Image

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 27 ന്

Published on 26 February, 2022
 മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 27 ന്

 

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ മദ്ധ്യസ്ഥ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഫെബ്രുവരി 27നു (ഞായര്‍) ആഘോഷിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു.

ക്യാന്പല്‍ഫീല്‍ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണ് തിരുനാള്‍ ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞു മൂന്നിനു കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ കൊടിയേറ്റു കര്‍മം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

നാലിന് ആഘോഷപൂര്‍വമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. വിന്‍സെന്റ് മഠത്തിപറന്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ജൂബിലി ആഘോഷിക്കുന്ന കത്തീഡ്രല്‍ ഇടവകാംഗങ്ങളെ മൊമെന്റോ നല്‍കി ആദരിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുശേഷിപ്പും തി സ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. സമാപന പ്രാര്‍ഥനകള്‍ക്കു ശേഷം 2023 ലെ തിരുനാള്‍ ഏറ്റു കഴിക്കുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും. ഏഴു മുതല്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ മ്യൂസിക് ബാന്‍ഡ് സോംഗ്‌സ് ഓഫ് സെറാഫിംന്റെ നേതൃത്വത്തില്‍ ലൈവ് ബാന്‍ഡും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.


തിരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി 26 നു (ശനി) കമ്യൂണിറ്റി ദിനമായി ആഘോഷിക്കും. രാവിലെ 10.30 മുതല്‍ 2.30 വരെ കാല്‍ദീയന്‍ ദേവാലയ ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികള്‍. വിവിധ തരം റൈഡുകള്‍, മ്യൂസിക് ബാന്‍ഡ്, നാടന്‍ ഭക്ഷണം എന്നിവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

38 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. തിരുനാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

പോള്‍ സെബാസ്റ്റ്യന്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക