Image

അവൾ ( കവിത : ശാന്തിനി ടോം )

Published on 09 March, 2022
അവൾ ( കവിത : ശാന്തിനി ടോം )

പെറ്റ്‌ വീണയുടൻ അവൾ നാവ്‌ പിളർത്തി

നിലവിളിച്ചു.
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്,‌ 
കരഞ്ഞു വളരട്ടെ

അവൾ അക്ഷരങ്ങളെയും

നിറങ്ങളെയും  സ്നേഹിച്ചു.
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌,
വീട്‌ നോക്കാൻ പഠിക്കട്ടെ

അവൾ കറിക്കൂട്ടുകളിൽ സുഗന്ധം നിറച്ചു.
 നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌, 
അവൾ  രുചിയറിയാതെ കഴിക്കട്ടെ

അവൾ വിഴുപ്പലക്കി തുണികൾ വെളുപ്പിച്ചു.
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌, 
പുത്തൻ തിളക്കം വേണ്ട,

മങ്ങിയതുടുത്താൽ മതി

അന്യായങ്ങളെ അവൾ എതിർത്തു.
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌, 
ശബ്ദത്തിനു മൂർച്ച വേണ്ട, കണ്ണിൽ തീയും

അവൾ വയറുവേദനയുടെ ആകുലതകളറിയിച്ചു. 
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌, 
വേദനകളിൽ ചിരിക്കേണ്ടവൾ

വളവും വെള്ളവും കൊടുക്കാഞ്ഞിട്ടും 
അവൾ മരം പോലെ വളർന്നു
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞ്‌ ബാദ്ധ്യതയാണ്‌‌, 
അന്യന്റെ സ്വത്താണിവൾ

അന്യതാബോധം അവളിൽ നിറഞ്ഞപ്പോൾ
നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌
ക്ഷമയുടെ മറുവാക്കാണ്‌, എതിർവ്വാക്ക്‌ നിനക്കന്യം

സ്വന്തം കണ്ണീർത്തിളക്കങ്ങളും അവൾ മറച്ചു,
നിങ്ങൾക്കതൊന്നും കാണേണ്ടിയിരുന്നില്ല 
കാരണം അവളൊരു പെൺകുഞ്ഞായിരുന്നു

പിന്നെയൊരു പ്രളയത്തിൽ അവളൊരു മരമായി, 
നോവിലുരുകുമ്പോഴും വേരുകളാഴ്ത്തി അവൾ 
ഉറ്റവർക്കെല്ലാം താങ്ങും തണലുമായി

പെണ്ണിനുമാത്രം കഴിയുന്ന നന്മ, 
എന്നിട്ടും നിങ്ങൾ പറഞ്ഞു, പെൺകുഞ്ഞാണ്‌, 
വിനയവും വിധേയത്വവും കൂടെപ്പിറപ്പാണ്‌

അവളപ്പോഴും തലയുയർത്തി നിന്നു
പെണ്ണാണ്‌ ഞാൻ, സ്നേഹിച്ചാൽ സർവ്വംസഹയായ,
നോവിച്ചാൽ,  സര്‍വ്വസംഹാരിയായ പ്രകൃതി.

ഒരു അമ്മമനസപ്പോൾ ചിരിച്ചു, 
തല കുമ്പിട്ട‌ വിധേയത്വത്തിനുമപ്പുറം 
താൻപോരിമയുടെ ചിന്തകൾ പൂത്തപ്പോളാണ്‌

അവളൊരു മരമായത്‌... പെണ്ണായത്‌! 

Join WhatsApp News
Joy Parippallil 2022-03-10 09:32:17
കവിത മനോഹരം..!! സ്ത്രീ bold and beautiful ആവേണ്ടത്തിന്റെ പ്രസക്തി നന്നായി വരച്ചുകാട്ടിയിരിക്കുന്നു..!! ശാന്തിനിയ്ക്ക് ആശംസകൾ..🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക