Image

സെമിഫൈനല്‍: ബി.ജെ.പി.ക്കും ആം ആദ്മിക്കും മേല്‍ക്കൈ, സമാജ് വാദിക്ക് പുരോഗതി, കോണ്‍ഗ്രസും ബി.എസ്.പി.യും അകാലിയും തുടച്ചു മാറ്റപ്പെടുന്നു. മാറുന്ന രാഷ്ട്രീയം(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 12 March, 2022
സെമിഫൈനല്‍: ബി.ജെ.പി.ക്കും ആം ആദ്മിക്കും മേല്‍ക്കൈ, സമാജ് വാദിക്ക് പുരോഗതി, കോണ്‍ഗ്രസും ബി.എസ്.പി.യും അകാലിയും തുടച്ചു മാറ്റപ്പെടുന്നു. മാറുന്ന രാഷ്ട്രീയം(ദല്‍ഹികത്ത് : പി.വി.തോമസ്)

2024- ലെലോകസഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും ആം ആദ്മി പാര്‍ട്ടിയും വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശില്‍ പ്രകടമായ പുരോഗതി ഉണ്ടായപ്പോള്‍ കോണ്‍ഗ്രസും ബി.എസ്.പി.യും അകാലിദളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നതില്‍ സംശയം ഇല്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബി.ജെ.പി.യിലെ അതിശക്തനായ നേതാവായി മാറിയിരിക്കുകയാണ്. നെഹ്‌റു-ഗാന്ധി രാഷ്ട്രീയവംശ വാഴ്ചയുടെ പ്രതാപം അസ്തമിച്ചിരിക്കുകയാണ്. അതുപോലെതന്നെ പഞ്ചാബില്‍ അകാലിദളിന്റെയും ബാദല്‍മാരുടെയും രാഷ്ട്രീയ പരമ്പരയും. മായാവതി എന്ന ദളിത് മിഥ്യയും തകര്‍ന്നടിഞ്ഞിരിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു നിര്‍ണ്ണായ ശക്തിയായി വളരുവാനുള്ള സാദ്ധ്യതകള്‍ തെളിയുകയാണ്. 2024-ലെ പ്രധാന എതിരാളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേജരിവാളും ആയിരിക്കുമെന്നുവരെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി തുടങ്ങി. എന്തായിരിക്കും യാഥാര്‍ത്ഥ്യം എന്നത് വരുംമാസങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തെളിയിക്കും. പ്രസിദ്ധമായ 'ഗോരവ് പീഠ'ത്തിലെ മഹാരാജ് ക്രമേണ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുമോ? ഈ ചോദ്യം ഇപ്പോള്‍ ദല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴിയില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട്.
യോഗിക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അദ്ദേഹം കോവിഡ് കൈകാര്യം ചെയ്തരീതി, അഖിലേഷ് യാദവിന്റെ 'ഗുണ്ടാരാജ്' അവസാനിപ്പിച്ച് ഉത്തര്‍പ്രദേശിനെ ഒരു 'പോലീസ് സ്‌റ്റേറ്റ്' ആക്കിയത് , ഹത്തരാസ് കൂട്ടബലാല്‍സംഗത്തിലും ലഖിംപൂര്‍ ഖേരിയില്‍ വാഹനം കയറ്റി കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ കൊല ചെയ്തപ്പോള്‍ സ്വീകരിച്ച നടപടിയും, നാണയ പെരുപ്പവും തൊഴിലില്ലായ്മയും എല്ലാം ഇതില്‍പെടുന്നു. പക്ഷേ, ഭൂരിപക്ഷമതവിഭാഗം അദ്ദേഹത്തെ തീവ്രഹിന്ദുത്വയുടെ പ്രതീകമായി കണ്ട യോഗി മുന്‍കൈയ് എടുത്തു നിര്‍മ്മിക്കുന്ന രാമക്ഷേത്രവും കാശി-വിശ്വനാഥ് ആത്മീയ ഇടനാഴിയും എല്ലാം അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. അതില്‍ ആള്‍ക്കൂട്ടക്കൊലയും കരിമ്പിന്‍ കൃഷിക്കാരുടെ പ്രശ്‌നങ്ങളും എല്ലാം വിസ്മരിക്കപ്പെട്ടു. യോഗി കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്ത കര്‍ഷകരുടെ അപ്രീതിയെയും അതിജീവിച്ചു. അദ്ദേഹത്തിന്റെ ലൗജിഹാദ്- മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ജനം സ്വീകരിച്ചു. പുരോഗമനപദ്ധതികളും അദ്ദേഹത്തിന്റെ മുദ്രാവാക്യം ആയിരുന്നു. ഇതിന്റെയെല്ലാം ഫലമായി യോഗിക്ക് മൂന്നരപതിറ്റാണ്ടുകള്‍ക്ക് ശേഷം ഭരണതുടര്‍ച്ച ഉറപ്പുവരുത്തി ചരിത്രം സൃഷ്ടിക്കുവാന്‍ സാധിച്ചു. ഇത് വലിയ ഒരു വിജയം തന്നെ ആയിരുന്നു. 2024-ലിലേക്ക് ബി.ജെ.പി.ക്ക് നല്ല ഒരു ആരംഭമായി മാറി. 272 സീറ്റുകള്‍ 403 അംഗ നിയമസഭയില്‍ നേടിയ ബി.ജെ.പി.ക്ക് 2017-ലെതിനേക്കാള്‍ 50 സീറ്റുകള്‍ കുറഞ്ഞു പോയെങ്കിലും യോഗി ചരിത്രം സൃഷ്ടിച്ചു. സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും 126 സീറ്റുകള്‍ നേടി. ഇതു 2017-ലെ തിനേക്കാള്‍ 74 സീറ്റുകള്‍ കൂടുതല്‍ ആണ്. കഴിഞ്ഞ പ്രാവശ്യം സമാജ് വാദി പാര്‍ട്ടി സഖ്യത്തില്‍ ഏഴ് സീറ്റകള്‍ നേടിയ കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങി. ബഹുജന്‍സമാജ് പാര്‍ട്ടി 18-ല്‍ നിന്നും ഒന്നായി കുറഞ്ഞു. ഈ രണ്ട് പാര്‍ട്ടികളും ഉത്തര്‍പ്രദേശില്‍ അപ്രസക്തമായി. കോണ്‍ഗ്രസിന്റെ പ്രചരണം പ്രിയങ്കയുടെ നേതൃത്വത്തില്‍ ആയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
പഞ്ചാബ് ആയിരുന്നു കോണ്‍ഗ്രസിന് ഏറ്റവും വലിയ ഷോക്ക് നല്‍കിയത്. കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു എന്നു മാത്രമല്ല വെറും 18 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 59 സീറ്റുകള്‍ നഷ്ടമായി. എന്നാല്‍ ആം ആദ്മി പാര്‍ട്ടി 92 സീറ്റുകള്‍ 117 അംഗസംഖ്യയുടെ പഞ്ചാബ് നിയമസഭയില്‍ നേടി ചരിത്രം സൃഷ്ടിച്ചു. 2017-ല്‍ ലഭിച്ചതില്‍ നിന്നും 72 സീറ്റുകള്‍ കൂടുതല്‍! കേജരിവാളിന്റെ വ്യക്തി പ്രഭാവവും ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി മോഡല്‍ വികസന പരിപാടികളും പഞ്ചാബിലെ ജനങ്ങളെ ആകര്‍ഷിച്ചു. അകാലിദള്‍ 12 സീറ്റില്‍ നി്ന്നും മൂന്നിലേക്ക് ചുരുങ്ങി. മറ്റൊരു കുടുംബ ഭരണത്തിന് ഏറ്റ തകര്‍ച്ച. കര്‍ഷകവിരുദ്ധനിയമങ്ങളില്‍ പ്രതിഷേധിച്ച് അകാലിദള്‍ എന്‍.ഡി.എ.യില്‍ നിന്നും കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചതായിരുന്നു. പക്ഷേ കര്‍ഷകരെ അതൊന്നും ആകര്‍ഷിച്ചില്ല. ബി.ജെ.പി.ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചു. ഒന്ന് കുറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം ദന്തഗോപുരത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഹൈക്കമാന്റ് ആണ്- സോണിയഗാന്ധിയും രാഹുലും പ്രിയങ്കയും ആണെന്ന് പറയാം. ദല്‍ഹിയിലെ ഈ ദന്തഗോപുരത്തില്‍ ഇരുന്നുകൊണ്ടാണ് ഹൈകമാന്റ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്ങിനെ മാറ്റുന്നതും അ്‌ദ്ദേഹത്തിന്റെ നിത്യവിമര്‍ശകനായ നവജ്യോത്സിംങ്ങ് എന്ന പഴയ ക്രിക്കറ്റര്‍ ബി.ജെ.പി. നേതാവിനെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആയി വാഴിക്കുന്നതും. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം ലഭിക്കാതായപ്പോള്‍ സിദു രാജിവച്ചു. അത് വീണ്ടും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഒടുവില്‍ ഹൈക്കാന്റ് സിദ്ദുവിനെ അനുനയിപ്പിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പഞ്ചാബില്‍ രക്ഷപ്പെട്ടില്ല. സിദ്ദു തെരഞ്ഞെടുപ്പില്‍ തോറ്റു. ഹൈക്കമാന്റ് നിയമിച്ച പുതിയ മുഖ്യമന്ത്രി ചരണ്‍ജിത് സിംങ്ങ് ഛന്നി മത്സരിച്ച രണ്ടിടത്തും തോറ്റുപോയി. കര്‍ഷകസമരം കോണ്‍ഗ്രസിനെയോ അകാലിയെയോ സഹായിച്ചില്ല. കര്‍ഷകരുടെ സംയുക്ത പാര്‍ട്ടിയും ജയിച്ചില്ല. പഞ്ചാബ് കോണ്‍ഗ്രസിന്റെ മൊത്തത്തിലുള്ള നേതൃഅരാജകത്വത്തിന്റെ ഇരയാണ്. പഞ്ചാബില്‍ തോറ്റതോടെ കോണ്‍ഗ്രസ് ഇപ്പോള്‍ കോവലം രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് തനിച്ച് ഭരിക്കുന്നത്-രാജസ്ഥാനും ഛത്തീസ്ഘട്ടും. ഇവിടെ ഭരണതുടര്‍ച്ച ഉണ്ടാകുമോ എന്ന കാര്യം 2023-ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അറിയാം.
ഉത്തര്‍പ്രദേശ് പോലെ ബി.ജെ.പി. ഭരണതുടര്‍ച്ച ഉറപ്പിച്ച മറ്റൊരു സംസ്ഥാനം ആണ് ഉത്തരാഖണ്ഡ്. ബി.ജെ.പി.ക്ക് ഭരണതുടര്‍ച്ച അവകാശപ്പെടാവുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങള്‍ മണിപ്പൂരും ഗോവയും ആണ്. ഉത്തരാഖണ്ഡില്‍(70) ബി.ജെ.പി 47 സീറ്റുകള്‍ നേടി. 10 സീറ്റുകള്‍ 2017-ല്‍ നിന്നും കുറഞ്ഞു പോയി. കോണ്‍ഗ്രസ് 19 സീറ്റുകള്‍ നേടി. എട്ട് സീറ്റുകള്‍ അധികം. പക്ഷേ, കോണ്‍ഗ്രസിനുള്ളിലെ പോര് ഇല്ലായിരുന്നുവെങ്കില്‍ അതിന് ജയിക്കാമായിരുന്ന ഒരു സംസ്ഥാനം ആയിരുന്നു ഉത്തരാഖണ്ഡ്. ഉള്‍പ്പോരിന്റെ ഫലമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹരീഷ് റാവത്തും തോറ്റുപോയി. ബി.ജെ.പി.യിലും കടുത്ത ഉള്‍പ്പോര് ഉണ്ടായിരുന്നു. മൂന്നുപ്രാവശ്യം ആണ് അത് മുഖ്യമന്ത്രിയെ മാറ്റിയത്. എങ്കിലും ആ അരക്ഷിതാവസ്ഥയെ എല്ലാം മറികടക്കുവാന്‍ ബി.ജെ.പി.ക്ക് സാധിച്ചു. ഉത്തരാഖാണ്ഡ് പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ ഒരു കോട്ടയായിരുന്നു അത് ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നപ്പോള്‍.
ഗോവയിലും ബി.ജെ.പി.ക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചു. ഗോവയില്‍(40) ബി.ജെ.പി. 20 സീറ്റുകള്‍ നേടി. ബാക്കി സ്വതന്ത്രരെയും ചേര്‍ത്ത് മന്ത്രിസഭ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ പ്രാവശ്യം ഏറ്റവും വലിയ ഒററകക്ഷിയായി വന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് കേന്ദ്ര നേതാക്കന്മാരുടെ പിടിപ്പ്‌കേടുകൊണ്ടായിരുന്നു. ഇപ്രാവശ്യം 11 സീറ്റുകള്‍ ആണ് നേടിയത്. ഒമ്പത് സീറ്റുകള്‍ കുറവ്. ഗോവയില്‍ നേട്ടം ഉണ്ടാക്കിയത് ആം ആദ്മി പാര്‍ട്ടി ആണ്-രണ്ട്. ദല്‍ഹിക്കും പഞ്ചാബിനും വെളിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പാദമുദ്രപതിഞ്ഞത് ഗോവയില്‍ ആണ്. ഗോവയിലും വ്യാപിക്കുവാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മമതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ വിലപ്പോയില്ല. ബംഗാളിന് പുറത്തേക്ക് വളരുവാനും അങ്ങനെ ഒരു അഖിലേന്ത്യ പാര്‍ട്ടിയായി വളര്‍ന്ന് പ്രാദേശികപാര്‍ട്ടി എന്ന ലേബല്‍ മാറ്റി ദേശീയതലത്തില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാനുള്ള മമതയുടെ സ്വപ്‌നം തല്‍ക്കാലം ഫലമണിഞ്ഞില്ല. ഇ്ക്കാര്യത്തില്‍ ആദ്യ ചുവടുവച്ചത് കേജരിവാള്‍ ആണ്.
വടക്ക്കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലും ബി.ജെ.പി.ക്ക് വ്യക്തമായ നേട്ടങ്ങള്‍ കൊയ്യുവാന്‍ സാധിച്ചു. മണിപ്പൂരില്‍(60) 32 സീറ്റുകള്‍ നേടി. ബി.ജെ.പി. 11 സീറ്റുകള്‍ അധികം നേടി. കോണ്‍ഗ്രസാകട്ടെ അഞ്ച് സീറ്റുകളും. 23 സീറ്റുകള്‍ 2017-ലേതിനേക്കാള്‍ കുറവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കോണ്‍ഗ്രസിന്റെ പതനം ദയനീയം ആണ്. ഇപ്രാവശ്യം നാലാം സ്ഥാനത്താണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്.
പ്രതിപക്ഷകക്ഷികളുടെ, പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥ പഠനാര്‍ഹം ആണ്. പ്രതിപ്കഷ കക്ഷികളില്‍ സമാജ് വാദി പാര്‍ട്ടി നല്ല ഒരു പ്രകടനം ആണ് കാഴ്ചവച്ചത്. ഈ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ബി.ജെ.പി.ക്ക് തികച്ചും ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രത്യേകിച്ചും 2022 അവസാനത്തില്‍ ഗുജറാത്തും ഹിമാചല്‍പ്രദേശും നിയമസഭ തെരഞ്ഞെടുപ്പിന് പോകുവാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍. ഇവിടെ രണ്ടിടത്തും ഭരണകക്ഷി ബി.ജെ.പി. ആണ്. ഭരണതുടര്‍ച്ച ഉറപ്പിക്കുവാന്‍ സാധിച്ചാല്‍ ബി.ജെ.പി.ക്ക് അത് വീണ്ടും വലിയ ഒരു കുതിപ്പു ആയിരിക്കും. 2023-ല്‍ നാലിലേറെ സംസ്ഥാനങ്ങള്‍ ആണ് തെരഞ്ഞെടുപ്പിന് തയ്യാറാകുന്നത്. ഇതില്‍ ഛത്തീസ്ഘട്ടും രാജസ്ഥാനും മധ്യപ്രദേശും കര്‍ണ്ണാടകയും ഉള്‍പ്പെടുന്നു. മധ്യപ്രദേശും കര്‍ണ്ണാടകയും ഭരിക്കുന്നത് ബി.ജെ.പി. ആണ്. ബി.ജെ.പി.ക്കും പ്രതിപക്ഷത്തിനും ഇത് ഒരുപോലെ നിര്‍ണ്ണായകം ആണ്.
ഈ തോല്‍വിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ? പ്രത്യേകിച്ചും കോണ്‍ഗ്രസിന്. കാരണം 2024 പിന്നീട് അധികം ദൂരം അല്ല. ബി.ജെ.പി.യുടെ വിജയം പ്രത്യേകിച്ചും യോഗിയുടെ പ്രതിപക്ഷത്തിന് ഒരു ചിന്താവിഷയം ആണ്. കാരണം രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യമൂല്യങ്ങളുടെ വിഷയങ്ങള്‍ വളരെ പ്രസക്തം ആണെന്നതിനാല്‍ തന്നെ. യോഗിയുടെ വിജയം കൊണ്ടും ഹഥരാസിലെയും ലഖിംപൂര്‍ഖേരിയിലെയും തന്നെ വിജയം കൊണ്ടും അവ തെറ്റാകാതിരിക്കുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക