MediaAppUSA

റഷ്യൻ യാത്രയുടെ ഓർമ്മകൾ: ഒരിക്കലും മുഴങ്ങാത്ത മണിയും പ്രതിമകളുടെ പാർക്കും (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-26)

ബാബു പാറയ്ക്കല്‍ Published on 18 March, 2022
റഷ്യൻ യാത്രയുടെ ഓർമ്മകൾ: ഒരിക്കലും മുഴങ്ങാത്ത മണിയും പ്രതിമകളുടെ പാർക്കും (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-26)

“ഇതിന്റെ തൊട്ടടുത്തായി പണി കഴിപ്പിച്ചിരിക്കുന്ന മറ്റൊരു ദേവാലയമാണ് 'കത്തീഡ്രൽ ഓഫ് ആർക്കെയ്ൻജെൽ മിഖേൽ' (Cathedral of Archangel Michael). ‘ഡൊർമീഷൻ കത്തീഡ്രൽ’ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ളതാണ്. എന്നാൽ ‘ആർക്കെയ്ൻജെൽ കത്തീഡ്രൽ’ പ്രധാന മാലാഖയായ മിഖായേലിന്റെ പേരിലുള്ളതാണ്. മിഖായേൽ മാലാഖയെ ബൈബിളിൽ കാണിച്ചിരിക്കുന്നത് (വെളിപാട് 12:7) സംരക്ഷകനായിട്ടാണ്. സ്വർഗ്ഗത്തിന്റെ നിയന്ത്രണം സാത്താൻ ഏറ്റെടുക്കാൻ വേണ്ടി യുദ്ധം ചെയ്തപ്പോൾ മിഖായേൽ മാലാഖയാണ് സാത്താന്റെ സൈന്യത്തെ തുരത്തിയെറിഞ്ഞത്. അതുകൊണ്ട് യുദ്ധത്തിലുള്ള സംരക്ഷണത്തിനുവേണ്ടി പ്രത്യേകം നിർമിച്ചതാണ് ഈ ദേവാലയം. ഈ ദേവാലയവും പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണെങ്കിലും പല കാരണങ്ങളാൽ പല അവസരങ്ങളിൽ പുനർനിർമ്മാണം നടത്തിയിട്ടുള്ളതാണ്. ഇതിൽ ഞങ്ങൾ ചെന്നപ്പോൾ സന്ദർശകരെ അനുവദിക്കുന്നില്ലായിരുന്നു. എന്നാൽ ഗൈഡ് പറഞ്ഞത് ഇതിനുള്ളിലും വളരെ വിലയേറിയ ഐക്കൺസ് ഉണ്ടെന്നാണ്. നെപ്പോളിയൻ ക്രെംലിൻ പിടിച്ചപ്പോൾ ഇതിലെ പല ഐക്കൺസും തീയിട്ടു നശിപ്പിച്ചു. എന്നാൽ പതിനാലാം നൂറ്റാണ്ടിൽ വരച്ച മിഖായേൽ മാലാഖ സാത്താനുമായി ഏറ്റുമുട്ടുന്ന വിശ്വപ്രസിദ്ധമായ ഐക്കോൺ നശിപ്പിക്കാൻ സാധിച്ചില്ല. പതിനാറാം നൂറ്റാണ്ടിൽ ഈ ദേവാലയത്തിൽ രണ്ടു ചാപ്പലുകൾ കൂടി കൂട്ടിച്ചേർത്തു. അസംപ്ഷൻ കത്തീഡ്രൽ പോലെ ഇതിനും അഞ്ചു താഴികക്കുടങ്ങളാണുള്ളത്. 


പതിനാലാം നൂറ്റാണ്ടു മുതൽ പീറ്റർ ഒന്നാമൻ തലസ്ഥാനം സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കു മാറ്റുന്നതുവരെ റഷ്യ ഭരിച്ച ഭരണാധികാരികളുടെ 46 ശവകുടീരങ്ങൾ ഉൾപ്പടെ 54 കല്ലറകൾ ഈ ദേവാലയത്തിൽ കുടികൊള്ളുന്നു. ഇതിൽ ആദ്യ സാർ ചക്രവർത്തിയായിരുന്ന ഐവാൻ IV (Ivan the Terrible) ന്റെ ശവകുടീരം പ്രത്യേകമായി അടയാളപ്പെടുത്തി വേർതിരിച്ച ചേംബറിലാണ് സൂക്ഷിച്ചിരിക്കുന്നത്. സാർ ചക്രവർത്തിമാർ അധികാരമേൽക്കുമ്പോൾ അസംപ്ഷൻ കത്തീഡ്രലിൽ വച്ച് കിരീടധാരണം നടത്തിക്കഴിഞ്ഞാൽ പിതാക്കന്മാർ കബറടങ്ങിയിരിക്കുന്ന ഈ ദേവാലയത്തിൽ വന്ന് ധൂപാർപ്പണം നടത്തി പിതാക്കന്മാരുടെ അനുഗ്രഹം വാങ്ങിയിട്ടു മാത്രമാണ് ഭരണം തുടങ്ങുന്നത്.


ഈ കോമ്പൗണ്ടിലുള്ള മൂന്നാമത്തെ ദേവാലയമാണ് 'അനൻസിയേഷൻ കത്തീഡ്രൽ' (Annunciation Cathedral). വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയം സാർ ചക്രവർത്തിമാരുടെ കുടുംബ പള്ളി പോലെയാണ് നടത്തിയിരുന്നത്. കുടുംബാംഗങ്ങൾക്കു കുമ്പസാരിക്കാനും ആരാധന നടത്താനും വേണ്ടി പല ആത്മീയപിതാക്കന്മാരെയും ഇവിടെ നിയോഗിച്ചിരുന്നു. സഭാപിതാക്കന്മാരിൽ പലരും ഈ ദേവാലയത്തിൽ അന്ത്യ വിശ്രമം കൊള്ളുന്നു. സാർ ചക്രവർത്തിമാർ അധികാരമേൽക്കുമ്പോൾ പരമ്പരാഗതമായ കീഴ്വഴക്കമനുസരിച്ച്‌ കിരീടധാരണം അസംപ്ഷൻ കത്തീഡ്രലിൽ നടത്തി ആർക്കെയ്ൻജെൽ കത്തീഡ്രലിൽ ധൂപപ്രാർത്ഥന നടത്തിയിട്ട് അനൻസിയേഷൻ കത്തീഡ്രലിൽ വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിട്ടു മാത്രമേ ചക്രവർത്തിയുടെ സിംഹാസനത്തിൽ ഉപവിഷ്ടരാകുകയുള്ളൂ. ഈ ദേവാലയവും കാലാകാലങ്ങളിലുണ്ടായ തീപിടിത്തത്തിൽ നശിക്കുകയും നിരവധി തവണ പുരുദ്ധാരണം നടത്തുകയും ചെയ്തിട്ടുണ്ട്. 1917 ൽ നടന്ന ബോൾഷെവിക് വിപ്ലവത്തിന് ശേഷം ഇതും മറ്റു ദേവാലയങ്ങളെപ്പോലെ മ്യൂസിയം ആക്കി മാറ്റി. എന്നാൽ കമ്മ്യൂണിസ്ററ് ഭരണത്തിന് അറുതി വരുത്തിക്കഴിഞ്ഞപ്പോൾ വീണ്ടും ഇവിടെ ആരാധന സജീവമായി.”
"ഏതോ ചക്രവർത്തി പണികഴിപ്പിച്ച ഒരു മണിമാളികയുണ്ടല്ലോ മോസ്കോയിൽ. അതും ഇവിടെ അടുത്താണോ?"
"അതെ. പിള്ളേച്ചൻ ചരിത്രാദ്ധ്യാപകനായതുകൊണ്ട് കാര്യങ്ങളൊക്കെ അറിയാമല്ലോ.”


"അതുകൊണ്ടാണ് കേൾക്കാൻ കൂടുതൽ താത്പര്യം."
“ഈ മൂന്നു ദേവാലയങ്ങൾക്കും മുൻപിലായി പണികഴിപ്പിച്ച ആ മണിമാളികയാണ് ഇവിടത്തെ അടുത്ത ആകർഷണം. അസംപ്ഷൻ കത്തീഡ്രലിനോടു ചേർന്നാണ് 266 അടി ഉയരത്തിലുള്ള ഈ ഗോപുരം പണിതിരിക്കുന്നത്. ‘ഐവാൻ ദി ഗ്രേറ്റ്’ എന്നറിയപ്പെടുന്ന ഐവാൻ മൂന്നാമൻ ചക്രവർത്തി 1505 ൽ പണി തുടങ്ങിയെങ്കിലും ആ വർഷം തന്നെ 65 ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. എന്നാൽ, 'താതൻ മറന്നാൽ തനയൻ തുടർന്ന് തത് വൃത്ത ഖണ്ഡം പരിപൂർണ്ണമാക്കും' എന്ന് കേട്ടിട്ടുള്ളതുപോലെ അദ്ദേഹത്തിന്റെ പുത്രൻ വസിലി മൂന്നാമൻ പിതാവ് ഉദ്ദേശിച്ചതിനേക്കാൾ മനോഹരമായി ഈ മാണി മാളികയുടെ പണി പൂർത്തീകരിച്ചു.  ഉള്ളിൽ 329 പടികൾ കയറിയാൽ ഇതിന്റെ മുകളിലെത്താം. അനേക ടൺ തൂക്കമുള്ള 18 ഇടത്തരം മണികളും 4 കൂറ്റൻ മണികളും ഇന്ന് ഈ ടവറിലുണ്ട്. ഇന്നും ഈ മൂന്നു ദേവാലയങ്ങളിലും ആരാധന നടത്തുന്ന വിശേഷദിവസങ്ങളിൽ ഈ മണി മുഴങ്ങുന്നുണ്ട്.

പണിത കാലഘട്ടത്തിൽ ഇത് മോസ്കൊയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. അതുകൊണ്ടുതന്നെ മോസ്കോ മുഴുവൻ നിരീക്ഷിക്കാൻ പട്ടാളം ഈ ഗോപുരത്തിനു മുകളിലത്തെ നിലയിൽ സൗകര്യം ഒരുക്കിയിരുന്നു. 1812 ൽ നെപ്പോളിയൻ ഈ ടവർ തകർക്കാൻ പ്രത്യേകം ഉത്തരവിട്ടിട്ടുപോലും ഭിത്തികൾക്കു 16 അടിയിൽ കൂടുതൽ ഘനമുള്ള ഈ ഗോപുരം തകർക്കാനായില്ല.
എന്നാൽ ഇതിനു തൊട്ടു വെളിയിലായി ഏതാനും വാര അകലെ നിലത്തു വച്ചിരിക്കുന്ന ഒരു മണിയുണ്ട്. ഇതിന്റെ ഒരു ഭാഗം അടർന്ന് അതിന്റെ ചുവട്ടിൽ തന്നെ കിടക്കുന്നുണ്ട്. ഇത് ലോകത്തിൽ ഇന്നുവരെ ഉണ്ടാക്കിയിരിക്കുന്ന മണികളിൽ ഏറ്റവും വലുതാണ്. ഏതാണ്ട് 200 ടണ്ണിൽ കൂടുതൽ തൂക്കവും 20 അടിയിൽ കൂടുതൽ പൊക്കവും 22 അടിയോളം വ്യാസവുമുള്ള ഈ മണിയുടെ പണിയിൽ 529 കിലോ വെള്ളിയും 72 കിലോ സ്വർണ്ണവും ഉരുക്കിച്ചേർത്തിട്ടുണ്ട്. അന്നാ ചക്രവർത്തിനിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ച പണി 1737 ൽ പൂർത്തീകരിച്ചെങ്കിലും അന്ന് ക്രെംലിനിൽ പടർന്നു പിടിച്ച അഗ്നിബാധ ഇതിനെയും ബാധിച്ചു. അതികഠിനമായി ചൂടായതിനെതുടർന്നു മണി തണുപ്പിക്കാനായി ഭടന്മാർക്കു നിർദേശം നൽകി. അവർ തണുത്ത വെള്ളം കോരി ഒഴിച്ചതിനെ തുടർന്ന് മണി പൊട്ടി 5 ടൺ തൂക്കമുള്ള ഒരു ഭാഗം അടർന്നു വീണു.

അന്ന് അവിടെ ഉപേക്ഷിച്ച ആ മണി സാർ ചക്രവർത്തിമാരുടെ കെടുകാര്യസ്ഥതയുടെ ചിഹ്നമായി ഇന്നും അവിടെത്തന്നെ കിടക്കുന്നു. നെപ്പോളിയൻ ഇത് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അമിത ഭാരം കാരണം വിജയിച്ചില്ല. അനേകം പേർ വർഷങ്ങളോളം ശ്രമിച്ചു പൂർത്തീകരിച്ച ഈ മണി പക്ഷെ ഒരിക്കൽപോലും ശബ്ദിച്ചിട്ടില്ല. അതുപോലെ തന്നെ 1586 ൽ നിർമ്മിച്ച ഒരിക്കലും വെടിവയ്ക്കാത്ത ഒരു പീരങ്കിയും അതിനടുത്തായി പ്രദർശിപ്പിച്ചിട്ടുണ്ട്.”
"ക്രെംലിനിൽ അല്ലേടോ അവിടത്തെ പ്രസിഡന്റിന്റെ കാര്യാലയം?"
"അതെ. റഷ്യൻ പ്രസിഡന്റ വ്ലാഡിമിർ പുട്ടിന്റെ ഓഫീസ് ഇതിനടുത്തുതന്നെയാണ്. ഈ മൂന്നു ദേവാലയങ്ങൾക്കു മുൻപിലുള്ള മുറ്റത്തു നിന്ന് നോക്കിയാൽ അദ്ദേഹത്തിന്റെ ഓഫീസ് കാണാം. ഇവിടെ സെക്യൂരിറ്റി കർശനമാണെന്നു ഗൈഡ് പറഞ്ഞെങ്കിലും അവിടെയെങ്ങും ഒരു പോലീസുകാരനെപ്പോലും ഞങ്ങൾ കണ്ടില്ല. പക്ഷേ, തറയിൽ അതിരായി വരച്ചിരിക്കുന്ന വരക്ക് അപ്പുറത്തേക്ക് ഒരു ചുവടു വച്ചാൽ, എവിടെനിന്നാണെന്നറിയില്ല, അപ്പോൾ തന്നെ പോലീസ് അടുത്തെത്തിക്കഴിയും.”


"ഈ ഓഫിസിൽ ഇരുന്നാണോ പുടിൻ ഇപ്പോൾ ഈ യുദ്ധമൊക്കെ നിയന്ത്രിക്കുന്നത്?"
"ഇതദ്ദേഹത്തിന്റെ കാര്യാലയമാണെങ്കിലും ഇപ്പോഴത്തെപ്പോലെയുള്ള യുദ്ധസമയത്തു മിക്കവാറും അദ്ദേഹം അവിടെ ഉണ്ടാകാൻ സാധ്യതയില്ല. 


ഈ ദേവാലയ അങ്കണവും പരിസരവും പുകവലി നിരോധിത മേഖലയാണ്. എങ്കിലും ഞങ്ങളുടെ ഗ്രൂപ്പിൽ പെട്ട ഒന്നു രണ്ടു പേർ അവിടെ നിന്ന് സിഗരറ്റു വലിച്ചു സിഗരറ്റ് കുറ്റികൾ തറയിലിട്ടു നടന്നു നീങ്ങി. ആരാണ് അവിടെനിന്നു സിഗരറ്റു വലിച്ചതെന്ന് ആരൊക്കെയോ അന്വേഷിക്കുന്നുണ്ടായിരുന്നു. ആരും കണ്ടവരില്ലെന്നു പറഞ്ഞു ഞങ്ങൾ നീങ്ങി. 'മലയാളിയോടാണോ കളി’ എന്നൊരാൾ പറഞ്ഞതു റഷ്യക്കാരനായ ഗൈഡ് മനസ്സിലാക്കാഞ്ഞതു ഭാഗ്യം.”
"നമ്മുടെ ആളുകൾ അങ്ങനെയാണ്. ചിലർക്ക് ഇങ്ങനെ ചില തരികിട കാണിച്ചില്ലെങ്കിൽ ഉറക്കം വരില്ലെടോ."


"പിള്ളേച്ചൻ പറഞ്ഞതു ശരിയാണ്. ആ കത്തീഡ്രൽ സ്‌ക്വയറിൽ നിന്നു കുറെ ഫോട്ടോകൾ എടുത്തിട്ടു ഞങ്ങൾ മടങ്ങി.
പിന്നീടു പോയത് ‘പ്രതിമകളുടെ പാർക്ക്’ എന്നറിയപ്പെടുന്ന 'പാർക്ക് ഓഫ് സ്റ്റാച്യൂസ്' കാണാനാണ്."
"അതെന്താണെടോ പ്രതിമകളുടെ പാർക്ക്?"
"അതെ. മോസ്കോയിൽ വളരെ രസകരമായ ഒരു പാർക്ക് ഉണ്ട്. ഈ പാർക്കിലുള്ളത് മുഴുവൻ പ്രതിമകളാണ്. സോവിയറ്റ് യൂണിയൻറെ പതനത്തോടെ വളരെ പ്രാധാന്യത്തോടെ മോസ്കോയിൽ പലയിടത്തായി സ്ഥാപിച്ചിരുന്ന പ്രതിമകളെല്ലാം അവിടെ നിന്ന് മാറ്റി ഒരു പാർക്കിൽ സ്ഥാപിച്ചു. പലതും കമ്മ്യൂണിറ്റി നേതാക്കളുടെയും സോവിയറ്റ് യൂണിയന്റെ ശില്പികളുടെയുമാണ്. ഇതിൽ ലെനിന്റെ പ്രതിമ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നതായിരുന്നു.

ഞാൻ ലെനിന്റെ പ്രതിമയുടെ അടുത്തുനിന്നപ്പോൾ റഷ്യക്കാരനായ ഒരാൾ വന്ന് എന്നോട് ആ പ്രതിമയുടെ അടുത്ത് നിൽക്കാമോ അദ്ദേഹത്തിന് എന്റെ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിമുണ്ട് എന്ന് പറഞ്ഞു. അതിനെന്താ, ഞാൻ അടുത്ത് നിന്നു. അദ്ദേഹം എന്റെ ഫോട്ടോ എടുത്തു നന്ദി പറഞ്ഞു മടങ്ങി. അല്പം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിലുള്ള രണ്ടു പേർ അതെ ആവശ്യം ഉന്നയിച്ചു. അതെന്തിനാണെന്നു ഞാൻ ചോദിച്ചു. അപ്പോഴാണ് ഞങ്ങളുടെ ഗൈഡ് രാജേഷ് പറഞ്ഞത് ലെനിന്റേയും എന്റെയും രൂപങ്ങൾ തമ്മിൽ നല്ല സാദൃശ്യമുണ്ടെന്ന്! 
കമ്മ്യൂണിസ്ററ് പാർട്ടിയുടേതല്ലാത്ത ചുരുക്കം ചില പ്രതിമകളിൽ മഹാത്മാഗാന്ധിയുടെ പ്രതിമയും ഉൾപ്പെടുന്നു. റഷ്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അധ്വാനത്തിന്റെയും അവരുടെ പോരാട്ടത്തിന്റെയും കഥ ചില ശില്പങ്ങൾ മനോഹരമായി വരച്ചു കാട്ടുന്നുണ്ടായിരുന്നു. ബൈബിളിലെ ധൂർത്ത പുത്രന്റെ (Story of the Prodigal Son- ലൂക്കോസ് 15:11-32) കഥ പറയുന്ന മറ്റൊരു പ്രതിമ വളരെ ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. എല്ലാ സ്വത്തുക്കളും വാങ്ങി അപ്പനെയും സഹോദരനെയും വിട്ടുപോയിട്ട് ഉണ്ടായിരുന്നതെല്ലാം ധൂർത്തടിച്ച്‌         എല്ലാം നഷ്ടപ്പെട്ടവനായി ഒടുവിൽ സ്വന്തം വീട്ടിലേക്കു മടങ്ങുന്ന പുത്രനെ എല്ലാം മറന്നു സ്നേഹവായ്‌പോടെ ആശ്ലേഷിക്കുന്ന പിതാവിന്റെയും പശ്ചാത്താപവിവശനായി പിതാവിന്റെ മാറിലേക്കു തല ചായ്ക്കുന്ന പുത്രന്റെയും പ്രതിമ ആരെയും ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു.


ഇതിനു വെളിയിലായി മോസ്‌ക്‌വ നദിയിൽ ഒരു കൂറ്റൻ പ്രതിമയുണ്ട്. 'പീറ്റർ ദി ഗ്രേറ്റ്' ന്റേതാണ് നദിയുടെ നടുവിൽ 322 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ലോഹ പ്രതിമ. റഷ്യൻ നേവിയുടെ മുന്നൂറാമതു വാർഷികത്തിൽ 1997 ലാണ് ഈ കൂറ്റൻ പ്രതിമ സ്ഥാപിച്ചത്. 1682 മുതൽ 1725 വരെയുള്ള 43 വർഷങ്ങൾ ഭരണം നടത്തിയ പീറ്റർ ദി ഗ്രേറ്റ് റഷ്യൻ സാർ ചക്രവർത്തിമാരുടെ കൂട്ടത്തിൽ വളരെയധികം നവീന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഒരു ചക്രവർത്തിയായിരുന്നു. തലസ്ഥാനം മോസ്കോയിൽ നിന്നും സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കു മാറ്റി ചരിത്രം കുറിച്ചതും ഇദ്ദേഹം തന്നെ.”


"നിങ്ങൾ ഗ്രേറ്റ് എന്ന് പറയുന്ന ഇദ്ദേഹം സ്വന്തം മകനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആളാണ്."
"അത് ശരിയാ പിള്ളേച്ചാ. പിതാവിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കാൻ ശത്രുക്കളുമായി കൂട്ടുകൂടിയതിനാണ് മകനെ വധിച്ചതെന്നാണ് ഗൈഡ് പറഞ്ഞത്."
"നിങ്ങൾ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പോയില്ലേ?"
"അടുത്തതായി അങ്ങോട്ടാണ് പോയത്."
"അത് നാളെയാകട്ടെടോ."
________________

റഷ്യൻ യാത്രയുടെ ഓർമ്മകൾ: ഒരിക്കലും മുഴങ്ങാത്ത മണിയും പ്രതിമകളുടെ പാർക്കും (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-26)റഷ്യൻ യാത്രയുടെ ഓർമ്മകൾ: ഒരിക്കലും മുഴങ്ങാത്ത മണിയും പ്രതിമകളുടെ പാർക്കും (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-26)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക