ഞാനെഴുത്തിനായ്,
ഒരു വിഷയം തിരയുകയായിരുന്നു...
വേഗത്തിൽ പേനത്തുമ്പിൽ എത്തിയത്
പതിവുപോലെ പ്രണയമായിരുന്നു...
"വേണ്ട പ്രണയം വേണ്ട..
പറഞ്ഞു പഴകിയതു ഞാൻ എഴുതുന്നില്ല."
അപ്പോൾ പ്രണയം പറഞ്ഞു
"പഴകും തോറും വിലയേറുന്ന
വീഞ്ഞാണ് ഞാൻ...
"വേണ്ട.. വേണ്ട.. അതുകേട്ട് ഞാൻ മടുത്തു!!
പതിനാറിൽ എഴുതേണ്ടതാണ്
പ്രണയത്തെ കുറിച്ച്.
നീ കണ്ടില്ലേഎന്റെ മുടിയിഴകൾ നരച്ചത്?
കണ്ണട ചില്ലുകൾക്ക്
കട്ടി ഏറിയിട്ടും...
കാഴ്ചയ്ക്ക് മൂടൽമഞ്ഞ് ആണ്...."
പ്രണയം ചിരിച്ചു..
"നീയെന്തു കവിയാണ്?
ജരയും നരയും ഉടലിന് അല്ലേ?
ഞാൻ ഉയിരിലാണലിയുന്നത്..
അതിനെന്നും ഒരേ പ്രായം...ഒരേ രൂപം..
ഞാൻ പടരുമ്പോൾ മുറിവുകൾ കരിയുന്നതും
ശൂന്യതകൾ നിറയ്ക്കപ്പെടുന്നതും
നീയറിയാഞ്ഞിട്ടാവും "
"പക്ഷേ പ്രണയമേ..
ഉണങ്ങാത്ത മുറിവുകളേൽപ്പിക്കാനും
വിരുതില്ലേ നിനക്ക്?
അവയിലെ നിണം വാർന്ന്
ചിലരെങ്കിലും മൃതിയിൽ ഒടുങ്ങാറുമുണ്ട്....
അതുകൊണ്ട്..
എനിക്ക് എഴുതാൻ നിന്നെ വേണ്ടേ വേണ്ട..."
എന്നിട്ടും കൂട്ടാക്കാതെ
അത് വീണ്ടും പറഞ്ഞു
"നീയെന്നെ അറിയാഞ്ഞിട്ടാണ്.
പറയാതെ അറിയാതെ...
മഴയുടെ ഇല്ലാ ഗന്ധം പോലെ...
നിലാവിന്റെ ഇല്ലാ നിറം പോലെ...
ഞാൻ ഉയിരെടുക്കാറുണ്ട്.
ചിരി മറന്നവർക്ക് ചെറു ചിരിയായി...
ഒരുപാട് വേനൽ കൊണ്ടവർക്ക്
ചാറ്റൽമഴ പോലെ...
അതുകൊണ്ട് എന്നെ തടയല്ലേ...
നീ എഴുതിയില്ലെങ്കിലും,
ഞാൻ പെയ്തു കൊണ്ടേയിരിക്കും... "
പ്രണയം പറഞ്ഞു കൊണ്ടേയിരുന്നു...
തോൽക്കാൻ കഴിയാതെ ഞാൻ എഴുത്തു നിർത്തി...
വേണ്ട.. പ്രണയത്തെ കുറിച്ച് എഴുതാൻ
എനിക്കിഷ്ടമല്ല!!