Image

സത്യം പറയുക, അത് അപ്രിയമാണെങ്കിലും പറയുക...(മൃദുമൊഴി 41:  മൃദുല രാമചന്ദ്രൻ)

Published on 15 March, 2022
സത്യം പറയുക, അത് അപ്രിയമാണെങ്കിലും പറയുക...(മൃദുമൊഴി 41:  മൃദുല രാമചന്ദ്രൻ)

സത്യം പറയുന്നതിന്റെ ഏറ്റവും വലിയ മേന്മ അത് പിന്നെ ഓർത്തിരിക്കേണ്ടി വരില്ല എന്നതാണ്. കാരണം സത്യത്തിന് അനേകം മുഖങ്ങളും, ഉൾപ്പിരിയുന്ന അനേകം വഴികളും ഇല്ല.അതിനെക്കാളുപരി സത്യം അറിയുന്നത് മനുഷ്യരുടെ അവകാശം ആണ്, സത്യത്തിനെക്കാൾ വലിയ അറിവ് ഇല്ല.

ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു എന്റെ വല്യമ്മാവന്റെ കല്യാണം. ഭയങ്കര ആവേശവും, സന്തോഷവും ഒക്കെ ആയിരുന്നു.കുട്ടിക്കാലം അധികവും അമ്മൂമ്മയുടെ കൂടെ അമ്മാൻ വീട്ടിൽ കഴിഞ്ഞത് കൊണ്ടും, സ്വന്തം വീട്ടിൽ നിന്ന് അഞ്ചു മിനിറ്റ് കൊണ്ടെത്താവുന്ന ദൂരമേ അമ്മ വീട്ടിലേക്ക് ഉള്ളൂ എന്നുള്ളത് കൊണ്ടും,കല്യാണത്തിന്റെ നടുനായകത്വം നമുക്ക് തന്നെ എന്ന് ഉറപ്പിച്ചിച്ചു കൊണ്ട്  ആഹ്ലാദിച്ചു. ഡിസംബർ ഇരുപത്തി മൂന്നിന് ആയിരുന്നു കല്യാണം.ഗണപതിക്ക് വച്ചത് കാക്ക കൊണ്ടു പോയി എന്ന് പറഞ്ഞത് പോലെ, എല്ലാവരുടെയും സൗകര്യം നോക്കി കല്യാണത്തിന് ഡ്രസ് എടുക്കാൻ പോകാൻ വച്ച ദിവസം എന്റെ ക്രിസ്തുമസ് പരീക്ഷ തുടങ്ങുന്ന ദിവസം. ആദ്യത്തെ പരീക്ഷ സന്മാർഗം പരീക്ഷ. സന്മാർഗം സത്യത്തിൽ ഒരു നിരൂപദ്രവ-നിർവികാര പരീക്ഷയാണ്.അതിലെ മാർക്ക് ജയത്തെയോ, തോൽവിയെയും, ആകെ മൊത്തം മാർക്കിനെയും ഒന്നും ബാധിക്കില്ല. ദൈവം, സ്നേഹം,കരുണ, അറിവ് എന്നീ വാക്കുകൾ ഉത്തരമായി തിരിച്ചും, മറിച്ചും എഴുതിയാൽ സന്മാർഗം പരീക്ഷയായി എന്നാണ് പൊതുവെ പറഞ്ഞു പോന്നിരുന്നത്.

പക്ഷെ എനിക്ക് സന്മാർഗം പരീക്ഷയോട് ഒരു വൈകാരിക പ്രിയമുണ്ടായിരുന്നു.എല്ലാ വർഷവും സന്മാർഗ്ഗത്തിൽ ക്ളാസ്സിൽ ഒന്നാം സ്ഥാനം എനിക്ക് ആയിരിക്കും. സന്മാർഗ്ഗത്തിലെ ഒന്നാം സ്ഥാനകാർക്ക് ഒരു പുസ്തകം സമ്മാനം കിട്ടും.മിക്കവാറും അത് അടുത്ത വർഷത്തെ സന്മാർഗം പാഠപുസ്തകം ആയിരിക്കും. അത്യപൂർവമായി മറ്റ് ഏതെങ്കിലും പുസ്തകം ചിലപ്പോൾ കിട്ടിയേക്കാം.അങ്ങനെ എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്തയും, സന്മാർഗം ആയാലും അതൊരു പരീക്ഷയല്ലേ, എങ്ങനെ കളയും എന്ന ചിന്തയും കൂടി ആകെ ധർമസങ്കടത്തിൽ ആക്കി."നീ വേഗം പരീക്ഷ തീർത്ത് ഇങ്ങോട്ടു പോരേ, നീ വന്നിട്ടേ ഡ്രസ് എടുക്കാൻ പോകൂ" എന്നാരോ ആശ്വസിപ്പിച്ചു.

അങ്ങനെ പത്തു മണിക്ക് തുടങ്ങിയ പരീക്ഷ ശ്വാസം വിടാതെ എഴുതി, ഒന്നര മണിക്കൂർ കഴിഞ്ഞാലേ പോരാൻ പറ്റൂ .പതിനൊന്നര ആയതും ഉത്തരക്കടലാസ് ടീച്ചർക്ക് കൊടുത്ത് ഇടം വലം നോക്കാതെ ഇറങ്ങിയോടി.സ്‌കൂളിൽ നിന്ന് വീട്ടിലേക്കുള്ള രണ്ടു കിലോമീറ്റർ വഴി മുക്കാലും ഓടി, വിയർത്തു മുങ്ങി വീട്ടിൽ എത്തിയപ്പോൾ അവിടെ ആരും ഇല്ല.എന്നാപ്പിന്നെ മാമടോടെ എല്ലാവരും ഉണ്ടാകും എന്ന് കരുതി അങ്ങോട്ട് ഓടി.അവിടെ എത്തിയപ്പോൾ അവിടെയും ആരും ഇല്ല."അവരൊക്കെ കല്യാണത്തിന്റെ തുണി എടുക്കാൻ പോയല്ലോ" എന്ന് അയൽപ്പക്കത്തു നിന്നാരോ പറഞ്ഞു.പരീക്ഷ കഴിഞ്ഞു വേഗം വന്നാൽ കൂട്ടിപ്പോകാം എന്ന് എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു എന്നല്ലാതെ, പരീക്ഷ തീർത്ത് ഞാൻ ഇങ്ങനെ ഓടിപ്പാഞ്ഞു വരും എന്നൊന്നും അമ്മൂമ്മയോ, അമ്മയോ, വല്ല്യമ്മയോ സ്വപ്‌നേപി നിരൂപിച്ചില്ല.അങ്ങനെ പറഞ്ഞ കാര്യം തന്നെ അവർ മറന്നു പോയിരുന്നു.പക്ഷെ ഞാൻ അത് അതീവ ഗൗരവത്തിൽ ആണ് എടുത്തത് :ഈ ആശയവിനിമയ അപൂർണ്ണതയാണ് അതല്ലെങ്കിൽ  എന്നെ ആശ്വസിപ്പിക്കാൻ സത്യത്തിൽ ഇത്തിരി നിറം കലക്കിയത് ആണ് കുഴപ്പം ആയത്.

ഒരു മനുഷ്യനോട് നിങ്ങൾക്ക് കാണിക്കാൻ കഴിയുന്ന ഏറ്റവും വലിയ ബഹുമാനം അയാളോട് നൂറ് ശതമാനം സത്യസന്ധമായിരിക്കുക എന്നത് ആണ്.അർദ്ധ സത്യങ്ങൾ കൊണ്ട്, അസത്യങ്ങൾ കൊണ്ട് അതും അല്ലെങ്കിൽ അശ്രദ്ധമായി പറയുന്ന വാക്കുകൾ കൊണ്ട് ഒരു വ്യക്തിയെ അപമാനിക്കാതിരിക്കുക.

സത്യം വേദനിപ്പിക്കുന്നതാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ അതുണ്ടാക്കാൻ പോകുന്ന വേദനയിൽ നിന്ന് ഒരാളെ രക്ഷിക്കാൻ വേണ്ടി നമ്മൾ കള്ളം പറയാറുണ്ട്.പലപ്പോഴും മരണവിവരം ഏറ്റവും അടുത്ത പ്രിയ ബന്ധുക്കളിൽ നിന്ന്, ഗുരുതരമായ രോഗവിവരം രോഗവിവരം രോഗിയിൽ നിന്ന്  ഒക്കെ മറച്ചു വയ്ക്കാൻ ഉള്ള കാരണം സത്യം ക്രൂരമാണെന്നുള്ളത് കൊണ്ടും, അത് അവരെ വേദനിപ്പിക്കും എന്നുള്ളത് കൊണ്ടുമാണ്.

പക്ഷെ അത് കൊണ്ട് എന്താണ് പ്രയോജനം ? ആത്യന്തികമായി ,വൈകിയാണ് എങ്കിലും അവർ അത് അറിയും. അനുഭവിക്കാൻ ഉള്ള വേദന അനുഭവിക്കും.ഒരു പക്ഷെ, ശരിയായ കാര്യം മുൻപ് അറിഞ്ഞു എങ്കിൽ ആ സാഹചര്യത്തെ കുറച്ചു കൂടി നന്നായി നേരിടാം എന്ന് അവർക്ക് തോന്നും.

നമ്മുടെ നാട്ടിലെ വളരെ ക്രൂരമായ ഒരു ആചാരമാണ് ഗുരുതരമായ ഒരു രോഗവിവരം സ്ത്രീകളെ അറിയിക്കാതെ ഇരിക്കുക എന്നത്.അത് താങ്ങാൻ ഉള്ള കരുത്തില്ലാത്ത ദുർബലർ ആണ് സ്ത്രീകൾ എന്നെത്രെ വെപ്പ് ! "ആണുങ്ങൾ ആരും കൂടെയില്ലേ ?" എന്നാണ് ചോദിക്കുക.ഭർത്താവിന്റെ രോഗവിവരം ഭാര്യയോടും, അച്ഛന്റെ രോഗവിവരം മകളോടും പറയില്ല.എന്നിട്ട് ,ആണാണ് എന്ന സവിശേഷ സ്ഥാനത്തിന്റെ പേരിൽ രോഗിയുടെയോ, ആ കുടുംബത്തിന്റെയോ  നേർക്ക് പ്രത്യേക കരുതൽ ഒന്നും ഇല്ലാത്ത ഏതെങ്കിലും ബന്ധുക്കളോട് പറയും.അവസാനം കറങ്ങി തിരിഞ്ഞ്, എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിക്കുമായിരുന്ന നിർണ്ണായക ഘട്ടം ഒക്കെ കഴിഞ്ഞു പോകുമ്പോൾ ആയിരിക്കും "അബലകൾ" ആയ സ്ത്രീകൾ സത്യസ്ഥിതി അറിയുന്നത്.സ്വന്തം ഉടലിന്റെ ഒരു ഭാഗം ഉരിഞ്ഞു കൊടുത്തും ഉറ്റവരെ കാക്കാൻ പെണ്ണ് പ്രാപ്തയാണ് എന്ന് അപ്പോൾ അറിയും !

സത്യം പ്രിയമല്ലെങ്കിൽ അത് പറയരുത് എന്നാണ് നമ്മൾ പഠിക്കുന്നത്.അത് പറ്റില്ലെങ്കിൽ അപ്രിയമായ സത്യത്തെ എങ്ങനെയും മധുരം പുരട്ടി പ്രിയമാക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, മൂന്ന് പേർ സന്നിഹിതരായ ഒരു സംഭാഷണ വേളയിൽ, അതിൽ രണ്ടു പേർക്ക് തമ്മിൽ ഒരു സ്വകാര്യം പറയാൻ ഉണ്ട്.അതുകൊണ്ട് അവർക്ക് മൂന്നാമനെ ഒഴിവാക്കണം എങ്കിൽ അത് എങ്ങനെയാണ് അവതരിപ്പിക്കുക ? "ഞങ്ങൾക്ക് രണ്ടു പേർക്ക് ഒരു അഞ്ചു നിമിഷം ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ട്.അത്രയും സമയം ഒന്ന് പുറത്ത് നിൽക്കുമോ ?" എന്ന് ചോദിക്കാറുണ്ടോ ?? ഇല്ലല്ലേ !അങ്ങനെ സത്യം പറഞ്ഞാൽ അത് അയാളെ മുറിപ്പെടുത്തും എന്നാണ് നമ്മുടെ ഭയം. അത് കൊണ്ട് നമ്മൾ എന്തെങ്കിലും കള്ളം കണ്ടെത്തി അയാളെ പുറത്തേക്ക് അയക്കുകയോ, അല്ലെങ്കിൽ അയാളെ അവിടെ തനിച്ചാക്കി രണ്ടു പേർ എന്തെങ്കിലും ന്യായം പറഞ്ഞു പുറത്ത് കടക്കുകയും ചെയ്യും.പക്ഷെ,നിർഭാഗ്യവശാൽ, ഇത്തരം കപടതകൾ മനസിലാക്കാനുള്ള സാമാന്യ ബുദ്ധി മനുഷ്യർക്കുണ്ട്.തന്നെ ആ രംഗത്തിൽ നിന്ന് നിഷ്കരുണം പുറത്തേക്ക് കളഞ്ഞത് ആണെന്ന് അയാൾക്ക് മനസിലാകും.നേരെ ചൊവ്വേ ഒരു അഞ്ചു മിനിറ്റ് മാറി നിൽക്കാൻ പറഞ്ഞാൽ, രണ്ടു പേരുടെ സ്വകാര്യതയെ ആദരപൂർവം മാനിക്കുമായിരുന്ന ഒരാളിൽ, അവഹേളിച്ചു പുറത്ത് നിർത്തി എന്ന തോന്നൽ ഉണ്ടാക്കാം എന്നുള്ളത് മാത്രമാണ് സത്യത്തെ നുണയുടെ ഉടുപ്പിട്ട് അവതരിപ്പിക്കുന്നതിലൂടെ ഇവിടെ നടക്കുന്നത്.

"ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട" എന്ന ചൊല്ലുണ്ടല്ലോ! ചമഞ്ഞു ചെന്ന് കണ്ണാടി നോക്കാതെ സുഹൃത്തിനോട് എങ്ങനെയുണ്ടെന്നെ കാണാൻ എന്ന് ചോദിച്ചാൽ കണ്ണിലെ മഷിയൽപ്പം പരന്നിട്ടുണ്ടെന്നും, മുടി കെട്ടിയത് മുഖത്തിനത്ര ചേരുന്നില്ല എന്നും സത്യസന്ധമായി പറയും.അല്ലാതെ സത്യം പറഞ്ഞാൽ സങ്കടമാകുമോ എന്നു കരുതി, മഷി പരന്ന കണ്ണും, ചേലില്ലാ മുടിയും ആയി നാല് ആൾ കൂടുന്നിടത്തേക്ക് പറഞ്ഞു വിടില്ല.

ശുദ്ധമല്ലാത്തത് കൂട്ടി തൊട്ടാൽ വീര്യം കെട്ടു പോകുന്ന ചിലതുണ്ട് ലോകത്തിൽ...സത്യം അങ്ങനെ ഒന്നാണ്. അതിന്റെ തനിമയും, തെളിവും ഉള്ള രൂപത്തിൽ ആണ് അതിന്റെ ശക്തി.അതിന്റെ ഘനം കുറയ്ക്കാനും, നിറമേറ്റാനും സത്യമല്ലാത്തത് കൂട്ടിത്തൊടുവിച്ചാൽ വെള്ളം വീണ കനല് പോലെ സത്യം കെട്ടു
 പോകും.

സത്യത്തിന്റെ നോവും, നടുക്കവും എത്ര തീവ്രമാണെങ്കിലും മനുഷ്യർ സഹിക്കും.കാരണം അത് കത്തുന്നത് ആണെങ്കിലും അതിൽ  തന്നെ വെളിച്ചമുണ്ട്.ആ വെളിച്ചം തന്നെ വഴിയും ആകും.പക്ഷെ സത്യത്തോട് കലർക്കുന്ന അസത്യങ്ങളും, അർദ്ധസത്യങ്ങളും സൃഷ്ടിക്കുന്നത് സങ്കടവും, അപമാനവും ആണ്.ഒരാൾ വിശ്വസിച്ചു നടക്കുന്ന വഴിയിൽ, കാരമുള്ളു വിതറിയ വാരിക്കുഴി കുത്തുന്നതിനെക്കാൾ ദ്രോഹമാണ് അത്.

Join WhatsApp News
സോമൻ പൂമല 2022-03-15 12:41:06
💛
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക