Image

കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിന്റെ ആയുസ് നീട്ടിക്കൊടുക്കുന്നു (ജോസ് ചാരുംമൂട്)

Published on 10 March, 2022
കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിന്റെ ആയുസ് നീട്ടിക്കൊടുക്കുന്നു (ജോസ് ചാരുംമൂട്)

ഇന്ത്യാ മഹാരാജ്യത്തില്‍ ധ്രുവീകരണവും, മുതലാളിത്തവും, വര്‍ഗീയവാദവും പ്രചരിപ്പിച്ച് അധികാരത്തിലിരിക്കുന്ന ഏകാധിപതിയായി വാണരുളുന്ന മോദി സര്‍ക്കാരിനെതിരേ ഒരു ചെറുവിരലുയര്‍ത്തുവാന്‍ കഴിയാത്തവണ്ണം കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സര്‍ക്കാരുകളെ ജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നത് കോണ്‍ഗ്രസ് ആണ്. കയ്യിലുള്ളതുപോലും വിഘടിപ്പിച്ച് ഗ്രൂപ്പുണ്ടാക്കി നഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് നാം കാണുന്നത്. 

പ്രതിപക്ഷത്ത് മഹാസഖ്യമുണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് അവസരം മുതലാക്കാതെ സഖ്യത്തോട് ചേര്‍ന്ന് ഒത്തൊരുമിച്ച് ബിജെപിയെ തരിപ്പണമാക്കാനുള്ള സാഹചര്യം ഒരുത്തിരിഞ്ഞുവരുമ്പോള്‍ കോണ്‍ഗ്രസ് വിഘടിച്ച് ത്രികോണ മത്സരത്തിനും ചതുഷ്‌കോണ മത്സരത്തിനും മുതിരുന്നതുകൊണ്ടാണ് ബിജെപി വീണ്ടും സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. 

പഞ്ചാബില്‍ വര്‍ഷങ്ങളായി ക്യാപ്റ്റന്‍ അമരേന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഭംഗിയായി ഭരിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വിള്ളലുണ്ടാക്കി അത് നഷ്ടപ്പെടുത്തി. ഇനി ഒരു മടങ്ങിവരവ് പ്രതീക്ഷിക്കേണ്ട കാര്യമില്ല. 

ഉത്തര്‍പ്രദേശില്‍ പ്രബലനായ യോഗി ആദിത്യനാഥിനെ തളയ്ക്കാന്‍ അവസരമുണ്ടായിരുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുമായും അഖിലേഷ് യാദവുമായും സമാജ് വാദി പാര്‍ട്ടിയുമായും മഹാസഖ്യമുണ്ടാക്കി ബിജെപിയെ തുരത്താന്‍ ലഭിച്ച സാഹചര്യം നഷ്ടപ്പെടുത്തി. വിഘടിച്ച് ത്രികോണ മത്സരം നടത്തി യോഗിയെ വീണ്ടും മഹാഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചതിന്റേയും ഉത്തരവാദിത്വത്തില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും നേതൃത്വത്തിലും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലുമൊക്കെ സ്ഥിതി സമാനമായി തുടരുന്നു. 

ബിജെപിയുടെ പ്രത്യേക അജണ്ടയായ കോണ്‍ഗ്രസ് മുക്ത ഭാരതത്തിനു സൂചന നല്‍കുന്ന ഫലങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് മുക്ത പ്രതിപക്ഷ ആശയും ഇവിടെ പ്രസക്തമാകുകയാണ്. കോണ്‍ഗ്രസ് നേതൃത്വം എത്രയും പെട്ടെന്ന് അഴിച്ച് പണിത് ശക്തവും പ്രബലവുമായ നേതാക്കളെ കണ്ടെത്തേണ്ടത് വളരെ അനിവാര്യമാണ്. അതല്ല മറിച്ചാണെങ്കില്‍ ഇന്ത്യാ മഹാരാജ്യം മോദിയുടേയും യോഗിയുടേയും നേതൃത്വത്തില്‍ ഏകാധിപത്യ മുതലാളിത്ത ഹിന്ദു രാഷ്ട്രമായി മാറുന്നത് കാണുവാന്‍ അധിക കാലം വേണ്ടിവരില്ല. ഇന്ത്യയുടെ മതേതരത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവ ഹനിക്കപ്പെട്ടേക്കാം. കോണ്‍ഗ്രസ് മഹാരഥന്മാര്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ചോര ചീന്തി കഷ്ടപ്പെട്ട് നേടിയെടുത്ത സ്വാതന്ത്ര്യം ഒരു മരീചികയായി മാറരുത് ഈ നാട്ടില്‍. 
ജയ്ഹിന്ദ് 
(തുടരും)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക