Image

ഒരു നാടൻ പ്രണയ ഗാഥ (ജോസഫ് നമ്പിമഠം)

Published on 14 February, 2022
ഒരു നാടൻ പ്രണയ ഗാഥ (ജോസഫ് നമ്പിമഠം)

ഞാൻ,  മോഹിച്ചു പിറകേ നടന്ന പാവടക്കാരിയെ
എനിക്ക് മീശ മുളയ്‌ക്കാൻ തുടങ്ങിയപ്പോഴേ കെട്ടിച്ചുവിട്ടു.

എന്നെ തേച്ചിട്ടു പോയീന്നും പറഞ്ഞു
പെട്രോളൊഴിച്ചു കത്തിക്കാനൊന്നും പോയില്ല!

അല്ല, ഒരു സൈക്കിൾ  പോലും സ്വന്തമായി ഇല്ലാത്തവന്‌
പെട്രോളിന് എവിടുന്നു കാശ്?

കൗമാരം വന്നു കാണാൻ കൊള്ളാവുന്ന  
പയ്യനായപ്പോൾ, പ്രണയിച്ചു പുറകെ നടന്നവരെ,
ജോലിയില്ലാഞ്ഞോണ്ടു കെട്ടിയില്ല.

എനിക്ക് ജോലി ആയപ്പോൾ  
വീട്ടുകാർ തമ്മിൽ ആലോചിച്ചു ഞങ്ങളെ കെട്ടിച്ചു.
പിന്നെ, കെട്ടിയ പെണ്ണിനെ അങ്ങ് പ്രണയിച്ചു 

ആദ്യം മോഹിച്ച പെണ്ണ്
ഒരു കൊച്ചു പാവാടയും കുഞ്ഞു ബ്ലൗസുമിട്ട്
മനസ്സിൻ മുറ്റത്തൂടെ, ചിലപ്പോഴൊക്കെ ഉലാത്താറുണ്ട്‌ .

അപ്പോഴൊക്കെ ഹൃദയത്തിൽ എവിടെയോ
ഒരു കൊച്ചു മുള്ള് തറച്ച വേദന തോന്നാറുമുണ്ട്.

ഇതിനെയാണോ ഹേ!
നിങ്ങൾ പ്രണയമെന്നു വിളിക്കുന്നത് ?
അങ്ങിനെയെങ്കിൽ ഞാനും പ്രണയിച്ചിട്ടുണ്ടെടോ

Join WhatsApp News
Sudhir Panikkaveetil 2022-02-14 15:17:08
ചെറുപ്പക്കാർ മാത്രമേ പ്രണയത്തെക്കുറിച്ച് എഴുതാവൂ എന്ന് (പ്രായമായ ആളായിരിക്കും പേര് ഒളിച്ചുവയ്ക്കുന്നതുകൊണ്ട് അറിയാന്മേല ) ഒരു കാര്യവുമില്ലാതെ ശബ്ദം വയ്ക്കുമ്പോൾ കൗമാരം കനിഞ്ഞു നൽകിയ പ്രണയതിരുമധുരം എന്നും അനുഭൂതി പകരുന്നുവെന്നു കവി വിളിച്ച് പറയുന്നു. കൊച്ചുപാവാടയും കുഞ്ഞുബ്ലൗസുമിട്ട് മനസ്സിന്റെ മുറ്റത്ത് അവർ എത്തുന്നു. പ്രണയത്തിനു കാലമില്ലെന്നു വയസ്സ് മൂലം ശാരീരിക അസുഖങ്ങൾ വന്നവർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. ആധുനിക മരുന്നുകൾ അവരെ രക്ഷിക്കട്ടെ. ശ്രീ നമ്പിമഠം സാർ അഭിനന്ദനം,
ജോസഫ് നമ്പിമഠം 2022-02-14 19:10:37
കവിതാസ്വാദനത്തിനും കുറിപ്പിനും നന്ദി പ്രിയ സുധീർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക