Image

ഒരു വനിതാദിനം ആവശ്യമാണോ?(എഴുതാപുറങ്ങള്‍ -91- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 14 March, 2022
ഒരു വനിതാദിനം ആവശ്യമാണോ?(എഴുതാപുറങ്ങള്‍ -91- ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

എല്ലാ വര്‍ഷത്തെയും വനിതാദിന ആഘോഷത്തില്‍നിന്നും വ്യത്യസ്തമായ ഒരു ആഘാഷരീതിയാണ് ഈ വര്‍ഷം കാണപ്പെട്ടത്. പല സംഘടനകളും പാട്ടും നൃത്തവും കായിക മത്സരങ്ങളും മാറ്റിവച്ച് സ്ത്രീകള്‍ക്ക് ഉപയോഗപ്രദമാകുന്ന പല പരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്വയം സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍, സ്ത്രീകളില്‍ സമ്പാദ്യവും, നിക്ഷേപങ്ങളും തുടങ്ങിയ സാമ്പത്തികവിഷയങ്ങളില്‍ സ്ത്രീകളെ ബോധവത്കരിക്കുക എന്നിവയൊക്കെ  ശ്രദ്ധേയമായി തോന്നി.

ആരാണ് സ്ത്രീ?  ബൈബിളില്‍ പറയുന്നു  പുരുഷന്റെ വാരിയെല്ലില്‍ നിന്നും അവനുവേണ്ടി സൃഷ്ടിച്ചവള്‍ എന്നു.  എന്നാല്‍ സ്ത്രീ  പ്രത്യുത്പാദനത്തിനുവേണ്ടിയുള്ള ഒരു ഉപാധി മാത്രമാണോ?  പുരുഷനെപ്പോലെത്തന്നെ ഈ സമൂഹത്തിലെ നിരവധി ഉത്തരവാദിത്വങ്ങള്‍ അവളിലും നിക്ഷിപ്തമാണ്. മനുസ്മൃതിയില്‍ പറയുന്നപോലെ ഇന്ന് സ്ത്രീ പൂര്‍ണ്ണമായി പുരുഷനെ ആശ്രയിക്കുന്നില്ല. അവള്‍ അവളുടേതായ വ്യക്തിത്വം നേടിയെടുത്തു. സമൂഹത്തിന്റെ പുരോഗതിക്കായി സ്ത്രീയും പുരുഷനും ഒരുപോലെ പ്രയത്‌നിക്കുന്നു.  അതിനാല്‍ സ്ത്രീയ്ക്കായി ഒരു ദിവസമോ, അല്ലെങ്കില്‍ ഒരു മാസമോ കൊണ്ടാടേണ്ട ആവശ്യകത ഇല്ലെന്നുതന്നെ പറയാം. എന്നിരുന്നാലും മാര്‍ച്ച് 8 ലോകവനിതാ ദിനമായി ആഘോഷിക്കുന്നുണ്ട്. അന്നേദിവസം സ്ത്രീ സംഘടനകള്‍ നടത്തുന്ന പരിപാടികളിലൂടെ സ്ത്രീ ശക്തിയും, അവളുടെ നേട്ടങ്ങളും പ്രകടിപ്പിക്കപ്പെടുന്നു. സ്ത്രീയെക്കുറിച്ച് മനസ്സിലാക്കാത്ത സമൂഹത്തിന്റെ അജ്ഞതയിലേക്ക് ഈ ദിവസത്തെ അല്ലെങ്കില്‍ മാസത്തെ പ്രവര്‍ത്തനങ്ങള്‍ വെളിച്ചം വീശാന്‍ സഹായകമാകും.

 സംസ്‌കാര സമ്പന്നമായ, വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തില്‍  ഒരു വനിതാദിനത്തിന്റെ ആവശ്യമില്ല. എന്നിരുന്നാലും ലോകമെമ്പാടും സ്ത്രീയോടുള്ള പുരുഷന്റെ അല്ലെങ്കില്‍ മൊത്തമായി സമൂഹത്തിന്റെ സമീപനം സ്വാഗതാര്‍ഹമല്ല. വിവേചനങ്ങള്‍ ഇന്നും എവിടെയൊക്കെയോ നില നില്‍ക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷമായ അനുഭവമാണ് ദിനംപ്രതി വര്‍ദ്ദിച്ചുവരുന്ന സ്ത്രീ പീഡനത്തിന്റെ നിരക്കുകള്‍,   ഭാരതത്തില്‍ നടക്കുന്ന പെന്‍ബ്രൂണഹത്യകളുടെ നിരക്കുകള്‍ എന്നിവ. സ്ത്രീയെ അമ്മയും, പ്രകൃതിയും, ദേവിയുമായി കാണണമെന്ന് അനുശാസിച്ച ഭാരതത്തില്‍ ദിനംപ്രതി വര്‍ദ്ദിച്ചുവരുന്ന ലൈംഗിക ചൂഷണങ്ങളും സ്ത്രീയുടെ മഹത്വത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടതായ അവസരം സംജാതമാക്കുന്നു . 

സയന്‍സും, ടെക്നോളജിയും മതിയായ വളര്‍ച്ചയെത്താത്ത കാലഘട്ടത്തില്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകളയും ചെയ്യുന്ന സ്ത്രീക്ക് വീട്ടുജോലികളും, തൊഴിലും ഒരുമിച്ച് കൊണ്ടുപോകുന്നത് ദുസ്സഹമായിരുന്നു. പ്രകൃതി അവളില്‍ ഏല്‍പ്പിച്ച ഈ ദൗത്യത്തെ ദൈവികമായി കാണാന്‍ അന്നത്തെ സമൂഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറംലോകത്ത് പ്രവേശിക്കാതെ വീട്ടുകാര്യങ്ങളിലും കുട്ടികളുടെ വളര്‍ച്ചയിലും മാത്രം മുഴുകിയിരിക്കുന്നത് സ്ത്രീയുടെ കഴിവുകേടായി കണക്കാക്കി പുരുഷമേധാവിത്വം അവരെ അടിമകളാക്കാന്‍ തുടങ്ങി. ഈ കാലഘട്ടത്തിലാണ് സ്ത്രീ എന്തെന്നും, സമൂഹം കെട്ടിപ്പടുക്കുന്നതില്‍ അവള്‍ക്കുള്ള സ്ഥാനമെന്തെന്നും ഉള്ളതിനെക്കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തലിന്റെ ആവശ്യകത ഉളവായത്.

സ്വാതന്ത്ര്യസമര സേനാനിയും കവയിത്രിയുമായ സരോജിനി നായിഡുവിന്റെ ജന്മവാര്ഷികമായ ഫെബ്രുവരി 13 ഇന്ത്യയില്‍  വനിതാ ദിനമായി ആഘോഷിക്കുന്നുണ്ട്. സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അന്നേ ദിവസം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നു. 1975 മുതല്‍ ആരംഭിച്ചിട്ടുള്ള ഈ പരിപാടികൊണ്ട് പറയത്തക്ക പുരോഗമനമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അതുപോലെത്തന്നെ 1908 ഫെബ്രുവരി മാസത്തില്‍ ന്യുയോര്‍ക്കിലെ സ്ത്രീ തയ്യല്‍ തൊഴിലാളികള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തി. അതിന്റെ  ഓര്‍മ്മക്കായി വര്‍ഷംതോറും   അവിടത്തെ സോഷ്യലിസ്‌റ് പാര്‍ട്ടി അമേരിക്കയിലെ വനിതാ ദിനം ആഘോഷിച്ചു. പില്‍ക്കാലത്ത് ഈ ആഘോഷം യൂറോപ്പിലും ആചരിച്ചു.  1917 ഇല്‍ റഷ്യ ഈ വിഷയം ഏറ്റെടുത്തപ്പോള്‍ അത് ലോകവ്യാപകമായി. അവരുടെ പ്രവത്തനങ്ങള്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. കാരണം അതുവരെ സ്ത്രീക്ക് നിഷേധിച്ചിരുന്ന സമ്മതിദായ ((voting right) അധികാരം വനിതകള്‍ നേടിയെടുത്തു. ഐക്യരാഷ്ട്രസഭ 1975 ഇല്‍ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചു.  അന്നുമുതല്‍ ലോകമെമ്പാടും വനിതാദിനം ആഘോഷിക്കാന്‍ തുടങ്ങി.

എന്നാല്‍ ഈ കാലഘട്ടത്തില്‍ സ്ഥിതിവിശേഷങ്ങള്‍ക്കൊക്കെ വളരെയധികം മാറ്റം സംഭവിച്ചതായി നമുക്കറിയാം. ഇന്നു സ്ത്രീക്ക് നിഷിദ്ധമായതും വിലക്കപ്പെട്ടതുമായ അവകാശങ്ങള്‍ കുറവാണ്. അവള്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു.   ഇന്ന് സ്ത്രീ എല്ലാ തലങ്ങളിലും  പുരുഷനൊപ്പം കൈകോര്‍ത്ത് നടക്കാന്‍ തുടങ്ങിയപ്പോള്‍ വനിതകളുടെ ഉത്തരവാദിത്വങ്ങള്‍ അതായത് വീട്ടുപണികള്‍, സാമ്പത്തിക ഭദ്രത, കുട്ടികളുടെ സുരക്ഷാ തുടങ്ങി എല്ലാ ഉത്തരവാദിത്വങ്ങളും സ്ത്രീയും പുരുഷനും ഒരുമിച്ച് നിര്‍വ്വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.     

സ്ത്രീ സ്വാതന്ത്രം, ലിംഗസമത്വം തുടങ്ങിയവയെപ്പറ്റി മുറവിളികൂട്ടാതെ ഇന്ന് സ്ത്രീ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളര്‍ന്നുവരുന്ന തലമുറയിലാണ്. ഈ കാലഘട്ടത്തെ പ്രത്യേകിച്ചും കേരളത്തിലെ ഇന്നത്തെ അവസ്ഥ വിലയിരുത്തിയാല്‍ ഒരു ശരാശരി മനുഷ്യന്‍  ഓര്‍ക്കുവാന്‍പോലും  ലജ്ജിക്കുന്ന അനിശ്ചിത സംഭവങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ഈ സംഭവങ്ങള്‍ക്കൊക്കെയും വഴിയൊരുക്കുന്നത് ഇന്നത്തെ 25 വയസ്സുമുതല്‍ 35 വയസ്സിനിടയിലുള്ള യുവാക്കളാണെന്നും അനുഭവങ്ങള്‍ തെളിയിക്കുന്നു. അപ്പോള്‍ ഒരു നല്ല സമൂഹത്തെ പടുത്തുയര്‍ത്തേണ്ട യുവാക്കള്‍ തന്നെയാണ് സമൂഹത്തില്‍ അശാന്തിക്ക് കാരണമാകുന്നത്. യുവതലമുറയെ സ്വാധീനിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, മയക്കുമരുന്ന്, ബന്ധങ്ങള്‍ക്ക് മതിയായ വിലനല്‍കാനുള്ള മനഃസാക്ഷിക്കുറവ് എന്നിവയാകാം ഇതിനുള്ള പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീയ്ക്ക് പുരുഷനേക്കാള്‍ പ്രാധാന്യം. ഇനി സ്ത്രീകള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളര്‍ന്നുവരുന്ന തലമുറയിലേക്കാണെന്നുള്ള ആവശ്യകത ഇവിടെയാണ് തുടങ്ങേണ്ടത്. ഇവിടെ ഉയരുന്ന ഒരു ചോദ്യം പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീ  മാത്രമാണോ ഉത്തരവാദി എന്നതാകാം.   

ഒരു കുഞ്ഞിനെ മുലയൂട്ടികൊണ്ടിരിക്കുന്ന ഒരു 'അമ്മ അവന്റെ തലയില്‍ തലോടി ആ പിഞ്ചുകുഞ്ഞിന്റെ ഭാവമാറ്റങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണ് മാതൃവാത്സല്യം പകര്‍ന്നുകൊടുക്കുന്നത്. ഇവിടെ നിന്നും ആ കുഞ്ഞിന്റെ ഓരോ ഭാവമാറ്റങ്ങളും ഒരച്ഛനെക്കാള്‍ ശ്രദ്ധയില്‍പ്പെടുന്നത് അമ്മയ്ക്കാണ്. വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും അമ്മയ്ക്കൊപ്പം അച്ഛനുമുണ്ടെങ്കിലും ഒരു മകനെ അല്ലെങ്കില്‍ മകളെ കൂടുതല്‍ അറിയാന്‍ കഴിയുന്നത് മാതാവിനുതന്നെയാണ്. അതുകൊണ്ടു കുടുംബകാര്യങ്ങള്‍, ഉദ്യോഗം,  സ്വയം പര്യാപ്തത എന്നിവയ്ക്കൊപ്പം തീര്‍ച്ചയായും ഒരു സ്ത്രീ  മക്കളുടെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 

യുവത്വത്തിന്റെ കൂട്ടുകെട്ടുകള്‍ വഴിമാറുന്നുവോ  എന്ന് ക്ഷമയുടെയും വാത്സല്യത്തോടെയും മനസ്സിലാക്കുന്നതിന് മാതാവിന്റെ സ്‌നേഹത്തിന് കഴിവുണ്ട്. ഒരു കുടുംബം സമാധാനത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചിട്ടകളും, രീതികളും പെണ്‍കുട്ടിയെ മനസ്സിലാക്കുന്നതിനും, അമ്മ, കൂടപ്പിറപ്പുകള്‍, ഭാര്യ, സഹോദരി,   സമൂഹത്തിലെ മറ്റു സ്ത്രീകള്‍ എന്നീ ബന്ധങ്ങളുടെ ശരിയായ മൂല്യം മനസ്സിലാക്കിക്കൊണ്ട് ഒരു ആണ്‍കുട്ടിയെ യുവാവാക്കുന്നതിലും അമ്മയുടെ പങ്ക് വളരെ വലുതാണ്. ഇത്രയും അടിസ്ഥാന മൂല്യങ്ങള്‍ ഒരു കുട്ടിക്ക് പകര്‍ന്നുകൊടുക്കാന്‍ ഒരു സ്ത്രീയ്ക്ക് കഴിയുന്നുവെങ്കില്‍ ഇന്ന് സമൂഹത്തില്‍ കാണുന്ന അതിക്രമ സംഭവങ്ങള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ കഴിയും.

മാതാപിതാക്കള്‍ പണത്തിനും, സ്ഥാനമാനങ്ങള്‍ക്കും, പൊങ്ങച്ചത്തിനും പുറകെ ഓടുമ്പോള്‍ കുട്ടികളുടെ കൈകളിലേക്കെറിഞ്ഞുകൊടുക്കുന്ന പലഹാരപാക്കറ്റുപോലുള്ള സ്‌നേഹം തന്നെയാകാം മയക്കുമരുന്നിലേക്കും, തെറ്റായ കൂട്ടുകെട്ടിലേക്കും, അക്രമാസക്തമായ പ്രതികരണങ്ങളിലേക്കും  കുട്ടികളെ എത്തിക്കാന്‍ ഒരു പരിധിവരെ കാരണമാകുന്നത്.   വീട്ടിലെ കാര്യങ്ങള്‍ ശരിയായ രീതിയില്‍ കുട്ടികളെ മനസ്സിലാക്കിപ്പിക്കാതെയുള്ള    അമിതമായ വാത്സല്യവും, ലാളനവും മറ്റൊരു കാരണമാണ്. 

ഓരോ വനിതയും  തന്റെ കുട്ടികളെ ശരിയായ മാര്‍ഗ്ഗത്തിലൂടെ നയിക്കുമ്പോള്‍ സമാധാനപരമായ ഒരു കുടുംബാന്തരീക്ഷത്തോടൊപ്പം സമാധാനപരമായ  ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും. തുടര്‍ച്ചയായ പരിശ്രമത്താല്‍  സ്ത്രീ സ്വതന്ത്രവും, ലിംഗ സമത്വവും സ്വയം പര്യാപ്തതയും നേടിയെടുത്ത ഇന്നത്തെ വനിതക്ക്  മാതൃകാപരമായ ഒരു യുവതലമുറയെ പടുത്തുയര്‍ത്താന്‍ തീര്‍ച്ചയായും കഴിയും.

___________________

 

Join WhatsApp News
Sudhir Panikkaveetil 2022-03-14 13:20:08
വനിതാ ദിനം ആവശ്യമാണ്. ഇപ്പോഴും പുരുഷന്റെ കാൽകീഴിൽ കിടക്കണമെന്ന ചിന്താഗതിയുള്ള ശാപങ്ങൾ ജീവിച്ചിരിപ്പുണ്ട്. ജീവിക്കുന്നുണ്ട്. അവരെ ബോധവത്കരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഉപകരിക്കും. അർദ്ധ- നാരീശ്വര സങ്കലപ്പമൊക്കെ ഭാരതത്തിൽ ഉണ്ട്. ഈശ്വരന്റെ പകുതി നാരിയാണെന്നൊക്കെ. പക്ഷെ ആർക്കറിയാം. നല്ല ലേഖനം മിസ്.
prg 2022-03-14 15:01:51
വീടിന്റെ വിളക്കാണ് സ്‌ത്രീ. ഓരോ വീടും ക്രമമായി മുന്നോട്ട് നയിക്കുന്നവളാണ് ഓരോ സ്ത്രീയും. ആരുടെയും മുന്നിൽ തല കുനിക്കേണ്ടവരോ, ആരുടെയും അവഹേളനങ്ങൾ ഏൽക്കേണ്ടവരോ അല്ല സ്ത്രീകൾ. ആരുടെയും കാരുണ്യത്തിൽ ജീവിക്കേണ്ടവരോ, ആരാലും ആക്രമിക്കപ്പെടേണ്ടവരോ അല്ല സ്ത്രീകൾ. വെറും ആഘോഷമായി മാത്രം കാണാതെ ഈ ദിവസത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർമ്മിക്കുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. സ്വന്തം തൊഴിലിടത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിപ്ലവ ചരിത്രമുണ്ട് ഈ ദിനത്തിനെന്നത് പലര്‍ക്കും അന്യമാണ്. അതിക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വനിതാ ദിനത്തിന്റെ പ്രസക്തി ഏറുകയാണ്. സാമ്പത്തികമായി, സാംസ്കാരികം, രാഷ്‌ട്രീയം, ശാസ്ത്രം, സ്‌പോർട്‌സ് എന്നീ മേഖലകളിലെ സ്ത്രീകൾ നേടിയ നേട്ടങ്ങൾ കൂടി ഓർമ്മിക്കുന്ന ദിവസമാണ്. നല്ലൊരു ലേഖനത്തിനു അഭിനന്ദനം. ഈ മാസം വനിതാമാസ രചനകൾ എന്ന പുതിയ ആശയത്തിന് ഇ മലയാളിക്കൊപ്പം നമുക്കുംം അഭിമാനിക്കാം.
പ്രേമാനന്ദൻ കടങ്ങോട് 2022-03-14 16:50:01
വനിതാ ദിനാഘോഷത്തിൽ പുരുഷന് പ്രവേശനമില്ലെന്നു പറയുന്നത് ശരിയോ തെറ്റോ?
Suresh Poonoor, Pune 2022-03-15 18:35:49
എത്ര വനിതാദിനങ്ങൾ ആഘോഷിച്ചാലും സ്ത്രീകൾ പലപ്പോഴും സ്വാതന്ത്രയാവുന്നില്ല. സ്ത്രീ സ്വാശ്രയ ആയിത്തീരുന്നില്ല. അവളുടെ ജന്മം ഓരോ ഘട്ടങ്ങളിലും ഒരു പുരുഷനെ ആശ്രയിക്കേണ്ട സാഹചര്യമാണ്. അതിന് കാരണം പുരുഷൻ മാത്രമല്ല. പുരുഷനുമായി താരതമ്യപ്പെടുത്തുമ്പോൾ അവളുടെ ശരീരത്തിന്റെ സൃഷ്ടിപരമായ വ്യത്യസ്ഥതകളാണ് അവളെ പുരുഷനെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് നയിക്കുന്നത്. പുരുഷൻ അവളുടെ രക്ഷകനാണ്. പക്ഷേ പുരുഷവർഗ്ഗത്തിന് തന്നെ അവമാനമായ ചുരുക്കം ചില നരാധമന്മാരാണ് പുരുഷവർഗ്ഗത്തെ ഒന്നടങ്കം സംശയദൃഷ്ടിയോടെ നോക്കിക്കാണാൻ സ്ത്രീയെ നിർബന്ധിതയാക്കുന്നത്.സ്വന്തംസ്വാർത്ഥ താത്പര്യത്തിന് വേണ്ടി അതിന് ഒത്താശകൾ ചെയ്യാൻ കുറച്ച് ദുഷിച്ച സ്ത്രീജന്മ ങ്ങളും.ഒരു ജന്മം മുഴുവൻ പുരുഷന് വേണ്ടി ജീവിക്കുന്ന പുണ്യജന്മങ്ങളായ സ്ത്രീസമൂഹത്തോട് ചില മനുഷ്യമൃഗങ്ങൾ കാട്ടുന്ന ലൈംഗികചൂഷണങ്ങളും പീഡനങ്ങളും എല്ലാതരത്തിലുള്ള സ്നേഹത്തിലും ഒരു പൂർണ്ണത കാണാൻ സ്ത്രീക്ക് സാധിക്കുന്നില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അവൾ കൊതിക്കുന്നു. സ്ത്രീയെ ആദരിക്കാൻ പുരുഷന് സാധിച്ചാൽ ജീവിതം സ്വർഗ്ഗതുല്യമാകും. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും അവൾ സന്നദ്ധയാണ്. ലോകത്തിലെ ഏറ്റവും സുന്ദരമായ സൃഷ്ടിയാണ് സ്ത്രീ. ഈ വനിതാദിനത്തിൽ എല്ലാ വനിതകൾക്കും ആശംസകൾ 🌹🌹🌹 സുരേഷ് പൂനൂർ
jyothylakshmy Nambiar 2022-03-16 12:52:33
എല്ലാവരുടെയും വിലയേറിയ അഭിപ്രായത്തിനും, പ്രോത്സാഹനത്തിനും നന്ദി
Das 2022-03-16 06:16:05
Interesting indeeed ! Moreover, the hypophora is truly engaging that captures curiosity among the readers at large ...
Damy 2022-06-13 11:09:41
നന്നായിരിക്കുന്നു. ഇനിയും നന്നായി എഴുതാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക