Image

എന്തുകൊണ്ടാണ് ഗാന്ധികുടുംബം കോണ്‍ഗ്രസിനെ വിട്ടുകൊടുക്കാത്ത്? അല്ലെങ്കില്‍ മറിച്ചും.(ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 18 March, 2022
എന്തുകൊണ്ടാണ് ഗാന്ധികുടുംബം കോണ്‍ഗ്രസിനെ വിട്ടുകൊടുക്കാത്ത്? അല്ലെങ്കില്‍ മറിച്ചും.(ദല്‍ഹികത്ത് : പി.വി.തോമസ് )

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പരാജയത്തിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കൂടുന്നതിന് തൊട്ടുമുമ്പ് ദല്‍ഹിയില്‍ സ്ഥിരീകരിക്കപ്പെടാത്ത ഒരു വാര്‍ത്ത പരക്കുന്നുണ്ടായിരുന്നു: തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും അവരവരുടെ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചുവെന്ന്. പക്ഷേ, ഇതൊന്നും സംഭവിച്ചില്ല. പ്രവര്‍ത്തക സമിതിയില്‍ സംഭവിച്ചത് മറ്റുചിലതാണ്. അതുപോലെ തന്നെ പ്രവര്‍ത്തക സമിതിയില്‍ ജി-23 ലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദും കപില്‍സിബലും അതിശക്തമായ ഭാഷയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. എല്ലാവരുടെയും കോണ്‍ഗ്രസ് ആണ് വേണ്ടത്, ഒരു വീടിന്റെ കോണ്‍ഗ്രസ് ആണ് വേണ്ടതെന്നും അദ്ദേഹം വീറോടെ പറഞ്ഞിരുന്നു(സബകാ കോണ്‍ഗ്രസ്, ഘര്‍കി നഹി). ഇതും സംഭവിച്ചില്ല.

ഇനി എന്താണ് സംഭവിച്ചത്? ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. മാര്‍ച്ച് 13 ഞായറാഴ്ച സോണിയയും രാഹുലും പ്രിയങ്കയും പ്രധാന സ്ഥാനങ്ങളില്‍ ഹാജരുണ്ട്. ഏ.കെ.ആന്റണി കോവിഡുകാരണം ഹാജരില്ല. ജി-23 സേനാനായകന്മാരായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും ഹാജരുണ്ട്. ഒരു വെടിക്കെട്ടിന് ഇത്രയും കരിമരുന്ന് പോരെ? പക്ഷേ, പ്രതീക്ഷ അസ്ഥാനത്തായിപ്പോയി. നനഞ്ഞ പടക്കം പോലെ എല്ലാം പര്യവസാനിച്ചു. തുടക്കത്തിലെ സോണിയ പറഞ്ഞു: ഞങ്ങള്‍ മൂന്നുപേരും(സോണിയ, രാഹുല്‍, പ്രിയങ്ക) രാജിവച്ചൊഴിയുവാന്‍ തയ്യാറാണ്. ഞങ്ങളുടെ നേതൃത്വം കഴിവുകെട്ടതാണെങ്കില്‍ ഞങ്ങള്‍ പോവുകയാണ്. പ്രവര്‍ത്തക സമിതിയിലെ അംഗങ്ങള്‍ ഒന്നടങ്കം ഒറ്റവായില്‍ സോണിയയും മക്കളും തുടരണമെന്ന് യാചിച്ചുകൊണ്ട് സോണിയയുടെ രാജിക്കുള്ള സന്നദ്ധത നിരാകരിച്ചു. ജി-23യുടെ നെടുനായകന്‍ ഗുലാംനബിയും രാജിവയ്ക്കരുതെന്ന് ഉചൈസ്തരം ഘോഷിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഒരിക്കലും രാജി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ മാനേജ്‌മെന്റിലെ ചിലപോരായ്മകള്‍ ചൂണ്ടികാണിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. നാലര മണിക്കൂര്‍ നീണ്ടു നിന്ന പ്രവര്‍ത്തക സമിതി യോഗം ഒടുവില്‍ ഗാന്ധിമാരുടെ പ്രകടനവേദിയായി മാറി. സദസിന്റെ മൂഡ് മനസിലാക്കിയ സോണിയ പറഞ്ഞു: ഞങ്ങള്‍ക്ക് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ആണ് പരമ പ്രധാനം. എന്തു ബലിദാനത്തിനും ഞങ്ങള്‍ തയ്യാറാണ്. ഗാന്ധി കുടുംബത്തെ കൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവും ഇല്ലെന്ന് നിങ്ങള്‍ക്ക് ബോധ്യംപ്പെട്ടാല്‍ ആ നിമിഷം ഞങ്ങള്‍ മൂന്നുപേരും രാജിവച്ചൊഴിയും.
അടുത്തതായി പതിവിന്‍പടി പ്രവര്‍ത്തക സമിതി ഒരു പ്രസ്താവന പുറപ്പെടുവിച്ചു: ഈ പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്നു. സോണിയഗാന്ധി പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിക്കണം. സംഘടനാപരമായ ബലഹീനതകള്‍ പരിശോധിച്ച് പരിഹരിക്കണം. പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുവാനായി ആവശ്യമായ അഴിച്ചുപണികള്‍ നടത്തണം.

പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പു പരാജയത്തില്‍ ആശങ്കയും രേഖപ്പെടുത്തി. ഇതോടെ സ്‌ക്രിപ്റ്റ് അനുസരിച്ച് പതിവിന്‍പടി കാര്യങ്ങള്‍ അവസാനിച്ചു.

ഗുലാംനബി അല്പം ചില ഒച്ചപ്പാടുണ്ടാക്കുവാന്‍ ശ്രമിച്ചത് ശ്രദ്ധിക്കപ്പെട്ടില്ല. അദ്ദേഹം സുതാര്യതയും കൂടുതല്‍ ചര്‍ച്ചകളും പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു. ആനന്ദ് ശര്‍മ്മ പറഞ്ഞു ജി-23 ചില കാര്യങ്ങള്‍ സംസാരിച്ചതിന് അവരെ അപകീര്‍ത്തിപ്പെടുത്തുമാറ് വിമതന്മാരായി ചിത്രീകരിച്ചു. കാര്യങ്ങള്‍ ഇവിടെ തീര്‍ന്നു.
രാഹുലും പ്രിയങ്കയും പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതക്ക് ഊന്നല്‍ നല്‍കി.

സോണിയഗാന്ധിയുടെ നേതൃത്വത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ചില മുതിര്‍ന്ന നേതാക്കന്മാരും യുവാക്കളും പ്രവര്‍ത്തക സമിതിക്കുള്ളിലും പുറത്തും രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ചിത്രം പൂര്‍ത്തിയായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സല്‍മാന്‍ ഖുര്‍ഷീദും വിമതരെ നിശിതമായി വിമര്‍ശിച്ചു. ഗെലോട്ട് പറഞ്ഞു സിബലിന് കോണ്‍ഗ്രസ് എന്താണെന്ന് അറിയില്ല. അദ്ദേഹം പ്രഗത്ഭനായ അഭിഭാഷകന്‍ ആയിരിക്കാം. ഖുര്‍ഷീദ്, മറ്റൊരു കുടുംബഭക്തന്‍ പാടി, കോണ്‍ഗ്രസില്‍ യാതൊരു വിധ നേതൃപ്രതിസന്ധിയും ഇല്ല. പ്രതിസന്ധി ആശയപരം മാത്രം ആണ്.
തോല്‍വിയുടെ കാരണങ്ങള്‍ കണ്ടുപിടിക്കുവാന്‍ കമ്മിറ്റികളും രൂപീകരിച്ചു. മുന്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അലമാരകളില്‍ കിടക്കുന്നത് പൊടിതട്ടി എടുത്താലും പോരെ? പതിവുപോലെ ഒരു 'ചിന്തന്‍ ഷിവിര്‍' നടത്തുവാനും തീരുമാനിച്ചു തോല്‍വിയെക്കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്ത്  ഉചിതമായ പ്രമേയങ്ങള്‍ പാസാക്കുവാന്‍. അതോടെ കാര്യങ്ങള്‍ക്ക് ശുഭകരമായ പരിസമാപ്തി ഉണ്ടാകും. പാര്‍ട്ടി 2024-ന് തയ്യാറാകും! തോറ്റ സംസ്ഥാനങ്ങളിലെ അഞ്ച് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ പുറത്താക്കിയതോടെ ശുദ്ധീകരണം പൂര്‍ത്തിയായി. എവിടെ ഉന്നതര്‍ എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
ഇനി ജി-23-ന്റെ മീറ്റിംങ്ങ്. ഇത് നടന്നത് മാര്‍ച്ച് പതിനാറിന് ആയിരുന്നു. വലിയ കൊട്ടുംകുരവയും ആയിരുന്നു. ഇപ്പോള്‍ കുടുംബവാഴ്ച അവസാനിപ്പിക്കും. സംഘടനയെ അഴിച്ചുപണിയുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും എന്നൊക്കെ ചിലര്‍ വിശ്വസിച്ചു. യോഗം നടന്നത് ആസാദിന്റെ വീട്ടില്‍ ഒരു അത്താഴ വിരുന്നോടെയാണ്. ജി-23 പിളര്‍ന്നെന്നും ഇതില്‍ അഭിപ്രായഭിന്നത ഉണ്ടെന്നും ശശിതരൂര്‍ ഉള്‍പ്പെടെ ചില നേതാക്കന്മാര്‍ ഒന്നും പങ്കെടുക്കില്ലെന്നും ഒക്കെ വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും തരൂറും മറ്റും പങ്കെടുത്തു. മാത്രമല്ല മുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനും വിമതര്‍ക്കൊപ്പം ഉണ്ടായിരുന്നു. എണ്‍പത് വയസ്സുള്ള 'യുവതുര്‍ക്കി' കുര്യന്‍ ആറുപ്രാവശ്യം ലോകസഭ അംഗം ആയിരുന്നു കോണ്‍ഗ്രസിന്റെ. രണ്ടുപ്രാവശ്യം രാജ്യസഭ അംഗവും. മീറ്റിംങ്ങിനു മുമ്പ്് കുര്യന്‍ വളരെ ശാന്തനായി പറഞ്ഞു: ഗാന്ധി കുടുംബത്തിന് വെളിയില്‍ നിന്നും ഒരു നേതാവ് ഉണ്ടാകുന്നതില്‍ തെറ്റില്ല എന്ന്. എത്ര വിനയന്വീതനായ സമര നേതാവ്. കുര്യനൊപ്പം മറ്റൊരു പഴയ ഗാന്ധികുടുംബഭക്തന്‍ മണി ശങ്കര്‍ അയ്യരും ഉണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ സന്തതസഹചാരിയും ഡ്ൂണ്‍ സ്‌ക്കൂള്‍ സഹപാഠിയും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എഴുതുന്ന സതീര്‍ത്ഥ്യനും ആയിരുന്ന അയ്യരും ഇപ്പോള്‍ കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്! കുടുംബ വാഴ്ച അവസാനിപ്പിക്കുവാനായിട്ട്. മീറ്റിംങ്ങിന്റെ വേദി ആദ്യം തീരുമാനിച്ചത് കപില്‍സിബലിന്റെ വീട്ടില്‍ വച്ച് എന്നായിരുന്നെങ്കിലും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂവേന്ദ്രസിംങ്ങ് ഹൂഡ ഉള്‍പ്പെടെ ചില നേതാക്കന്മാര്‍ക്ക് സിബല്‍ വളരെ ചുരുക്കമായ ഭാഷയില്‍ സോണിയയുടെയും മറ്റ് ഗാന്ധിമാരുടെയും നേതൃമാറ്റം ആവശ്യപ്പെട്ടത് രുചിച്ചില്ല. അതിനാലാണ് വേദി മാറ്റിയത്. ഇവരാണ് നേതൃമാറ്റത്തിനായും ഗാന്ധി കുടുംബമുക്ത കോണ്‍ഗ്രസിനായും കച്ച മുറുക്കുന്നത്! ഏതായാലും വിമതന്മാരുടെ ജി-23-ന്റെ മീറ്റിങ്ങില്‍ കാര്യമായി ഒന്നും സംഭവിച്ചില്ല. അടുത്ത കാര്യപരിപാടി താമസിക്കാതെ പ്രഖ്യാപിക്കും എന്നറിയിച്ചുകൊണ്ട് അവരും പിരിഞ്ഞു.

ഇതാണ് തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹരിച്ച് 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ സമരസജ്ജമാക്കുവാനും സോണിയയുടെയും മറ്റും നേതൃത്വത്തിനെതിരെ പോര്‍വിളിക്കുവാനും കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെയും ജി-23-ന്റെയും അവസ്ഥ. എന്തു നേടി? ഒടുവില്‍ സോണിയ ജി-23-ക്ക് ദര്‍ശനം നല്‍കുവാന്‍ സമ്മതിച്ചു. പക്ഷേ, സോണിയക്കൊപ്പം രാഹുലും പ്രിയങ്കയും ഉണ്ടായിരിക്കും ആസാദിനെ കാണുവാന്‍. രാഹുലും പ്രിയങ്കയും എന്ത് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ആണ് ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ഉപവിഷ്ഠരാകുന്നത് ? അതോ സോണിയ കുടുംബവാഴ്ചയെ ചോദ്യം ചെയ്യുന്ന ഗ്രൂപ്പിന്റെ നേതാവിന് ഒരു മറുപടി നല്‍കുകയാണോ? പി.ചിദംബരം കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഊന്നിക്കാണിച്ചത് പാര്‍ട്ടി രാഷ്ട്രീയം ഒരു അഭിനിവേശം ആയിട്ടുള്ളവരെയാണ് നേതാവായാലും പ്രവര്‍ത്തകരായാലും വേണ്ടത് എന്നാണ്. ഇതുതന്നെയാണ് നട് വര്‍ സിംങ്ങ് ഒരിക്കല്‍ പറഞ്ഞത് രാഷ്ട്രീയം ഒരു പകുതി സമയ ജോലി അല്ല എന്ന്. പകുതി സമയം രാഷ്ട്രീയപ്രവര്‍ത്തനം പിന്നെ അജ്ഞാത വിദേശകേന്ദ്രങ്ങളില്‍ ചുറ്റിതിരിയുക!

സോണിയയും മക്കളും രാജിവയ്ക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കില്‍ നല്ലതുതന്നെ. പക്ഷേ, എന്തുകൊണ്ട് പ്രവര്‍ത്തക സമിതി ഒന്നടങ്കം അതിനെ തള്ളി. സോണിയയുടെ ആസന്നദ്ധത സത്യമായിരുന്നോ? കാരണം ഗാന്ധി കുടുംബത്തിന് അവരുടെ രാഷ്ട്രീയ ഉപജീവിതത്തിനായി കോണ്‍ഗ്രസ് അനിവാര്യമാണ്. പ്രവര്‍ത്തകസമിതിയുടെ നിരാകരണവും, ജി- 23, ഉള്‍പ്പെടെ ആത്മാര്‍ത്ഥതയുള്ളതാണാ? അല്ലെങ്കില്‍ തന്നെയും അവര്‍ക്കും നിലനില്‍പിനായി ഗാന്ധി കുടുംബത്തിന്റെ മേല്‍വിലാസം ആവശ്യം ആണ്. ആയതിനാല്‍ ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ വിട്ടുകൊടുക്കുകയില്ല. കോണ്‍ഗ്രസിലെ സ്തുതിപാഠകവൃന്ദം അടങ്ങിയ പ്രവര്‍ത്തക സമിതിയും മറ്റുള്ളവരും. ജി-23 ഉള്‍പ്പെടെ. ജി-23 കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും വെല്ലുവിളിക്കുവാന്‍ ശക്തിയാര്‍ജ്ജിച്ചിട്ടില്ല. അത് വെറും ഒരു ഓലപാമ്പ് ആണ്. അത് ഗാന്ധികുടുംബത്തിനും ഉപചാരസംഘം അടങ്ങിയ പ്രവര്‍ത്തിസമിതിക്കും അറിയാം.

ഗാന്ധി കുടുംബത്തില്‍ നിന്നും വിടുതല്‍ നേടിയാല്‍ കോണ്‍ഗ്രസ് അത്ഭുതകരമായി രക്ഷപ്പെടുമെന്ന് അര്‍ത്ഥമില്ല. പക്ഷേ, എന്തുകൊണ്ട് പാര്‍ട്ടി ജനാധിപത്യപരമായ ഒരു പരീക്ഷണത്തിന് തയ്യാറാകുന്നില്ല? കാരണം ഇവര്‍ പരസ്പരപൂരകങ്ങള്‍ ആണ് നിലനില്‍പിന്റെ അടിസ്ഥാനത്തില്‍. അല്ലെങ്കില്‍ ജി-23 ഇത് തെളിയിക്കണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക