Image

പെണ്ണാൾ (കവിത: ദീപ ബിബീഷ് നായര്‍)

Published on 13 March, 2022
പെണ്ണാൾ (കവിത: ദീപ ബിബീഷ് നായര്‍)
കാത്തിരിപ്പാണീ വഴിത്താരയിൽ
കരുതലിൻ വിളിപ്പാടിൽ ലയിക്കുവാൻ
കണ്ടു കണ്ടെന്നറിയാതെ മുന്നിലായ്
കാലമൊഴുകുന്നനുക്ഷണം പിന്നെയും
 
പിഞ്ചുപൈതലായ് പിച്ചവച്ചന്നവൾ
പറവ പോലെ പറക്കാൻ കൊതിച്ചവൾ
ചിറകടിച്ചുയരുന്നതിൻ മുന്നമേ
ചിറകരിഞ്ഞ പോൽ വീണു തടങ്കലിൽ
 
പ്രതികരിക്കാതുരുകിത്തളർന്നവൾ
സഹനവീഥികളേറെക്കടന്നവൾ
അർത്ഥഭേദങ്ങളൊക്കെ കൊരുത്തരാ
മുത്തുമാലയായ് മാറിയ പെണ്ണിവൾ
 
ഉടലുറവകൾ ഉഴവുചാലാകുമ്പോൾ
ഉത്തരങ്ങളായ് മൗനങ്ങൾ നിറയുമ്പോൾ
തൊട്ടാൽ പൊള്ളുന്ന കനലായി മാറുന്നു
ശാന്തസാഗരം പ്രക്ഷുബ്ധമാകുന്നു
 
ചുണ്ടിലൂറുന്ന വശ്യമാം പുഞ്ചിരി
നെഞ്ചിലെരിയുമൊരണയാക്കനലിനെ
കമ്പളം പോലെ മൂടുന്നു നിത്യവും
നാട്യക്കാരിയായ് വേഷങ്ങളാടുമ്പോൾ
 
അവളുടെ കഥ അവളായ് തിരുത്തട്ടെ
അവനിയിലഗ്നിസ്ഫുലിംഗമായ് മാറട്ടെ
അർത്ഥമേറട്ടെയവളുടെ ജീവനും
അരങ്ങിലെത്തട്ടെ അണിയറ വേഷവും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക