Image

ക്രിസ്ത്യന്‍ ദേശീയത ഉയര്‍ത്തുന്ന ഭീഷണി  (സി. ആന്‍ഡ്രൂസ് )

(സി. ആന്‍ഡ്രൂസ് ) Published on 25 February, 2022
ക്രിസ്ത്യന്‍ ദേശീയത ഉയര്‍ത്തുന്ന ഭീഷണി  (സി. ആന്‍ഡ്രൂസ് )

ഡൊണാള്‍ഡ് ട്രംപ് 2020 നവംബറിലെ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം 2021 ജനുവരി ആറിന് ക്യാപിറ്റോള്‍ സമുച്ചയത്തില്‍ നടന്ന ആക്രമണം മറ്റൊരു ഭീകരത പുറത്തു കൊണ്ട വന്നു: അക്രമത്തില്‍ ക്രിസ്ത്യന്‍ ദേശീയ വാദികളുടെ പങ്ക്. അവരില്‍ പല ഗ്രൂപ്പുകളും കടുത്ത വലതുപക്ഷ തീവ്രവാദത്തിലേക്കു മാറിയിട്ടുമുണ്ട്. 

ജനുവരി ആറിന് അവര്‍ ആദ്യം സമ്മേളിച്ച വൈറ്റ് ഹൗസിനു  സമീപമുള്ള എക്ലിപ്‌സ് മൈതാനത്തു ട്രംപും മൂത്ത മകന്‍ ട്രംപ് ജൂനിയറും അഭിഭാഷകന്‍ റൂഡി ജൂലിയാനിയും സംസാരിച്ചു. അവരുടെ വാദം തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചെന്നും എന്നാല്‍ ആ ജയം അപഹരിക്കപ്പെട്ടു എന്നുമായിരുന്നു. 'അതിനാല്‍ നമ്മള്‍ ക്യാപിറ്റോളിലേക്കു മാര്‍ച്ച് ചെയ്യുന്നു,' ട്രംപ് പറഞ്ഞു. 'അവിടെ ചെന്ന് നമ്മുടെ വിജയം നമ്മള്‍ പിടിച്ചെടുക്കും.'
വിവിധ ഗ്രുപ്പുകളില്‍പെട്ട  ട്രംപ് അനുഭാവികള്‍ അവിടെ ഉച്ചത്തില്‍  ആക്രോശിച്ചുകൊണ്ടിരുന്നു. 'അമേരിക്ക ഫസ്റ്റ്' എന്നെഴുതിയ കൊടികള്‍ ഉയര്‍ത്തി വീശി അവര്‍ ഉച്ചത്തില്‍ കൂവി 'ക്രൈസ്റ്റ്  ഈസ് കിംഗ്.'  
ആക്രമണത്തില്‍ വെള്ളക്കാരായ ദേശീയ തീവ്രവാദികളോടൊപ്പം ക്രിസ്ത്യന്‍ ദേശീയവാദി ഗ്രൂപ്പുകളും പ്രധാന പങ്കു വഹിച്ചു. ക്യാപിറ്റോളില്‍ അതിക്രമിച്ചു കയറി അവര്‍ പ്രാര്‍ത്ഥന നടത്തി. 'പ്രൗഡ് അമേരിക്കന്‍ ക്രിസ്ത്യന്‍' എന്നെഴുതിയ ബാനറുകള്‍ വീശി.
തലേന്ന് കൂടുതലും സ്ത്രീകള്‍ പങ്കെടുത്ത മറ്റൊരു ഗ്രുപ്പ്, മൃഗങ്ങളുടെ നീണ്ട കൊമ്പുകള്‍ കൊണ്ടുണ്ടാക്കിയ കാഹളങ്ങള്‍ മുഴക്കി, ഉച്ചത്തില്‍ ജപിച്ചു ക്യാപിറ്റോളിനെ ചുറ്റി നടന്നു. യോശുവയുടെ പടയോട്ടത്തില്‍ ജെറിക്കോ പട്ടണത്തിന്റെ മതിലുകള്‍  വീഴുവാന്‍ പട്ടണത്തിനു ചുറ്റും ഇസ്റയേല്യര്‍ നടത്തിയ പ്രദക്ഷിണത്തിന്റെ  അനുകരണമായിരുന്നു അത്. എന്നാല്‍ ഇവരുടെ ദൈവം ക്യാപ്പിറ്റോള്‍   ഇടിച്ചു വീഴ്ത്തിയില്ല.
യോശുവയുടെ പുസ്തകം ആറാം അദ്ധ്യായം നോക്കുക.  'ക്രൈസ്റ്റ് ഈസ് കിംഗ്' എന്നത് ക്രിസ്ത്യന്‍ വിശ്വാസമാണ്. എന്നാല്‍ തീവ്ര ക്രിസ്ത്യന്‍ ദേശീയ വാദികള്‍ ക്രൂശിത രൂപം ഉയര്‍ത്തി   'ക്രൈസ്റ്റ് ഈസ് കിംഗ്' എന്ന്  തുടരെ ആവര്‍ത്തിക്കുമ്പോള്‍ അത് അപകടകരമായ ഭവിഷ്യത്തുകള്‍  ഉണ്ടാക്കുന്നു. 
ഗര്‍ഭഛിദ്രത്തെയും വാക്സിനേഷനെയും എതിര്‍ക്കുന്ന ഇവര്‍ അമേരിക്കയെ ക്രിസ്ത്യന്‍ രാജ്യമായി മാറ്റുവാന്‍ ശ്രമിക്കുന്നു. കൂടാതെ, വെള്ളക്കാരുടെ അധികാരങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉപരിയാണെന്നും യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് അമേരിക്കയെ നിലനിര്‍ത്തുന്നത് എന്നും പ്രചരിപ്പിക്കുന്നു. അമേരിക്കയില്‍ വീണ്ടും അടിമത്തം കൊണ്ടുവരണം എന്നു ഇവര്‍ ആഗ്രഹിക്കുന്നു. വംശീയ വെറുപ്പ്, യഹൂദ വിരോധം, ഇസ്ലാം വിരോധം, തീഷ്ണമായ ദേശീയത, വെള്ളക്കാര്‍ അല്ലാത്തവര്‍ അമേരിക്ക വിട്ടു പുറത്തു പോകണം എന്ന ആവശ്യം ഇതൊക്കയാണ് അവര്‍ പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. 
തീവ്ര ക്രിസ്ത്യന്‍ ദേശീയ വാദികള്‍ വളരുന്നത് രാജ്യത്തിന് അപകടമാണ്. ഇവരുടെ സമീപനം മറ്റു മിതവാദി മത വിഭാഗങ്ങളിലേക്കും പടരുന്നു. മാത്രമല്ല; സൈന്യം, പൊലീസ്, കോര്‍പ്പറേഷന്‍സ്, ഗവര്‍മെന്റ്റ് ഡിപ്പാര്‍ട്‌മെന്റ്റുകള്‍, രാഷ്ട്രീയം എന്നിങ്ങനെ പല മേഖലകളില്‍ ഇവരുടെ എണ്ണം കൂടി വരുന്നു. ഇന്ന് അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിന് വന്നിട്ടുള്ള ഒരു പരിമിതി, ഇവരുടെ എതിര്‍പ്പുകള്‍ അവഗണിച്ചുള്ള നയങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വരുന്നു എന്നതാണ്. 
തെരഞ്ഞെടുപ്പുകളില്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും  ഇവരുടെ എതിര്‍പ്പിനെ ഭയമാണ്. 

പഠന പരിഷ്‌കാരം 

സ്‌കൂളുകളിലെ ഭരണസമിതികളില്‍ പോലും ഇവര്‍ അധികാരം കൈയ്യടക്കുന്നു. എന്നിട്ടു ശാസ്ത്രം, പരിണാമം, ആധുനിക വൈദ്യ ശാസ്ത്രം, യഥാര്‍ത്ഥമായ ചരിത്രം ഇവയൊക്കെ ഒഴിവാക്കി ബൈബിള്‍ വിശ്വാസങ്ങള്‍ സ്‌കൂള്‍ പഠനക്രമത്തില്‍  കൊണ്ടു വരുന്നു. 
അമേരിക്കയിലെ കറുത്തവരുടെ ചരിത്രവും അടിമ സമ്പ്രദായവും ചരിത്ര രേഖകളില്‍നിന്നും അവര്‍ മാറ്റി. പല കോടതികളിലും ഇവരുടെ സ്വന്തം ആള്‍ക്കാരാണ് ജഡ്ജിമാര്‍. അത് കൊണ്ടാണ് കറുത്തവനു നീതി കിട്ടാതെ വരികയും വെള്ളക്കാരന്‍ എല്ലാം നേടുകയും ചെയ്യുന്നത്. 
രാജ്യത്തെ പൊലീസ് സേനകളില്‍ ഭൂരിപക്ഷവും വെള്ളക്കാരാണ്. വെള്ളക്കാരെ അവര്‍ അറസ്റ്റ് ചെയ്യില്ല. കറുത്തവരെയും  ഹിസ്പ്പാനിക്കുകളെയും, ഏഷ്യക്കാരെയും ഓടിച്ചിട്ടു പിടിച്ചു വെറുതെ വെടിവച്ചു കൊല്ലുന്ന പോലീസുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ഭയാനകമായ സത്യമാണ്. ഇത്തരം വംശ-വര്‍ഗീയ വേര്‍തിരിവുകള്‍ക്കെതിരെ പ്രതികരിക്കുവാനും പ്രതിഷേധിക്കാനും ഉയര്‍ന്നുവന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍  പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളെ തീവ്രവാദികളായിട്ടാണ് വെള്ളക്കാരിലെ വംശ വെറിയരും ക്രിസ്ത്യന്‍ ദേശീയ വാദികളും ഇന്നു  ചിത്രീകരിക്കുന്നത്. 
ഇക്കൂട്ടര്‍ ശക്തി പ്രാപിക്കും തോറും മലയാളികളും ഇവരുടെ ഇരകളായി മാറുന്നു. ആ സത്യം  മനസ്സിലാക്കാതെ മലയാളി ക്രിസ്ത്യാനികള്‍ വെള്ളക്കാരിലെ തീവ്ര ദേശീയ വാദികളെ പിന്തുണക്കുകയും അവരെ സ്തുതിക്കുകയും ചെയ്യുന്നു. കറുമ്പരോടും മുസ്ലിമുകളോടും  ഇവര്‍ക്കുള്ള അടിസ്ഥാന രഹിത മനോഭാവമാണ് ഈ  വെറുപ്പിനു കാരണം. ഇസ്ലാമോ ഫോബിയയുടെ പ്രചാരണത്തിന്റെ  മുന്‍നിരയില്‍ ക്രിസ്ത്യന്‍ ദേശീയ വാദികളാണ്. 
അവര്‍ ഇപ്പോള്‍ അമേരിക്കയിലെ മറ്റു  രാഷ്ട്രീയ-ദേശീയ തീവ്രവാദികളുമായി കൂടുതല്‍ അടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. ഇവര്‍ തമ്മിലുണ്ടായിരുന്ന വ്യത്യാസങ്ങള്‍ ഇന്നു  വളരെ ചുരുങ്ങി. മാത്രമല്ല, ഇവയെല്ലാം പരസ്പര പൂരകങ്ങളായി മാറി.  ദേശീയ തലത്തില്‍ ഇവ എല്ലാം ഒന്നാണ് എന്ന അവസ്ഥയില്‍ എത്തി എന്നാണ് ഇന്റലിജന്‍സ്  റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യം അമേരിക്കയില്‍ ഒരു ആഭ്യന്തര വംശ-വര്‍ഗീയ കലഹത്തിന് സാധ്യത വര്‍ധിപ്പിക്കുന്നു. 
അമേരിക്കന്‍  സൈന്യമോ പൊലീസോ പോലും ഇത്തരം ഒരു ആഭ്യന്തര കലഹം ഉണ്ടായാല്‍ എവിടെ നില്‍ക്കും എന്ന ആശങ്ക പോലും ഇന്ന് പ്രസക്തമാണ്. റിട്ടയര്‍ ചെയ്ത പൊലീസ്/ മിലിട്ടറി  അംഗങ്ങളെ തീവ്ര വലതു ചിന്താഗതിയുള്ള വംശ-വര്‍ഗീയ  ഗ്രുപ്പുകള്‍ റിക്രൂട്ട് ചെയ്യുന്നു എന്ന സത്യം നിലവിലുണ്ട്; അതു ഭയാനകം തന്നെ. ഇടയ്ക്കിടെ ഇവര്‍ ഒന്നിക്കുകയും ഡ്രില്ലുകള്‍ നടത്തുകയും ചെയ്യുന്നു.

കെ കെ കെ എന്ന കുട 

രാജ്യത്തെ വംശീയ വിദ്വേഷ പ്രചാരണത്തില്‍ ക്രിസ്ത്യന്‍ ദേശീയവാദികള്‍ക്ക് നല്ല പങ്കുണ്ട്.  'ഗോസ്പല്‍ അക്കോഡിങ് ടു ക്ലാന്‍' എന്നാണ് ഇവരുടെ പ്രത്യേക ചിന്ത അറിയപ്പെടുന്നത്. 1915 മുതല്‍ കെ കെ കെ എന്ന വെള്ളക്കാരുടെ വര്‍ഗ-വംശീയ വെറുപ്പ് സംഘടനയും ഇവാന്‍ജെലിക്കരിലെ വെള്ളക്കാരും തമ്മില്‍ വേര്‍തിരിക്കാനാവാത്ത വിധം അടുക്കുകയും ഒന്നായി മാറുകയും ചെയ്തു. യാഥാസ്ഥിതിക കത്തോലിക്കരും വ്യക്തമായ ധാര്‍മ്മികതയോ വേദ ചിന്തയോ ഇല്ലാതെ അവസരവാദികളായി. എന്തു ക്രൂരത കാട്ടിയാണെങ്കിലും പണം സമ്പാദിക്കണം എന്ന സുവിശേഷവുമായി  ശക്തി പ്രാപിച്ച പെന്തക്കോസ്തു വിഭാഗങ്ങളും ഇവരുടെ കൂടെയുണ്ട്. 
രാജ്യസ്‌നേഹം [പേട്രിയോട്ടിസം], ദേശീയത [നാഷനലിസം] വെള്ളക്കാരുടെ ക്രിസ്ത്യാനിറ്റി എന്നിവ ഇന്ന് കെ കെ കെ യുടെ കുടക്കീഴില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഇവരില്‍പെട്ട ഏതെങ്കിലും ഗ്രുപ്പുകാര്‍ എന്തു ഹീനത കാട്ടിയാലും  അതിനെ ന്യായികരിക്കുന്ന അവസ്ഥയിലേക്കു അധഃപതിച്ചു. വെള്ളക്കാരുടെ ദേശീയ ആശയങ്ങള്‍ അതേപടി റിപ്പപ്ലിക്കന്‍ പാര്‍ട്ടിയും അംഗീകരിക്കുന്നു. ജനുവരി 6 ന്  ഇവര്‍ നടത്തിയ ക്യാപ്പിറ്റല്‍ ആക്രമണത്തെ  ഇന്നുവരെ റിപ്പപ്ലിക്കന്‍ പാര്‍ട്ടി വിമര്‍ശിക്കുകപോലും ചെയ്തിട്ടില്ല. 
വെള്ളക്കാരായ ദേശീയ വാദികള്‍ ഇന്ന് ഒരുമിച്ചു കൂടി കൂട്ട പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ആക്രമണങ്ങള്‍ തുടങ്ങുന്നത്. ജനാധിപത്യം ഇല്ലാതെയാക്കി ക്രിസ്ത്യന്‍ ഫാസിസം നടപ്പിലാക്കുക; അമേരിക്കയെ ക്രിസ്ത്യന്‍ രാജ്യമായി പ്രഖ്യാപിക്കുക എന്നതാണ് ഇവരുടെ  ഉദ്ദേശം. 'ബ്ലാക്ക്  ലൈവ്‌സ് മാറ്റര്‍' ബാനറുകള്‍ നശിപ്പിക്കുന്നതിനു മുന്‍പും ഇവര്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയിരുന്നു. ക്രിസ്ത്യന്‍  വേദ ചിന്തകളെ ഫാസിസവുമായി കൂട്ടിയിണക്കി ഒന്നാക്കി മാറ്റുക എന്നതും ഇവരുടെ ലക്ഷ്യമാണ്. 
മതം, ഗോത്രം, വംശം, രാഷ്ട്രീയം എന്നിങ്ങനെയുള്ള വികാരങ്ങള്‍, വിശ്വാസങ്ങളും മനോഭാവങ്ങ ളും  ഇവയില്‍ നിന്നുണ്ടാകുന്ന വ്യാജ ദേശീയതയും രാജ്യത്തിനും രാജ്യത്തെ മറ്റു ജനങ്ങള്‍ക്കും അപകടകരമാണ്. 
ക്യാപിറ്റോള്‍ ആക്രമിച്ചതിനു ശിഷിക്കപ്പെട്ടവര്‍ അതിനെ യേശുവിന്റെ  പീഡാനുഭവം എന്നതുപോലെ  കണക്കാക്കുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷം ഉള്ളിടത്തു ക്രിസ്ത്യന്‍ രാജ്യം ഉണ്ടാകണം എന്നും, മുസ്ല്‌ലീങ്ങള്‍ ഭൂരിപക്ഷം ഉള്ളിടത്തു ഇസ്ലാമിക രാജ്യം ഉണ്ടാകണമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ളിടത്തു ഹിന്ദു രാജ്യം വേണമെന്നും ഉള്ള വാദം രാജ്യസ്‌നേഹം അല്ല, വെറും ദേശീയത മാത്രമാണ്. ഇത്തരം ദേശീയതയില്‍ ഉറച്ചു നില്‍ക്കുന്നവരാണ് ലക്ഷക്കണക്കിന് മറ്റു മതക്കാരെയും ഗോത്രക്കാരെയും, വംശക്കാരെയും കൂട്ടക്കൊല നടത്തിട്ടുള്ളത് എന്ന സത്യം മറക്കരുത്. 
അമേരിക്കയില്‍ കുടിയേറിയ കുറെ ക്രിസ്ത്യാനികള്‍ ട്രംപിസത്തെയും അവരുടെ വ്യാജ ദേശസ്‌നേഹത്തെയും പിന്തുണക്കുന്നു. അതേ  ക്രിസ്ത്യാനികള്‍   ഇന്ത്യയിലെ ബി ജെ പി യുടെ ദേശീയ അവകാശ വാദങ്ങളെ എതിര്‍ക്കുന്നു. ഈ നിലപാടില്‍ സാമാന്യ ബുദ്ധിയോ യുക്തിയോ ഇല്ല എന്നതാണ് വിരോധാഭാസം. 
അമേരിക്കയില്‍ കുടിയേറിയ 'ഹിന്ദുക്കള്‍' തുടക്കത്തില്‍ വര്‍ഗീയ വാദികളുടെ ലക്ഷണങ്ങള്‍ കാട്ടിയിരുന്നില്ല; അത് കാപട്യമോ പ്രഹസനമോ?. എന്നാല്‍ അടുത്ത കുറെ വര്‍ഷങ്ങളായി അവര്‍ നിലപാടു  മാറ്റി. അമേരിക്കയിലെ മത നിരപേക്ഷതയുടെ ഗുണങ്ങളും അവസരങ്ങളും ഉപയോഗിച്ചുതന്നെ അമേരിക്കയില്‍  ട്രംപിസത്തിന്റ്റെ ദേശീയതയെ അവര്‍ പിന്തുണക്കുന്നു; എന്നാല്‍ ഇന്ത്യയിലെ ഹിന്ദുത്വ ദേശീയതയെയും പിന്തുണക്കുന്നു. 
മനുഷ്യാവകാശങ്ങള്‍  അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ മുസ്ലിം രാജ്യങ്ങളില്‍നിന്നു  അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കു രക്ഷപെട്ടവരും കുടിയേറിയവരും ഇവിടെയെത്തി സ്വാതന്ത്രത്തിന്റെ എല്ലാ  ഗുണങ്ങളും അവസരങ്ങളും ഉപയോഗിക്കുക മാത്രമല്ല ചൂഷണം ചെയ്യുകയും  ചെയ്യുന്നു. അവര്‍ എന്തില്‍ നിന്ന് ഓടിയോ അതേ നിയമങ്ങള്‍ ഇവര്‍ക്ക് അഭയം നല്‍കിയിടത്തും നടപ്പാക്കണം എന്ന കടുംപിടിത്തം എത്രയോ ഭീകരമാണ്.
എല്ലാവരുടെയും കയ്യില്‍ സെല്‍ ഫോണ്‍ ഉണ്ടായിട്ടും അമേരിക്കയില്‍പോലും അവര്‍ വാങ്ക് വിളിക്കുന്നു. ഇത്തരം ചെയ്തികള്‍ ജനത്തെ വെറുപ്പിച്ചും  പ്രകോപനം സൃഷ്ടിച്ചും ഇസ്ലാമോഫോബിയ വര്‍ധിക്കുവാന്‍ ഇവര്‍ തന്നെ കാരണങ്ങള്‍ ഉണ്ടാക്കുന്നു. 
ബാബറി മസ്ജിദ് തകര്‍ത്തു അയോധ്യയില്‍ രാമക്ഷേത്രം പണിയുവാന്‍ വാരിക്കോരിക്കൊടുത്ത ഹിന്ദുക്കള്‍ തന്നെയാണ് അമേരിക്കയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അമേരിക്കന്‍ വെള്ളക്കാരിലെ ക്രിസ്ത്യന്‍ വാദികള്‍ ഈ  അമ്പലങ്ങള്‍ നശിപ്പിച്ചാല്‍ അമേരിക്കന്‍ ഹിന്ദുക്കള്‍ എങ്ങനെ പ്രതികരിക്കും. തുര്‍ക്കിയില്‍ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളി ആക്കിയപ്പോള്‍ ആക്കിയപ്പോള്‍ ചിയര്‍ വിളിച്ചവരാണ് ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള  അമേരിക്കയില്‍ മോസ്‌ക്കുകള്‍ പണിയുന്നത്. അമേരിക്കയില്‍ ക്രിസ്ത്യന്‍ വംശീയ വാദികള്‍  കൂടുതല്‍ ശക്തി പ്രാപിക്കുന്നു, കൂട്ടുതല്‍ യോജിക്കുന്നു. വംശീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍  ചിന്തിക്കണം. അവരുടെ അവകാശവാദങ്ങള്‍ വെറും പ്രാദേശികമാണ്; ആഗോളതലത്തില്‍  അപകടപരവുമാണ്. 
അമേരിക്കന്‍ ക്രിസ്ത്യന്‍ ദേശീയ വാദികളുടെ മുഖ്യ ശത്രു ആന്റ്റിഫയാണ് . ആന്റ്‌റിഫ എന്നാല്‍ ഫാസിസത്തിന് എതിര്‍ എന്ന ആശയം മാത്രമാണ്. വിവരവും വിവേകവും ഉള്ളവര്‍ എല്ലാംതന്നെ ഫാസിസത്തിന് എതിരാണ്. ആന്റ്‌റിഫ ഒരു സംഘടന അല്ല. ഒരു ആശയം മാത്രം. അതിന് പല തട്ടുകളിലുള്ള നേതാക്കളോ ആസ്ഥാനങ്ങളോ ഇല്ല. അവര്‍ കൂട്ടുകൂടി തീരുമാനങ്ങള്‍ എടുക്കുന്നില്ല. എന്നിട്ടും ക്രിസ്ത്യന്‍ ദേശീയ വാദികള്‍ ആന്റ്റിഫക്കെതിരെ വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ആന്റ്‌റിഫ നിങ്ങളുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകും, നിങ്ങളുടെ സ്വാതന്ത്രത്തെ ഇല്ലാതാക്കും, നിങ്ങളുടെ സംസ്‌ക്കാരത്തെയും ഭരണഘടനയെയും ഇല്ലാതാക്കാക്കും എന്നൊക്കയുള്ള നുണകളാണ്  ക്രിസ്ത്യന്‍  ദേശീയ വാദികള്‍ പ്രചരിപ്പിക്കുന്നത്. മത സ്‌നേഹികളുടെ സഹാനുഭൂതി ലഭിക്കാന്‍ അവര്‍ ഇടക്കിടെ ദൈവത്തെയും കൂട്ടുപിടിക്കും. 'ദൈവം നമ്മെ കാത്തുകൊള്ളും, വി ലവ് യൂ ഗോഡ്' എന്ന് ഇടക്കിടെ മേലോട്ട് നോക്കി അട്ടഹസിക്കുന്നതും കാണാം. ആന്റ്റിഫയെ വിലക്കണം എന്ന് ക്രിസ്ത്യന്‍ ദേശീയ വാദികളും ഇവരുടെ ഇപ്പോഴത്തെ ഹീറോ ട്രംപും ആവശ്യപ്പെടുന്നു; മനുഷ്യര്‍ ചിന്തിക്കാന്‍ പാടില്ല എന്ന ഫാസിസമാണിത്.  
ക്രിസ്ത്യന്‍ ദേശീയ വാദികളെ ട്രംപ് പ്രസിഡന്റായ 2016 മുതല്‍ കൂടുതല്‍ സമൂഹത്തില്‍ കാണുവാന്‍ തുടങ്ങി. യൂട്ടാ ആസ്ഥാനമായുള്ള മെര്‍മ്മോന്‍സിന്റ്റെ ഡെസേര്‍ട്ട് നാഷണലിസ്റ്റ് (Deseret nationalists), വെള്ളക്കാരുടെ വംശീയ മേധാവിത്തം പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍ ഐഡന്റ്റിറ്റി പ്രസ്ഥാനം Christian Identity, അമേരിക്ക ക്രിസ്ത്യന്‍ രാജ്യം ആയിരിക്കണം, ക്രിസ്ത്യന്‍ മത രാഷ്ട്രീയം അമേരിക്ക ഭരിക്കണം എന്നൊക്കെ വിശ്വസിക്കുന്ന  ഡൊമിനിയോണിസ്റ്റ്  (Dominionists) ഇത്തരം ഗ്രുപ്പുകളാണ് ഇന്ന് അമേരിക്കന്‍ നാഷനലിസത്തെ നയിക്കുന്നത്. 
ക്യാപിറ്റോള്‍ ആക്രമിച്ച ഭീകര തീവ്രവാദികളില്‍ മുന്‍ നിരയില്‍ കാണാവുന്നതും ക്രിസ്ത്യന്‍ ബാനറുകള്‍ പിടിച്ച ഇത്തരം ക്രിസ്ത്യന്‍ ഗ്രുപ്പുകള്‍ ആണ്. പൊട്ടന്‍ ആട്ടം കാണാന്‍ പോയതുപോലെ ഇന്ത്യയുടെ പതാക പിടിച്ച കുറെ മലയാളികളും ഇവരുടെ കൂടെ ഉണ്ടായിരുന്നു. തങ്ങള്‍ 'പ്രൌഡ് ബോയ്‌സ്' ഗ്രുപ്പില്‍ പെട്ടവരാണെന്ന് അവരിലൊരാള്‍ സമ്മതിക്കുകയും ചെയ്തു. അമേരിക്കന്‍ ജനാധിപത്യത്തില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. അവര്‍ക്കു വേണ്ടത് ക്രിസ്ത്യന്‍ മത വിശ്വാസങ്ങളില്‍ അടിസ്ഥാനപ്പെട്ട മതനേതൃത്വ ഭരണം അഥവാ തിയോക്രസി ആണ്.  ഇത്തരം മത രാഷ്ട്രീയ ഭരണം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇസ്രയേല്‍, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ശക്തി പ്രാപിക്കുന്നുണ്ട്.  ഈ പ്രവണതയെ മുതലെടുത്താണ് ട്രംപ് 2016 ല്‍  ജയിച്ചത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യന്‍ ദേശീയ വാദികള്‍  കൂടുതല്‍  ശക്തി ചെലുത്തും. 
ക്രിസ്ത്യന്‍ ദേശീയ വാദികള്‍ 2020 ഫലങ്ങള്‍ അംഗീകരിക്കുന്നില്ല. അവരില്‍ പലരും അതേ തെരഞ്ഞടുപ്പില്‍ ജയിച്ചെങ്കിലും. ഓത്ത് കീപ്പേഴ്സ് നേതാവ്  സ്റ്റുവര്‍ട്ട് റോഡ്സിനെ ക്യാപിറ്റോള്‍ ആക്രമിച്ച രാജ്യദ്രോഹകുറ്റത്തിനു അറസ്റ്റു ചെയ്തു. ക്രിസ്ത്യന്‍ വിശ്വാസികളുടെ 'ജെറിക്കോ ജാഥ' യില്‍ ഇയാള്‍ പ്രസ്താവിച്ചു 2020 തെരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന്. ഇത്തരം വ്യാജങ്ങള്‍ ക്രിസ്ത്യന്‍ ദേശീയ വാദികള്‍ കൂടുന്നിടത്തെല്ലാം ആവര്‍ത്തിക്കപ്പെടുന്നു. കോവിഡ് വാക്‌സീനെ എതിര്‍ക്കുന്നവരില്‍ അധികവും ക്രിസ്ത്യന്‍ ദേശീയ വാദികളാണ്. അമേരിക്ക എന്ന രാജ്യം ക്രിസ്തീയവല്‍ക്കരിക്കണം എന്ന വാദം ഇവര്‍ ശക്തമായി പ്രചരിപ്പിക്കുന്നു. 

മനോരോഗികള്‍ 

വര്‍ഗ, വര്‍ണ, ജാതി, ഗോത്ര, മത തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേരുന്നവര്‍ പൊതുവെ മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ആയിരിക്കും. നഷ്ടപ്പെട്ട, മുറിവേറ്റ ഞാനെന്ന ഭാവം, തനിക്ക് അര്‍ഹിക്കുന്നതും അവകാശപ്പെട്ടതും മറ്റുള്ളവര്‍ തട്ടിയെടുത്തു എന്ന തോന്നല്‍, മറ്റുള്ളവര്‍ തന്റെ നിലനില്‍പ്പിനു ഭീഷണി എന്ന തോന്നല്‍, ഗോത്ര പേടി, മത പേടി, തൊലിയുടെ നിറത്തെ പേടി ഇത്തരം അകാരണ ഭയങ്ങള്‍ {ഫോബിയ] ഇവരെ കീഴടക്കുന്നു. അപ്പോള്‍ തന്നെക്കാള്‍ ശക്തി ഉള്ളവരുമായി അവര്‍ കൂട്ടു ചേരുന്നു. കൂട്ടം കൂടുമ്പോള്‍ ലഭിക്കുന്ന ശക്തി നിമിത്തം അവര്‍ ചിന്തിക്കുന്നില്ല; പകരം അന്യര്‍ അവരുടെ തലയില്‍ ഓതിക്കയറ്റിയ ആശയങ്ങള്‍ അനുസരിച്ചു അവര്‍ പ്രവര്‍ത്തിക്കുന്നു. പാവ കൂത്തിലെ പാവകളെപ്പോലെ. അവരെ നിയന്ത്രിക്കുന്നത് സമൂഹത്തിലെ സൂത്രശാലികളായ കുറുക്കന്‍മാര്‍ ആയിരിക്കും. പക്ഷെ ഏതോ കാണപ്പെടാത്ത ദൈവം അവരുടെ കൂടെ ഉണ്ട് എന്ന തോന്നലില്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കുവാന്‍ അവര്‍ തയ്യാറാവുന്നു. 
കൂട്ടം കൂടുമ്പോള്‍ ലഭിക്കുന്ന ശക്തി എന്ന  വ്യാജ തോന്നല്‍, അനുഭൂതി, ശക്തിമാന്‍ എന്ന ഭാവം ഇവയൊക്കെ മാസ്സ് ഹിസ്റ്റിരിയ എന്ന മാനസിക അവസ്ഥയിലേക്കു അവരെ നയിക്കുന്നു. ഇത്തരക്കാര്‍ ഒറ്റയ്ക്ക് നില്‍ക്കില്ല. അവര്‍ മതം, രാഷ്ട്രീയം, കള്‍ട്ടുകള്‍ ഇവയോട് ചേര്‍ന്നു നില്‍ക്കുന്നു. നേര്‍ വഴിക്കു നയിക്കാന്‍ ശ്രമിക്കുന്നവരെ അവര്‍ ശത്രുക്കളായി കണക്കാക്കി ആക്രമിക്കുന്നു. ഇത്തരം മനോഭാവമാണ് മത, ജാതി, വര്‍ണ്ണ, വര്‍ഗ വെറുപ്പായി പുറത്തുവരുന്നത്. 
ചിന്താശക്തി ഇവര്‍ക്ക് നഷ്ട്ടപ്പെടുന്നു. ഈ നഷ്ടം നികത്താന്‍, തലച്ചോറിലെ ശൂന്യമായ അറകളില്‍ ചിന്ത വേണ്ടാത്ത വിശ്വാസങ്ങളും മതങ്ങളും നിറയുന്നു. അപ്പോള്‍ പുതുമയുള്ള ശാസ്ത്രീയ അറിവുകള്‍ സ്വീകരിക്കുവാനുള്ള ഇടം തലച്ചോറില്‍ ഇല്ലാതെയാവുന്നു. ഇവരെ ബോധവല്‍ക്കരിക്കുക എന്നത് അത്ര  എളുപ്പമല്ല. ദേശീയ വാദികളുടെ തലച്ചോറില്‍ മതവും കൂടി ഇഴഞ്ഞു കയറുമ്പോള്‍ അവര്‍ തീവ്രവാദികളായി മാറുന്നു. അത്തരക്കാരെയാണ് അമേരിക്കയിലും ഇസ്രയേലിലും, ഇറാനിലും, അഫ്ഘാനിസ്ഥാനിലും,   ഇന്ത്യയിലും ഇപ്പോള്‍ കാണുന്നത്. 
ക്രിസ്ത്യന്‍ നാഷനലിസം അമേരിക്കയില്‍ ശക്തി പ്രാപിക്കുവാനുള്ള കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇസ്ലാമോ ഫോബിയ ആണ്. ഒരു പ്രത്യേക മതം, രാഷ്ട്രം, ഗോത്രം, രാഷ്ട്രീയ പാര്‍ട്ടി, വര്‍ണ്ണം, ജാതി; എന്നിവയൊക്കെ മറ്റുള്ളവരെക്കാള്‍ ഏതെങ്കിലും വിധത്തില്‍ ശക്തി സംഭരിക്കുമ്പോള്‍ അവയെ മറ്റുള്ളവര്‍ ഭയക്കുക  എന്നത് സാധാരണയാണ്. മറ്റുള്ളവര്‍ നിങ്ങളെ ഭയക്കുവാനുള്ള കാരണം നിങ്ങളുടെ പ്രവൃത്തികളാണ് എന്ന സത്യം മനസ്സിലാക്കി മറ്റുള്ളവര്‍ക്കു ഭയം  ഉണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അകാരണ ഭയങ്ങളെ  നിയന്ത്രിക്കാന്‍ സാധിക്കും. 
ജനാധിപത്യത്തെ  ആഗോളമായി കാത്തുസൂക്ഷിക്കുന്ന അമേരിക്കയില്‍; ക്രിസ്ത്യന്‍ ദേശീയത വളരുന്നത് മറ്റു രാജ്യങ്ങളിലെ ജനാധിപത്യത്തിനു ഭീഷണിയാണ്. ഇസ്രയേലില്‍ സയോണിസവും, ഇറാനില്‍ ഇസ്ലാമും ഇന്ത്യയില്‍ ഹിന്ദു പശു രാഷ്ട്രീയവും വളരുന്നത് ലോക ജനാധിപത്യത്തിന് ഭീഷണിയാണ്. അമേരിക്കയിലെ ക്രിസ്ത്യന്‍ ദേശീയ വാദം മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുവാനുള്ള  സാദ്ധ്യത എല്ലാ ദിവസവും കൂടുന്നു.  എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെ ട്രംപ് ഭരണകാലം ദേശീയ വംശീയ വര്‍ണ വെറുപ്പിനു ശക്തി പ്രാപിക്കാന്‍ എല്ലാ സഹായവും ചെയ്തു കൊടുത്തു.  ബ്രൗണ്‍ നിറമുള്ള ഗലീലിയന്‍ യേശുവിനെ നീലക്കണ്ണുകളും വെളുത്ത നിറവുമുള്ള ആര്യന്‍ യേശുവാക്കി മാറ്റി യൂറോപ്യന്‍ കോളനിസ്റ്റുകള്‍. അവര്‍ തുടങ്ങിവച്ച വര്‍ഗ, വര്‍ണ്ണ, ഗോത്ര മേല്‍ക്കോയ്മ വാദം മറ്റുള്ളവരെ കൊന്നൊടുക്കുന്ന മറ്റൊരു 'വിശുദ്ധ യുദ്ധമായി' മാറുവാനുള്ള സാദ്ധ്യത അമേരിക്കയില്‍ വര്‍ദ്ധിക്കുന്നു. ഇന്ത്യയിലെ ബ്രാഹ്‌മണ മേധാവിത്ത പശു രാഷ്ട്രീയം ഇതുപോലെ  മറ്റൊരു ദുരന്തമാണ്.  
വിരുദ്ധ-വ്യത്യസ്ത മനുഷ്യ ജാതികള്‍ ഇന്നു ഭൂമിയിലെ മനുഷൃരില്‍ ഉണ്ട് എന്നാണ് ക്രിസ്ത്യന്‍ ദേശീയ വാദികളിലെ പല ഗ്രുപ്പുകളും  കരുതുന്നത്. ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ കഥകള്‍ ആണ് ഇവരുടെ  വിശ്വാസ പ്രമാണം. സര്‍പ്പവുമായി ഹൗവ്വാ ഇണചേര്‍ന്നപ്പോള്‍ ഉണ്ടായതാണ് കായേന്‍. വെള്ളക്കാര്‍ അല്ലാത്തവര്‍ കായേന്റെ മക്കളാണ് അതായതു സര്‍പ്പ സന്തതികള്‍. അവരുടെ തല തകര്‍ക്കുവാന്‍ ഉണ്ടായ വെള്ളക്കാര്‍ ആണ് സേത്തില്‍ നിന്നും ജനിച്ചവര്‍. സര്‍പ്പ സന്തതികളെ ഇല്ലാതാക്കുക എന്നതാണ് വംശീയ ശുദ്ധികരണം.  ഇതാണ് അവരുടെ കാഴ്ചപ്പാട്. 
ഹിറ്റ്ലര്‍ നടത്തിയ യൂദ വംശ നശീകരണം; ജിഹാദ്, വെളിപാട് പുസ്തകത്തില്‍ പറയുന്ന വിശുദ്ധ യുദ്ധം; ഇവയൊക്കെയാണ് വെള്ളക്കാരുടെ ക്രിസ്ത്യന്‍ നാഷനലിസം. ഇവര്‍ ഹിറ്റ്‌ലറുടെ വംശനശീകരണം പോലും ചരിത്ര സത്യമായി അംഗീകരിക്കുന്നില്ല. 
ഇന്നും വെള്ളക്കാരിലെ വംശീയ ക്രിസ്ത്യന്‍ തീവ്രവാദികള്‍, അമേരിക്കയിലെ കറുത്ത നീഗ്രോകളെ അടിമകള്‍ ആക്കി പീഡിപ്പിച്ചതിന്റ്റെ ട്രോഫിയായി 'കോണ്‍ഫെഡറേറ്റ്' പതാക പറപ്പിക്കുന്നു. വീണ്ടും അടിമത്തം തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുകയും അവകാശപ്പെടുകയും ചെയ്യുന്ന ഇവരുടെ ആധാരവും ന്യായികരണവും ബൈബിള്‍ അടിസ്ഥാനമാണ്. ഇവരുടെ യേശു അടിമത്തത്തെ ഇല്ലാതാക്കിയില്ല എന്നതാണ് ബൈബിളില്‍ കാണുന്നത്.  ടെലഗ്രാം എന്ന സോഷ്യല്‍ മീഡിയ ആണ് ഇത്തരം തീവ്രവാദികള്‍ ആശയ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 'മലാഖിയുടെ പുസ്തകത്തില്‍ പറയുന്നതുപോലെ തീച്ചൂളപോലെ കത്തുന്ന ഒരു ദിവസം വരും, അപ്പോള്‍ എല്ലാം നശിക്കും. എന്നാല്‍ ഇവര്‍ മേലോട്ട് ഉയരും, വാന മേഘങ്ങളില്‍ വീണ്ടും വരുന്ന യേശു അവരെ കൂട്ടിക്കൊണ്ടു പോകും' എന്നവര്‍ കരുതുന്നു. ഈ  ഭൂമിയിലെ ജീവിതം എത്രയും വേഗം അവസാനിക്കുവാന്‍ അവര്‍ കാത്തിരിക്കുന്നു. അതാണ് അവര്‍ മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിക്കുന്നത്. 
യേശു വരാന്‍ വൈകുന്നതിന്റെ കാരണം അവിശ്വാസികളും വെള്ളക്കാര്‍ അല്ലാത്തവരുമാണ്. അതിനാല്‍ അവരെ വിശുദ്ധ യുദ്ധത്തിലൂടെ ഇല്ലാതാക്കാന്‍ അവര്‍ തോക്കുകള്‍, ബോംബുകള്‍ മുതലായവ വാങ്ങി സംഭരിക്കുന്നു. 
ഓട്ടോമാറ്റിക് തോക്കുകള്‍ കയ്യില്‍ പിടിച്ചു  കുര്‍ബാന നടത്തുന്ന 'മൂണ്‍ ചര്‍ച്ചുകാരും'  ക്രിസ്ത്യന്‍ ദേശീയ വാദികളില്‍ പെടും. യേശു വരാന്‍ കാത്തിരുന്ന് ക്ഷമകെട്ടു ആത്മഹത്യ ചെയ്ത അനേകം ക്രിസ്ത്യന്‍ തീവ്രവാദികളും അമേരിക്കന്‍ ക്രിസ്ത്യന്‍  വംശീയ നാഷനലിസത്തിന്റ്റെ ഭാഗമാണ്. ഇവര്‍ കൂട്ട  ആത്മഹത്യ  ചെയ്യുന്ന പ്രവണത 1993 ല്‍ ടെക്സാസിലെ വാക്കോയില്‍ സംഭവിച്ചതിനു ശേഷം ഉണ്ടായിട്ടില്ല. എന്നാല്‍ യേശുവിനുവേണ്ടി മരിക്കാന്‍ തയ്യാറായിട്ടുള്ള അനേകര്‍ ഇന്ന് ക്രിസ്ത്യന്‍ ദേശീയ വാദികളില്‍ ഉണ്ട്. അവര്‍ മരിക്കുന്നതിനുമുമ്പ്  ക്രിസ്തിയാനികള്‍ അല്ലാത്തവരെ കൊന്നിട്ടേ മരിക്കും എന്നതാണ് ഇവര്‍ വിതക്കുന്ന ഭീകരത. 
അമേരിക്കന്‍ ക്രിസ്ത്യന്‍ നാഷണലിസത്തില്‍നിന്നും ഉത്ഭവിച്ച മറ്റൊരു വംശീയ വെറുപ്പാണ് അമേരിക്കയിലെ യഹൂദരോടുള്ളത്. യഹൂദ വിരോധം ഇന്ന് രഹസ്യം അല്ല. അമേരിക്ക ക്രിസ്ത്യന്‍ രാജ്യമാണ്, യഹൂദര്‍ അത് അറിഞ്ഞിരിക്കണം എന്ന താക്കീതും ഭീഷണിയും ക്രിസ്ത്യന്‍ തീവ്രവാദികളുടെ നേതാക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നു. ഇതേ ഭാഷ തന്നെയാണ് ഏഷ്യക്കാരോടും ആഫ്രിക്കക്കാരോടും വെള്ളക്കാര്‍ അല്ലാത്ത എല്ലാവരോടും ഇവര്‍ ആവര്‍ത്തിക്കുന്നത്. ഇവരുടെ നേതാവായ ട്രംപ് ഇത്തരം വംശ വര്‍ഗീയ വര്‍ണ വെറുപ്പ് പലതവണ പരസ്യമായി ആവര്‍ത്തിക്കുന്നു. യഹൂദ പള്ളികള്‍ ആക്രമിച്ചവരും വെള്ളക്കാരിലെ തീവ്രവാദികളാണ്. 
ക്രിസ്ത്യന്‍ ദേശീയത 2022, 2024 വോട്ടെടുപ്പുകളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തും എന്നു വ്യക്തമാണ്. വാക്‌സിനേഷനെതിരെ കനേഡിയന്‍ ലോറിക്കാര്‍  നടത്തുന്ന സമരത്തിനു ധനസഹായവുമായി  ക്രിസ്ത്യന്‍ ദേശീയവാദികള്‍ മുന്നോട്ടു വന്നു എങ്കിലും കോടതി  അതിനെ വിലക്കി. ഇത്തരം സമരങ്ങള്‍ അമേരിക്കയിലും വ്യാപിപ്പിച്ചു രാജ്യമാകെ സ്തംഭിപ്പിക്കണം എന്നാണ് ചില വലതുപക്ഷ തീവ്രവാദികള്‍  ആഹ്വാനം ചെയ്യുന്നത്. 
ക്യാപിറ്റോള്‍ ആക്രമണത്തെപ്പറ്റി അന്വേഷിക്കുന്ന കമ്മറ്റി വൈകാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍  കൊണ്ടുവരണം. ഇടക്കാല 2022 തെരഞ്ഞെടുപ്പില്‍ റിപ്പപ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസ് നേടിയാല്‍ അവര്‍ കമ്മറ്റി പിരിച്ചുവിടും എന്നത് സ്പഷ്ടമാണ്. ട്രംപ് ആവട്ടെ, 2024 ല്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്യാപിറ്റോള്‍ ആക്രമിച്ച രാജ്യദ്രോഹികളെ വെറുതെ വിടും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
ഇനിയും വരുന്ന തിരഞ്ഞെടുപ്പുകളില്‍ എന്ത് അക്രമവും  നടത്തി ഭരണം പിടിച്ചെടുക്കുവാന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ക്രിസ്ത്യന്‍ ദേശീയ വാദികളും ശ്രമിക്കും എന്നതും അവര്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട് . അമേരിക്കന്‍ കോടതികളിലെ പ്രോസിക്യൂട്ടര്‍മാര്‍, ജഡ്ജിമാര്‍  ഒക്കെ ഏറിയ പങ്കും റിപ്പബ്ലിക്കന്‍സ് ആണ്; അതിനാല്‍ ന്യായവും നീതിയും ഭരണഘടനയും എത്രകാലം സുരഷിതമായിരിക്കും? 
അമേരിക്കയിലെ വോട്ടര്‍മാര്‍ 80 ശതമാനം വോട്ട് ചെയ്തു തിരഞ്ഞെടുപ്പില്‍ പങ്കാളിയായാല്‍, ക്രിസ്ത്യന്‍ തീവ്രവാദികളെ തോല്‍പ്പിക്കാന്‍ സാധിക്കും. അതിനെ തടയുവാനാണ്  കഠിന നിയമങ്ങള്‍, ജെറിമാന്‍ഡറിങ്, റി-ഡിസ്ട്രിറ്റിങ് മുതലായ തന്ത്രങ്ങളിലൂടെ വെള്ളക്കാര്‍ അല്ലാത്തവരുടെ വോട്ടുകള്‍  തടയുവാന്‍ റിപ്പബ്ലിക്കന്‍സ് ശ്രമിക്കുന്നത്.

Join WhatsApp News
Mary Grace 2022-02-25 11:36:01
Ephesians.6: 11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. 12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
John Samuel 2022-02-25 10:31:03
നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്‌. മത്തായി 24 : 6-8
Amal Joseph. Kottayam 2022-02-25 11:44:03
"Devils Axis"Came Into Existance ! ഉ: കൊറിയ;ചൈന, പാക്കിസ്ഥാൻ, ഇറാൻ, തുർക്കി (?) ലോകത്തിന്റെ ശാപമായി രൂപപ്പെട്ടു കഴിഞ്ഞു! ജപ്പാൻ, S: കൊറിയ, ആസ്ട്രേ ലിയ, ഇൻഡ്യ, സുന്നി അറബ്ബ് ലോകം, ഇസ്രായേൽ, യൂറോപ്പ്, അമേരിക്ക മറുചേരിയിലും ആയിക്കഴിഞ്ഞു!!ഇത് മൂന്നാം ലോകമഹായുദ്ധത്തിന്റെ 1st Bell ! IInd bell മിക്കവാറും S: China Sea യിൽ ആയിരിക്കും! III rd bell ഒന്നുകിൽ ഹിമാലയത്തിൽ അല്ലെങ്കിൽ പേർഷ്യൻ ഗൾഫിൽ! ഇനി "സമയത്തിന്റെ " സമയം "കുറിച്ചാൽ മതി !!
Ninan Mathulla 2022-02-25 12:10:56
Please don’t mislead readers in this difficult time. Writers need to have a bird’s eye view of things happening around instead of sharing their fears, anxieties and ‘thonnalukal’. What is pre-destined to happen has to happen. That is all what we see now on the international scene. What is written in Bible or prophesied by prophets in Book of Daniel and Book of Revelation has to happen. We need to have faith and peace in our mind to see it.
Jesus 2022-02-25 15:00:28
What is that universal weapon of God Mary? The weapon to kill fellow beings?
CIDMOOSA 2022-02-25 15:27:47
There is things and incidents happenings in this world that is to happen as there is a Creator of this big universe and around nine billion people in this universe.Before Jesus Christ appear in the sky to receive His church, those who love Him and obedience to His word what is written in the unchangeable words in the Bible. But one thing is there, there are administers in the world capitals and they have to be faithful in their responsibility..Last election in this country we heard and saw there are so many hallo bella causing so much confusion and as a result so many incidents happening in this country also and we have to suffer.
45yrs. in prison 2022-02-25 21:45:54
A sitting member of the U.S. House of Representatives could face up to 45 years in prison for trying to overthrow the 2020 election results by leading a fake electors plot in Wisconsin. Documents obtained by Wisconsin State Senator Chris Larson through a public record request found that the person who booked the conference room and auxiliary room in the Wisconsin Capitol that were used to commit these crimes was none other than Rep. Scott Fitzgerald (R-WI) who is now a sitting member of the U.S. House of Representatives representing Wisconsin’s fifth congressional district. The news comes as the case of the fraudulent electors in at least seven states —Arizona, New Mexico, Nevada, Georgia, Wisconsin, Michigan, and Pennsylvania
വർഗ വർണ്ണ വെറുപ്പ് 2022-02-26 00:49:34
കെനിയ കുട്ടൻ, കറുമ്പൻ, എന്നൊക്കെ ഒബാമയെ അധിഷേപിക്കുന്നവർ ഓർക്കുക!. ഒബാമ ലോക പ്രശസ്തനും മിക്കവാറും എല്ലാവരുടെയും പ്രിയങ്കരനും ആണ്. ചുരുക്കം ചില വർഗ വർണ്ണ കിരാതന്മ്മാർ ആണ് ഒബാമയെ അധിക്ഷേപിക്കുന്നത്. ഒബാമയുടെ അണ്ടർവിയർ പോലും അലക്കുവാൻ യോഗ്യത ഇല്ലാത്തവർ ആണ് അദ്ദേഹത്തെ പരിഹസിക്കുന്നത്. എഴുത്തും വായനയും അറിയാവുന്നവർ ആരും അദ്ദേഹത്തെ പരിഹസിക്കയില്ല. നിങ്ങൾ ഒബാമ എന്ന മഹനീയ മനുഷ്യനെ പരിഹസിക്കുമ്പോൾ നിങ്ങളുടെ വിദ്യാഭ്യാസ നിലവാരം, നിങ്ങളുടെ വർഗ വർണ്ണ വെറുപ്പ് പുറത്തുവരുന്നു. -ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക