Image

ഫൊക്കാന ഹ്യുമാനിറ്റേറിയൻ ഓഫ് ദ ഡെക്കേഡ്  പുരസ്‌കാരം പ്രൊഫ. ഗോപിനാഥ് മുതുകാടിന് സമർപ്പിച്ചു

രാജേഷ് തില്ലങ്കേരി Published on 12 March, 2022
ഫൊക്കാന ഹ്യുമാനിറ്റേറിയൻ ഓഫ് ദ ഡെക്കേഡ്  പുരസ്‌കാരം പ്രൊഫ. ഗോപിനാഥ് മുതുകാടിന് സമർപ്പിച്ചു

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ  മക്കളെ സംരക്ഷിക്കാനും, അവരെ ജീവിതയാത്രയിൽ സ്വയം പര്യാപ്തരാക്കാനുമായി ഗോപിനാഥ് മുതുകാട് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഫൊക്കാന കേരളാ കൺവെൻഷന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ.


സ്‌നേഹമാണ് എല്ലാ മതങ്ങളും മുന്നോട്ടുവെക്കുന്ന സന്ദേശംമെന്നും പരസ്പരം സ്‌നേഹിക്കാനും സംരക്ഷിക്കാനുമുള്ള വലിയ മനസാണ് ഗോപിനാഥ് മുതുകാടിനെ ഏറെ വ്യത്യസ്തനാക്കുന്നതെന്നും ഗവർണർ അഭിപ്രായപ്പെട്ടു.

 കേരളാ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ ഓഫ് ദ ഡീക്കേഡ്  പുരസ്‌കാരം ഗോപിനാഥ് മുതുകാടിന് ഗവർണർ സമർപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ ഏറെ പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി ഫൊക്കാന ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരമാണ്  ഹ്യുമാനിറ്റേറിയൻ ഓഫ് ദ ഡെക്കേഡ് പുരസ്‌കാരം.

സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച അതുല്യ പ്രതിഭയാണ്  ഗോപിനാഥ് മുതുകാടെന്നും അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ  മാതൃകയാണെന്നും  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ  കുട്ടികളെ  ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി മുതുകാടിന്റെ നേതൃത്വത്തിൽ ലോകാത്തര മാനദണ്ഡങ്ങൾ പുലർത്തിക്കൊണ്ട് ആരംഭിച്ച മാജിക് പ്ലാനറ്റിന്റെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനീയമാണ്. മാജിക് പ്ലാനറ്റിന്റെ തുടക്കം മുതൽ  ഫൊക്കാനയുമായി ഏറെ ആത്മ ബന്ധം പുലർത്തുന്ന ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക്ക് ഫൊക്കാന എന്നും പിന്തുണ നൽകിയിട്ടുണ്ട്. മാനവികതയിലൂന്നിയുള്ള നിസ്വാർത്ഥമായ അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ ആദരം.

കരിസ്മ സെന്റർ തുടങ്ങി മാജിക്ക് പ്ലാനറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഫൊക്കാനയുടെ സഹകരണം തുടർന്നും നൽകാനായതും മാജിക് പ്ലാനറ്റിന്റെ പ്രവർത്തനങ്ങളുമായി കൂടുതൽ സഹകരിക്കാൻ ഫൊക്കാന തീരുമാനിച്ചതും ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നുവെന്നും ജോർജി വർഗീസ് വ്യക്തമാക്കി. ഫൊക്കാന കേരളാ കൺവെൻഷന്റെ വിജയത്തിനായി ഫൊക്കാന നേതാക്കൾക്കൊപ്പം ഫൊക്കാനയുടെ ഒരു കുടുംബാംഗമെന്ന നിലയിൽ കൺവെൻഷൻ പേട്രൺ എന്ന  ചുമഖലയേറ്റെടുത്തു
മാതൃകാപരമായ പ്രവർത്തനങ്ങളാണ്  മുതുകാട് നടത്തിയതെന്നും പൊതുസമൂഹത്തിന് എന്നും മാതൃകയാണ് മുതുകാടെന്നും ജോർജി വർഗീസ് കൂട്ടിച്ചേർത്തു.

നിങ്ങൾക്ക് ദൈവത്തെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ കഴക്കൂട്ടത്തെ മാജിക്ക് പ്ലാനറ്റിലേക്ക് വരികയെന്നായിരുന്നു ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്റണിയുടെ വാക്കുകൾ. ദൈവത്തിന്റെ മക്കളെ സംരക്ഷിക്കുന്നതിനായി സ്വന്തം കരിയറും ജീവിതവും മാറ്റി വെക്കുകവഴി ദൈവതുല്യനായി ഗോപിനാഥ് മുതുകാട് മാറുകയായിരുന്നുവെന്നും സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ആരുമില്ലാത്തവർക്ക് തണലായി, ആശ്വാസദായകനായി കൈപിടിച്ചുയർത്തുന്നത് ദൈവമല്ലാതെ മറ്റാരാണ്‌?- സജിമോൻ ചോദിക്കുന്നു.

 കഴക്കൂട്ടത്തെ മാജിക്ക് പ്ലാനറ്റിൽ ചെന്നാൽ കാണുന്നത് ദൈവത്തിന്റെ കൈയ്യൊപ്പ് ചാർത്തിയ പ്രൊഫ. ഗോപിനാഥ് മുതുകാട് എന്ന മനുഷ്യ സ്നേഹിയുടെ സ്നേഹം തുളുമ്പുന്ന പുഞ്ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ, കാപട്യമില്ലാത്ത,  പുഞ്ചിരിക്കുന്ന മുഖം പോലെത്തന്നെ മനുഷ്യ മനസുകൾക്ക് ഏറെ കുളിർമ നൽകുന്ന കാരുണ്യപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് മാജിക്ക് പ്ലാനറ്റിൽ ദർശിക്കാൻ കഴിയുക. സമൂഹത്തിൽ പാർശ്യവല്ക്കരിക്കപ്പെട്ടുപോകുമായിരുന്ന നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തന്റെ ജീവിതം തന്നെ മാറ്റി വച്ച അദ്ദേഹം ആ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനം കൊണ്ട് ആ കുഞ്ഞുങ്ങളെ ഇന്ന്  ഭിന്നശേഷിക്കാരെന്നു വിളിക്കാൻ കഴിയില്ല . മറിച്ച്, അപാര കഴിവുകൾ ഉള്ള മിടുമിടുക്കന്മാരാക്കി (സ്പെഷ്യലി ഏബിൾഡ് ) അവരെ അദ്ദേഹം മാറ്റിയെടുത്തു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപെട്ട ഈ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കാനുള്ള വരുമാനമാർഗവും പ്രൊഫ. മുതുകാട് അവർക്ക് നൽകി വരികയാണ്. ഇങ്ങനെ മനസറിഞ്ഞു സ്നേഹിക്കുന്ന ഈ മനുഷ്യ സ്‌നേഹി ദൈവമല്ലാതെ മറ്റാരാണ്?- സജിമോൻ പറഞ്ഞു.

പൊഫ. മുതുകാടുമായും മാജിക്ക് പ്ലാനറ്റുമായും തനിക്ക് വ്യക്തിപരമായ ആത്മബന്ധമുണ്ടെന്ന് ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോ ഓഡിനേറ്റർ പോൾ കറുകപ്പള്ളിൽ പറഞ്ഞു. നാട്ടിൽ വരുമ്പോൾ പ്രൊഫ. മുതുകാടിനേയും കാണാതെയും മാജിക്ക് പ്ലാനറ്റ് സന്ദർശിക്കാതെയും പോകാറില്ല. പ്രഫ. മുതുകാടിൻറെ മിക്കവാറുമുള്ള എല്ലാ പദ്ധതികളിലും  ഫൊക്കാന നേരിട്ടും അല്ലാതെയും സഹകരിക്കരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം മാജിക്ക് പ്ലാനറ്റിലെ അമ്മമാരെ സഹായിക്കുന്ന കരിസ്മ എന്ന പദ്ധതിയുമായി സഹകരിച്ചുകൊണ്ടായിരുന്നുവെന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി പറഞ്ഞു. വിമൻസ് ഫോറത്തിന്റെ പ്രവർത്തനം ആരംഭിച്ചതുതന്നെ ഏറ്റവും അർഹമായവർക്ക് സേവനം ചെയ്തതിനാലാകാം തുടർന്നങ്ങോട്ടുള്ള വിമൻസ് ഫോറത്തിന്റെ എല്ലാ പരിപാടികളും അങ്ങേയറ്റം മികവുറ്റവയായിരുന്നുവെന്നും ഡോ. കല കൂട്ടിച്ചേർത്തു.

ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്,  ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്,  ഫൊക്കാനയുടെ ബോർഡ്-എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളും മറ്റു നേതാക്കളും  പുരസ്‌കാര സമർപ്പണത്ത ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫൊക്കാന വിമൺസ് ചെയർപേഴ്സൺ  ഡോ. കലാ ഷഹി, യുണൈറ്റഡ് നേഷൻസ് മിസിസ് ഇന്ത്യാ പുരസ്‌ക്കാര ജേതാവ് നിമ്മി കോശി എന്നിവരായിരുന്നു സമാപന സമ്മേളനത്തിൽ എം സി മാരായി പ്രവർത്തിച്ചിരുന്നത്.

ഫൊക്കാനയുടെ സഹായസഹകരണങ്ങൾ തന്റെ പ്രവർത്തനങ്ങൾക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് ഗോപിനാഥ് മുതുകാട് നന്ദിപ്രസംഗത്തിൽ പറഞ്ഞു. മാജിക്ക് പ്ലാനറ്റിന്റെ തുടക്കം മുതൽ ഉണ്ടായ സാമ്പത്തിക സഹായങ്ങൾ തനിക്ക് ഏറെ ഊർജ്ജം പകരുന്നതായിരുന്നുവെന്നും ഫൊക്കാനയുടെ ഭാരവാഹികളോടുള്ള നന്ദി ഒറ്റവാക്കിൽ ഒതുക്കാവുന്നതല്ലെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. ഫൊക്കാന പോലുള്ള അന്തർദേശീയ പ്രവാസി സംഘടനകളുടെ സഹകരണമില്ലായിരുന്നുവെങ്കിൽ മാജിക് പ്ലാനറ്റിന്റെ പ്രവർത്തനം തന്നെ നിർജീവമാകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളാ കൺവെൻഷൻ ഒരു ചരിത്ര സംഭവമാക്കാൻ പ്രയത്നിച്ച എല്ലാ ഫൊക്കാന അംഗങ്ങളെയും അഭിനന്ദിക്കുന്നതായി പ്രസിഡന്റ്  ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക