Image

മരിയ അറോറ കൂട്ടോ--ഗോവയുടെ മകള്‍ക്കു മലയാളിമനസിന്റെ  അശ്രുപൂജ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 12 February, 2022
മരിയ അറോറ കൂട്ടോ--ഗോവയുടെ മകള്‍ക്കു മലയാളിമനസിന്റെ  അശ്രുപൂജ (കുര്യന്‍ പാമ്പാടി)

മനുഷ്യാത്മാക്കള്‍ വിലയം പ്രാപിക്കുന്ന മഞ്ഞുമൂടിയ നീലത്തടാകം ആണ് ടിബറ്റിലെ  കൈലാസ പര്‍വത താഴ് വാരത്തെ മാനസരോവര്‍ എന്നാണ് വിശ്വാസം. ആ മാനസരോവറിനെ തേടി ഗോവയില്‍ എത്തിയതും അവിടെ അല്‍ഡോണാ എന്ന മനോഹര ഗ്രാമത്തില്‍ മരിയ അറോറ കൂട്ടോയെ നേരിട്ട് കണ്ടതും മനസ്സില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്നു. വിശ്വാസം രക്ഷിക്കട്ടെ, മരിയയുടെ ആത്മാവ് ഇക്കഴിഞ്ഞ ജനുവരി 14നു  മാനസരോവറില്‍ എത്തി.  

'ഗോവ എ ഡോട്ടേര്‍ഴ്സ് സ്റ്റോറി' എന്നപേരില്‍ മരിയ എഴുതിയ ഹൃദയസ്പര്‍ശിയായ ആത്മകഥയാണ് ഞങ്ങളെ കൂട്ടിമുട്ടിച്ചത്. 2004ല്‍ പെന്‍ഗ്വിന്‍ വൈക്കിങ് പ്രസിദ്ധീകരിച്ചയുടന്‍ 436 പേജുള്ള പുസ്തകത്തിന്റെ ആദ്യ പ്രതികളില്‍ ഒന്ന് ഞാന്‍ വാങ്ങി. വായിച്ചു. ഓടിച്ചെന്നു ഗോവയെ പരിരംഭണം ചെയ്യാന്‍ മനസ് കൊതിച്ചു. ഉടനെ അത് സാധിക്കുകയും ചെയ്തു.
 
അഞ്ഞൂറു വര്‍ഷം മുമ്പ്, 1498ല്‍,  വാസ്‌കോ ഡ ഗാമ എന്ന പോര്‍ട്ടുഗീസ് നാവികന്‍ കോഴിക്കോട്ടു കപ്പല്‍ ഇറങ്ങിയ കാലം മുതലുള്ള ഗോവയുടെ കഥകള്‍  കേള്‍ക്കുന്നു. പത്തു വര്‍ഷം കഴിഞ്ഞു  അല്‍ഫോന്‍സോ ഡ ആല്‍ബുക്കര്‍ക് ഗോവയില്‍ കപ്പലിറങ്ങി. മാര്‍ത്തോമ്മാ ശ്ലീഹ കൊടുങ്ങലൂരില്‍ കപ്പലിറങ്ങിയ എഡി 52 മുതല്‍ ഗോവയില്‍ ക്രിസ്ത്യാനികള്‍  ഉണ്ടായെന്നും കേട്ടു.


-ഗോവയുടെ എക്കാലത്തെയും ഓമനപുത്രി-

മലപ്പുറം ജില്ലയുടെ വലിപ്പവും (3702 ച, കിമീ)  കോട്ടയം ജില്ലയുടെ  ജനസംഖ്യയും (19 ലക്ഷം)  മാത്രമുള്ള ഗോവയില്‍ പോര്‍ട്ടുഗീസുകാര്‍ അധിനിവേശം നടത്തിയതോടെയാണ് ഇന്ത്യയില്‍ കോളനിവാഴ്ച തുടങ്ങിയതെന്നു ചരിത്രം  പറയുന്നു. അഞ്ചു നൂറ്റാണ്ടു അവരവിടെ ഉണ്ടായിരുന്നു. അവരുടെ പള്ളികളും പള്ളിക്കൂടങ്ങളും ആ ഓര്‍മ്മയുടെ തിരുശേഷിപ്പുകളായി ഇന്നും അവിടുണ്ട്. മലബാര്‍ തീരത്തിന് വടക്കു കൊങ്കണ്‍ തീരത്തിന് പാദസരം തീര്‍ക്കുന്ന ഗോവയിലെ ബീച്ചുകകള്‍  സഞ്ചാരികളുടെ, പ്രത്യേകിച്ചു ഹിപ്പികളുടെ,  പറുദീസയായി ലോകമെങ്ങും അറിയപ്പെട്ടു.

പരശുരാമന്‍ മഴുവെറിഞ്ഞുണ്ടായതാണ് ഗോമന്തകം  എന്ന ഗോവയും മലബാര്‍ എന്ന കേരളവുമെന്നാണ് പുരാണം. രണ്ടിടത്തും ട്രോപ്പിക്കല്‍ കാലാവസ്ഥ. മലകളും തഴവാരവും കടലും. നെല്ലും തെങ്ങും കശുമാവും വാഴയും റബറും തഴച്ചു വളരുന്നു. പള്ളിയും പള്ളിക്കൂടങ്ങളും ഉള്ളതിനാല്‍ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നില്‍.  നൂറു കി മീ നീളത്തില്‍ കടലോരവും കശുമാങ്ങയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഫെനിയും മീനും ചോറും ഇതില്‍ കൂടുതല്‍ എന്ത് വേണം മനുഷ്യന്!  

ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കുള്ള ഫ്‌ലൈറ്റുകള്‍ ഗോവയിലെ ഡാബോളിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാതെ  വരില്ലെന്ന് വന്നപ്പോള്‍ കേരള-ഗോവ ബന്ധം അനുദിനം എന്ന അവസ്ഥയില്‍ എത്തി.  ഇന്ന് ഡല്‍ഹി ഫ്‌ലൈറ്റ് നേരിട്ട് കേരളത്തില്‍ എത്തുകയാണ്. പകരം ഇന്‍ഡിഗോയുടെ വിമാനങ്ങള്‍  ഗോവയില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി,  തിരുവനന്തപുരത്തേക്കു പറക്കുന്നു.  ഗോവയില്‍ കബറടക്കിയ സെന്റ് ഫ്രാന്‍സിസ് പുണ്യവാളനെ കാണാന്‍ മാര്‍പാപ്പ എത്തിയതോടെ അങ്ങോട്ടുള്ള കേരളീയരുടെ തീര്‍ത്ഥാടനത്തിനു ആക്കം കൂടി.


-500 വര്‍ഷം പഴക്കമുള്ള വീട്; അമ്മയെക്കുറിച്ച് പുസ്തകം-

'ജോണ്‍ പോള്‍  രണ്ടാമന്‍  ഗോവ സന്ദര്‍ശിക്കുന്നത് 1986 ഫെബ്രുവരിയിലാണ്. കൊച്ചിയില്‍ നിന്ന് കപ്പലില്‍ പോലും തീര്‍ഥാടകര്‍ വസോകോഡഗാമ തുറമുഖത്ത് എത്തി. അന്ന് ആ കപ്പലില്‍  ഞാനും ഉണ്ടായിരുന്നു,' അന്ന് കോട്ടയത്ത് നിന്ന് റിപ്പോര്‍ട്ടിംഗിന് പോയ ദീപിക പത്രാധിപസമിതി അംഗം പ്രൊഫ. ജോസഫ് മറ്റം ഓര്‍മ്മിക്കുന്നു.  ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കൊല്ലം ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള കേരളവും  ഗോവയും സന്ദര്‍ശിക്കുമെന്ന് ഉറപ്പാണല്ലോ.

കൊങ്കണ്‍ റെയില്‍പാതയുടെ പണി തകൃതിയായി നടക്കുമ്പോള്‍ ഒരിക്കല്‍ വയനാട്ടിലെ മുത്തങ്ങ വനത്തിനുള്ളിലെ ഫോറസ്‌റ് ലോഡ്ജില്‍ ഒരു പ്രകൃതി പഠന ക്യാമ്പ് നടന്നു. വന്ദന ശിവയും ക്‌ളോഡ് അല്‍വാരീസും ഒപ്പം കാമ്പില്‍ പങ്കെടുത്ത ഒരാളാണ് ഞാന്‍. ' കൊങ്കണ്‍ പാത തുറന്നാല്‍ നാം രണ്ടു ജനതകളും  തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളം  ആകുമല്ലോ?'--ഞാന്‍ ചോദിച്ചു.

'ഗോവയെ കീറി മുറിക്കുന്ന ആ പാത  പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല,'--പാതക്കെതിരെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരുന്ന പരിസ്ഥിതി പ്രവര്‍ത്തകനും  എഴുത്തുകാരനുമായ ക്‌ളോഡ് ഉറക്കെ പ്രഖ്യാപിച്ചു. 'അപ്പോള്‍ ഞങ്ങളെങ്ങനെ  അവിടെ കബറടങ്ങിയ ഫ്രാന്‍സിസ് പുണ്യവാളനെ കാണാന്‍ എത്തും?' 'എന്റെ പൊന്നെ പുണ്യവാളനെക്കൂടി നിങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളുക,' എന്നായിരുന്നു ക്‌ളോഡിന്റെ വെട്ടൊന്ന് മുറി രണ്ടു എന്ന മറുപടി.

 -നൊബേൽ ജേതാക്കൾ ഒത്തുകൂടിയ വരാന്ത-

അഞ്ഞൂറു  വര്‍ഷത്തെ പോര്‍ട്ടുഗീസ് ഭരണത്തില്‍ നിന്ന് 1961  ഡിസംബര്‍ 19നു ഗോവ സ്വതന്ത്രയായി. ഗോവയിലേക്ക് സൈന്യത്തെ നയിച്ച മലയാളി ലഫ്. ജനറല്‍ കെപി കണ്ടത്തിനെ ഓര്‍മയില്ലേ? സ്വതന്ത്ര ഗോവയുടെ ആദ്യത്തെ മിലിട്ടറി ഗവര്‍ണര്‍ ആയിരുന്നു ആ പാലക്കാടുകാരന്‍. മരിയയുടെ ഭര്‍ത്താവ് ആല്‍ബന്‍ കൂട്ടോ  ഐഎഎസ് അന്ന് ജനറല്‍ കണ്ടത്തിന്റെ സെക്രട്ടറിയായി സേവനം ചെയ്തു. അദ്ദേഹം ചീഫ് സെക്ര ട്ടറി ആയി വിരമിച്ചു. 2009ല്‍ അന്തരിച്ചു.  

ഗോവക്ക് സ്വാതന്ത്ര്യം കിട്ടി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചിട്ടു ആറു പതിറ്റാണ്ടായി. അവശേഷിക്കുന്നു. നാല് പതിറ്റാണ്ടിനു ശേഷം, 1998 ജനുവരി 26നു, ഇ. ശ്രീധരനറെ നേതൃത്വത്തില്‍ പണിത  കൊങ്കണ്‍ റെയില്‍ പാത തുറന്നു. മലബാറിനെ  കൊങ്കണ്‍, ഗോവ വഴി മഹാരാഷ്ട്രവുമായി ബന്ധിപ്പിക്കുന്ന 756.25 കിമീ   നീളമുള്ള പശ്ചിമ തീര  പാത.

വളരെക്കാലം വിദേശത്ത് കഴിഞ്ഞ എന്റെ സഹോദരി ലളിതയും ഭര്‍ത്താവ് ജോര്‍ജ് കല്ലൂരും  ഗോവയോട് ചേര്‍ന്ന സിന്ധുദുര്‍ഗ് ജില്ലയില്‍ നദിയോരത്ത് 20  ഏക്കര്‍ സ്ഥലം വാങ്ങിയത് കൊങ്കണ്‍ പാത തുറന്നു എന്ന ബലത്തിലാണ്. ഡോഡാമാര്‍ഗ് താലൂക്കില്‍  കാരാഡി ബ്രിഡ്ജിലെ  അവരുടെ സ്ഥലത്തോട് ചേര്‍ന്ന തില്ലാരി ഡാമില്‍ നിന്നാണ് വടക്കന്‍ ഗോവക്ക് കുടിവെള്ളം എത്തുന്നത്. ഗോവയിലെ  അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍ തിവിം ആണ് ലളിതയുടെ സ്ഥലത്തോട് ഏറ്റവും അടുത്ത റെയില്‍ സ്റ്റേഷന്‍.  സ്റ്റേഷന്റെ മുമ്പില്‍ നിന്ന് ബസിലോ വാനിലോ പോയാല്‍ പരമാവധി രണ്ടു മണിക്കൂര്‍.  

-ആൽബനും മരിയയും മക്കളും-

അനൂപ് കുര്യന്റെ  'മാനസരോവര്‍' എന്ന ഫീച്ചര്‍ ചിത്രമാണ്‌ഗോവയോടുള്ള എന്റെ ആത്മബന്ധം തുടങ്ങാന്‍ കാരണം. പനജി സ്ഥിരം വേദിയാക്കിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ മുപ്പത്ത
ഞ്ചാം പതിപ്പില്‍  'മാനസരോവര്‍' ഇന്ത്യന്‍ പനോരമയുടെ ഓപ്പണിങ് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടു.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ അനൂപ് 1998 ലെ തന്റെ ബാച്ചമേറ്റുകളെ അണിനിരത്തി എടുത്ത ചിത്രം പുണെയിലും ഹിമാചലിലും കേരളത്തിലും ഷൂട്ട് ചെയ്തു. നവാഗത സംവിധായകര്‍ക്കുള്ള അരവിന്ദന്‍ പുരസ്‌കാരവും ഗൊലാപുടി  പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള മുംബയിലെ മാമ പുരസ്‌കാരവും നേടി. ലണ്ടന്‍,  ഫുക്കുവോക്ക, വെല്ലിംഗ്ടന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. വാഷിംഗ്ടണിലെ സ്മിത്സോണിയന്‍ ഇന്‌സ്ടിട്യൂഷനിലും പ്രദര്‍ശനം നടന്നു.  

അനുപ് എന്റെ മകനാണ്. തന്മൂലം പനജി   ഫിലിം മേളയില്‍ നേരിട്ട് പോയി പങ്കെടുക്കാനുള്ള അനൂപിന്റെ ക്ഷണം മാതാപിതാക്കളായ ഞങ്ങള്‍ ആഹ്‌ളാദത്തോടെ സ്വീകരിക്കുകയായിരുന്നു. ടാറ്റ സുമോയില്‍  മലബാര്‍,  കൊങ്കണ്‍ തീരങ്ങളിലൂടെ,  പരശുരാമന്‍ മഴുവെറിഞ്ഞ ഗോകര്‍ണവും കാര്‍വാറും കടന്നു ഗോമന്തകം എന്ന ഗോവാ അതിര്‍ത്തിയിലെ കാനക്കോണയില്‍ ചെന്ന് കയറി. ഗോവക്കാര്‍ ഉച്ചയുറക്കത്തിന് പ്രസിദ്ധരാകയാല്‍ ഒരൊറ്റ ഹോട്ടലും, പെട്ടിക്കട പോലും,  തുറന്നിരുന്നില്ല.    

-മരിയ  അരനൂറ്റാണ്ടിന്റെ ഇടവേളകളിൽ-

മലയാളികള്‍ തിരക്ക് കൂട്ടുന്ന മഡ്ഗാവ് റെയില്‍വേ സ്റ്റേഷന്‍  കടന്നു മണ്ഡോവി നദീതീരത്തുള്ള പനജിയില്‍  എത്തി. അവിടെ മിരാമര്‍ ബീച്ചിലെ ലോകത്തിലേറ്റവും വലിയ ഹോട്ടല്‍ ശ്രുംഖലയില്‍ പെട്ട മാരിയറ്റില്‍ പത്തുദിവസം അടിച്ചു  പൊളിച്ചു ജീവിച്ചു. ഫെസ്റ്റിവല്‍ അതിഥികള്‍ ആയ സംവിധായകന്‍ അനൂപിനും പ്രൊഡ്യൂസറായ അനുജന്‍ അരുണിനും ഒപ്പം ഞങ്ങള്‍ക്കും ഗോവയില്‍  ആ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ അതിഥികള്‍ ആകാന്‍ ഭാഗ്യം ഉണ്ടായി.  

തീരദേശ നിയമങ്ങള്‍ ലംഘിച്ച് ബീച്ചിനോട് ചേര്‍ന്ന് പണിത മാരിയറ്റ് പൊളിച്ച് നീക്കണമെന്നായിരുന്നു ക്‌ളോഡ് അല്‍വാരസിന്റെയും കൂട്ടരുടെയും വാദം. അവരുടെ ഗോവ ഫൗണ്ടേഷന്‍ മുപ്പതു വര്‍ഷത്തിനിടെ  നടത്തിയ നൂറിലേറെ കേസുകളില്‍ ഒന്ന്അതായിരുന്നു.  സുപ്രീ കോടതി വരെ പോയിട്ടും മാരിയറ്റ് ജയിച്ചു.

നെതര്‌ലന്ഡ്‌സിലെ ഐഥോവന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹ്യ ശാസ്ത്രത്തില്‍ ഡോക്ട്രേറ് ഉള്ള ക്‌ളോഡ് പരിസ്ഥിതി വാദിയായ അഭിഭാഷക നോറയെ വിവാഹം ചെയ്തു.  ഗോവയുടെ പഴയ തലസ്ഥാനവും ഏറ്റവും വലിയ  ബിസിനസ് കേന്ദ്രവുമായ  മാപുസയില്‍  'അതര്‍ ഇന്ത്യ' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണ  ശാല നടത്തുകയാണ്. നോറക്ക്  പദ്മശ്രീ ബഹുമതി ലഭിച്ചിട്ടുണ്ട്.  ഞാനൊരിക്കല്‍ മാപുസയില്‍  പോയി ക്‌ളോഡിനെ വീണ്ടും കണ്ടു.  

'കൊങ്കണ്‍ ട്രെയിന്‍ നിര്‍ബാധം ഓടുന്നു എന്ന് പറയാനാണോ താങ്കള്‍ വീണ്ടും വന്നത്?' ക്‌ളോഡ് ചോദിച്ചു. സ്വരം അല്പം കഠിനമായിരുന്നെങ്കിലും പെട്ടെന്ന് അയഞ്ഞു. ഒരു ചിരിയോടെ അദ്ദേഹം തുടര്‍ന്നു: 'അതുകൊണ്ടൊന്നും ഞങ്ങളുടെ പരിസ്ഥിതി വാദത്തിനു ഒരു പോറലും ഏറ്റിട്ടില്ല.  പോരാട്ടം ഞങ്ങള്‍ തുടരുന്നു.'

ഗോവയുടെ ഏറ്റവും പ്രശസ്തയായ പുത്രി മരിയ അറോറ കൂട്ടോ  പനാജിയില്‍ നിന്ന് 21  കിലോമീറ്റര്‍ വടക്കു, മാപുസക്കു  8 കിമീ അടുത്ത്, അല്‍ഡോണയിലാണ് താമസിച്ചിരുന്നത്. മാപുസ നദി തീരത്തെ ഒരു ശുദ്ധ ഗ്രാമമാണ്. പനജിയില്‍ നിന്ന് സുമോയില്‍ അരമണിക്കൂര്‍ മതിയാകും അവിടെ എത്താന്‍. നേരത്തെ കത്തെഴുതിയിരുന്നതിനാല്‍ ഫോണ്‍ എടുത്ത  ആല്‍ബന്‍ ഉടനടി ഞങ്ങളെ തിരിച്ചറിഞ്ഞു. 'വെല്‍ക്കം, മോസ്‌റ് വെല്‍ക്കം,' അദ്ദേഹം പറഞ്ഞു.

തിവിം പഞ്ചായത്തില്‍ സെന്റ് തോമസ് ഇടവകപ്പള്ളിക്കു സമീപം മലഞ്ചെരിവിലാണ് ആല്‍ബന്‍  ദമ്പതിമാരുടെ വീട്.  ആല്‍ബനു  വെള്ള ജൂബയും ഷര്‍ട്ടും. മരിയ സാരിയും ബ്ലൗസും. അഞ്ഞൂറ് വര്‍ഷം  പഴക്കമുള്ളതാണ് അവരുടെ ഓടിട്ട വീട്. പോര്‍ട്ടുഗലില്‍ വേരുകള്‍ ഉള്ള  മുതു മുതുമുത്തശ്ശി മരിയ സോറസിന്റെ പേര് മുന്‍ ഭിത്തിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

പോര്‍ട്ടുഗീസ് ഗോവയില്‍ ജനിച്ചു വളര്‍ന്ന ആല്‍ബന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഐസിഎസില്‍ ചേര്‍ന്ന  ആളാണ്. ഗോവ ഇന്ത്യയുടെ ഭാഗം ആയപ്പോള്‍  ഐഎഎസിന്റെ ഭാഗമായി. ചീഫ്  സെക്ര ട്ടറിയായി റിട്ടയര്‍ ചെയ്തു. 2009ല്‍ അന്തരിച്ചു.  ലണ്ടന്‍, ഡെല്‍ഹി, പാറ്റ്‌ന,  മദ്രാസ് തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ് തു. ഇടുക്കി പദ്ധതിക്കാലത്ത് മേല്‍ നോട്ടത്തിനായി കേന്ദ്രഗവര്‍ ന്റിന്റെ പ്രതിനിധീകരിച്ച് എറണാകുളത്ത് വന്ന കാര്യം അദ്ദേഹം എടുത്തു  പറഞ്ഞു.

-നോവലിസ്റ്റ് ഗ്രഹം ഗ്രീനുമായി  അഭിമുഖം-

വിശ്രുത എഴുത്തുകാര്‍ ഗ്രഹം ഗ്രീനും  ഉംബര്‍ട്ടോ  എക്കോയും   ഓര്‍ഹന്‍ പാമുക്കും കാതറിന്‍ ബുവും ഇരുന്ന കൊളോണിയല്‍  വരാന്തയില്‍  തന്നെ ഇരുത്തി അവര്‍ എനിക്കും ഭാര്യക്കും മക്കള്‍ക്കും ചായയും  തേന്‍കിനിയുന്ന കേക്കും വിളമ്പി സല്‍ക്കരിച്ചു.

ഗോവയുടെ പരിണാമത്തെപ്പറ്റി ലേഖനം എഴുതാന്‍ ലണ്ടനിലെ സണ്‍ഡേ ടൈംസ് ആണ് ഗ്രഹം ഗ്രീനിനെ  ഇന്ത്യയിലേക്കു അയച്ചത്.  കോളജ് അധ്യാപിക മരിയ അദ്ദേഹത്തിന് ആതിഥ്യം അരുളി. ഇന്ത്യയില്‍ വച്ചും ഫ്രഞ്ച് റിവ്യറയില്‍ കടലിനോടു അഭിമുഖമായ ഹോട്ടലില്‍ വച്ചും  മരിയ ഗ്രീനുമായി പലവുരു അഭിമുഖം നടത്തി. ഗ്രീനിനെപ്പറ്റിയുള്ള പഠനം അവരുടെ ഡോക്ടറല്‍ തീസിസ് ആയി.  'ഗ്രഹം ഗ്രീന്‍ ഓണ്‍ ദി ഫ്രണ്ടിയര്‍' എന്ന പേരില്‍ അത് പുസ്തകവും ആയി.  

'എന്റെ മ്യൂസിക് റൂം കൂടി കണ്ടിട്ടു പോകാം, ' അല്‍ഡോണയിലെ വീടിനോടു വിടപറയും മുമ്പ് ആല്‍ബന്‍  ക്ഷണിച്ചു. യമഹയുടെ സ്പീക്കര്‍ സിസ്റ്റം ഘടിപ്പിച്ച ഒരു കൊച്ചു മുറി. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍  ഹെഡ് ഗീയര്‍ വച്ച്  65 മുതല്‍ 85  വരെ ഡെസിബലില്‍ ബീഥോവന്റെ  പിയാനോ കോണ്‍സെര്‍ട്ടോ നമ്പര്‍ 5 അദ്ദേഹം ഞങ്ങളെ കേള്‍പ്പിച്ചു.  ഹോങ്കോങിയിലുള്ള മകന്‍ വിവേക് സമ്മാനിച്ചതാണ് ആ ഓഡിയോ സിസ്റ്റം.

-മാരിയട്ട്  ഹോട്ടൽ; പരിസ്ഥിതിവാദി  ദമ്പതിമാർ  ക്ളോഡ് അൽവാരസ്,  നോർമ-

മരിയയുടെ അമ്മ ഫിലോമിന,  സംഗീതജ്ഞനായ ഭര്‍ത്താവ് ചിക്കോ എന്ന  ഫെര്‍ണാണ്ടോ ഫിഗദീറോയെ  മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഏഴു കുട്ടികളെയും പേറി ഗോവയില്‍ നിന്ന് 90  കിമീ തെക്കു കര്‍ണാടകത്തിലെ ധാര്‍വാഡിലേക്കു താമസം മാറ്റിയ ആളായിരുന്നു . അതു കൊണ്ടൊന്നും ഫലമുണ്ടായില്ല. ചിക്കോ  ഗോവയിലേക്ക് മടങ്ങിപ്പോയി. അമ്മ തനിച്ച് കുട്ടികളെ വളര്‍ത്തി. വീടിന്റെ മുറികള്‍ വിദ്യാര്‍സ്ഥികള്‍ക്കു വാടകക്ക് കൊടുത്തും ഗോവയിലെ കുടുംബസ്വത്തില്‍ നിന്നുള്ള വരുമാനവറും ഒരുക്കൂട്ടി കുടുംബത്തെ താങ്ങി നിര്‍ത്തി.

മരിയ മൂത്ത മകളായിരുന്നു. സ്റ്റെനോഗ്രാഫി പഠിച്ച്  സെക്രട്ടറിയായി എവിടെങ്കിലും ജോലിക്കു കയറിയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍ ഭാഗ്യത്തിന് ധാര്‍വാഡിലെ  കര്‍ണാടക കോളേജില്‍ ചേരാന്‍ സ്‌കോളര്‍ഷിപ് കിട്ടി.  നാടകകൃത്തും നടനുമായ ഗിരീഷ് കര്‍ണാഡും പ്രശസ്ത നോവലിസ്റ്റ് ശശി ദേശ് പാണ്ടെയും ക്‌ളസ്സ്‌മേറ്റുകള്‍ ആയിരുന്നു.

 'അയല്‍വക്കത്തെ വീട്ടില്‍ നിന്ന് കേട്ടിരുന്ന കര്‍ണാടക സംഗീതവും കോണ്‍വെന്റ് സ്‌കൂളില്‍ നിന്ന് കേട്ട ഗ്രിഗോറിയന്‍ സംഗീതവും ഗാംഗുഭായി ഹാന്‍ഗാലിന്റെ മരുമകളില്‍ നിന്ന് കേട്ട ഹിന്ദുസ്ഥാനി സംഗീതവും എന്റെ മനസില്‍ സംഗീതത്തിന്റെ സ്വര്‍ഗീയ ലോകം തുറന്നു,'--'ഫിലോമിനാസ് ജേര്‍ണി' എന്നപേരില്‍ അമ്മയെപ്പറ്റി എഴുതിയ അനുസ്മരണഗ്രന്ഥത്തില്‍  മരിയ എഴുതി.

ഡല്‍ഹിയില്‍ ലേഡി ശ്രീറാം കോളജിലും പനാജിയില്‍ ഡെംപ്‌സോ കോളജിലും ഇംഗ്ലീഷ് പഠിപ്പിച്ചു  മരിയ.   കോമണ്‍വെല്‍ത് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്ത ആല്‍ബനോടൊപ്പം മൂന്നു വര്‍ഷം  അവര്‍ ലണ്ടനില്‍ കഴിഞ്ഞു.  അമ്മ ഫിലോമിനയെക്കൂടി  ലണ്ടനില്‍ കൊണ്ടുപോയി കൂടെ താമസിപ്പിച്ചു.  

- ഗോവ യൂണി. വൈസ് ചാൻസലർ ഹരിലാൽ ഭാസ്കര മേനോൻ, ഭാര്യ ലളിത   -

റിട്ടയര്‍ ചെയ്ത 2000ലാണ് മരിയ ആത്മകഥ എഴുതാന്‍  തൂലിക കയ്യിലെടുക്കുന്നത്. 'ഡോട്ടേഴ്‌സ് സ്റ്റോറി' പൂര്‍ത്തിയാകാന്‍ മൂന്നു വര്‍ഷം എടുത്തു. അത്   ആത്മകഥയാണോ ഓര്മക്കുറിപ്പാണോ ചരിത്രമാണോ എന്ന് പറയാന്‍ വയ്യ. സ്വന്തം വീക്ഷണത്തിലൂടെ ഗോവയുടെ രണ്ടു സഹസ്‌റാബ്ദത്തിന്റെ  കഥ അനാവരണം ചെയ്യുകയാണ് അവര്‍. അതില്‍ ഗോവയുടെ കലയും സംസ്‌ക്കാരവും പാരമ്പര്യവും അവര്‍ ആവിഷ്‌കരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഗോവന്‍ ജനതയുടെ കൂറ് എവിടെ  നില്‍ക്കുന്നു എന്നും പരിശോധിക്കുന്നു.

എണ്‍പഞ്ചു പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ജനുവരി 14നു കടന്നു പോയ മരിയ  കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ടു നാടുകളെക്കുറിച്ചും അവയുടെ ക്രൈസ്തവ പാരമ്പര്യത്തെ ക്കുറിച്ചും  ഹിന്ദുക്കളും  ക്രിസ്ത്യാനികളും മുസ്ലിംകളും ഇരു നാടുകളിലും എങ്ങിനെ ആമോദത്തോടെ വസിക്കുന്നതിനെക്കുറിച്ചും അവര്‍ 'ഗോവ എ ഡോട്ടേഴ്‌സ് സ്റ്റോറി'യില്‍ നിരവധി തവണ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

ധാര്‍വാഡില്‍ പ്രൊഫ. കാല്‍ബുര്‍ഗിയെ വര്‍ഗീയ വാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ അവര്‍ കണ്ണീര്‍ പൊഴിച്ചു. പനജിയില്‍ ചരിത്രകാരന്‍  ഡിഡി കോസംബിയുടെ പേരില്‍ സാഹിത്യോത്സവം നടന്നപ്പോള്‍ ചുക്കാന്‍ പിടിച്ചു.  2010ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അവരെ ആദരിച്ചു.  ഇംഗ്ലീഷും പോര്‍ട്ടുഗീസും കൊങ്കണിയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഇതുപോലൊരു പുത്രിയെ ഗോവക്കും ഇന്ത്യക്കും കിട്ടാന്‍ എളുപ്പമല്ല.

മലയാളി ചാന്‍സലര്‍മാരെയും വൈസ് ചാന്‍സലര്‍മാരെയും പ്രൊഫസര്‍ മാരെയും വിദ്യാര്‍ത്ഥികളെയും  സ്വാഗതം ചെയ്തിട്ടുള്ള ഗോവ യൂണിവേഴ്‌സിറ്റിയെക്കൂടി പാരാമര്‍ശിക്കാതെ വയ്യ. ഗവര്‍ണര്‍മാര്‍ പിസി അലക്സാണ്ടര്‍, കെ ശങ്കര നാരായണന്‍ പിഎസ് ശ്രീധരന്‍ പിള്ള  എന്നിവര്‍ ചാന്‍സലര്‍മാരുടെ പട്ടികയില്‍ വരും. 2004ല്‍ ഞാന്‍  പനജിയില്‍ എത്തുമ്പോള്‍ മലയാളി  കെമിസ്ട്രി പ്രൊഫ. പിഎസ് സഖറിയ ആയിരുന്നു വൈസ് ചാന്‍സലര്‍.

ഫിസിക്കല്‍ ഓഷ്യാനോഗ്രപഫിയില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി ഉള്ള ഹരിലാല്‍ ഭാസ്‌കരമേനോന്‍ (59) ആണ് ഇപ്പോഴത്തെ വിസി. യൂണിവേഴ്സിറ്റിയുടെ ഒമ്പതാമത് മേധാവി.  നിരണം കടപ്ര സ്വദേശി. അച്ഛന്‍ പി. ഭാസ്‌കരമേനോനും അമ്മ  ലീലാവതിഅമ്മയും അധ്യാപകര്‍ ആയിരുന്നു.

മേനോന്‍ ഗോവയില്‍ എത്തിയിട്ട് 33 വര്‍ഷം പൂര്‍ത്തിയായി. ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ചെയ്തു.11 പിഎച് ഡി ക്കാരുടെ ഗൈഡ് ആയി. ഭാര്യ ലളിതയും ഗോവയില്‍ അധ്യാപികയാണ്. മകന്‍ അതുല്‍ സിംഗപ്പൂരില്‍,  മകള്‍ ആതിര ഹാംബുര്‍ഗില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നു. തൃപ്പൂണിത്തുറയില്‍ വീടുണ്ട്--അമൃതം ഗമയ.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക