MediaAppUSA

റഷ്യൻ മിലിട്ടറി: ഒരനുഭവം: റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-22)

Published on 02 March, 2022
റഷ്യൻ മിലിട്ടറി: ഒരനുഭവം: റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-22)

"ഇയ്യാൾ ക്രെംലിനിൽ പോയിട്ട് റഷ്യൻ പട്ടാളക്കാരെയൊക്കെ കണ്ടോടോ? അവർ വളരെ ക്രൂരന്മാരാണെന്നാണല്ലോ പറയുന്നത്?"
"ഞങ്ങൾ ക്രെംലിനിൽ വെറുതെ നിൽക്കുന്ന ചില പട്ടാളക്കാരെ കണ്ടെങ്കിലും സെന്റ് പീറ്റേഴ്‌സ്ബർഗിൽ ചെന്നപ്പോൾ അവരുടെ ഒരു പരിശീലന കേന്ദ്രം സന്ദർശിക്കാൻ അവസരം കിട്ടി. അത് നല്ലൊരനുഭവമായിരുന്നു."
"എങ്കിൽ അതൊന്നു കേൾക്കട്ടെ."
"ഇന്ന് ക്രെംലിനിലെ ആകട്ടെ. സൈനിക കേന്ദ്രത്തിലെ അനുഭവം പിന്നെ പോരേ?"
"അല്ലെടോ, അതിന്നു തന്നെ പറയെടോ. ക്രെംലിൻ നമുക്കു നാളെയാകാം. കാരണം, ഇപ്പോൾ ടി.വി. യിൽ മുഴുവൻ റഷ്യൻ പട്ടാളക്കാരെയാണല്ലോ കാണുന്നത്. അപ്പോൾ അവരെപ്പറ്റി അറിയുന്നത് രസകരമായിരിക്കും."


"സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഞങ്ങളുടെ ഗൈഡ് അലീസ്യ എന്നൊരു റഷ്യൻ വനിതയായിരുന്നു. വളരെ ചരിത്രപരമായി കാര്യങ്ങൾ വിശദീകരിക്കാനുള്ള നല്ല അറിവ് അവൾക്കുണ്ടായിരുന്നു. തലേദിവസം രാത്രിയിൽ തന്നെ പറഞ്ഞിരുന്നു രാവിലെ ഞങ്ങളെ കൊണ്ടുപോകുന്നത് ഒരു മിലിട്ടറി പരിശീലന കേന്ദ്രത്തിലേക്കാണെന്ന്. എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവരായിരുന്നു. അമേരിക്കൻ പാസ്സ്പോർട്ടുമായി ഞാൻ അവിടെ ചെന്നാൽ എന്താവും എന്ന ഒരു സംശയം എന്നെ അല്പം പുറകോട്ടു വലിച്ചു. അവിടെ അലീസ്യ എന്റെ സഹായത്തിനെത്തി. ഈ പരിശീലന കേന്ദ്രത്തിൽ കർശനമായ പരിശോധനക്ക് ശേഷം ഉപാധികളോടെ സന്ദർശനം അനുവദിക്കും. എന്റെ പാസ്സ്പോർട്ടിന്റെ വിശദാംശങ്ങൾ നൽകി മറുപടിക്കായി കാത്തിരുന്നു. രാവിലെ അതിനുള്ള അനുവാദം ലഭിച്ചെങ്കിലും അമേരിക്കൻ സർക്കാർ സർവീസിലാണെങ്കിൽ ജോലിയിലെ ഐ ഡി യോ ബാഡ്‌ജോ ഒന്നും കയ്യിൽ കരുതേണ്ട എന്നൊരു നിർദ്ദേശം മാത്രമേ ഗൈഡ് പറഞ്ഞുള്ളൂ. 
രാവിലെ ഏതാണ്ട് പത്തുമണി ആയപ്പോൾ ഞങ്ങളുടെ ബസ് ഒന്നര മണിക്കൂർ യാത്ര ചെയ്‌ത്‌ വിജനമായ ഒരു പ്രദേശത്തു നിർത്തി. അവിടെ നിന്നും ഒരു വലിയ വനപ്രദേശമാണ് പിന്നീടുള്ളത്. നല്ലതുപോലെ മഞ്ഞു വീണു കിടക്കുന്നതു കൊണ്ട് നോക്കെത്താ ദൂരത്തിൽ യാതൊന്നും കാണാൻ സാധിക്കുന്നില്ല. ഇടതൂർന്നു നിൽക്കുന്ന മരങ്ങളെല്ലാം മഞ്ഞിൻകണികകൾ കൊണ്ട് മാല കോർത്തിട്ടിരിക്കുന്നതു കാണാൻ വളരെ മനോഹരമായിരുന്നു. ഞങ്ങളുടെ ബസ് നിർത്തിയതിന്റെ അല്പം മാറി ഒരു മിലിട്ടറി ട്രക്ക് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ബസിൽ നിന്നും ഇറങ്ങി എല്ലാവരും ആ ട്രക്കിൽ കയറണം. നിലത്ത് ഒരടിയോളം മഞ്ഞു വീണു കിടക്കുന്നുണ്ട്. താപനില മൈനസിൽ തന്നെ. അതിൽകൂടി നടന്നു ചെന്ന് ആ ട്രക്കിൽ കയറി.


ആ വനത്തിനകത്തുകൂടി ചെറിയ ഇടവഴികൾ മാത്രമാണുണ്ടായിരുന്നത്. ട്രക്കിനു മുകളിലും വശങ്ങളിലും ടാർപോളിൻ ഇട്ടു മൂടിയിരുന്നതിനാൽ കുണ്ടും കുഴിയുമുള്ള ദുർഘടം പിടിച്ച വഴിയാണെന്ന് മാത്രമേ ഞങ്ങൾക്കറിയാമായിരുന്നുള്ളൂ. ട്രക്കിനുള്ളിൽ ചൂട് കിട്ടാനുള്ള യാതൊരു മാർഗവുമില്ല. കുറെ നേരം കഴിഞ്ഞപ്പോൾ പലരുടെയും കാലുകൾ മരവിച്ചു തുടങ്ങി. അതിശൈത്യമാണെന്നും കയ്യിൽ നല്ല ഗ്ലൗസും കാലിൽ നല്ല സോക്‌സും ഉണ്ടാവണമെന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും അതൊന്നും മതിയായിരുന്നില്ല. അലീസ്യ എന്ന റഷ്യൻ സുന്ദരി അക്കൂട്ടത്തിൽ തിക്കി തിരുകി ഇരിക്കുന്നുണ്ടായിരുന്നതുകൊണ്ട് പുരുഷന്മാർക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും അവരുടെ ഭാര്യമാർ ആ തണുപ്പിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധം അവരുടെ തല കൂടി മരയ്ക്കുവാൻ ഇടയാക്കി. എത്ര ദൂരം ഓടിയെന്നറിയില്ല, ഒടുവിൽ ട്രക്ക് പരിശീലന കേന്ദ്രത്തിൽ എത്തി.
അവിടെ എല്ലാവരെയും അവർ സ്വാഗതം ചെയ്തു. റഷ്യൻ മിലിട്ടറിയുടെ യൂണിഫോം എല്ലാവർക്കും നൽകി. അത് ധരിച്ചിട്ടു മാത്രമേ ടാങ്കിലോ ഷൂട്ടിംഗ് റേഞ്ചിലോ കയറ്റുകയുള്ളൂ. ആകെയുണ്ടായിരുന്നത്‌ തടിയിൽ നിർമ്മിച്ച ഒരു ഷെഡ്ഡാണ്. അതിനുള്ളിൽ കഷ്ടിച്ച് രണ്ടോ മൂന്നോ പേർക്ക് കൈകൾ ചൂടാക്കാൻ പറ്റിയ രണ്ടു ഹീറ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


അവിടെ അവർ മെഷീൻ ഗണ്ണിന്റെ പ്രവർത്തനം വിശദീകരിച്ചു തന്നു. എന്നിട്ട് താത്പര്യമുള്ള എല്ലാവർക്കും ഓരോ മെഷീൻ ഗണ്ണും തന്നു. ഒരു സൈനികൻ അതു മുഴുവൻ അഴിച്ചു ഭാഗങ്ങളാക്കി മാറ്റിയിട്ട് വീണ്ടും അതു കൂട്ടിയോജിപ്പിച്ചു കാണിച്ചു. എന്നിട്ട് ഞങ്ങളോട് അങ്ങനെ തന്നെ ചെയ്യാൻ പറഞ്ഞു. തണുപ്പ് കൂടിയതുകൊണ്ടാണോ ഒരിക്കൽ പോലും ഇങ്ങനെയുള്ള തോക്ക് കയ്യിൽ എടുത്തിട്ടില്ലാത്തതുകൊണ്ടാണോ എന്നറിയില്ല, പലരുടെയും കൈകൾ വിറക്കുന്നതു കാണാമായിരുന്നു.
അതിനു ശേഷം അവർ വെളിയിലുള്ള ഷൂട്ടിംഗ് റേഞ്ചിലേക്കു കൊണ്ടുപോയി. അവിടെ ദൂരെ ഒരു ടാർഗറ്റ് ബോർഡ് തൂക്കിയിട്ടുണ്ടായിരുന്നു. മാഗസിൻ അറ്റാച്ച് ചെയ്തിട്ട് ആട്ടോമാറ്റിക്കായോ മാനുവലായോ വെടിയുതിർക്കാം. മിക്കവാറും എല്ലാവർക്കും തന്നെ ഇത് പുതിയൊരനുഭവം ആയിരുന്നു. 

പിന്നീട് അവരുടെ ടാങ്കിൽ കയറിയുള്ള യാത്ര ആയിരുന്നു. ഇപ്പോൾ റഷ്യൻ ടാങ്കുകൾ യുക്രയിനിന്റെ അതിർത്തിയിൽ കൂടി ചീറിപ്പായുന്നതു കണ്ടപ്പോൾ അന്നത്തെ ടാങ്ക് സവാരി ഓർമ്മയിലേക്ക് ഓടിയെത്തുന്നു. ടാങ്കിനുള്ളിൽ ആറുപേർക്കു വരെ ഇരിക്കാനുള്ള ബഞ്ച് സീറ്റിങ് ഉണ്ട്. മുകളിൽ ഗൺ ടററ്റും അതു നിയന്ത്രിക്കാൻ ഒരാൾക്ക് ടാങ്കിനുള്ളിൽ തന്നെ നിൽക്കാനുള്ള സംവിധാനവും ഉണ്ട്. ഇത്രയും മഞ്ഞിലാണെങ്കിലും കുണ്ടും കുഴിയും താണ്ടി അത് യാത്ര ചെയ്യുന്ന സ്പീഡ്  ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. 
വെറും ആഴ്ചകൾക്കപ്പുറം ഈ ടാങ്കുകൾ സാക്ഷാൽ യുദ്ധത്തിനായി അടുത്ത രാജ്യത്തേക്കു കടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാനാവുമായിരുന്നില്ല."
"നിങ്ങളോട് അവരുടെ പെരുമാറ്റം എങ്ങനെയുണ്ടായിരുന്നു?"
"ഇന്ത്യയിൽ നിന്നുള്ളവരായതു കൊണ്ടായിരിക്കാം, ഒരു പക്ഷേ, അവർ വളരെ സൗഹൃദപരമായിട്ടാണ് പെരുമാറിയത്. ടാങ്കിൽ യാത്ര ചെയ്തപ്പോൾ അതോടിച്ചിരുന്ന സൈനികൻ ഒരു പഴയകാല ഹിന്ദി സിനിമയിലെ ഗാനം മൂളുന്നുണ്ടായിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ടി-72 ടാങ്കുകൾ അനേകം ഇന്ത്യക്കു നൽകിയിട്ടുണ്ടെന്നും ഇന്ത്യ-റഷ്യ ബന്ധം വളരെ ആഴത്തിലുള്ളതാണെന്നും അമേരിക്കക്കാർക്ക് അതിഷ്ടമല്ലെന്നും അയാൾ പറഞ്ഞിട്ട് ഒരു വാചകം കൂടി കൂട്ടിച്ചേർത്തു. 'നിങ്ങൾ ഇന്ത്യക്കാരനായതു കൊണ്ടാണ് ഞാൻ ഇത് പറയുന്നത്.' അതു കേട്ട് എന്റെ അടുത്തു നിന്നയാൾ എന്നെ നോക്കി ഊറി ചിരിക്കുന്നുണ്ടായിരുന്നു"


"താൻ അമേരിക്കൻ പൗരനാണെന്നറിഞ്ഞിരുന്നെങ്കിൽ തന്നെ അവർ പഞ്ഞിക്കിട്ടേനെ."
"ഹേയ്, അങ്ങനെയൊന്നുമില്ല. ഞങ്ങൾ എല്ലാം സന്ദർശകരായിരുന്നല്ലോ. തന്നെയുമല്ല, ഏതാനും ആഴ്ചകളുടെ വ്യത്യാസമേയുണ്ടായിരുന്നുള്ളു എങ്കിലും അപ്പോൾ അമേരിക്ക-റഷ്യ ബന്ധം വഷളായിരുന്നില്ലല്ലോ."
"അപ്പോൾ നല്ല ഒരു അനുഭവം ആയിരുന്നു അല്ലേ?"
"തീർച്ചയായും. ഉച്ചതിരിഞ്ഞു ഒന്നര മണിയോടുകൂടി ഞങ്ങളെ പഴയതുപോലെ അവരുടെ ട്രക്കിൽ ആ കാട്ടിൽ കൂടി വന്നു ബസ്സിൽ എത്തിച്ചു. ഏതാനും മണിക്കൂറുകളേ ഉണ്ടായിരുന്നുള്ളു എങ്കിലും അത് കോറിയിട്ട ഓർമ്മകൾ എന്നും നല്ല അനുഭൂതിയാണ് നൽകുക."
"അപ്പോൾ മറക്കണ്ട. നാളെ ക്രെംലിൻ."
"അങ്ങനെയാകട്ടെ പിള്ളേച്ചാ."
(തുടരും) 

 

റഷ്യൻ മിലിട്ടറി: ഒരനുഭവം: റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-22)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക