Image

അക്കൽദാമ (കഥ: തമ്പി ആന്റണി)

Published on 10 March, 2022
അക്കൽദാമ (കഥ: തമ്പി ആന്റണി)
ഇടവപ്പാതിയിലെ ഇടിയും മഴയുമുള്ള ഒരു രാത്രിയിലാണ് റിട്ടയേർഡ് ജഡ്ജ് സത്യമൂർത്തിയുടെ കുന്നിൻപുറത്തെ

ബംഗ്ലാവിൽ  അയാൾ കടന്നു കയറിയത്.


പൊക്കമുള്ള റബർമരങ്ങളുടെ നിഴലുകൾ  ഒന്നിച്ചുകൂടിയതുകൊണ്ടായിരിക്കണം,

പകൽവെളിച്ചത്തിൽപോലും ആകെ ഒരിരുണ്ട അന്തരീക്ഷമാണ് അവിടെ.പ്രധാന നിരത്തിൽനിന്നു നോക്കിയാൽ  ബൊഗൈൻവില്ലയുടെ പടർപ്പുകളാൽ പൊതിഞ്ഞുനിൽക്കുന്ന ഗേറ്റല്ലാതെ,ആ ബംഗ്ലാവ് ആരുടേയും ശ്രദ്ധയിൽ പെടാറില്ല, . തവിട്ടു നിറത്തിലുള്ള പെയിന്റ് ഇളകിപോകാറായ വലിയ ഇരുമ്പു ഗേറ്റിലൂടെ ഉള്ളിലേക്ക് നോക്കിയാൽ ഒരു വണ്ടിക്കു കഷ്ട്ടിച്ചു പോകാൻ പാകത്തിൽ ടാറിട്ട റോഡ് കുന്നുകയറിപോകുന്നത് കാണാം.ഡ്രൈവേയുടെ ഇരുവശത്തും ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്ന ചെടികൾ കൂടാതെ തൊടിയിൽ പേരയും ജാതിക്കാ മരങ്ങളും ഇടകലർന്നു നിൽപ്പുണ്ട്. അവയുടെ ഇലകളിൽ എപ്പോഴും കാറ്റുണ്ടാവും


പെരുംമഴയത്ത് ഗേറ്റിനോടു ചേർന്ന് ഒരു ബൈക്ക് വന്നു നിന്നു.മഴക്കോട്ടിട്ടൊരാൾ ബൈക്കിൽനിന്നും ഇറങ്ങി ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു. ബൈക്ക് റോഡരുകിൽത്തന്നെ സ്റ്റാൻഡിൽ വെച്ചിട്ടു അയാൾ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗുമായി സാവധാനം നടന്ന്‌ വലതുഭാഗത്തുള്ള ചെറിയ ഗെയ്റ്റ് ബലമായി തുറന്നു. എന്നിട്ടു സ്വയം വിശ്വസിപ്പിക്കാനെന്നോണം ഒന്നുകൂടെ തിരിഞ്ഞുനോക്കി, മെല്ലെ നടന്നു ടാർ റോഡിലൂടെ കുന്നുകയറി.

     ബംഗ്ലാവിന്റെ വാതുക്കൽ എത്തിയപ്പോൾ അൽപനേരം ഒന്നുനിന്നു. Dr.Sathyamoorthi , Retired judge എന്നെഴുതിയ ഒരു കുഞ്ഞു നെയിം ബോർഡ് വാതിലിന്റെ വലതുഭാഗത്തായി തൂക്കിയിട്ടിരിന്നു.അതിൽ ഒരു പല്ലി ഇരപിടിക്കാൻ പതിഞ്ഞു നിൽപ്പുണ്ട്. അയാൾ അകത്തു ലൈറ്റ് ഉണ്ടെന്നുറപ്പുവരുത്തി, വാതിലിൽ മുട്ടി.

   അകത്തുനിന്നു അനക്കമൊന്നും ഉണ്ടായില്ല. കാറ്റിൽ ഒരില അയാളുടെ കാൽച്ചോട്ടിൽ വന്നുവീണു.കാറ്റതിന്റെ വഴിക്കുപോയപ്പോൾ അയാൾ കാളിങ് ബെലിൽ വിരൽ അമർത്തി. ഒരു കാൽപ്പെരുമാറ്റം വാതലിനടുത്തേക്കു അടുക്കുന്നതായി തോന്നി, വീടിനുള്ളിൽനിന്നും മറ്റു ശബ്ദങ്ങൾ ഒന്നും കേട്ടില്ല. വാതിലിനടുത്തുവന്നിട്ടു അകത്തുള്ള ആൾ ശബ്ദമുയർത്തി ചോദിച്ചു. 


“ആരാ..ഈ അസമയത്ത്? "


“കുറച്ചു ദൂരനിന്നാ“


“ഞാൻ അങ്ങോട്ടല്ലേ ചോദിച്ചത്. ചോദിച്ചതിനുത്തരം പറയൂ” 


“അകത്താരാ? "


നിങ്ങള്‍ക്ക് ലജ്ജയില്ലേ ,അസമയത്ത് എന്റെ വീടിന്റെ വാതിലിൽ മുട്ടിയിട്ടു എന്നോട് ആരാ എന്ന് ചോദിക്കാൻ . 


“ മനസിലായില്ലേ,പേരു പറഞ്ഞാൽ അറിയുന്ന ആളാ“


“ എന്നാൽപ്പിന്നെ പറഞ്ഞാൽ പോരെ “


അതൊരു അധികാരത്തിന്റെ സ്വരമായിരുന്നു. 


പാതാളം പരമു, നാട്ടുകാരൊന്നു ചുരുക്കി. ഇപ്പോൾ വെറും പാതാളം എന്നുപറഞ്ഞാലേ അറിയൂ.


“ ഈ രാത്രിയിൽ എവിടുന്നു വരുന്നു “


“ജയിലിൽനിന്നും, ഇന്നലെ ശിക്ഷ കഴിഞ്ഞിറങ്ങിയതാ”


“ കള്ളനല്ലേ എങ്ങനെ ശിക്ഷ കിട്ടാതിരിക്കും“


“ഇപ്പോഴെങ്കിലും നിങ്ങൾക്ക് ആളെ മനസ്സിലായല്ലോ സന്തോഷം”


“കള്ളനാണന്നു മനസ്സിലായി. എന്നാലും രാത്രിയിൽ വീടിന്റെ മുന്നിൽവന്നു മുട്ടിവിളിക്കുന്ന മോഷ്ട്ടാക്കളെപ്പറ്റി

കേട്ടിട്ടില്ല. ഈ അനുഭവം ആദ്യമായിട്ടാ“


“എല്ലാക്കാര്യങ്ങളും അങ്ങനെയല്ലേ ആദ്യം കഴിഞ്ഞാലല്ലേ രണ്ടാമതുള്ളു “


“ നിന്റെ തത്വശാസ്ത്രമൊന്നും കേൾക്കേണ്ട. വന്നകാര്യം പറഞ്ഞാ മതി “

സത്യമൂർത്തി അൽപ്പം ദേഷ്യഭാവത്തിലാണ് പ്രതികരിച്ചത്


“ഇന്നിപ്പം നേരിട്ടു കാണാമല്ലോ. അപ്പോൾ പറയാം” ജഡ്ജിനെ നന്നായി അറിയാവുന്ന കള്ളൻ വളരെ സൂക്ഷിച്ചാണ് പറഞ്ഞത്. 


“ കള്ളുകുടിച്ചു ലെക്കില്ലാത്ത കള്ളനായിരിക്കും അല്ലെങ്കിൽ വീട്ടുകാരനെ മുട്ടിവിളിക്കിലല്ലോ”


“ഞാൻ കള്ളനായിരുന്നു, കള്ളുകുടിയനാണ്. പക്ഷെ കണ്ടതേ പറയൂ. കള്ളസാക്ഷി പറയില്ല." 


“മനസ്സിലായില്ല”


“ വഴിയേ മനസിലായിക്കോളും.ഗെയ്റ്റിൽ ലൈറ്റ് തെളിയാത്തതുകൊണ്ട് ഉള്ളിൽ ആരെയും പ്രതീക്ഷിചില്ല."കള്ളൻ മറ്റെന്തോ ഓർത്തു പറഞ്ഞു.

" അതിക്രമിച്ചു വന്നു പോക്രിത്തരം പറയുന്നോ? കർക്കശ്യത്തോടെയുള്ള ശബ്ദമായിരുന്നെങ്കിലും കള്ളൻ അതൊന്നും ഗൗനിച്ചില്ല. 


“വീണ്ടും കാണാൻ സാധിക്കുന്നതിൽ സന്തോഷം”


ചോദിച്ചതിന് . മറുപടി പറയാതിരുന്നപ്പോൾ മൂർത്തി ഒന്ന് ഞെട്ടിയെന്നറിഞ്ഞ കള്ളൻ വാതിലിനോട് ചേർന്ന് നിന്നു പറഞ്ഞു.

“പേടിക്കേണ്ട. എനിക്ക് ചില കാര്യങ്ങൾ അറിയണം” 


ജഡ്ജ് അകത്തുനിന്നു കതകിന്റെ രണ്ടാമത്തെ ലോക്കിടുന്ന ശബ്ദം അപ്പോൾ വ്യക്തമായി. ലോക്ക് ശരിക്കും വീണു എന്നുറപ്പായശേഷം ജഡ്ജ് പറഞ്ഞു. 


“നിങ്ങളെ എനിക്കറിയില്ല. രാത്രിയിൽ ആരുവന്നാലും വാതിൽ തുറക്കാറില്ല “


“ വിധി നടപ്പിലാക്കിയവർക്കു പ്രതിയെ അറിയില്ലന്നോ? "കള്ളൻ പരമു ഉച്ചത്തിൽ പറഞ്ഞു. സത്യമൂർത്തി സംയമനം പാലിച്ചു കുറച്ചുനേരം മിണ്ടാതിരുന്നു. അപ്പോൾ കള്ളൻ  ശക്തിയോടെ വാതിലിൽ മുട്ടി.


“ ഏതു വിധിയെപറ്റിയാണ് പറയുന്നത്. എന്റെ മുൻപിൽ വരുന്ന തെളിവുകളെ ഞാൻ നോക്കാറുള്ളു. ആളുകളെ നോക്കാറില്ല."


“ഞാനും അങ്ങനെയാ... കൺമുമ്പിൽ കണ്ടതാ.. വെളുത്ത ജൂബയിട്ട രണ്ടുപേർ ആ വലിയ കെട്ടിടത്തിന്റെ പിറകിലത്തെ മതിൽ ചാടുന്നത്."


“മിന്നൽ വെളിച്ചത്തിൽ, അവരെ ആലിംഗനം ചെയിതു സ്വീകരിക്കുന്ന സ്ത്രീയെയും കണ്ടു”


“സ്ത്രീയാണെന്നുറപ്പുണ്ടോ? “


പെട്ടന്ന് ന്യായാധിപൻ സത്യമൂർത്തി കോടതിയിലും താൻ പ്രതികൂട്ടിലുമായതുപോലെ കള്ളന് തോന്നി.


“നിലാവത്തു അവളുടെ മുഴുത്ത മാറിടത്തിന്റെ ഇരുണ്ട നിഴൽ അയാളുടെ മാറത്തമരുന്നത് ഭിത്തിയിൽ പതിഞ്ഞിരുന്നു “  കള്ളൻ ഒരു കൂസലുമില്ലാതെ പറഞ്ഞു. 

“ അതു കണ്ടുനിന്നതിനാൽ മോഷണം നടന്നില്ല എന്നു പറയൂ” സത്യമൂർത്തി  പരിഹസിച്ചു.


“പക്ഷെ ദൃക്‌സാക്ഷിയായ ഒരു പാവം പെൺകൊച്ചിനെ”

പരമു കാര്യം വിസ്തരിക്കാൻ നിന്നില്ല. അയാൾക്ക്‌ കുറച്ചുനേരം മിണ്ടാതിരിക്കാൻ ആണപ്പോൾ തോന്നിയത്. മഴയുടെ ശബ്ദം മാത്രമായപ്പോൾ ആൾ സ്ഥലം വിട്ടോ എന്ന് അകത്തുള്ള ആൾക്ക് സംശയമുണ്ടായി.


 സത്യമൂർത്തിയുടെ മനസ്സ് വർഷങ്ങളോളം പിറകോട്ടു സഞ്ചരിച്ചു . വല്ലാത്തൊരു കുറ്റബോധം ഉള്ളിൽനിന്നും തികട്ടി തികട്ടി വന്നു. പരമുവിന്റെപോലെ എത്ര കള്ളന്മാരെ കണ്ടിരിക്കുന്നു പക്ഷെ പരമുവിന്റെ അന്നത്തെ ശിക്ഷ മോഷണത്തിനായിരുന്നില്ല. ആ പഴയ കഥയൊക്കെ മറക്കാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അയാളുടെ  രാത്രിയിലുള്ള എഴുന്നെള്ളത്ത്.കള്ളനോടു ദേഷ്യം വന്നെങ്കിലും സത്യമൂർത്തി സമചിത്തതയോടെയാണ് മറുപടി പറഞ്ഞത്. 


“ സത്യമെന്തന്നറിയാതെ എന്തെങ്കിലും വിളിച്ചുപറയരുത്”


“ സത്യം നിങ്ങൾക്കറിവുള്ളതാണല്ലോ മനപ്പൂർവം എന്നെ ക്രൂശിക്കുകയായിരുന്നു. എന്നോട് കൊലക്കുറ്റം ഏൽക്കാൻ

പറഞ്ഞത് നിങ്ങളും കൂടിയല്ലേ”


അവൻ പറഞ്ഞത് സത്യമാണ് ക്രിസ്തുവിനെ ക്രൂശ്ശിച്ചവരുടെ പിന്മുറക്കാരായ അധികാരവർഗ്ഗം അവനെ ക്രൂശ്ശിക്കുക , അവനെ ക്രൂശ്ശിക്കുക എന്ന് അലറി വിളിക്കുകയായിരുന്നില്ലേ. സത്യമൂർത്തി വാതിലിൽ തല ചാരി നിന്നു. പുറത്തൊരു മിന്നലുണ്ടായി.

“ഞാൻ പറഞ്ഞില്ലേ എനിക്ക് കിട്ടുന്ന തെളിവുകളെ ഞാൻ നോക്കിയിട്ടുള്ളു. പെണ്ണിനെ കിണറ്റിലിട്ടു കൊന്നതിനു സാക്ഷിയുണ്ട്. എന്നിട്ടും ഇപ്പോൾ പുറത്തിറങ്ങിയില്ലേ? ഇനിയാരെയാ പേടിക്കുന്നത്” ജഡ്ജ് സൗമ്യമായി പറഞ്ഞു. 


“ എനിക്കാരേം പേടിയില്ല, എന്നാലും തല്ലിയാൽ മറ്റേ കരണം കാണിക്കുന്ന ക്രിസ്തുവിന്റെയും ഗാന്ധിയുടെയും

പണിക്കൊന്നും എന്നെ കിട്ടില്ല, തന്നാൽ തിരിച്ചുതല്ലും കൊന്നാ കൊന്നെന്നു പറയും. പക്ഷെ നിങ്ങൾ ശിക്ഷിച്ച കേസിൽ ഞാൻ നിരപരാധിയാ”


വീട്ടുടമസ്ഥൻ കള്ളസാക്ഷി പറഞ്ഞതുകൊണ്ടാണ് പരമു അകത്തുപോയതെന്നു ബോധ്യമായതിനാലാണ് ഇയാളെ വെറുതെവിട്ടതെന്നും ജഡ്‌ജിനറിയാമായിരുന്നു. പക്ഷെ അതൊക്കെ ഇവനോട് ഇപ്പോൾ പറഞ്ഞിട്ടെന്തു കാര്യം .

“അതൊക്കെ എല്ലാ കുറ്റവാളികളും പറയുന്നതല്ലേ “


“ എന്തായാലും ഇപ്പോൾ ഈ രാത്രിയിൽ ഞാൻ പുറത്തും നിങ്ങൾ അകത്തുമാണ്, പൂർണസ്വതന്ത്രർ."

കള്ളൻ പരമു അവസരത്തിനൊത്തൊരു തമാശ പറഞ്ഞു. 


“ഞാൻ എന്നും പുറത്തായിരുന്നു, സ്വതന്ത്രനാണ്. ഒറ്റക്കു താമസിക്കുന്നു എന്നുമാത്രം”


“ അത് വെറും തോന്നലാണ്. നിരപരാധികളെ ശിക്ഷിച്ചതിൽനിന്നുള്ള കുറ്റബോധത്തിൽനിന്നും നിങ്ങളെപോലെയുള്ളവർക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല “


ജഡ്ജ് കുറച്ചുകൂടി അധികാരസ്വരത്തിലാണ് പിന്നീട് സംസാരിച്ചത്. 


“എന്താണ് പാതാളം പരമുവിന്റെ ഉദ്ദേശം “


“അപ്പോൾ പേരു മറന്നിട്ടില്ല അല്ലേ “


അതിനു മറുപടിയുണ്ടായില്ല,അകത്തു ഒച്ചയും അനക്കവും നിന്നു.


“ എന്നെ ശിഷിച്ചവർ ആരാണെങ്കിലും എനിക്കവരോടു പകരം ചോദിക്കണം “


പാതാളം എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.


“ അവരൊക്കെ ഉന്നതന്മാരാ ഒന്നു സൂക്ഷിച്ചാൽ നിനക്കു കൊള്ളാം. ഇല്ലെങ്കിൽ നിന്നെ അവർ ശരിക്കുള്ള പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തും"


“ അത് അങ്ങേക്കും ബാധകമാ. അവിടെ നമുക്കു മാവേലിക്കൊപ്പം സുഖമായി വാഴാം കള്ളവുമില്ല ചതിവുമില്ല”


“ രാത്രി കക്കാൻ വന്നിട്ടു ആളെ കളിയാക്കുവാണോടാ?”


“ അതൊക്കെ സാറിന് എങ്ങനെ വേണമെങ്കിലും കരുതാം. എന്നാലും എനിക്കറിയണം ആരൊക്കെയാണ് എന്നെ പ്രതിക്കൂട്ടിലാക്കിയത്”


മൂർത്തിയുടെ മുഖം വിളറി.


“എന്റെ കൈയിൽ അവരുടെ ലിസ്റ്റൊന്നുമില്ല. 

നീ വേഗം സ്ഥലം വിട്ടോ . ഇല്ലെങ്കിൽ എനിക്ക് പോലീസിൽ അറിയിക്കേണ്ടി വരും “


“അങ്ങനെ പേടിപ്പിക്കാതെ. ആ ലിസ്റ്റിൽ ജഡ്ജ് സത്യമൂർത്തി സാറുമുണ്ടല്ലോ, അതോ അതും മറന്നോ, എനിക്കെല്ലാം ഓർമ്മയുണ്ട്. നിങ്ങളെപോലെയുള്ളവർ ഉന്നതപദവിലെത്തുന്നതിന്റെ രഹസ്യം മുതൽ, കൈക്കൂലിമേടിച്ചു പ്രതിയെ രക്ഷപ്പെടുത്തിയതുവരെ അറിയാം ”


ജഡ്ജ് ഒന്നുക്കൂടെ ഞെട്ടിയെങ്കിലും അതു മറച്ചുവെച്ച് ഉച്ചത്തിൽ തന്നെ പറഞ്ഞു. 


“ഇപ്പോൾ വാതിൽ തുറന്നില്ലെങ്കിൽ നിനക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. ഒരു കാര്യം നീ മറന്നു. ഞാൻ ജഡ്ജായിരുന്നു കുറ്റവാളിയല്ല”


“നിരപരാധിയായ എന്നെ കുറ്റവാളിയാക്കി എന്റെ എല്ലാം നഷ്ടപ്പെടിത്തിയ നിങ്ങളാണ് ഏറ്റവും വലിയ കുറ്റവാളി”


അകത്തുനിന്നും മറുപടിയുണ്ടായില്ല. മഴയുടെ ശക്തി കുറഞ്ഞു. പരമു രണ്ടും കൽപ്പിച്ചു നിന്നു. വാതിൽ ചവുട്ടി പൊളിക്കണോ? പേരമരങ്ങളെ തഴുകിയെത്തിയ കാറ്റ്

അയാളെ തണുപ്പിച്ചു.കുറേനേരത്തെ നിശബ്ദതക്കു ശേഷം ക്ഷമകെട്ടപ്പോൾ കള്ളൻ ചോദിച്ചു. 


“ നിങ്ങൾ എന്തിനാണ് സത്യത്തെ ഭയപ്പെടുന്നത്”


“ കള്ളന്റെ സത്യത്തിനെന്തു വില “


“അതു നേരാ അതുകൊണ്ടാണല്ലോ ഞാനകത്തുപോയത്. ന്യായാധിപൻ സത്യമൂർത്തിയുടെ കള്ളത്തിനു പൊന്നുംവില കിട്ടിയെന്നും അറിയാം”

മേൽക്കൂരയിൽനിന്നും വെള്ളം ആസ്വസ്ഥതയോടെ ഇറ്റിറ്റു വീണുകൊണ്ടിരുന്നു...


ഇവൻ കക്കാൻ വന്നതല്ല, കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടുള്ള വരവാണെന്ന്‌ സത്യമൂർത്തിക്കു മനസ്സിലായി.


“എന്റെ സ്വിസ്സ് മെയ്ഡ് കുക്കു ക്ളോക്കെവിടെ”


അതെടുത്തത് അവനായിരിക്കും എന്നുള്ള ഒരൂഹത്തിലാണ് അയാൾ അങ്ങനെയൊരു ചോദ്യം ചോദിച്ചത്. 


"കൊണ്ടുവന്നിട്ടുണ്ട് സാർ "പരമു പറഞ്ഞു. 


മൂർത്തി ഭിത്തിയിൽ കുക്കു ക്ളോക്കിരുന്നിടത്തെ  അടയാളത്തിലേക്കു ഒന്നുകൂടി നോക്കി. പ്രിയതമ ഇരുപത്തഞ്ചാമത്തെ വെഡിങ് ആനിവേഴ്‌സറിക്കു തന്ന വിലയേറിയ സമ്മാനമാണല്ലോ!  അപ്പോഴാണ് സത്യമൂർത്തിക്കതു ഓർമ്മ വന്നത്. അവളുടെ സ്മരണ ഉറങ്ങുന്ന ക്ലോക്ക്!!


“എനിക്ക് രാക്കമ്മ സ്നേഹപൂവം തന്ന സമ്മാനമാ നീ മോഷ്ടിച്ചത്. അതിന്റെയൊന്നും പ്രാധാന്യം നിന്നോടു പറഞ്ഞിട്ട് ഒരുകാര്യവുമില്ലന്നറിയാം”


“അതൊക്കെ ഒരു കള്ളനെന്തിനറിയണം “


അതറിയാം പക്ഷെ മോഷണകുറ്റത്തിൽനിന്നും നീ രക്ഷപെടുമെന്നു വിചാരിക്കേണ്ട”


“ അരുതാത്ത കുറ്റത്തിനു സാക്ഷിയായതിൽപിന്നെ ഞാൻ

മോഷ്ടിച്ചിട്ടില്ല“


“അപ്പോൾ ഞങ്ങളുടെ കുക്കുക്ലോക്ക് മോഷ്ട്ടിച്ചതോ?“


“ അതൊക്കെ കള്ളനായിരുന്ന കാലത്തല്ലേ”


“ എല്ലാം തിരിച്ചു കൊടുക്കാനാ ഇറങ്ങിയത്, ഇനിയും പല വീടുകളിലും പോകണം”


“ അപ്പോൾ കള്ളൻ മാനസാന്തരപെട്ടു അല്ലെ “


“അതെ, പള്ളിമേടയിൽനിന്നും കിട്ടിയ പെയിന്റിങ്, അവസാനത്തെ അത്താഴം. അതും ഇന്നുതന്നെ യഥാസ്ഥാനത്തു കൊണ്ടുപോയി വെക്കണം”


“പച്ചകള്ളം പറഞ്ഞു എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ഞാൻ ന്യായാധിപനാ. നീ ദൈവത്തിനെവരെ അടിച്ചുമാറ്റിയ പെരുംകള്ളനാ “


“അപ്പോൾ ഈ വിലകൂടിയ ക്ലോക്ക് നിങ്ങൾക്ക് വേണ്ടെന്നാണോ പറയുന്നത് “


“ എനിക്ക് നിന്നെ വിശ്വാസമില്ല “


പരമു കയ്യിൽ ഇരുന്ന സഞ്ചിക്കകത്തുനിന്നും കുക്കൂ ക്ലോക്കെടുത്തു നിലത്തു വച്ചു , കീ തിരിച്ചപ്പോൾ പക്ഷി കുഞ്ഞു കിളിവാതിൽ തുറന്നുവന്ന്‌ മൂന്നുപ്രാവശ്യം ചിലച്ചു . 


“ ഇപ്പോൾ വിശ്വാസമായോ എനിക്ക് ഇത് ഭദ്രമായിട്ടു ഇരുന്ന സ്ഥലത്തു വെച്ചിട്ടു പോകണം “


 പണ്ടെങ്ങോ വായിച്ച ജീൻ വാൾജിന്റെ കഥയാണപ്പോൾ സത്യമൂർത്തി ഓർത്തത്‌. ബിഷപ്പിന്റെ വീട്ടിൽനിന്നും മെഴുകുതിരിക്കാലുകൾ മോഷ്ടിച്ചിട്ടു  മാനസാന്തരപെട്ട ശേഷം തിരിച്ചു കൊണ്ട് വെച്ച കള്ളന്റെ കഥ. അതൊക്കെ കഥയല്ലേ, കള്ളന്മാർ മിഷ്ട്ടിച്ച മുതൽ തിരിച്ചുകൊടുത്തതായി കേട്ടിട്ടുപോലുമില്ല. അങ്ങനെ ആലോചിച്ചുനിന്നപ്പോഴാണ് പാതാളം പരമു ആജ്ഞാപിച്ചത്. 


“വാതിൽ തുറക്കണം സാർ”


“ എന്തായാലും ഈ രാത്രിയിൽ വാതിൽ തുറക്കുന്ന പ്രശ്നമില്ല. ക്ലോക്കവിടെ വെച്ചിട്ടു നിനക്ക് പോകാം”


ജഡ്ജ് തറപ്പിച്ചു പറഞ്ഞു. 


“ഹാ ഹാ ..കള്ളനെ പേടിക്കുന്ന ജഡ്ജ് . ഈ സത്യം ഞാൻ പറഞ്ഞാലും ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല”


“നിനക്കിപ്പോൾ എന്താണ് വേണ്ടത് “


“ നിങ്ങളെ കാണണം. കുറെ കാര്യങ്ങൾ അറിയാനുണ്ട്”


“ എനിക്ക് ഇപ്പോൾ സമയമില്ല. പോയിട്ടു നേരം വെളുത്തിട്ടു വരൂ”


നാൻ പോയാൽ തിരുമ്പി വരാതെ . വന്ന കാര്യം സാധിച്ചിട്ടുത്താൻ പോവും. 


“ “നീയാര് രജനീകാന്താ “


“നാനും ഒരുതവണ ശൊന്നാൽ ആയിരം തവണ ശൊന്നമാതിരി “

സത്യമൂർത്തിയുടെ തമിഴ് പാരമ്പര്യത്തെ കളിയാക്കുന്ന മട്ടിൽ കള്ളൻ പറഞ്ഞു. 


അതുകൂടി കേട്ടപ്പോൾ സത്യമൂർത്തിക്കു ദേഷ്യം ഇരട്ടിച്ചു.


 അയാൾ ഫോണെടുത്തു പോലീസിനെ വിളിച്ചു. പുറത്തു മഴയുടെ ആരവം ഉണ്ടായിരുന്നതുകൊണ്ട് പരമു കേൾക്കത്തക്കരീതിയിൽ ‘ഹലോ പോലീസ്‌സ്റ്റേഷനല്ലേ’ എന്ന് നല്ല ഉച്ചത്തിലാ സംസാരിച്ചത് . അതുകേട്ട പരമു ഓടിയൊളിക്കുന്നതിന്റെ നിഴൽ ജനാലയുടെ കർട്ടനിലൂടെ കാണാമായിരുന്നു. വെറുതെ ഡയൽ ചെയ്തതാണെങ്കിലും സംഗതി ഏറ്റു. 


‘ജഡ്ജ് സത്യമൂർത്തിയോടാ അവന്റെ കളി’ 

അഹങ്കാരത്തോടെ അയാൾ ലിവിങ് റൂമിലെ സോഫയിൽ പോയിരുന്നു.കുറേനേരത്തേക്കു ഒരനക്കവുമില്ലാത്തതുകൊണ്ടു മെല്ലെ എഴുനേറ്റു കർട്ടൻ മാറ്റി പുറത്തേക്കു നോക്കി. കള്ളന്റെ പൊടിപോലുമില്ല. മഴ  ശമിച്ചെങ്കിലും മരം പെയ്തുകൊണ്ടിരുന്നു. പഠിച്ച കള്ളനല്ലേ  പോലീസിനെ വിളിച്ചതാണന്നോർത്തു മുങ്ങിയതായിരിക്കണം എന്നുകരുതി ഗ്ലാസ്സിൽ പകുതിയാക്കി വെച്ച വിസ്ക്കി ഒരു സിപ്പുകൂടി എടുത്തു. ലഹരി അകത്തു ചെന്നിട്ടും ഉൾഭയം അയാളിൽ നിന്നും വിട്ടുമാറിയിരുന്നില്ല. പെട്ടന്ന് ഒരിടി വെട്ടി , ഭാഗ്യം, കരണ്ടു പോയില്ല. അയാൾ ഗ്ലാസ്സ് കാലിയാക്കി മേശപ്പുറത്തു വെച്ചു.അപ്പോഴാണ് അടുക്കളവാതിലിൽ ചവിട്ടുന്ന ശബ്ദം കേട്ടത്. അതവനാ ആ പേരുംകള്ളൻ. അയാൾക്കുറപ്പായിരുന്നു. 


അയാൾ ഒരു ധൈര്യത്തിന് ഗ്ളാസ്സിൽ കുറച്ചു കൂടുതൽ വിസ്‌ക്കി ഒഴിച്ചു  ഒറ്റവലിക്ക് കുടിച്ചു. അങ്ങനെ

അവൻ ചവിട്ടിപൊളിച്ചു കയറട്ടെ. അപ്പോൾപിന്നെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ട്. ഭവന ഭേദനം വകുപ്പുനമ്പർ 457... മോഷണം... വധശ്രമം...അങ്ങനെ വകുപ്പുകൾ ഏറെ. തൊണ്ടിമുതൽ അവന്റെ കയ്യിൽത്തന്നെ ഉണ്ടല്ലോ, അയാൾ ഒന്നാശ്വസിച്ചു.  ചവിട്ടിന്റെ ശക്തി കൂടിക്കൂടി വന്നു.വാതിൽ പൊളിയുമെന്നായി. സത്യമൂർത്തി അസ്വസ്ഥനായി. നെറ്റി വിയർത്തു. അയാൾക്ക്‌ നെഞ്ചുവേദന വന്നു. വാതിലിനുള്ള ചവുട്ടു നെഞ്ചിൽ കൊണ്ടപോലെ...കയ്യിൽ ഇരുന്ന വിസ്‌കിഗ്ലാസ് താഴെവീണതും ഇടിമുഴങ്ങിയതും ഒന്നിച്ചായിരുന്നു. അതുകൊണ്ടു ഗ്ലാസ്സു പൊട്ടിച്ചിതറുന്ന ഒച്ച കള്ളനും കേട്ടില്ല. അയാൾ കതകു ചവിട്ടിത്തുറന്ന് അകത്തുകയറി. സത്യമൂർത്തിയെ തിരഞ്ഞുവെങ്കിലും ഒരനക്കവുമില്ല. അടുത്തുകണ്ട ഒരു കസേര ഭിത്തിയോട് ചേർത്തിട്ടു അതിൽ കയറിനിന്നു, കുക്കൂ ക്ലോക്ക്  വളരെ സൂഷിച്ചുതന്നെ യഥാസ്ഥാനത്തു ഉറപ്പിച്ചു.തെളിവിനായി ഫോണിൽ ഒരു പടവുമെടുത്തു. പെട്ടന്നാണ് പൊട്ടിയ ഗ്ലാസ്സ് കഷണങ്ങൾ ചിതറിക്കിടക്കുന്നതു കണ്ടത്. അതിൽ ചവിട്ടാതെ ശ്രദ്ധാപൂർവം  ലിവിങ് റൂമിലേക്കു ചെന്നപ്പോഴാണ് അനക്കമറ്റു കിടക്കുന്ന സത്യമൂർത്തിയെ കണ്ടത്. ഹാർട്ട് അറ്റയ്ക്കായിരിക്കും എന്നുതന്നെ കരുതി,കള്ളൻ  ധർമ്മസങ്കടത്തിലായി. 


ഈ അവസ്ഥയിൽ അയാളെ ഉപേക്ഷിച്ചിട്ടു പോകാൻ മനസ്സനുവദിച്ചില്ല. പോലീസിനെവിളിച്ചാൽ താൻ അകത്താകും. ഭാവനഭേദനം ജഡ്ജിനെ ഭീഷണിപ്പെടുത്തൽ അങ്ങനെ വകുപ്പുകളേറെയുണ്ടെന്നു പരമുവിനും അറിയാം.


 പഠിപ്പും വിവരവുമില്ലെങ്കിലും, തടവുകാലത്തെ സഹവാസത്തിൽ നിന്നും കിട്ടിയ അറിവുകളാ ഇപ്പോൾ ജീവിതത്തെ നയിക്കുന്നത്.

ഇതിപ്പോ ഏതാണ്ട് ചുകുത്താനും കടലിനും ഇടക്കായതുപോലത്തെ അവസ്ഥയാ... ആംബുലൻസും പോലീസിനെയും വിളിക്കാതെ, മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. പരമു അവിടിരുന്ന ലാൻഡ് ലൈനിൽനിന്നും പോലീസിനെ വിവരമറിയിച്ചു. 


അധികം താമസിയാതെതന്നെ ആംബുലൻസെത്തി. 


ഭിത്തിയിലിരുന്ന കുക്കു ക്ലോക്ക് അപ്പോൾ പന്ത്രണ്ടു തവണ ശബ്ദിച്ചു . ആ പക്ഷിക്കുഞ്ഞുങ്ങൾ "ഓടി രക്ഷപെട്ടോ രക്ഷപെട്ടോ’എന്ന് വിളിച്ചുപറയുന്നതുപോലെ പരമുവിന് തോന്നി. പിറകിലത്തെ  വാതിലിലൂടെത്തന്നെ പരമു പുറത്തേക്കിറങ്ങി. 


അവിടുന്ന് വേഗത്തിൽ നടന്നു. നടത്തത്തിനിടയിൽ തവളകളുടെ കരച്ചിൽ അയാളെ അസ്വസ്ഥനാക്കി. ഗെയ്റ്റ് കടന്നു  ബൈക്കിന്റെ അടുത്തുവരെ എത്തിയെങ്കിലും പോലീസിന്റെ വലയിൽ വീണു. ആരാടാ അത്? ഒരു പോലീസാകാരൻ പരമുവിന്റ മുഖത്തേക്ക് ടോർച് തെളിയിച്ചു. അയാൾ ഓടാൻ ശ്രമിച്ചില്ല.അടുത്തേക്ക് വന്ന ഒരു പോലീസുകാരൻ മഴക്കോട്ട് വലിച്ചുമാറ്റി. അപ്പോഴേ എസ് ഐ ക്കു ആളെ മനസ്സിലായി. 


“ ഇവനല്ലേ കള്ളൻ പാതാളം പരമു. നീ പിന്നേം പഴേപണി തുടങ്ങിയോ “


“ ഇല്ല സാർ ഞാൻ എല്ലാം നിർത്തി മുമ്പ് മോഷ്ട്ടിച്ച സാധനം തിരിച്ചുവെക്കാൻ വന്നതാ.അപ്പോഴാ ജഡ്ജ് യജമാനൻ നിലത്തുകിടക്കുന്നത് കണ്ടത്”


“നീ കൊന്നതാണോ? “


“ കൊന്നിട്ട് ഏതെങ്കിലും കള്ളൻ പോലീസിനെ വിളിക്കുമോ സാറേ “


നീ പഠിച്ച കള്ളനാ നിന്നെ എനിക്കത്ര വിശ്വാസമില്ല “


“ വിശ്വസിക്കാം സാർ ഞാൻ കള്ളം പറഞ്ഞിട്ടില്ല കള്ളസാക്ഷി പറഞ്ഞിട്ടില്ല. കൊന്നാ കൊന്നെന്നു തന്നെ പറയും. കണ്ടതേ അന്നും എന്നും പറഞ്ഞിട്ടുള്ളു. മോഷ്ടിച്ച ക്ലോക്ക് പോലും യഥാസ്ഥാനത്തു  വെച്ചിട്ടുണ്ട് “


 ഭിത്തിയേ തുക്കിയ ക്ലോക്കിന്റെ

പടം പരമു ഫോണിൽ കാണിച്ചുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കോൺസ്റ്റബിൾ അൽപ്പം ഉറക്കെ ചോദിച്ചു


“ അതെന്നതാടാ ബൈക്കിന്റെ പിറകിൽ”


“അതു.. പണ്ട് പള്ളിമേടയിൽ നിന്നു പൊക്കിയ കർത്താവിന്റെ പടമാ, അതുകൂടി തിരിച്ചുകൊണ്ടേവെക്കാൻ ഇറങ്ങിയതാ. ഞാൻ പഴയ പണിയങ്ങു നിർത്തി സാറേ”


"കർത്താവിനെവരെ അടിച്ചുമാറ്റുന്ന ആളാണെന്നറിയാം."  അവൻ പറയുന്നത്  വിശ്വാസത്തിലെടുക്കാതെ പോലീസുകാർ  തമ്മിൽ ഒന്ന് നോക്കി. ഉടൻതന്നെ കോൺസ്റ്റബിൾ പരമുവിന്റെ ബൈക്ക് ഉരുട്ടി ഗേറ്റിനുള്ളിൽ കയറ്റിവെച്ചു. 


“ ബാക്കി വിവരണങ്ങൾ സ്റ്റേഷനിൽ ചെന്നിട്ടു മതി. നീ തൽക്കാലം ജീപ്പിലോട്ടു കേറിക്കോ. തൊണ്ടിമുതലുംകൂടി എടുത്തോ”


“സാറിനറിയാമെല്ലോ ഞാൻ ജാമ്യത്തിലാണന്ന് “


“ എല്ലാം അറിയാം എന്നാലും ഇതൊക്കെയൊരു ഫോർമാലിറ്റിയല്ലേ . ഇനിയിപ്പം അയാളെങ്ങാനും തട്ടിപോയാൽ ഞങ്ങൾക്ക് പണി കൂടും. അതുകൊണ്ട് നീ വണ്ടിയിലോട്ടു കേറ് “ 

 

അപ്പോഴേക്കും ആംബുലൻസ് സൈറൺ മുഴക്കിയെത്തി.വീണ്ടും മഴ കനത്തു.

സത്യമൂർത്തിയെയും കൊണ്ട് ആംബുലൻസ് ഗേറ്റ് കടന്നുപോയി. എസ് ഐ പുകവലിച്ചു തീർന്നശേഷം ജീപ്പ് സ്റ്റാർട്ട്‌ ചെയ്യ്തു. പാതിരാമഴ  കനത്ത് എല്ലാവരെയും നിശബ്ദരാക്കിയിരുന്നു. വണ്ടിക്കുള്ളിൽ നിലത്ത്, പരമു കർത്താവിനെ കെട്ടി പിടിച്ചിരുന്നു.

      

അക്കൽദാമ * ക്രിസ്തുവിനെ ഒറ്റിക്കൊടുത്തശേഷം യൂദാസ് ഒളിച്ചോടിപ്പോയ ജെറുസലേമിലെ ഒരു പ്രദേശം . അവിടെവെച്ചു കുറ്റബോധത്താൽ അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു .

Join WhatsApp News
Saneer K A 2022-03-15 23:54:44
Super...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക