും. അവർ ചെയ്യുന്നത് മുഴുവൻ ശരിയാണെന്നു ആര് പറഞ്ഞു. യുവത്വം പോകാതിരിക്കാൻ കിളുന്തു പെൺകുട്ടികളുടെ ചൂടിൽ ഉറങ്ങുന്നത് ശരിയെന്നു പറയുന്നു അന്ധമായ ആരാധനയുള്ളവർ. ശ്രീ ബെന്നി അഭിനന്ദനം.
ജോസഫ് നമ്പിമഠം Joseph Nambimadam 2022-02-09 00:05:18
മുടിയനായ പുത്രൻ (The Prodigal Son) എന്ന ബൈബിൾ കഥക്ക് Role Riversal നൽകി രചിച്ച ഒരു കഥയാണ് ശ്രീ ബെന്നിയുടെ "മുടിയനായ അപ്പൻ" (The Prodigal Father). അപ്പന്മാരുടെ പീഡനം സഹിച്ച്‌, അതല്ലെങ്കിൽ അവരുടെ ജീവിത വിജയത്തിലേക്കുള്ള കുതിപ്പിൽ അറിയാതെ ഞെരുങ്ങിപ്പോകുകയോ, വടവൃക്ഷങ്ങളുടെ ചുവട്ടിൽ വെളിച്ചം കിട്ടാതെ മുരടിച്ചു പോയവരോ ആയ ചില മക്കൾ - അതാണ് ശ്രീ ബെന്നിയുടെ കഥാവിഷയം. ഗാന്ധിജിയുടെ ഊന്നുവടികൾ എന്ന് അറിയപ്പെട്ടിരുന്ന പെൺകുട്ടികളുടെ ഇടയിൽപ്പെട്ടു പോയ ഭാര്യ കസ്തൂർബയും മകനും, ഐൻസ്റ്റീന്റെ ജീവിതത്തിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ട മകൾ ഒക്കെ സൂചകങ്ങളാകുന്നുണ്ട് ഈ കഥയിൽ. പ്രശസ്തരായ പല പ്രതിഭകളുടെയും മക്കൾക്കു അവരുടെ പിതാക്കന്മാർ അത്ര മാതൃകാ പുരുഷന്മാർ ആയിരുന്നില്ല എന്ന സത്യം ശ്രീ ബെന്നി ഈ കഥയിലൂടെ പറയുന്നു. ഇവിടെ സൂചിപ്പിക്കപ്പെടുന്നില്ലെങ്കിലും ഭദ്രൻ കഥ എഴുതി സംവിധാനം ചെയ്ത "സ്പടികം" എന്ന സിനിമയിലെ കണക്കു മാഷായ ചാക്കോ സാറും( തിലകൻ ) ആടുതോമയും (മോഹൻലാൽ) അദ്ദേഹത്തിന്റെ ചൂരലും ഒക്കെ ഈ കഥ വായിച്ചപ്പോൾ ഓർമ്മ വന്നു. ഒഴുക്കിന് അനുകൂലമായി നീന്തുന്ന കഥാരചനയിൽ നിന്ന് വ്യത്യസ്തമായി, ഒഴുക്കിനെതിരെ നീന്തുന്ന രചനാ രീതിയും കാഴ്ചപ്പാടും ഈ കഥയേ മറ്റു കഥകളിൽ നിന്ന് വേറിട്ടു നിർത്തുന്നു.കഥക്കും കഥാകാരനും അഭിനന്ദനങ്ങൾ.
ശാപമോക്ഷത്തിന് 2022-02-09 21:04:46
കേരളത്തിൽ നിന്ന് അമേരിക്കയിൽ കുടിയേറിയിട്ടും, ശാപമോക്ഷം കിട്ടാതെ കഴിഞ്ഞകാലങ്ങളിലെ ചങ്ങലകളിൽ കുടുങ്ങി കിടക്കുന്ന മക്കളൾ, അപ്പന്മാരായപ്പോൾ, അവർ മുടിയനായ അപ്പന്മാർ ആയി, വരും തലമുറകളുടെ കുഞ്ചിരോമത്തിൽ പിടി മുറുക്കി അവരുടെ ജീവിതം കുട്ടിച്ചോറാക്കുന്നു. അതുകൊണ്ട്, പതിനെട്ടു വയസ്സ് കഴിഞ്ഞാൽ, മക്കളെ വീട്ടിന് വെളിയിലാക്കുക. അവൻ പുറത്തുപോയി, പന്നിക്കൂട്ടങ്ങളുടെ ഇടയിൽ താമസിച്ചു , തവിടും തിന്ന്, സ്വന്തം ജീവിതം മാർഗ്ഗം കണ്ടെത്തി തിരിച്ചുവരുമ്പോൾ അവരെ സ്വീകരിക്കുക. അല്ലാതെ വീട്ടിൽ താമസിപ്പിച്ചു, വിദ്യാഭ്യാസവും കൊടുത്ത് പരിരക്ഷിക്കുമ്പോൾ. അവനും നമ്മളെ വിളിക്കും 'മുടിയനായ അപ്പനെന്ന് ' കൂടാതെ അവനും ഒരു മുടിയനായ അപ്പനാകും . അതുകൊണ്ട് ശാപ ചങ്ങല മുറിക്കുക . ഈ ശാപത്തിൽ നിന്നും രക്ഷപ്പെടുക.
Benny Kurian 2022-02-10 04:17:59
പിതാക്കന്മാർ... മക്കളെ വളരാൻ അനുവദിക്കാത്ത പിതാക്കന്മാർ... !!! നമ്മുടെ ചുറ്റും...!
Thresiamma nadavallil 2022-02-13 06:23:34
മക്കളെ സ്നേഹിക്കാനറിയാത്ത കർക്കശക്കാരായ പിതാക്കന്മാർക്കൊരു താക്കിതാണ്‌ 'മുടിയനായ അപ്പൻ'. ചിന്തിപ്പിക്കുകയും ചിറ്റിപ്പിക്കുകയും ചെയുന്ന നല്ലൊരു കഥ.
Rafeeq Tharayil 2022-03-12 05:51:35
നല്ല കഥ. മുടിയനായ അപ്പന്മാർ ഇന്നത്തെകാലത്തും ഉണ്ട്. യാതൊരു സ്വാതന്ത്ര്യവും കൊടുക്കാതെ നിയന്ത്രിച്ചുവളർത്തിയതിന്റെ പേരിൽ ബാപ്പനോട് ജീവിതം മുഴുവൻ വൈരാഗ്യം വെച്ചുപുലർത്തിയ ഒരാൾ സ്നേഹിതനായി എനിക്കുണ്ടായിരുന്നു. ഇതുപോലെ നല്ല കഥകൾ ഇനിയും വരട്ടെ, ബെന്നി സാറേ.
Prasant 2023-03-31 09:56:31
Great story!! You made a world tour of oppressor and oppressed with that. But finally there is a father in everyone willing to receive the wayward; and there is also in everyonoe the tendency to be a prodigal son. According to some interpretors, the father in the biblical story is also called prodigal, inthe sense of someone who sets norms aside to receive the wayward.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക