Image

മേഘമത്സ്യം (കഥ : പുഷ്പമ്മ ചാണ്ടി )

Published on 14 February, 2022
മേഘമത്സ്യം (കഥ : പുഷ്പമ്മ ചാണ്ടി )

കുറച്ചു ദിവസങ്ങളായി എവിടെ നോക്കിയാലും വാലന്റൈൻസ് ഡേയുടെ പരസ്യം , ഫേസ്ബുക്കിലണെങ്കിൽ ആരൊക്കെയോ ആരെയൊക്കെയോ ആശംസകൾ അറിയിക്കുന്നു. അവൾ ഫോണിലേക്കു ചുമ്മാ നോക്കിയിരുന്നു . ആരെങ്കിലും തനിക്കും ഒരാശംസ അറിയിച്ചിരുന്നെങ്കിൽ .... , 
എവിടെ ഒന്നും കണ്ടില്ല .
അടുത്ത കൂട്ടുകാരി വിളിച്ചു , അവളുടെ പ്രതിശ്രുത വരൻ രാവിലെ തന്നെ കുറച്ചു ചുവന്ന റോസാപ്പൂക്കളുമായി വന്നു പ്രാതലിനു കൂട്ടിയിട്ടു പോയെന്ന് . ഇതെല്ലാം കേൾക്കുമ്പോൾ സന്തോഷമാണ് ...എന്നാലും . പെട്ടെന്ന് ദൂരെ എവിടെയോ ഒരു ഇരമ്പൽ കേട്ടു ... 
ഒരു മേഘമത്സ്യത്തിന്റെ ഇരമ്പൽ..
ആറ്റിലൂടെ ആർക്കും പിടികൊടുക്കാതെ ഊളിയിട്ടു പോയൊരു മൽസ്യം . ആകാശത്തിനും , ഭൂമിക്കുമിടയിൽ വെള്ളത്തിൽ മേഘം പോലെ ഒഴുകിയ ഒരു മുഖം .
അതിന് അവന്റെ മുഖച്ഛായ ആയിരുന്നു .

ഓർമകളുടെ ശേഷിപ്പുകൾ കൊണ്ട് വികൃതമായ മുഖം .... ഡെന്നിസ് എന്ന പൂർവ്വകാമുകന്റെ മുഖം ..
ഏഴുവർഷം അവനായി കാത്തിരുന്നു . ഇരുപതു വയസ്സിൽ തുടങ്ങിയ പ്രേമം , ഇരുപത്തിയേഴിൽ അവസാനിപ്പിച്ചു .
അവന്റെ കൂട്ടുകാർ, അവളുടെ ചുരുക്കം ചില കൂട്ടുകാരികളും അവളെ 
തേപ്പുകാരി എന്ന് വിളിച്ചു . പക്ഷെ അതൊന്നും അവളെ സ്പർശിച്ചതേയില്ല. 
ആദ്യത്തെ രണ്ടു വർഷം പി ജി കഴിയട്ടെ എന്ന് പറഞ്ഞു .
പിന്നെ ജോലി കിട്ടാൻ നോക്കിയിരുന്നു , അടുത്തതായി ,  അനുജത്തിയുടെ വിവാഹം ..
പിന്നെ
വീട്ടുകാർ സമ്മതിക്കാൻ .. അങ്ങനെ പോയി ...
പ്രണയമങ്ങനെ ഋതുഭേദമില്ലാതെ മുൻപോട്ടു പോയി .  അവന്റെ തലയിലെ മുടി കൊഴിഞ്ഞു , തൻ്റെ മുഖത്തും ചെറുപ്രായത്തിലെ മിനുസം കുറയാൻ തുടങ്ങി .
എന്നിട്ടും ഒരു തീരുമാനത്തിലെത്താൻ അവനു സാധിച്ചില്ല .

ഒടുവിൽ തനിക്കു ആരും വേണ്ട , വിവാഹവും വേണ്ട എന്ന് പറഞ്ഞു പിരിയാൻ നോക്കിയപ്പോൾ , "ഹിന്ദു " പത്രത്തിൽ ചരമകോളത്തിൽ അവൻ്റെ പടം വരുമെന്ന് .. പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല 
" എടി ദുഷ്ടേ, വഞ്ചകി , നീ എന്നെ വിട്ടിട്ടു , സുഖമായി വേറെ ആരെയെങ്കിലും കെട്ടി ജീവിക്കാം എന്ന് വിചാരിക്കേണ്ട  " എന്നൊരു ഭീക്ഷണിയും .
" എങ്കിൽ നീ ഒരു കാര്യം ചെയ്യൂ ഒരു ദിവസം നിശ്ചയിക്കൂ, ആരോടും പറയേണ്ട , നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം "
" അല്ല , ഈ കല്യാണത്തിൽ ഒക്കെ എന്ത് കാര്യം ?  അത് കഴിഞ്ഞു നമ്മൾ പിരിഞ്ഞാലോ "
" അത് കൊണ്ടാണ് ഇന്ന് പിരിയാൻ തീരുമാനിച്ചത് , ഉറപ്പില്ലാത്ത ഒരു കാര്യവും നമ്മൾക്ക് വേണ്ട "
ഒരുപാട് അടുത്ത് പോയത് കൊണ്ട് , പുതുമ നഷ്ടപെട്ട ബന്ധമായിപ്പോയി . കല്യാണത്തിൽ കൂടി സുവിദിതമായ ഒന്നും ഉണ്ടാകില്ല എന്ന് അവൻ അടുത്ത സുഹൃത്തുക്കളോട് എപ്പോഴോ പറഞ്ഞെന്നു അറിഞ്ഞു .
"familiarity breeds contempt " അതാണ് അടുത്ത കൂട്ടുകാരി പറഞ്ഞത് .

ഇന്ന് അത് നടന്നിട്ടു വർഷം നാല് കഴിഞ്ഞു .
ഡെന്നിസ് വിവാഹം കഴിച്ചെന്ന് ആരോ പറഞ്ഞറിഞ്ഞു . സങ്കടം വന്നില്ല എന്നൊക്കെ പറഞ്ഞാൽ അത് നുണയാകും . കരഞ്ഞു , കരഞ്ഞു തീർത്തു.
അവൻ തനിക്കു ഒന്നിച്ചായിരുന്നപ്പോൾ തന്ന എല്ലാ സമ്മാനങ്ങളും ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി , റോഡ് സൈഡിൽ കൊണ്ട് വെച്ചപ്പോൾ 
മനസ്സ് പറഞ്ഞു 
" എനിക്ക് എന്നെ നഷ്ടപ്പെടുത്താൻ എന്ത് എളുപ്പമാണ് , തിരികെ പിടിക്കാൻ പ്രയാസവും "
കണ്ണാടിയിൽ നോക്കിയപ്പോൾ അവിടവിടെ ആയി നരകയറിയ മുടിയിഴകൾ എന്തൊക്കെയോ പറയാൻ ബുദ്ധിമുട്ടി , തൻ്റെ പ്രതിരൂപത്തെ നോക്കിയവൾ മെല്ലെ പുഞ്ചിരിച്ചു . 
ക്ലാവ് പിടിച്ച ഓർമ്മകളെ അവിടെ വെച്ചിട്ടു , ഓഫീസിലേക്ക് പോകാൻ ഒരുങ്ങി .
ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച അവളെ ആശ്ചര്യഭരിതയാക്കി , കുറെ ചുവന്ന പൂക്കളും , കൂടെ ഒരു കാർഡും .
" ഹാപ്പി വാലെന്റൈൻസ് ഡേ ....
എന്റെ ഏകാന്തയിലേക്കു നീ കടന്നു വന്നു , ഇനി നിന്റെ വിരലുകള്‍ എന്റെ വിരലുകളോട് ചേർത്ത് വെക്കണം .. ആരാണെന്നു സംശയിക്കേണ്ട , നിന്റെ കൂടെ ഞാൻ സ്ഥിരം ഉണ്ടായിരുന്നു , നിന്റെ സങ്കടങ്ങളിൽ നീ എന്നെ കണ്ടില്ല  , തിരിച്ചറിഞ്ഞില്ല " 
ഔസേപ്പച്ചൻ ..!
അടുത്ത ഫ്ളാറ്റിലെ അമ്മച്ചിയുടെ മകൻ.
അമ്മയെ നോക്കാൻ ആരും ഇല്ലാത്തതിനാൽ കല്യാണം വേണ്ട എന്ന് തീരുമാനിച്ച ഒരു ആത്മാവ്‌.
കഴിഞ്ഞ കുറെ വർഷങ്ങളായി പരിചയം ഉണ്ട് . നേരാണ് അയാളെ ഞാൻ കണ്ടില്ല , തിരിച്ചറിഞ്ഞില്ല .
" ഹാപ്പി വാലെന്റൈൻസ് ഡേ നിങ്ങൾക്കും , പിന്നെ എനിക്കും "
ഔസേപ്പച്ചൻ സന്തോഷിക്കട്ടെ...
അതുവഴി  ഞാനും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക