Image

ഡിവോഴ്സ് കേസുകൾ (കഥ: രമണി അമ്മാൾ)

Published on 21 February, 2022
ഡിവോഴ്സ് കേസുകൾ (കഥ: രമണി അമ്മാൾ)

നേരം വെളുത്തപ്പോൾ മുതൽ തുടങ്ങിയ മഴ ഇടവേളകളില്ലാതെ തകർത്തു പെയ്യുകയാണിപ്പോഴും.
മഴയുടെ ശക്തിയൊന്നു കുറയാൻ കാത്തുനിന്നിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.   ഇറങ്ങിയേക്കാം..
     കോടതിക്ക് വെക്കേഷനാണെങ്കിലും
ഉച്ചവരെയെങ്കിലും ജൂനിയേഴ്സ്
ഓഫീസിലുണ്ടാവണമെന്നത് ചക്രപാണി സാറിനു നിർബന്ധമാണ്...
സാറും ആ പതിവു തെറ്റിക്കാറില്ല. 
ഒന്നോർത്താൽ വീട്ടിലാണെങ്കിലും താൻ തനിച്ചു തന്നെയല്ലേ..
ആൾക്കൂട്ടത്തിനുളളിൽ എന്നും ഒറ്റപ്പെടുന്നവൾ.. 
എല്ലാത്തിനോടും പൊരുത്തപ്പെട്ടുകഴിഞ്ഞുപോകുന്ന  ജീവിതത്തിൽ ആശയും നിരാശയും സമാസമങ്ങൾ...
സ്ഥലത്തെ
പേരെടുത്ത വക്കീലായിരുന്ന അച്ഛന്റെ പാത പിന്തുടർന്നത് മൂന്നുമക്കളിൽ ഇളയവളായ ഹേമാംബികയായിരുന്നു..
ലാ കോളേജിൽ തൊട്ടു സീനിയറായിരുന്ന രാജീവിനായിരുന്നു  ഭർത്താവാകാനുളള നിയോഗം.. 
മിക്കവരും ധരിച്ചിരിക്കുന്നത് അതൊരു പ്രേമവിവാഹമായിരുന്നുവെന്നാണ്.. 
തമ്മിലറിയാമായിരുന്നു. അത്രമാത്രം..
വീട്ടുകാരു തമ്മിൽ ആലോചിച്ചുറപ്പിച്ചു... പഠിത്തംകഴിഞ്ഞ് സന്നദെടുത്തു കഴിഞ്ഞയുടൻ കല്യാണവും നടന്നു. 
മൂന്നു പതിറ്റാണ്ടുകൾ പിന്നിടുകയാണ്  ദാമ്പത്യജീവിതം..
വീട്ടിലേക്ക് വിരുന്നുകാരനേപ്പോലെ
കയറിവന്ന്
തോന്നുമ്പോൾ ഇറങ്ങിപ്പോകുന്ന ഭർത്താവിന് അച്ചിവീട്ടിലെ പൊറുതിയിൽ അന്നേ താല്പര്യക്കുറവുണ്ടായി
രുന്നുപോലും. പിന്നെന്തിനു വിവാഹത്തിനു സമ്മതം മൂളി..? ശരിയല്ലേ..
അല്ലെങ്കിലും ഒന്നും തുറന്നു പറയാത്ത, ആവശ്യത്തിനുമാത്രം ആശയ വിനിമയം നടത്തുന്ന ആളാണ് രാജീവ്.
ഒറ്റമകൻ എപ്പോഴും വിളിപ്പാടരികത്തുണ്ടായിരിക്കണമെന്ന അമ്മയുടെ
നിർബന്ധവും കൂടിയായപ്പോൾ,
ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെയേ ഭാര്യവീടു സന്ദർശനമുണ്ടാവൂ എന്ന നിലയിലേക്കുമെത്തി കാര്യങ്ങൾ.. 
അതിനിടയിൽ രണ്ടു കുട്ടികളും ജനിച്ചു, രണ്ടുപേരും വളർന്നുവലുതായി,
ഇപ്പോൾ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരുമായി.  കാലത്തിന്റെ പ്രയാണം എത്ര വേഗത്തിലാണ്. 
എല്ലാം ഇന്നലെ കഴിഞ്ഞതുപോലുണ്ട്.
ഇന്നും നാട്ടുകാരുടേയും, വീട്ടുകാരുടേയും ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയുമൊക്കെ കാഴ്ചപ്പാടിൽ ഹേമാംബികയും രാജീവും മാതൃകാ ദമ്പതികളാണ്..
അഭിനയ ജീവിതം മടുത്തു  തുടങ്ങിയിട്ടുണ്ടാവണം രണ്ടുപേർക്കും...
സഹനത്തിന്റെ പരമകാഷ്ടയിലൂടെ മുങ്ങിയും പൊങ്ങിയുമങ്ങനെ നീങ്ങുകയാണ്.. പോകുന്നതുവരെ പോകട്ടെ..
മനസ്സിലെ വഴുതിമാറാറുളള ദൃഢനിശ്ചയങ്ങൾ തെല്ലൊരനിശ്ചിതത്തിലൂടെയാണു
കടന്നുപോകുന്നതെന്ന്
രണ്ടുപേർക്കുമറിയാം..
        കുടുംബക്കോടതി വ്യവഹാരങ്ങളാണ് കൂടുതലും ഹേമാംബിക കൈകാര്യം ചെയ്യുന്നത്..
പരാതികളും പരിഭവങ്ങളും
തിങ്ങിവിങ്ങി കുഴഞ്ഞുമറിഞ്ഞ സ്വന്തം ജീവിതം
പുറംലോകമറിയാതെ  അനുഭവിച്ചു തീർക്കുന്ന ഹേമാംബികയ്ക്ക് മറ്റുളളവരുടെ കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക വൈദഗ്ധ്യമാണുളളത്.
            ഞായറാഴ്ചയിലെ ഉച്ചയുറക്കത്തിനു ഭംഗംവന്നത് മൊബൈൽ  റിംഗുചെയ്യുന്നതു കേട്ടാണ്..
പരിചിതമല്ലാത്ത നമ്പർ, എടുക്കാനാഞ്ഞപ്പോൾ കട്ടായി..
അതേ കിടപ്പിലങ്ങനെ കിടന്നു..
വീണ്ടും ഫോൺ ശബ്ദിച്ചു. മറുതലയ്ക്കൽനിന്നും ഒരു സ്ത്രീശബ്ദം..
" മാം..ഞാൻ സീമന്തിനി..ചങ്ങനാശ്ശേരീന്ന് വിളിക്കുന്നു...കുറച്ചു ഫാമിലിപ്രോബ്ളംസുണ്ട്.
മാഡത്തിന് എന്നെ ഒന്നു കേൾക്കാൻ പറ്റുമോ...?
നാളെ ഞാൻ ഓഫീസിൽ വന്നുകണ്ടോട്ടെ...."
" പോരൂ...ഉച്ചവരെയേ ഞാൻ ഓഫീസിലുണ്ടാവൂ.. "
ഒരാളുടെ വിഷമങ്ങളും പ്രയാസങ്ങളും കേൾക്കാൻ മറ്റൊരാളുണ്ടാവുകയെന്നത് ആശ്വാസമാണ്...
"ആരായിരുന്നുമോളെ ഫോണിൽ..
ഗോകുലായിരുന്നോ.."
"അല്ലമ്മേ..ഒരു ക്ളയന്റാ.."
അമ്മ ചേച്ചിയുടെ അടുത്തേക്ക് പോകാനുളള ഒരുക്കത്തിലാണ്.. ചേച്ചിയുടെ മകളെ പ്രസവത്തിനു കൊണ്ടുവന്നിട്ടുണ്ട്..
തിരിച്ചിങ്ങോട്ടു വരാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിയും..
ഇടയ്ക്ക് രാജീവൊന്നു വന്നാലായി..
       അല്പം തടി കൂടുതലുണ്ടെങ്കിലും കാണാൻ നല്ല ഐശ്വര്യമുളള സ്ത്രീ...സീമന്തിനിയാവും..ഓട്ടോറിക്ഷയിൽ വന്നിറങ്ങി..
എവിടെയോ കണ്ടു പരിചയമുളള മുഖം..
."കയറി വരൂ..."
തന്നെക്കാണാൻ
വരുന്ന കക്ഷികളോട്
സ്വസ്ഥമായും സ്വതന്ത്രമായും, ആരുടേയും ഇടപെടലില്ലാതെ സംസാരിക്കാൻ കോറിഡോറിന്റെ തൊട്ടുമുകളിലെ ഒഴിഞ്ഞ
മുറിയാണ് ഹേമാംബിക ഉപയോഗിക്കാറ്..
ചക്രപാണി സാർ ഏതോ കക്ഷികളുമായി ഗൗരവമേറിയ സംഭാഷണത്തിലാണ്..
"ഇതിനുമുൻപ് നമ്മൾത്തമ്മിൽ കണ്ടതായോർക്കുന്നുണ്ടോ മാഡം..? 
എസ്.ഡി.കോളേജിൽ
നമ്മളൊന്നിച്ചുണ്ടായിരു
ന്നു. നേരിൽ
കണ്ടപ്പോഴാണ് 
മനസ്സിലായത്..
ഹേമാംബികയ്ക്ക്, സോറി..മാഡം അന്നുകണ്ടതുപോലൊക്കെത്തന്നെ. 
അന്ന് തീരെ മെലിഞ്ഞിരുന്ന ഞാൻ
പ്രസവം കഴിഞ്ഞതൊടുകൂടി കണ്ടമാനം തടിച്ചു  ചീർത്തു.   ദാ കണ്ടില്ലേ.."
ഹേമാംബിക  സീമന്തിനിയെ, തന്റെ ഓർമ്മകളുടെ പടവുകളിൽനിന്ന്
വിളിച്ചിറക്കിക്കൊണ്ടു വന്നു..
"അന്നത്തെ തന്റ കൂട്ടുകാരി നന്ദിനി ഇപ്പോൾ എവിടെയാണ്.. നിങ്ങളെ രണ്ടാളേം ഒരുമിച്ചേ ഞാൻ കണ്ടിട്ടുളളു.." 
അതിനേക്കുറിച്ചു സംസാരിക്കാനാണ് ഞാൻ വന്നത്..
നന്ദിനിയിപ്പോൾ എന്റെ ഭർത്താവിനോടൊപ്പമാണ്.
അവളുടെ വീട്ടിൽ.
എന്റെ മകളുടെ കല്യാണമൊന്നു കഴിഞ്ഞുകിട്ടാൻ കാത്തിരിക്കുകയായിരുന്നുഞാൻ. "
കാര്യങ്ങളുടെ ഗതിവിഗതികൾ  ഏകദേശമൊക്കെ ഹേമാംബിക ഊഹിച്ചു..
പ്രേമചന്ദ്രന്റേയും സീമന്തിനിയുടേയും കൊടുമ്പിരികൊണ്ട 
പ്രണയനാളുകളിൽ അവരുടെ ഹംസമായിരുന്നല്ലോ നന്ദിനി..സീമന്തിനിയുടെ പ്രിയ കൂട്ടുകാരി.
"അവളുടെ ഭർത്താവ് വളരെ നേരത്തേതന്നെ മരിച്ചു പോയി.
ആയിടയ്ക്കൊക്കെ ഞാനും പ്രേമനും മോളും കൂടി  അവളുടെ വീടു സന്ദർശനം പതിവാക്കിയിരുന്നു..
അവൾക്ക് അതൊരാശ്വാസമാവുമെന്നു കരുതി..
പിന്നീടാരോ പറഞ്ഞു ഞാനറിഞ്ഞു, പ്രേമൻ  അവളുടെ വീട്ടിലെ നിത്യസന്ദർശകനാണെന്ന്.. 
ഞാൻ ചോദിച്ചു, 
ആദ്യമൊക്കെ പ്രേമനതു നിഷേധിച്ചു. പ്രേമന്റെ ഒരു കുഞ്ഞിനെ നന്ദിനി പ്രസവിച്ചെന്നുകൂടി അറിഞ്ഞപ്പോൾ, 
തീർത്തും തകർന്നുപോയി ഞാൻ.
മകൾക്കും എല്ലാം അറിയാം..അവളെ വന്നുകാണുകയും 
അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയുമൊക്കെച്ചെയ്ത് അച്ഛനു മകളും തമ്മിലുളള ബന്ധം നിലനിർത്തിപ്പോരുന്നു..
രണ്ടുമാസം മുന്നെ അവളുടെ
കല്യാണം നല്ല രീതിയിൽ നടത്തി. പയ്യനു വിദേശത്താണു ജോലി. മോളേയും കൊണ്ടുപോയി.
എനിക്കിനി അയാളെ എന്തിനാണ്.. ഹേമാ...
നിയമപരമായിട്ടുകൂടി
ബന്ധമങ്ങു പിരിഞ്ഞേക്കാമെന്നുവച്ചു".
സീമന്തിനിയുടെ തീരുമാനം
ശരിതന്നെ..
"കോടതി തുറക്കട്ടെ..അടുത്തയാഴ്ച ഏതേലും ഒരു ദിവസം വിളിച്ചിട്ടു വരൂ.. 
കേസു ഫയലു ചെയ്യാം..ഡൈവോഴ്സ് ഉറപ്പായും കിട്ടും.."
സമയം രണ്ടോടടുക്കുന്നു.
ചക്രപാണിസാറിന്റെ മുറിയിൽ കക്ഷികളാരൊക്കെയോ ഇപ്പോഴുമുണ്ട്..
"സാർ ഞാനിറങ്ങുകയാണേ..."
ബാഗുമെടുത്ത് റൂമും ചേർത്തടച്ച് ഹേമാംബിക
ആലോചനാമഗ്നയായി
കാറിനടുത്തേക്കു നടന്നു.


തന്റെ ഭർത്താവിന് താനല്ലാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുളളതായി ഇന്നുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല..
അമ്മയ്ക്ക് മകൻ കൂടെവേണമെന്ന ശാഠ്യം,
തനിക്കിവിടെയുളളതുപോലെ രാജീവിനും നാട്ടിൽ സ്വന്തമായി ഓഫീസും കേസുകളുമൊക്കെയുണ്ടെന്നുളള കാര്യവും ശരിയല്ലേ..
തന്റെ അച്ഛൻ, തന്നെ ഏല്പിച്ചുപോയ വക്കീലാഫീസും,
നോക്കിനടത്താനേല്പിച്ചുപോയ കേസുകളും, 
മറ്റാർക്കും കൊടുക്കാതെ തന്റെ പേരിലെഴുതിവച്ച കുടുംബ വീടുമൊക്കെ വിട്ടിട്ട് മറ്റൊരിടത്തേക്ക് കുടിപാർക്കില്ലെന്ന
തന്റെ പിടിവാശി..

യഥാര്‍ത്ഥത്തിൽ താനും രാജീവും തമ്മിലെന്താണു
പൊരുത്തക്കേട്...
വിട്ടുവീഴ്ചയ്ക്കു തയാറാവാത്ത രണ്ടുമനസ്സുകൾ..
അതല്ലേ ശരി..അതേ അതുതന്നെയാണു ശരി..


വീടിനോടടുക്കുമ്പോൾ കണ്ടു, മുറ്റത്ത് 
രാജീവിന്റെ കാർ..
വന്നിട്ട് ഏറെനേരമായോ എന്തോ..?

പുതിയ ആശകളുടെ ചിറകുകൾ കുടഞ്ഞു പറക്കും പോലെ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക