MediaAppUSA

ഉൾത്തിരകൾ ( കഥ: രമണി അമ്മാൾ )

Published on 07 February, 2022
ഉൾത്തിരകൾ ( കഥ: രമണി അമ്മാൾ )

കടലിലെ തിരമാലകളേക്കാൾ
പ്രക്ഷുബ്ധമായ മനസ്സുമായി കടൽക്കാറ്റുകൊളളാനെ
ത്തിയവരാകും തന്നെപ്പോലെ ഒറ്റതിരിഞ്ഞ്
ആടിയുലഞ്ഞുവരുന്ന തിരമാലകളില്‍ കണ്ണുനട്ടിരിക്കുന്നവർ..
കടലിനെ ഉളളിൽപ്പേറുന്നവർ..

പ്രണയം  പങ്കുവെക്കാനും പറഞ്ഞുതീർക്കുവാനും എത്തിയവര്‍,
യുവ മിഥുനങ്ങൾ,
സൊറപറഞ്ഞുകൊണ്ടിരിക്കുന്ന സന്തുഷ്ട കുടുംബങ്ങൾ..
താനോ...! 
ചൂടുള്ള പകലുകളുടെ വൈകുന്നേരങ്ങളിൽ കടൽക്കരയിൽ തിരക്കുകൂടും.. 
ഇന്നത്തെ പകലിന്റെ വെളിച്ചം നേർത്തുതുടങ്ങി.. 
തിരമാലകൾ കരയിലേക്കു ഇരച്ചുകയറി വന്നതുപോലെ പിന്‍വലിയുന്നു.
ഓടിനടന്നു കടല വില്പനനടത്തുന്ന കടലിന്റെ കുഞ്ഞുമക്കൾ.. അവരിലോരാൾവന്നു  കയ്യിൽ തൊട്ടു..
"സാർ  ഒരു കവറു കപ്പലണ്ടി എടുക്കുവോ..?"
വേണ്ടെന്നു പറഞ്ഞെങ്കിലും 
പേഴ്സിൽനിന്ന് ഇരുപതുരുപയെടുത്ത്
അവനുനീട്ടി..
ഒന്നിനു പകരം രണ്ടു കുമ്പിൾ കപ്പലണ്ടി.. 
ഒന്നു തിരികെ അവന്റെ കൊട്ടയിലേക്കിട്ടു..
"സാർ ബാക്കിതരാനില്ല"...
"വേണ്ട.." 
ആ പിഞ്ചുമുഖത്തെ സന്തോഷം. അവൻ ഓടിപ്പോയി.

"കൈ നോക്കണോ സാർ...." 
 ഒരു പ്രായമായ സ്ത്രീ അടുത്തുവന്നിരിപ്പായി..
"ഏതാവതു കൊടുങ്കോ  സാർ.. എല്ലാമേ ശൊല്ലിടുവേൻ ... ഉങ്കളെ കാത്തിരിക്കുന്ന ഉദ്യോഗം... കല്യാണം, കൊളൈന്തകൾ..എല്ലാമേ നിജമായി ചൊല്ലിടുവേൻ.."
ഈ ശബ്ദവും യാചനയുടേതാണെന്ന് അയാൾ ശ്രദ്ധിച്ചു.. 
:ഏതാവതു പോതും സാർ.."  യാന്ത്രികമെന്നോണം അയാളുടെ കൈ അവരുടെ നേർക്കു നീണ്ടു..
'' എന്നാ ഐശ്വര്യം..ഇന്തമാതിരിയൊരു കൈ..പാക്കവേയില്ല.."
ശരിയാണ്..
തന്നേപ്പോലെ
താൻമാത്രമേയുണ്ടാവൂ..
ഇരന്നു വാങ്ങുന്ന കരുണ,
തിരികെ വാങ്ങിയ പ്രണയം..
സ്നേഹം, കരുതൽ..എല്ലാം..
താൻ ആരോടും ഒന്നും ഇരന്നിട്ടില്ല...
അച്ഛനും അമ്മയും ആരാണെന്നറിയാത്ത ബാല്യം ആരോട്, എന്ത് ഇരക്കാനാണ്..
ആരുടേയോ അനുകമ്പയല്ലേ എവിടെയോ ഉറുമ്പരിച്ചു കിടന്ന പൊക്കിൾകൊടിപോലും വേർപെടാത്ത, ജീവന്റെ കുഞ്ഞു ഞരക്കംമാത്രം ശേഷിക്കുന്ന തന്നെ പളളിമുറ്റത്ത് കൊണ്ടുക്കിടത്തിയത്..
കന്യാസ്ത്രീകളുടെ നെഞ്ചിന്റെ ചൂടേറ്റു വളർന്നത്..
തന്നതെല്ലാം  തിരികെ വെച്ചിട്ട് പോന്നതും അവിടുന്നല്ലേ..


ജീവിതം തന്നെ ഒരു യാചനയാകുന്നു തനിക്ക്. ഇവരൊക്കെ ഒന്നുമറിയാതെ തന്നെ സാറെന്നു വിളിക്കുന്നു...
കൈരേഖകൾ നോക്കി എന്തൊക്കെയോ പറയുന്ന പ്രായമായ ആ സ്ത്രീയെ നോക്കാതെ തിരകൾ ഓടിയോടി വരുന്നത് നോക്കി അയാൾ മതിമറന്നു ചിരിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക