ഉറക്കം വരാതിരുന്നതുകൊണ്ടു ജനാലയിലൂടെ ആകാശത്തിലേക്ക് നോക്കിനിന്നു. ആകാശത്ത് ഒരു നക്ഷത്രം എന്തോ പറയാനുള്ളതുപോലെ എന്നെ നോക്കി കണ്ണുകള്‍ ചിമ്മി കൊണ്ടേയിരുന്നു. മറ്റ് നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആ നക്ഷത്രത്തിന് കൂടുതൽ തിളക്കം . എന്തോ ആ നക്ഷത്രത്തിന് എന്നോട് ഒത്തിരി കഥകൾ പായാനുള്ളത് പോലെ തോന്നി. അത് അവിടെ നിന്നുകൊണ്ട് അതിന്റെതായ ഭാഷയിൽ എന്നോട് സംസാരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വീണ്ടും ഞാൻ അതിനെ നോക്കി. അതിന്റെ ഭാഷ ഒന്ന് മനസിലാക്കാൻ ശ്രമിച്ചു. ഏതാണ്ട് സൂര്യോദയം വരെ ഈ നക്ഷത്രം പൂർണ്ണമായും ഒറ്റയ്ക്കാണ് കണ്ടത്. അത് കണ്ടപ്പോൾ കുട്ടികാലത്തെ മുത്തശ്ശി കഥ ഓർമ്മവന്നു.
രാത്രിയിൽ ആഹാരം കഴിക്കാത്ത എന്നെ മുത്തശ്ശി മുറ്റത്ത് കൊണ്ടുപോയി ആകാശത്തിലെ നക്ഷത്രങ്ങളെ കാട്ടി ആഹാരം തന്നിരുന്ന ഒരു കുട്ടികാലം. ആഹാരം കഴിച്ചുകൊണ്ട് മുത്തശ്ശിയുടെ മടിയിൽ തലവച്ചുറങ്ങുമ്പോൾ പല കഥകളും പറഞ്ഞു.
'ആ നക്ഷത്രങ്ങളെ കണ്ടോ , നിന്നെപ്പോലെ കുസൃതിയുള്ള കുട്ടികളെ നക്ഷത്രങ്ങൾക്കു വല്യ ഇഷ്ടമാണ്. അവരോട് കൂട്ടുകൂടിയാൽ നിനക്ക് ഒത്തിരി കഥകൾ പറഞ്ഞുതരും.
നക്ഷത്രങ്ങൾ കഥ പറയുകയോ? ഞാൻ അതിശയത്തോടെ ചോദിച്ചു!!
തെല്ലു വാത്സല്യത്തോടെ മുത്തശ്ശിഎന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. നക്ഷത്രങ്ങൾ കഥ പറയും, പക്ഷേ, ഇത്രയും ദൂരത്തിരുന്നു നക്ഷത്രങ്ങൾ പറയുന്ന കഥ കുട്ടിക്ക് ഭൂമിയിലിരുന്നു കേൾക്കാനാകുമോ എന്നതാണ് സംശയം. മുത്തശ്ശി അവരുടെ കുട്ടിക്കാലത്ത് ഒരു നക്ഷത്രം പറഞ്ഞ കഥ പറഞ്ഞു. മുത്തശ്ശിയുടെ കഥയിൽ ഓരോ നക്ഷത്രങ്ങളും ഭൂമിയില്‍ നിന്നു സ്വര്‍ഗത്തില്‍ എത്തിയ ആത്മാക്കളുടെ പുനര്‍ജന്മം ആണ് .
പിന്നെ മുത്തശ്ശി കൂട്ടിച്ചേർത്തു, നക്ഷത്രങ്ങള്‍ മരിച്ചവരുടെ പുനര്‍ജന്മം ആണെങ്കിൽ കുടി ജീവിച്ചിരിക്കുന്നവരുടെ സന്തോഷമാണു അവരുടെ ലക്ഷ്യം. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും ആകാശത്തു ഒരോ നക്ഷത്രമുണ്ട്. നമ്മുടെ സന്തോഷത്തിനനുസരിച്ച് അതിന്റെ പ്രകാശം കൂടുകയും കുറയുകയും ചെയ്യും. “ഇതു കൊള്ളാല്ലോ,” ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഞാൻ ചോദിച്ചു അപ്പോള്‍ ഇവിടെ നേരത്തെ ഉണ്ടായിരുന്ന നക്ഷത്രങ്ങളോ..അവരൊക്കെ എവിടെ.?”
അതോ, അവരൊക്കെ അവരുടെ ഭൂമിയിലെ ഉടമസ്ഥരുടെ സന്തോഷക്കുറവു കൊണ്ടു ഇരുണ്ടു ഇരുണ്ടു ഇല്ലാതായി. എന്നു വച്ച് ആ ആളുകള്‍ക്കു ഇനി സന്തോഷമേ ഉണ്ടാകില്ല എന്നല്ല കേട്ടോ..പോയതിനു പകരമായി, പുതിയ കുട്ടി നക്ഷത്രങ്ങള്‍ ആ ആളുകള്‍ക്കു വേണ്ടിയുണ്ടാകും.”
നമ്മുടെ സന്തോഷക്കുറവു കാരണമാണ്, ആ നക്ഷത്രത്തിന്റെ പ്രകാശം മങ്ങി പോകുന്നത്. നമ്മൾ സന്തോഷത്തോടെ ഇരുന്നാൽ ആ നക്ഷത്രങ്ങൾ ശോഭയോടെ പ്രകാശിക്കും. നമ്മൾ സങ്കടപെട്ടാൽ നക്ഷത്രങ്ങൾ ഇരുട്ടിലേയ്ക്ക് മങ്ങി മാറിമറിയും.
മുത്തശ്ശി കൂട്ടിച്ചേർത്തു നമ്മുടെ സന്തോഷം മാത്രമല്ല നക്ഷത്രങ്ങളുടെ പ്രകാശത്തെ നിയന്ത്രിക്കുന്നത്. അതിന്റെ ഉടമസ്ഥര്‍ക്കു മറ്റുള്ളവരോടുള്ള വെറുപ്പ്, ദേഷ്യം.ഇതെല്ലാം കൂടുമ്പോള്‍ നമ്മൾ അറിയാതെ തന്നെ നക്ഷത്രങ്ങളുടെ സന്തോഷവും കുറയും. അത് അവരുടെ ശോഭ കെടുത്തും.
ക്ഷമിക്കാനും പരസ്പരം സ്നേഹിക്കാനും നമുക്ക് കഴിയണം. നമ്മളെ ദ്രോഹിച്ചവര്‍ക്കു വേണ്ടി പോലും ക്ഷമിക്കാന്‍, അവരെയൊക്കെ സ്നേഹിക്കുവാനും നമുക്ക് കഴിഞ്ഞാൽ ആ നക്ഷത്രങ്ങൾ പ്രകാശ പൂർണ്ണമാകും. അത് ആകാശത്തിലെ ഏറ്റവും പ്രകാശം ഉള്ളതായി തീരും. അങ്ങനെ മുത്തശ്ശി ഓരോ ദിവസവും ഓരോ കഥകൾ പറഞ്ഞു തരുമായിരുന്നു.
സ്കൂളിൽ പഠിക്കുബോഴും വളർന്ന് അറിവിൻറെ ലോകത്തേക്ക് നടന്ന് അടുക്കുബോഴും നക്ഷത്രങ്ങളും അവർ പറഞ്ഞ കഥകളിലും വീണ്ടും ഞാൻ ആകൃഷ്‌ടനായിരുന്നു. പല രാത്രികളിലും ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവരുടെ ലോകം കൗതകത്തോടെ നോക്കി നിന്നിട്ടുണ്ട് . പല സ്വപ്നങ്ങളിലും അവരെന്നേ വിശാലമായ നക്ഷത്രലോകത്തേക്ക് കൂട്ടികൊണ്ടു പോയിരുന്നു.
കാലം കടന്നുപോയി. ജീവിതത്തിൻറെ മരണപ്പാച്ചിലുകൾക്കിടയിൽ നക്ഷത്രങ്ങളും നക്ഷത്രലോകവും എൻറെ ജീവിതത്തിൻറെ ഇരുട്ടറകൾക്കുള്ളിൽ ഒതുങ്ങിക്കൂടി. പിന്നെ സമ്മർ സമയത്തു ഞാനും എന്റെ ഭാര്യയും കൂടെ മുറ്റത്തിരുന്നു ആകാശത്തെ നക്ഷത്രങ്ങളെ വീക്ഷിക്കുമായിരുന്നു. അവിടെ നിന്നും പൊട്ടിതെറിക്കുന്ന നക്ഷത്രങ്ങളും ആ ഉൽക്കകൾ ആയി താഴേക്ക് വീഴുന്നതുമെല്ലാം വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട്. നാം ഒരു കാലത്തു ഒരു നക്ഷത്രമാവുന്ന കാര്യവും സംസാരവിഷയം ആയിട്ടുണ്ട്.
ഞാൻ വിവാഹിതനായി, പരിചയപ്പെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട് ഇതിഹാസം തീര്‍ത്തിരുന്ന നല്ല സുഹൃത്തായി ഉഷ എന്നോടൊപ്പം യാത്രയിൽ കുടി ജീവിക്കുന്ന ഒരു നക്ഷത്രമായി. എന്റെ എറ്റവും അടുത്ത കൂട്ടുകാരിയായി. എപ്പോഴും ഒരു ചെറു പുഞ്ചിരിയും, മനസ്സില്‍ സ്നേഹവും, കാരുണ്യവും നിറച്ച് ചിത്രശലഭങ്ങളെ പോലെ ഞങ്ങൾ പാറി പറന്നു നടന്നു. ദേശാടനകിളികളെ പോലെ സ്‌ഥല കാലങ്ങള്‍ താണ്ട., അനുഭവങള്‍ തൊട്ടറിഞ്ഞ് ജീവിതത്തിനായി പരക്കം പായുമ്പോള്‍ ജീവിതം ഒരിക്കലും അവസാനിക്കില്ല എന്നാണ് ധരിച്ചത്. ഇനിയും ഒത്തിരി കാലം ബാക്കിയുള്ളതുപോലെ ചിന്തിച്ചു പോയത് ബുദ്ധിശൂന്യം. അങ്ങനെ എന്റെ നക്ഷത്രവും ഒത്തിരി ആഗ്രഹങ്ങൾ ബാക്കിവെച്ചു എന്നേന്നേക്കുമായി എന്നിൽ നിന്നും വേർപിരിഞ്ഞു.
നമ്മള്‍ എല്ലാവരും പിരിയണം, അകലണം എന്നത് കാലത്തി൯റെ തീരുമാനം ആയിരിക്കാം .ആ വേര്‍പാടി൯റെ ദു:ഖത്തില്‍ നാം ഓര്‍ക്കും എന്തിന് നാം ഇത്രയും അടുക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്തത് എന്ന്. ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുവാൻ ശ്രമിക്കുബോഴും ആ വേര്‍പാടി൯റെ സങ്കടം ഒരിക്കലും നികത്താൻ കഴിയില്ല. അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാവുകയുള്ളു. നഷ്‌ടപ്പെടുംവരെ നമുക്ക് എന്താണ് നഷ്‌ടപ്പെടുന്നത് എന്ന് നമുക്ക് മനസിലാകില്ല. നഷ്‌ടപ്പെട്ട് കഴിയുബോൾ മാത്രമേ അതിന്റെ കാഠിന്യം നമുക്ക് മനസിലാവുകയുള്ളു.
നല്ല നിലാവുണ്ടെങ്കിലും ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍ . നക്ഷത്രങ്ങളുടെ എണ്ണം പതിയെ പതിയെ കുറഞ്ഞു വരുന്നതു പോലെ തോന്നി. എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ആകാശത്ത് ഒരു നക്ഷത്രം മാത്രമായി. നല്ല പ്രകാശം ഉള്ള ഒരു നക്ഷത്രം, എന്തോ ഒരു അടുപ്പം തോന്നി ഞാനതിനെ തന്നെ നോക്കി നിന്നു. മുത്തശ്ശി പറഞ്ഞത് പോലെ എന്നിൽനിന്നും വിട്ടുപിരിഞ്ഞ ആ നക്ഷത്രം മാനത്ത് ഉദിച്ചത് പോലെ തോന്നി.
ക്ലോക്കിൽ നോക്കിയപ്പോള്‍ മണി രണ്ടരയാകുന്നതേയുള്ളു. ഞാന്‍ വെറുതെ കുറെ സമയം ആകാശത്തിലേക്ക് തന്നെ നോക്കിനിന്നു. ആകാശത്തിപ്പോഴും ആ നക്ഷത്രം മാത്രം. അത് എന്നോടായി ചോദിക്കുന്നത് പോലെ,എന്നെ മനസ്സിലായില്ലേ? ഇത്രയും നേരം നോക്കിയിട്ടും നിങ്ങൾക്ക് ഒന്നും പറയാനില്ലേ? ഞാൻ എന്തെക്കെയോ പറയാൻ ശ്രമിച്ചു. അതൊന്നു മിന്നി, ഭാഷകളുടെ വ്യത്യാസമാകാം ആ നക്ഷത്രത്തിന് എന്റെ ഭാഷ മനസിലായില്ല എന്ന് തോന്നി.
ആകാശത്തെങ്ങുനിന്നും ഒരായിരം കൊച്ചു കൊച്ചു നക്ഷത്രങ്ങള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് വന്നു ചേരുന്നതു ഞാന്‍ കണ്ടു. എന്റെ നക്ഷത്രം കൂടുതൽ പ്രകാശിക്കാന്‍ തുടങ്ങി…വീണ്ടും വീണ്ടും വെളിച്ചത്തിന്റെ ഒരുപാട് ചാലുകള്‍ എന്റെ നക്ഷത്രത്തിലേയ്ക്ക് ഒഴുകി കൊണ്ടിരുന്നു. ആ നക്ഷത്രത്തിന്റെ പുർവികരായ നക്ഷത്രങ്ങള്‍ ഈ നക്ഷത്രത്തിൽ ഒന്നിച്ചു ചേരുന്നത് പോലെ തോന്നി. ആകാശത്തില്‍ മുഴുവന്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി സൃഷ്ടിച്ചു എന്റെ നക്ഷത്രം, എന്റെ സന്തോഷം, അതു അവിടെ ജ്വലിച്ചു നിന്നു…എന്നെ നോക്കി കണ്ണുകള്‍ ചിമ്മി കൊണ്ടേയിരുന്നു…
ഇനിയും രാവുകള്‍ പെയ്തു വീഴും..
ഇനിയും പുലരികള്‍ വന്നു ചേരും..
ഇനിയും സന്ധ്യകള്‍ പോയ്മറയും..
എങ്കിലും ഇനിയെന്‍ രാവുകള്‍ പുല്‍കി ഉണരുവാൻ
സഖി നിന്‍ സുഗന്ധം മാഞ്ഞു പോയ്..
ഇനിയെന്‍ സന്ധ്യകള്‍ കുങ്കുമം ചാര്‍ത്തുവാന്‍
നിന്‍ കൈ തലോടല്‍ ഇല്ലാതെയായ്..
ഇനിയീ പുലരി തന്‍ സൌന്ദര്യം കാണുവാനെന്‍
കണ്‍കളില്‍ കാന്തിയും മാഞ്ഞുപോയ്….
ഇല്ല ഇല്ലയെനിക്കെതുമീ പുലരിയില്‍ കാണുവാനായ്…
ഇല്ലയില്ല ഇനിയൊരു കുയില്‍ പാട്ടുമെന്‍ കാതിലും…
പോയമറഞ്ഞ ദിനങ്ങള്‍ തന്‍ ഓര്‍മ്മചെപ്പും പേറി ഞാന്‍
കാത്തിരിപ്പു ഇനിയൊരു പുനര്‍ജനിക്കായ്…