Image

രാജു മൈലപ്ര: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ (മീട്ടു റഹ്മത്ത് കലാം)

Published on 12 February, 2022
രാജു മൈലപ്ര: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ (മീട്ടു റഹ്മത്ത് കലാം)

ഇ-മലയാളി മാസിക ഫെബ്രുവരി ലക്കത്തിൽ നിന്ന് 

https://cdn.emalayalee.com/magazine/february2022/#page=1

അമേരിക്കൻ മലയാളികൾക്കും ഇ-മലയാളി വായനക്കാർക്കും പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത എഴുത്തുകാരിൽ ഒരാളാണ് രാജു മൈലപ്ര. സാഹിത്യ പ്രവർത്തനങ്ങൾക്ക് എന്നും പ്രോത്സാഹനം നൽകി കൊണ്ടിരിക്കുന്ന  ഭാര്യ പുഷ്പയോടൊപ്പം കേരളത്തിലും ന്യൂയോർക്കിലുമായി വിശ്രമജീവിതം നയിക്കുന്നതിനിടയിലും അദ്ദേഹം എഴുത്തുലോകത്ത് സജീവമാണ്. മനസ്സിലെ അക്ഷരങ്ങളെ  കടലാസിലേക്ക് പകർത്തി സർഗാത്മക സപര്യയിൽ വ്യാപൃതനാകുന്നതിനിടയിൽ, പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നതോടൊപ്പം സാഹിത്യരംഗത്തെ ഭാവിചിന്തകളും പങ്കുവയ്ക്കുകയാണ് പ്രിയ എഴുത്തുകാരൻ... എഴുത്ത് ജീവിതത്തിന്റെ ഭാഗമായി തീർന്ന നാൾവഴികൾ?

എപ്പോഴോ എങ്ങനെയോ എഴുത്ത് ജീവിതത്തിന്റെ  ഒരു ഭാഗമായി തീർന്നതാണ്. ജീവിതാനുഭവങ്ങൾ ആണല്ലോ ഒരാളെ എഴുത്തുകാരനാക്കുന്നത്... സാഹിത്യം ആദ്യമായി പരീക്ഷിക്കുന്നത്,  മറ്റു പലരെയും പോലെ തന്നെ പ്രേമലേഖനങ്ങളിൽ കൂടിയാണ്. കോളേജ് പഠനകാലത്ത് കുറച്ചു ചെറുകഥകൾ ഒക്കെ എഴുതിയിട്ടുണ്ട്. കൈയ്യെഴുത്ത് മാസികകൾക്കപ്പുറം അത് പോയിട്ടില്ല. അമേരിക്കയിൽ വന്നതിനുശേഷമാണ് ആദ്യമായി ഒരു കൃതി പ്രസിദ്ധീകരണത്തിന്  അയയ്ക്കുന്നത്. 'ഞാൻ-എന്റെ ദുഃഖം' എന്ന പേരിൽ ഒരു ഗദ്യകവിത, അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിലേക്ക് പ്രതീക്ഷകളൊന്നും വയ്ക്കാതെ അയച്ചതായിരുന്നു. 'റ്റേണിങ് പോയിന്റ്'. വളരെ  പ്രോത്സാഹജനകമായിരുന്നു എഡിറ്റർ രാജൻഎ.മാരേട്ടിന്റെ  മറുപടി. 'അശ്വമേധ'ത്തിൽ തുടർന്ന് എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ഒരു 'എഴുത്തുകാരനായി'. തുടർന്ന്  മലയാളം പത്രം, കേരള എക്സ്പ്രസ്, കൈരളി, പ്രഭാതം, തറവാട്, ജനനി, രജനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും രചനകൾ അച്ചടിച്ചുവന്നു.

എഴുതുന്നത് ഏതു രൂപത്തിൽ ആയിരിക്കണം എന്നുള്ള മുൻവിധിയില്ലാതെയാണ് ഞാൻ എഴുതുന്നത്. മനസ്സിലുള്ള ആശയം വാക്കുകളായി കടലാസിൽ പകർത്തുക എന്ന കർമ്മം മാത്രമാണ് ഞാൻ ചെയ്യുന്നത്.  വളരെ ലളിതമായി  വായനക്കാരന് മനസ്സിലാകുന്ന ഭാഷയിലാണ്  എഴുതാറുള്ളത്. ഇതിനെ കഥയെന്നോ  കവിതയെന്നോ  ലേഖനമെന്നോ  വായനക്കാരന്റെ  ഉചിതം പോലെ വിളിക്കാം.

അധ്യാപകനായിരുന്ന താങ്കളെ  എഴുത്തുകാരനാക്കി  തീർത്തതിൽ  പ്രവാസജീവിതത്തിനുള്ള പങ്ക്?

പത്തനംതിട്ട  കാതോലിക്കേറ്റ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, റായ്‌പൂർ   രവിശങ്കർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരബിരുദവും നേടിയ ശേഷം  കുറേക്കാലം കേരളത്തിലും  ബോംബെയിലുമായിരുന്നപ്പോഴാണ്   അധ്യാപകവൃത്തിയിൽ ഏർപ്പെട്ടത്.


1974-ലാണ്  അമേരിക്കയിലെത്തുന്നത്. ന്യൂയോർക്ക് സിറ്റി ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ കോർപ്പറേഷനിൽ മെഡിക്കൽ ട്രാൻസ്ക്രൈബ് സൂപ്പർവൈസറായാണ് തുടക്കം.
പ്രവാസജീവിതം എഴുത്തിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആദ്യകാല അമേരിക്കൻ മലയാളികളുടെ ജീവിതത്തിലെ മോഹങ്ങളും മോഹഭംഗങ്ങളും വിജയങ്ങളും പരാജയങ്ങളും വീമ്പിളക്കലുകളും  വിഡ്ഢിത്തങ്ങളും എല്ലാം എന്റെ  കഥകൾക്ക് വിഷയമായിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ മലയാള പ്രസിദ്ധീകരണമായിരുന്ന 'മലയാളം  പത്ര'ത്തിൽ  തുടർച്ചയായി രണ്ടു വർഷത്തോളം എഴുതിയ ഹാസ്യ പരമ്പരയിലൂടെയാണ്  അമേരിക്കയിലെയും കാനഡയിലെയും മലയാളി വായനക്കാർ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്.  അമേരിക്കൻ ജീവിതത്തിന്റെ  സൂക്ഷ്മാംശങ്ങൾ  നർമ്മത്തിൽ പൊതിഞ്ഞ്  ചിരിയുടെ രസച്ചരട് പൊട്ടാതെ അവരിലേക്ക് എത്തിക്കുമ്പോൾ ലഭിച്ച സ്വീകാര്യതയാണ് എഴുത്തിൽ സജീവമാകാനുള്ള ഊർജ്ജം പകർന്നത്.

അമേരിക്കയിലെ താമസക്കാരായ മലയാളികളുടെ ജീവിതത്തിൽ കാണപ്പെടുന്ന നർമ്മ മധുരമായ അനുഭവങ്ങളെ ആർക്കും അലോസരം  ഉണ്ടാകാത്ത വിധത്തിൽ അവതരിപ്പിക്കാനാണ് ഇക്കാലമത്രയും  ശ്രമിച്ചിട്ടുള്ളത്. മിക്ക കഥകളിലെയും 'നായകൻ' ഞാൻ തന്നെയാണ്. മലയാളി കേരളത്തിലായാലും, മറുനാട്ടിലായാലും അവരുടെ സ്വഭാവസവിശേഷതകളും പ്രതികരണ രീതിയും ഏതാണ്ട് ഒരേ രീതിയിലാണ്.

മാതൃഭാഷയും  ആംഗലേയവും ഒരുപോലെ വഴങ്ങുന്ന വ്യക്തി എന്ന നിലയിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുമ്പോൾ പ്രധാനമായും അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ?

ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും എന്റെ  ഐച്ഛികവിഷയം ഇംഗ്ലീഷ് സാഹിത്യമായിരുന്നെന്ന് പറഞ്ഞല്ലോ. എങ്കിലും, ആയാസരഹിതമായി എഴുതാൻ  കഴിയുന്നത് മലയാളത്തിൽ തന്നെയാണെന്ന് നിസംശയം പറയാം. നമ്മുടെ നാടൻ രീതികൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും സംഭാഷണശൈലിക്കും  ഇംഗ്ലീഷ് പദങ്ങൾ കണ്ടുപിടിക്കാൻ പ്രയാസമാണ്. മലയാളത്തിൽ എന്തെങ്കിലും എഴുതുമ്പോൾ ഇംഗ്ലീഷ് വാക്കുകൾ യഥേഷ്ടം ഉപയോഗിക്കാം; എന്നാൽ ഇംഗ്ലീഷിൽ എഴുതുമ്പോൾ മലയാളം വാക്കുകൾ അങ്ങനെ ഉപയോഗിക്കാൻ പറ്റില്ലല്ലോ!  മലയാളത്തിൽ ചിന്തിച്ച് മനസ്സിൽ പരിഭാഷപ്പെടുത്തിയാണ്  ഇംഗ്ലീഷിൽ എഴുതുന്നത്.
സംസാരിക്കുമ്പോഴും എഴുതുമ്പോഴും എനിക്ക് മനസ്സിന് സുഖം തരുന്നത് മലയാളമാണ്.പത്രാധിപർ-സാഹിത്യകാരൻ എന്നീ നിലകളിൽ  മനസ്സിനോട് ചേർന്ന് നിൽക്കുന്ന അനുഭവങ്ങൾ?

1986-ലാണ് ഞാൻ 'അശ്വമേധ'ത്തിന്റെ  പ്രധാന പത്രാധിപരാകുന്നത്. സാമ്പത്തികഭദ്രത ഇല്ലായിരുന്നെങ്കിൽ തന്നെയും ' ഭാരത് എയ്ഡ്  അസോസിയേഷൻ' എന്ന സംഘടനയിലെ സുഹൃത്തുക്കളുടെ സഹകരണത്തോടെ അത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി ഭവനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. അക്കാലത്ത്  ഞാൻ എഴുതിയിരുന്ന  'പത്രാധിപക്കുറിപ്പുകൾ'ക്ക് വായനക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യകാല അമേരിക്കൻ മലയാളികളുടെ അനുഭവങ്ങൾ, പാളിച്ചകൾ, ജീവിതരീതികൾ ഇവയെല്ലാം അല്പം നർമ്മരസം കലർത്തി അവതരിപ്പിച്ചു എന്നല്ലാതെ  ആരെയും മനഃപൂർവം  അവഹേളിക്കാനും പരിഹസിക്കാനും ശ്രമിച്ചിട്ടില്ല. കണ്ടതും കേട്ടതുമായ ചില കാര്യങ്ങൾ അല്പസ്വല്പം അതിശയോക്തി കലർത്തി  ജനശ്രദ്ധയിൽ കൊണ്ടുവരാനുള്ള ആ  എളിയ ശ്രമത്തിന്, അമേരിക്കൻ മലയാളികൾ നൽകിയ അംഗീകാരം എനിക്ക് സന്തോഷത്തിനും  അഭിമാനത്തിനും  വക നൽകുന്നതായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരു പ്രസിദ്ധീകരണത്തിന്റെ  പത്രാധിപരായിരുന്നതുകൊണ്ട് ധാരാളം ആളുകളെ പരിചയപ്പെടാനും സൗഹൃദം പങ്കിടാനുമുള്ള അവസരം ലഭിച്ചു. ഈയൊരു ലേബൽ ഉപയോഗിച്ച് വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള, നിത്യഹരിതനായകൻ പ്രേംനസീർ, ഗാനഗന്ധർവ്വൻ യേശുദാസ്, മെഗാസ്റ്റാർ മമ്മൂട്ടി, സുപ്രസിദ്ധ കവയിത്രി സുഗതകുമാരി തുടങ്ങി വിശിഷ്ട വ്യക്തികളുമായി  അഭിമുഖസംഭാഷണം നടത്താനും സാധിച്ചു.

 'പിരിവിളക്കം' എന്ന എന്റെ  ലേഖനസമാഹാരത്തിന്റെ അവതാരികയിൽ ' പുഞ്ചിരിച്ചുകൊണ്ടും  പൊട്ടിച്ചിരിച്ചുകൊണ്ടും  വെറുതെ വായിച്ചു പോകാവുന്ന ലേഖനങ്ങളിൽ ഹാസ്യത്തിനപ്പുറമായി ചില പ്രധാനപ്പെട്ട ജീവിതപാഠങ്ങൾ ഒളിച്ചിരിപ്പുണ്ടെന്ന്' ലളിതാംബിക ഐ എ എസ് കുറിച്ചതും വലിയൊരു അംഗീകാരമായി കാണുന്നു.
ഈ ഭൂമിയിൽ ഞാനും ജീവിച്ചിരുന്നു എന്നൊരു  അടയാളം, കുറേക്കാലത്തേക്ക് എങ്കിലും  നിലനിർത്തുന്നതിന്  'സാഹിത്യകാരൻ' എന്ന  പദവി ഉപകരിക്കുമെന്ന് ഞാൻ കരുതുന്നു.

പ്രധാന രചനകൾ, അംഗീകാരങ്ങൾ ?

എൻ്റെ ഹണി, സ്നേഹത്തോടെ, പിരിവിളക്കം, മൈലപ്രക്കഥകൾ അറുപതിൽ അറുപത്  എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. 'അച്ചൻ കോവിലാറ്' എന്ന നോവൽ മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നമ്മച്ചേട്ടത്തിയ്‌ക്കൊരുമ്മ, എനിക്ക് നരകം മതി, ആനപ്പാറ അവറാച്ചൻ, ഞാനാരാ മോൾ  എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്.  തിരഞ്ഞെടുത്ത എന്റെ ചില കഥകൾ  ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള ഒരു ശ്രമം തുടങ്ങിയിട്ടുണ്ട്.


വായനക്കാരുടെ മനസ്സിൽ ഇടം നേടാൻ ആകുന്നു എന്നതാണ് ഏറ്റവും വലിയ അംഗീകാരം. ഹാസ്യലേഖനം, നർമ്മകഥകൾ, നാടകം, ബാലസാഹിത്യം എന്നീ സാഹിത്യശാഖകളിൽ   അമേരിക്കൻ മലയാളി സംഘടനകളുടെ  അവാർഡുകൾ നേടാനായി. പത്രപ്രവർത്തനത്തിലെ  സമഗ്രസംഭാവനയ്ക്കുള്ള ന്യൂയോർക്ക് കേരളാ സെൻറർ അവാർഡ്, ഇ-മലയാളിയുടെ ജനകീയ എഴുത്തുകാരനുള്ള അവാർഡ്, ഫൊക്കാനാ, ഫോമാ, രജനി, കൈരളി, മുണ്ടശ്ശേരി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള രചനാശൈലി ഗൗരവമായ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ഗുണകരമാണോ?

തുടക്കത്തിൽ ഞാൻ ചെറുകഥകളും ഗദ്യകവിതകളുമാണ് എഴുതിയിരുന്നത്. അതിന് വായനക്കാരിൽ നിന്നും വലിയ പ്രതികരണമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ, ആദ്യമായി എഴുതിയ 'അവൻ കള്ളനെപ്പോലെ വന്നു' എന്ന ഹാസ്യകഥയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അമേരിക്കൻ മലയാളികളുമായി സംവദിക്കാൻ  'ഹാസ്യം' എന്ന മീഡിയം ആണ് നല്ലതെന്ന്  ഞാൻ വിശ്വസിക്കുന്നു. സമകാലിക വിഷയങ്ങൾ, സാമുദായികപരവും  സംഘടനാപരവുമായ പ്രശ്നങ്ങൾ തുടങ്ങിയവ ഞാൻ  സറ്റയർ  രൂപത്തിൽ അവതരിപ്പിച്ചത്  പലയിടത്തും ചർച്ചാവിഷയമായെന്ന്  പലരും പറഞ്ഞിട്ടുണ്ട്. ഉദ്ദേശിച്ച കാര്യങ്ങൾ ആളുകളിലേക്ക് കൃത്യമായി എത്തുന്നു എന്ന് ബോധ്യപ്പെട്ടതാണ്  ആ ശൈലി തുടരാനുള്ള പ്രചോദനം.
 കൊള്ളേണ്ടത് കൊള്ളേണ്ടിടത്ത് കൊള്ളുമ്പോൾ ഹാസ്യത്തിനും ഒരു ഗൗരവ സ്വഭാവം താനെ വന്നുകൊള്ളും.

സാംസ്കാരിക സാമുദായിക സംഘടനകളിലെ സംഭാവനകൾ?

ഫൊക്കാന  ന്യൂയോർക്ക് റീജിയണൽ വൈസ് പ്രസിഡൻറ്, ഫൊക്കാന    നാഷണൽ ജോ.  സെക്രട്ടറി, സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ്, സ്റ്റാറ്റൻ ഐലൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് ബിൽഡിംഗ് സെക്രട്ടറി തുടങ്ങിയ വിവിധ സാമൂഹിക മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ചു. സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് സ്വന്തമായി ഒരു ആരാധനാലയം വാങ്ങുന്നത് ഞാൻ  ബിൽഡിംഗ് സെക്രട്ടറി ആയിരുന്ന കാലത്താണ് എന്നുള്ളത് മനസ്സിനോട് ചേർന്നുനിൽക്കുന്ന ഓർമ്മയാണ്.
ഫൊക്കാന കൺവൻഷനുകളിൽ ഞാൻ അവതരിപ്പിച്ചിരുന്ന ചിരിയരങ്ങ് എന്ന പരിപാടി തുടക്കം മുതൽ  ജനപ്രിയമായതാണ്  സന്തോഷകരമായ മറ്റൊരനുഭവം. ഫലിതം പറയുക എന്നത് അല്പം പാടുള്ള കാര്യമാണെന്ന് പലരും പറയുമെങ്കിലും നൈസർഗികമായ ഒഴുക്കോടെ നാവിൻ തുമ്പിലും വിരൽത്തുമ്പിലും  ഹാസ്യം എത്തുന്നതുന്നതുകൊണ്ട് എനിക്കതിലൊരു   ബുദ്ധിമുട്ടുതോന്നിയിട്ടില്ല.അമേരിക്കൻ മലയാളികളിൽ ഇളമുറക്കാർ മലയാളത്തിൽ നിന്ന് അകലുന്നു എന്ന ആശങ്കയുണ്ടോ? പുതുതലമുറയ്ക്ക്   മാതൃഭാഷയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഞാനടക്കം എഴുപതുകളിൽ അമേരിക്കയിൽ കുടിയേറിയവർക്ക് മലയാളത്തോടും കേരളത്തോടും  തോന്നിയ ആത്മബന്ധമാണ് മലയാളം  പത്രം, അശ്വമേധം എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ നടത്തിക്കൊണ്ടുപോകാൻ പ്രേരണയായത്. ഒരു പരിധിവരെ തൊട്ടടുത്ത തലമുറയ്ക്ക്  ശാസനയിലൂടെയും  സ്നേഹപൂർവ്വമുള്ള ഉപദേശങ്ങളിലൂടെയും  നാടിന്റെ സംസ്കാരവും മാതൃഭാഷയും പൈതൃകവും പകർന്നുനൽകാൻ മനഃപൂർവ്വമായ ശ്രമവും നടത്തിയിരുന്നു. അപ്പാപ്പനെയും അമ്മാമ്മയെയും കാണാനും നാട്ടിലെ രുചികൾ നുണയാനും വെക്കേഷന് കേരളത്തിലേക്ക് പോകാൻ മക്കളിൽ ആഗ്രഹം ജനിപ്പിക്കാനും  സാധിച്ചിരുന്നു. അതുകഴിഞ്ഞു വന്ന മൂന്നാം തലമുറയുടെ യാത്ര മറ്റൊരു വഴിക്കാണ്. വീടുകളിൽ പോലും മലയാളം സംസാരിക്കുന്ന ശീലമില്ല. മലയാളം പഠിക്കണമെന്ന് തോന്നത്തക്ക കാരണങ്ങളൊന്നും അവർക്ക് മുന്നിലില്ല. വായനാശീലം തന്നെയില്ലാത്തവരോട് മലയാളം വായിക്കണമെന്ന് ശഠിക്കാനാവില്ല. പല പ്രസിദ്ധീകരണങ്ങളും നിർത്തേണ്ടതായി വന്നതും ഈ മാറ്റങ്ങളൊക്കെ കൊണ്ടാണ്. പ്രിന്റ് മീഡിയയുടെ കാലം കഴിഞ്ഞ് ഓൺലൈൻ ആയപ്പോഴും മലയാളത്തെ സ്നേഹിക്കുന്ന ഒരുകൂട്ടരെ  മാത്രമേ അതിലേക്ക്  ആകർഷിക്കാൻ കഴിയുന്നുള്ളു. യുഎസിലെ മലയാളി സംഘടനകൾ, വരും തലമുറയെ മാതൃഭാഷ പഠിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രതീക്ഷാവഹമാണ്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകവ്യവസ്ഥയിൽ, അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലല്ലോ. മലയാളഭാഷയും നമ്മുടെ സംസ്കൃതിയും അന്യം നിന്ന് പോകില്ലെന്ന് പ്രത്യാശിക്കാം.

രാജു മൈലപ്ര: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ (മീട്ടു റഹ്മത്ത് കലാം)രാജു മൈലപ്ര: ചിരിയിൽ പൊതിഞ്ഞ ചിന്തകൾ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
C.V. Varghese 2022-02-13 12:52:43
മീട്ടു കാലമിന്റെ, രാജു മൈലപ്രയുമായുള്ള അഭിമുഖം ഹൃദ്യമായി. ഇതുപോലെ 'മുൻപേ നടന്ന' മറ്റു സാഹിത്യകാരമ്മാരും പത്രപ്രവർത്തകരുമായുള്ളവരുടെ ചരിത്രം പ്രസിദ്ധികരിക്കുന്നത് എന്നെപ്പോലുള്ള പഴമക്കാർക്കു താല്പര്യമായിരിക്കും.
George Abraham 2022-02-14 14:51:39
Raju used humor as a device to write genres. He was able to make people laugh during those early days of immigrant struggles touching upon our day-to-day interactions. We are all fortunate that he was able to tap into his inner funny person and spice up his stories with sarcasm and humor! We are all indeed blessed to be part of that journey. Thank you Raju. P.S. Remembering his first contributions to Kerala Digest, just happy to recollect.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക