നീ (കവിത :ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 14 February, 2022
നീ (കവിത :ജയശ്രീ രാജേഷ്)

നീയെന്ന സത്യമെ -
ന്നരികില്‍ ഇല്ലായെങ്കില്‍
മഴയില്ല മഞ്ഞില്ല
വെയില്‍ നാള ചൂടില്ല
ഋതുഭേദ ശലഭങ്ങളൊട്ടുമില്ല

സ്വപ്നങ്ങളില്ലെന്നില്‍
പ്രതീക്ഷതന്‍ തിരിയില്ല
മോഹങ്ങള്‍ ചേക്കേറും
ഹൃദയത്തിന്‍ കൂടില്ല ,
എന്‍ നെഞ്ചിന്നി-
 ടവഴിയില്‍ കരിയില 
യനങ്ങില്ല  

ഞാനെന്നരുവിയില്‍
ഓളങ്ങളില്ല , 
 പൊഴിഞ്ഞടര്‍ന്നീടാന്‍
കൊതിക്കുമാ മൊഴിയില്ല 
കാതരയാകുമെന്‍ 
കടമ്പൊന്നു പൂക്കില്ല

നിഴലായി നീയെന്ന -
രികില്‍ ഇല്ലായെങ്കില്‍
നിലാവില്ല , കുളിരില്ല
പൂക്കാല സുഗന്ധമില്ല
നിശ്ശബ്ദ ജീവിത -
വഴിത്താര ശൂന്യമായ് 
ഇരുളിന്നകത്തള കല്‍ഹാരബിന്ദുപോല്‍

നീ ...നീമാത്രം ....
എന്നരികിലില്ലായിരു 
  ന്നെങ്കില്‍
വസന്തം പിണങ്ങിയൊരു
 ചെമ്പക ചില്ലപോല്‍ 
 അറിയാത്തൊരു
 നോവില്‍ വെറുമൊരു
  പാഴ്ജന്മമായേനെ.......

ജയശ്രീ രാജേഷ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക