യുദ്ധം,
കോപ്പെടപാട്
സ്വരുക്കൂട്ടൽ,
പരസ്പരം
തകർത്തുവാരൽ ..
ആരാണ് ജയിച്ചു പോകുന്നത് ..?
മധ്യസ്ഥർക്കിടയിൽ
ചർച്ചയ്ക്കിരുന്ന്
ഗത്യന്തരമില്ലാതെ
പിൻവാങ്ങൽ..!
വീണവരും
ചിതറിയവരും
രക്തം വീണുറഞ്ഞ
മണ്ണും
അനാഥനിലവിളികളും ..
ഒരിടത്ത്
എല്ലാമൊതുങ്ങിപ്പതുങ്ങുമ്പോൾ
വേറെവിടെങ്കിലും
പൊട്ടിപ്പുറപ്പെടും
യുദ്ധമില്ലാത്ത
ലോകമില്ല
രണ്ടുപേർ
ചേർന്നു നിൽക്കുന്നിടത്തു നിന്നാവും
വലിയ യുദ്ധങ്ങൾ
പൊട്ടിപ്പുറപ്പെടുന്നത് ...!
ശത്രുക്കൾ ചേർന്നാവും
വിരുന്നിനിരിക്കുന്നത് ,
ക്ഷണിക്കുന്നവൻ
ചുടുരക്തം കാത്തിരിക്കുകയാവും..
അയലത്തു നിൽക്കുന്നവനെ
വീഴ്ത്തുവത് ചിന്തിച്ച്
ഉറക്കം പോയവരാകുന്നു
നമ്മൾ ..
റഷ്യയെന്നാൽ
നാടോടിക്കഥകളുടെ
ഒരു വലിയ പുസ്തകമാകുന്നെനിക്ക്
അൽഭുതം നിറഞ്ഞ
ഒരു പാട് കഥകളുടെ ...
പിന്നെയും
പിന്നെയും
വായിച്ച് വിസ്മയിച്ച
ആ പുസ്തകം
ഇതളുകളെല്ലാം
പറന്നകന്ന്
ചെളികൾ നിറഞ്ഞ
എന്തോ പോലെ
എവിടെയോ മറഞ്ഞു പോയ്,
കുതൂഹലം നിറഞ്ഞ
ബാല്യമകന്ന പോലെ ..
റഷ്യയെന്നാൽ
നിലോവ്ന എന്ന
അമ്മയായിരുന്നു
നായകൻ
പാവെൽ വ്ലസൊവ് നെക്കാൾ
റീബിനായിരുന്നു
ഉള്ളിലെപ്പഴും
ഫാക്ടറി സൈറൺ മുഴങ്ങുമ്പോൾ
ഇറങ്ങി വരുന്ന
തൊഴിലാളിക്കൂട്ടം
അതിനിടയിൽ റീബിൻ ...
കാര്യങ്ങളേറെയുള്ളപ്പോൾ
കുറെ പാഴ് വാക്കുകൾ
പറയുന്നത്
തെറ്റല്ലെന്ന് പറഞ്ഞ്
ധൈര്യം പകർന്ന റീബിൻ ..
അവരൊക്കെ ചേർന്നുയർത്തിയ
ആ റഷ്യ ഇപ്പോഴില്ല
യുദ്ധക്കൊതി മാത്രം
അവിടെയിപ്പോൾ
ആവിയിൽ വേവുന്നു ..
* പേരുകൾ മാക്സിം ഗോർക്കിയുടെ ' അമ്മ ' യിലേത്..