പോയിൻറ് വിചെൻറ് ലൈറ്റ് ഹൗസിനു മുൻപിലുള്ള ചാരുബെഞ്ചുകളിൽ ഒന്നിൽ, മുൻപിൽ ചക്രവാളത്തോളം നീണ്ടു കിടക്കുന്ന പസിഫിക് സമുദ്രത്തെ നോക്കി ഞാൻ ഇരുന്നു. മറ്റുള്ള ബെഞ്ചുകളിൽ എല്ലാം തന്നെ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു. സൂര്യപ്രകാശവും ചൂടും ആസ്വദിക്കാനും വോക്കിങ് ട്രെയ്‌ലിൽ അല്പം നടക്കാനുമായി എത്തിയവരായിരുന്നു അവരെല്ലാം തന്നെ. സാമാന്യം ചൂടുള്ള ദിവസമായിരുന്നു അത്. തണുത്തുറഞ്ഞ വിന്റർ ദിവസങ്ങൾക്കിടയിൽ വരദാനം പോലെ വീണുകിട്ടിയ സുഖമുള്ള ചൂട് ... അതുവരെയും വീടുകൾക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടിയിട്ട് പുറത്തേക്കിറങ്ങാൻ കിട്ടിയ അവസരം ആവോളം ആസ്വദിക്കാൻ എത്തിയവർ...
വെള്ളിമേഘങ്ങൾ ഓടിക്കളിക്കുന്ന ആകാശനീലിമ പസിഫിക്കിൻറെ ചെവിയിൽ എന്തോ കുസൃതി പറഞ്ഞതുകേട്ടു പൊട്ടിച്ചിരിക്കുന്ന സമുദ്രം... ആ ചിരിയുടെ അലകൾ കുഞ്ഞുതിരകളായി പളുങ്കുമണികൾ കോർത്ത മാല പോലെ തീരത്തെ അലങ്കരിക്കുന്നത് എത്ര സുന്ദരമായിട്ടാണെന്നോ!
പക്ഷേ, മനോജ്ഞമായ ഈ കാഴ്ചകൾ ഒന്നും തന്നെ ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല ഞാൻ അപ്പോൾ. കുറെയേറെ നാളായി ഒരുതരം മരവിപ്പ് എന്നെ ബാധിച്ചു തുടങ്ങിയിട്ട്. ഒന്നിലും ഒരു താല്പര്യം ഇല്ലായ്മ, ഒരു ഉന്മേഷക്കുറവ്. മരിച്ചിരുന്നെങ്കിൽ എന്ന് പോലും ചിന്തിച്ച ദിവസങ്ങൾ... പറയത്തക്ക അസുഖങ്ങൾ ഒന്നും ഇല്ല താനും. കുടുംബത്തിലും പ്രശ്നങ്ങൾ ഒന്നുമില്ല. എനിക്ക് എന്താണ്? എന്താണ് എന്നെ മഥിക്കുന്നത്? എന്താണ് ഒരു സ്ത്രീയ്ക്ക് വേണ്ടത്? എന്തേ എനിക്ക് സന്തോഷിക്കാൻ കഴിയാത്തത്?
കിടക്ക വിട്ട് എഴുന്നേൽക്കാനും, ഭക്ഷണം കഴിക്കാനുള്ള മടിയും കൂടിയായപ്പോൾ ഡോക്റ്റർമാരെ പലരെ കണ്ടു.
'നതിങ് റോങ് വിത്ത് യു' അവർ എല്ലാവരും ഒരുപോലെ പറഞ്ഞു.
'മേയ് ബി യു ആർ ടയേർഡ് ആൻഡ് ജസ്ററ് നീഡ് എ ബ്രേയ്ക്... എ ചേഞ് ജ് അഫ് സീൻ' എന്നുള്ള ഉപദേശത്തെ പിന്തുടർന്നായിരുന്നു ഞാൻ ആ റിസോർട്ടിൽ താമസിക്കാൻ വന്നത്.
'മാം, മേയ് ഐ ഷെയർ യുവർ സ്പേസ്?'
ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. പ്രായം ചെന്ന ഒരു മനുഷ്യൻ.
'ഒഫ് കോഴ്സ്'. ഞാൻ പറഞ്ഞു.
അവിടെ വേറെ ഒഴിവുള്ള ഇരിപ്പിടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അല്പം കൂടി ബെഞ്ചിൻറെ അറ്റത്തേക്ക് ഒതുങ്ങിയിരുന്ന് അയാൾക്കായി സ്‌ഥലം ഒരുക്കി.
'താങ്ക്സ്' പറഞ്ഞു അയാൾ കയ്യിലുണ്ടായിരുന്ന കെയ്‌ൻ മടക്കിവെച്ച് ബെഞ്ചിൻറെ മറ്റേ അറ്റത്തായി ഇരുന്നു. ഞാൻ ആ മനുഷ്യനെ ശ്രദ്ധിച്ചു. എഴുപതിനോടടുത്തായിരിക്കണം പ്രായം. ബെഞ്ചിൽ ചാരി, ചക്രവാളത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന അയാൾ മറ്റുള്ളവരെപ്പോലെ ചൂടും വെളിച്ചവും ആസ്വദിക്കാൻ എത്തിയതാണ് എന്ന് എനിക്ക് തോന്നിയില്ല. ആ ഇരുപ്പിലും, ആ നോട്ടത്തിലും എല്ലാം നഷ്ടപ്പെട്ടവൻറെ നിസ്സഹായത ആണ് ഞാൻ കണ്ടത്.
മോടിയായ വേഷവും മറ്റും കണ്ടിട്ട് പ്രശ്‍നം സാമ്പത്തികം ആണെന്ന് തോന്നിയില്ല. അതിസമ്പന്നരുടെ വാസസ്‌ഥലമായ അവിടെ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാൾ എങ്ങനെ വരാനാണ്? എന്ന് മാത്രമല്ല അയാളുടെ അലസമായ ആ ഇരുപ്പിൽ പോലും ഒരു ആഢ്യത്തം നിറഞ്ഞു നിന്നിരുന്നു. കണ്ണിമയ്ക്കാതെ അകലേക്ക് നോക്കിയിരിക്കുന്ന അയാളുടെ മനസ്സിൽ ദുഃഖത്തിൻറെ ഒരു സമുദ്രം അലയടിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. ഇടം കണ്ണിലൂടെ ഞാൻ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
നിമിഷങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു. നിശ്ചലമായ ആ ഇരിപ്പു അയാൾ തുടർന്നു. അയാളെ തനിയെ വിട്ടിട്ട് അവിടെ നിന്നും എഴുന്നേറ്റു മാറാൻ എനിക്ക് തോന്നിയുമില്ല. ഞാൻ നോട്ടം കടലിനു നേരെ ആക്കി. കുറെയേറെ നേരം കഴിഞ്ഞപ്പോൾ അയാളിൽ നിന്നൊരു തേങ്ങൽ കേട്ടത് പോലെ എനിക്ക് തോന്നി. ഞാൻ ഞെട്ടിത്തിരിഞ്ഞു അയാളെ നോക്കി.
അയാൾ തല കുമ്പിട്ടിരിക്കുകയായിരുന്നു. എന്തെങ്കിലും ചോദിച്ച് ശല്യപ്പെടുത്താൻ എനിക്ക് തോന്നിയില്ല. അത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം ആവില്ലേ? എന്നാൽ അവിടെ നിന്ന് മാറിപ്പോകാനും തോന്നിയില്ല.
വീണ്ടും നിമിഷങ്ങൾ കടന്നു പോയി. കുറെയേറെ നേരം കഴിഞ്ഞപ്പോൾ അയാൾ തല ഉയർത്തി എൻറെ നേരെ നോക്കി. അങ്ങനെ ഒരു അവസരം കാത്തിരിക്കുകയായിരുന്ന ഞാൻ ഹൃദ്യമായി പുഞ്ചിരിച്ചു. അയാളും. അയാളുടെ ചിരിയിൽ അടക്കിപ്പിടിച്ച സങ്കടത്തിൻറെ അലകൾ എനിക്ക് കാണാമായിരുന്നു.
അയാൾ എൻറെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: 'ആർ യു വിസിറ്റിംഗ്?'
'യെസ്'
'എലോൺ?'
'യെസ്' ഞാൻ ചിരിച്ചു. ഭർത്താവിൻറെ ജോലിത്തിരക്കിൻറെ വിശേഷം ഒന്നും അപരിചിതനായ ഒരാളോട് പറയാൻ തോന്നിയില്ല. അദ്ദേഹത്തിൻറെ തിരക്കുകളിൽ ഞാനും, എൻറെ കാര്യങ്ങളിൽ അദ്ദേഹവും ഇടപെടുന്നത് നിർത്തിയിട്ട് ഒരുപാട് കാലവുമായിരുന്നു. ഡോക്ടറിൻറെ നിർദേശം അനുസരിച്ച് വന്നതാണ് ഞാൻ എന്ന് പറയാനും എനിക്ക് തോന്നിയില്ല.
'ഞാനും.’ അയാൾ പറഞ്ഞു.
ഒന്ന് നിർത്തി, ഒരു ദീർഘനിശ്വാസത്തോടെ അയാൾ മന്ത്രിച്ചു: ‘മൈ വൈഫ് കിൽഡ് ഹേർസെൽഫ്. ഐ ഡോണ്ട് നോ വൈ ...'
ഞാൻ ഒന്നും പറഞ്ഞില്ല.
'അവൾക്കു ഞാൻ എല്ലാം കൊടുത്തു. ആരും കൊതിക്കുന്ന നല്ല വീട്, ഇഷ്ടം പോലെ ചെലവാക്കാൻ പണം, മിടുക്കരായ കുട്ടികൾ... അതൊക്കെയാണ് അവൾക്കു വേണ്ടിയിരുന്നത് എന്നാണ് ഞാൻ കരുതിയിരുന്നത്. എല്ലു മുറിയെ പണി ചെയ്താണ് ഞാൻ അതെല്ലാം ഉണ്ടാക്കിയത്. അവൾ സന്തോഷവതി ആയിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. പക്ഷേ, എന്തോ... എവിടെയോ...’ അയാളുടെ വാക്കുകൾ മുറിഞ്ഞു. മൗനത്തിൻറെ നിമിഷങ്ങൾ വീണ്ടും കടന്നു പോയി...
‘ഷി ഡിഡ് നോട് ടെൽ മി എനിതിങ്. ഡിഡ് നോട് ആസ്ക് ഫോർ എനിതിങ് ...'
'വീട്ടുജോലിയും കുട്ടികളെ പരിപാലിക്കലും ഒക്കെ കൂടി അവൾ എപ്പോഴും തിരക്കിലായിരുന്നു. എൻറെ വരുമാനം കൂടുന്നത് അനുസരിച്ച് ഞാൻ വലിയ വീടുകളും, കാറുകളും വാങ്ങി അവൾക്ക് നൽകി. പരിചാരകരെ നിയമിച്ചു. അതൊക്കെയാണ് അവൾക്കു വേണ്ടിയിരുന്നത് എന്ന്, അതൊക്കെ അവൾക്കു സന്തോഷം നൽകിയിരുന്നു എന്ന് ഞാനും കരുതി.'
'ഇഫ് ഒൺലി ഷി ടോൾഡ് മി വാട് ബോതേർഡ് ഹേർ ... എന്താണെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ… അവളുടെ ദുഃഖം, സ്വയം ഇല്ലാതെയാക്കാൻ പോരുന്ന ദുഃഖം എന്തായിരുന്നു?’
‘ഞാൻ കഷ്ടപ്പെട്ടതും ബുദ്ധിമുട്ടിയതും ഒക്കെയും വെറുതെ ആയിപ്പോയതുപോലെ... ഓൾ മൈ ഹാർഡ് വർക് റ്റു ബി എ ഗുഡ് ഹസ്ബൻഡ് ബൈ ഗിവിങ് ഹേർ എവരിതിങ് കെയിം റ്റു നതിങ് ...'
ഞാൻ ഞെട്ടിത്തരിച്ചിരിക്കയായിരുന്നു. അയാൾ പറയുന്നത് എൻറെ കഥയാണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ, വിരസമായ ദിനരാത്രങ്ങളുടെ ആവർത്തനമായി മാറിയ എൻറെ ജീവിതകഥ....
'ക്ഷമിക്കണം. എൻറെ കഥ പറഞ്ഞ് നിങ്ങളെ ഞാൻ ബോറടിപ്പിച്ചോ? അയാൾ എന്നോട് ചോദിച്ചു.
'ഇല്ല' എന്ന് ഞാൻ തലയാട്ടി. ഞങ്ങൾ രണ്ടുപേരും അൽപനേരം മൗനമായിരുന്നു.
പിന്നെ അയാൾ ആ ലൈറ്റ് ഹൗസിൻറെ ചരിത്രം കുറിച്ചിരുന്ന സ്തൂപത്തിനു നേരെ നോട്ടം തിരിച്ചു. അവിടെ ഒരു ഫലകത്തിൽ ആ ലൈറ് ഹൗസിൻറെ ചരിത്രം കൊത്തിവെച്ചിട്ടുണ്ടായിരുന്നു. അധികം അകലെയല്ലാത്ത ഭൂതകാലത്തിൽ അതിൻറെ കാവൽക്കാരന്റെ ഭാര്യ അവിടെ നിന്നും കാൽ വഴുതി വീണു മരിച്ചതിൻറെ തീയതിയും.
‘ലൈറ്റ് ഹൗസ് കാവൽക്കാരൻറെ ഭാര്യ എന്തിനായിരിക്കും അന്ന് ആ ലൈറ്റ് ഹൗസിലേക്ക് ചെന്നത്? ' അയാൾ ആരോടെന്നില്ലാതെ ചോദിച്ചു.
'അവൾക്കു അയാളോട് എന്തോ പറയാനുണ്ടായിരുന്നു...' ഞാൻ അറിയാതെ വാക്കുകൾ എൻറെ നാവിൽ നിന്നും പുറത്തേക്ക് തെറിച്ചു.
അയാൾ അദ്‌ഭുതത്തോടെ എൻറെ നേരെ നോക്കി...
'അയാൾ ജോലിക്കായി പോകുമ്പോൾ അവൾ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച്... വിരസമായ ദിനരാത്രങ്ങൾ ഉണ്ടാക്കുന്ന ജീവിതത്തോട് തന്നെയുള്ള വിരക്തിയെക്കുറിച്ച് .......’
എന്തോ മണ്ടത്തരം കേട്ടതുപോലെ അയാളുടെ മുഖത്ത് ഒരു അവജ്ഞ നിറഞ്ഞ ചിരി പരന്നു.
'മരണ തുല്യമായ ഏകാന്തത ...' ഞാൻ ഗൗരവത്തോടെ പറഞ്ഞു.
പെട്ടെന്ന് അയാളുടെ മുഖത്തെ ചിരി മാഞ്ഞ്, മുഖം വിളറിവെളുത്തു.
പിന്നെ ഒന്നും മിണ്ടാതെ കയ്യിൽ കരുതിയിരുന്ന കെയിൻ കുത്തി, വേച്ചു, വേച്ചു അയാൾ നടന്നു നീങ്ങുമ്പോൾ, പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഞാൻ എന്റെ ഭർത്താവിൻറെ നമ്പർ ഡയൽ ചെയ്തു.