Image

സ്വപ്ന സുന്ദരി (സുധീര്‍ പണിക്കവീട്ടില്‍)

Published on 13 February, 2022
സ്വപ്ന സുന്ദരി (സുധീര്‍ പണിക്കവീട്ടില്‍)

വാലന്റയിന്‍ ദിനം കൊണ്ടു വരുന്നതു
ഓര്‍മ്മകളോ കുറെ നോവുകളോ
നിലാവു പോലൊരു കുമാരി വന്നെന്‍
കരളില്‍ കനവുകള്‍ നെയ്യുന്നു
കഴിഞ്ഞുപോയൊരു കൗമാരത്തിന്‍
സാക്ഷയൂരി പോകുന്നു
തുറന്ന വാതില്‍ക്കല്‍ മിഴി നട്ടു നിന്നു - ഞാന്‍
കാണുന്നു പൊയ്‌പോയ കാല ചിത്രം

പെരുവിരല്‍ കൊണ്ടൊരു പെണ്‍കുട്ടിയെഴുതിയ
പ്രണയം തുളുമ്പുന്ന, പ്രേമ കാവ്യം
കുറുനിര പാറുന്ന കവിളത്തനുരാഗ
സ്വപ്നങ്ങള്‍ ചാലിച്ച വര്‍ണ്ണങ്ങള്‍
മയ്യണികണ്ണിലൊരു കള്ള നാണത്തിന്‍
മിന്നും മിന്നാമിനുങ്ങ് കൂട്ടം
പാവാട തുമ്പിലുരുമ്മി തരിക്കുന്ന
പാദസരത്തിന്‍ കിലു കിലുക്കം
പുഞ്ചിരി പാലാഴി തിരകള്‍ തിരയുന്ന
കരളിന്റെ ഏകാന്ത പ്രണയ തീരം
മഞ്ഞണി കുളിര്‍ നിലാവേറ്റു മയങ്ങും
നിശകളെ പുല്‍കിയ പൊന്‍ കിനാക്കള്‍
ചന്ദ്രകാന്ത കല്ലു കൊണ്ടു നിലാവില്‍
പണിയുന്ന മോഹത്തിന്‍ ടാജ് മഹല്‍
മകരം വിറക്കുന്ന മാഞ്ചുവട്ടില്‍- വള
പൊട്ടുകള്‍ വീഴും നിഴല്‍ പായകള്‍
അവിടെ കഥകളി മുദ്രകളാടിയ
പൊന്‍കളിത്തട്ടുകള്‍, ആട്ടവിളക്കുകള്‍
സാന്ദ്രമൗനങ്ങളില്‍ മുങ്ങി വന്നെത്തുന്ന

പൊന്മതന്‍ പൂട്ടിയ ചെഞ്ചുണ്ടുകള്‍
പൊന്നണി കൈവിരല്‍ തുമ്പു മുക്കി
പൊട്ടു കുത്തും വെയില്‍ കന്യകമാര്‍
ശുഭ്രമേഘങ്ങള്‍ ഞൊറിഞ്ഞുടുക്കും
മുഗ്ദധഭാവങ്ങള്‍ തന്‍ സുസ്മിതങ്ങള്‍
മനസ്സറിയാതെ നാം ചോദിച്ച ചോദ്യങ്ങള്‍
മൗനങ്ങള്‍ നല്‍കിയ മറുപടികള്‍

കൂട്ടി പെറുക്കിയടുക്കുന്നു, കാലം-
തട്ടി തെറുപ്പിച്ചാ സ്വ്പനപാത്രം
ഓര്‍മ്മകള്‍ ഒക്കത്തു വയ്ക്കുമാ പാത്രം
തുള്ളി തുളുമ്പുന്നു ഈ ദിനത്തില്‍

ശുഭം

Join WhatsApp News
G. Puthenkurish 2022-02-13 17:30:48
പ്രണയം ! ഹ! . ക്ഷണികവും പിടികിട്ടാത്തവുമായ ഈ ഭാവത്തെ അനുഭവിക്കാൻ കൊതിക്കാത്ത ആരാണ് ഇല്ലാത്തത് ? ശക്തമായ ഈ വികാരത്തെ പറഞ്ഞു പ്രതിഫലിപ്പിക്കാൻ ഒരു കവിക്കെ കഴിയുകയുള്ളു. പ്രണയം ക്ഷണികം എന്ന് പറയാൻ കാരണം, ശ്രീ സുധീറിന്റെ ആദ്യത്തെ രണ്ടു വരികളിലൂടെ അദ്ദേഹം ഉയർത്തുന്ന ചോദ്യമാണ് " വാലെന്റൈൻ ദിനം കൊണ്ടുവരുന്നത് കുറെ ഓർമ്മകളോ നോവുകളോ ? കവിയുടെ 'സ്വപ്‍ന സുന്ദരി' ഏൽപ്പിച്ച നോവുകൾ അദ്ദേഹത്തെ ഓർമ്മകളുടെ ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുമ്പോൾ വായനക്കാക്ക് ലഭിക്കുന്നത്, മനോഹരമായ അദ്ദേഹത്തിന്റ കവിതയിലൂടെ നമ്മളുടെ ഓർമ്മകളെ താലോലിക്കാനുള്ള ഒരവസരമാണ്. ഗതകാലസുഖസ്‌മരണകളെ അനുവാചകരിൽ ഉണർത്തുവാൻ തക്കവണ്ണം ഭാഷയെ ഭാവഹാവങ്ങളിൽ പൊതിഞ്ഞാണ് കവി മനോഹരമായ ഈ കവിത രചിച്ചിരിക്കുന്നത്. ശ്രീ സുധീറിന് എല്ലാ ഭാവുകങ്ങളും . (ഇത് കവിയുടെ അനുഭവം എന്നുള്ളത് എന്റെ അഭിപ്രായമാത്രമാണ് . കൂടാതെ ഇതിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു . കാരണം പലപ്പോഴും ചെറിയതെറ്റുകളെ എടുത്തുകാട്ടി സ്വന്തം അജ്ഞതയേയും പ്രകാശം ഒരിക്കലും കടക്കാത്ത ഇരുണ്ട മനസ്സിന്റ അവസ്ഥയെയും വെളിപ്പെടുത്തുന്നതിലാണ് പലർക്കും താത്പര്യം )
വിദ്യാധരൻ 2022-02-13 19:06:41
പ്രണയമേ ജ്വലിച്ചു നിൽപ്പൂ നീ അണയാതൊരിക്കലും. ഏറ്റിടാം അതി ശക്തമാം കൊടും- കാറ്റെങ്കിലും നീ ഉലയരുത്. പിടിച്ചു നിൽക്കുക ആവുവോളം കടന്നുപോകും അത്, ശാന്തി വന്നിടും.. ഇല്ല നിനക്കാവില്ല പിടിച്ചുനിക്കാൻ തെല്ലും പ്രണയമില്ലാതെ ജീവിതത്തിൽ. താലി ചാർത്തിയ പെണ്ണിൽ കാണുക കാലം കെടുത്താത്ത പ്രണയത്തിൻ തുടിപ്പുകൾ മണത്തുനോക്കുക മുറ്റത്തെ മുല്ലയിൽ ഗണിക്കേണ്ട മണമില്ലെന്നു ചോന്ന മൊഴിയെ മണത്തിടേണ്ട അയൽവാസിയുടെ മുല്ലയിൽ ഗുണം കണ്ടെത്തില്ല കണ്ടാലും നൈമിഷികം . വിദ്യാധരൻ
എം. പി. ഷീല 2022-02-14 02:25:01
പ്രണയദിനത്തിലെത്തുന്ന മായാത്ത മധുരസ്മരണകൾ... കവിക്ക് അഭിനന്ദനങ്ങൾ ❤
Sudhir Panikkaveetil 2022-02-14 22:57:14
അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും ഹൃദയംഗമമായ നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക