ബ്ലെസന്‍ എം. ജോസ് ഒഐസിസി ന്യൂസിലന്‍ഡ് നാഷണല്‍ ഓര്‍ഗനൈസര്‍

Published on 09 February, 2022
 ബ്ലെസന്‍ എം. ജോസ് ഒഐസിസി ന്യൂസിലന്‍ഡ് നാഷണല്‍ ഓര്‍ഗനൈസര്‍

 

തിരുവനന്തപുരം: ബ്ലെസന്‍ എം. ജോസിനെ ഒഐസിസി ന്യൂസിലന്‍ഡ് നാഷണല്‍ ഓര്‍ഗനൈസറായി നിയമിച്ചു.

ന്യൂസിലന്‍ഡില്‍ ഒഐസിസി കമ്മിറ്റി രൂപീകരിക്കുന്നതിനും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര പിള്ളയാണ് ബ്ലെസന്റെ നിയമനം പ്രഖ്യാപിച്ചത്.

 


ഗ്ലോബല്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ വിവിധ പ്രദേശങ്ങളില്‍ അഡ്‌ഹോക്ക് കമ്മിറ്റികളും വിപുലമായ മെംമ്പര്‍ഷിപ്പ് കാന്പയിനും ബ്ലെസന്‍ എം. ജോസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും കുമ്പളത്ത് ശങ്കര പിള്ള അറിയിച്ചു.

വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടിയുടെ അനുഭാവമുള്ളവരെ കണ്ടെത്തി വിപുലമായ യോഗങ്ങള്‍ വിളിക്കാനും ഒഐസിസിയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും സംഘടനാപാടവമുള്ള പുതിയ കമ്മിറ്റിക്ക് കഴിയുമെന്ന് ഒഐസിസി ഓഷ്യാന കണ്‍വീനര്‍ ജോസ് എം. ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഒഐസിസി ന്യൂസിലന്‍ഡ് നാഷണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് യോഗത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുന്‍കാല കെഎസ്യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ച് ചേര്‍ക്കുമെന്നും നിയുക്ത ഓര്‍ഗനൈസര്‍ ബ്ലെസന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകനും മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനുമായ ബ്ലെസന്‍, ഒരു നല്ല സംഘാടകനും ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്ലന്‍ഡ് മലയാളി സമാജത്തിന്റെ ഭാരവാഹിയായും ന്യൂസിലന്‍ഡ് പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് അംഗമായും ഓക്ലന്‍ഡ് സീറോ മലബാര്‍ സഭയുടെ പാരിഷ് കൗണ്‍സിലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒമാനിലെ ഒഐസിസി യുടെ സജീവാംഗമായിരുന്ന ബ്ലെസന്‍ ഇന്ത്യന്‍ കമ്യൂണിറ്റി പുരസ്‌കാരം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡനില്‍ നിന്നും കരസ്ഥമാക്കിയിരുന്നു. ചങ്ങനാശേരി തുരുത്തി സ്വദേശിയാണ് ബ്ലെസന്‍.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക