Image

മിത്രത്തിൽ നിന്ന് ശത്രുവിലേക്കുള്ള ദൂരം ചിലപ്പോൾ  ഒരു വാക്ക് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 22 March, 2022
മിത്രത്തിൽ നിന്ന് ശത്രുവിലേക്കുള്ള ദൂരം ചിലപ്പോൾ  ഒരു വാക്ക് (ശ്രീകുമാർ ഉണ്ണിത്താൻ)

ജീവിതത്തില്‍ കാര്യങ്ങള്‍ നാം ഉദ്ദേശിച്ച രീതിയില്‍ നടക്കാതെ വരുമ്പോഴും, ഒരാള്‍  നമുക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ  സംസാരിക്കുബോഴും, പെരുമാറുമ്പോഴും ഒക്കെ ദേഷ്യം മനസ്സില്‍ നിന്ന് മറനീക്കി പുറത്തു വരുന്നത്  സാധാരണയാണ്. ചിലപ്പോൾ  മനസ്സിനെ മുറിപ്പെടുത്തിയ സംഭവം  വളരെ നിസ്സാരമായ ഒന്നാകാം, അല്ലെങ്കില്‍  വളരെ ഗൗരവമുള്ള  പ്രശ്നമാകാം. ചിലപ്പോൾ ഒരു ചെറുപുഞ്ചിരി കൊണ്ട് തീരാവുന്ന പരിഭവങ്ങൾ നമ്മൾ സംസാരിച്ചു  വഷളാക്കും.  നല്ല വാക്കും, പുഞ്ചിരിയുമാണ്  മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വിലയേറിയ സമ്മാനങ്ങൾ  എന്ന് എന്റെ മുത്തശ്ശി എപ്പോഴും  പറയുമായിരുന്നു.

പേരക്കുട്ടികള്‍ വായില്‍ വരുന്ന അനാവശ്യങ്ങള്‍ പറയുന്നത് കേട്ട്  മുത്തശ്ശി  പറയുന്ന  ഒരു  ചൊല്ല് ഉണ്ടായിരുന്നു  ‘വായില്‍ നിന്നു വീഴുന്ന വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാന്‍ കഴിയില്ല.' 'വാക്കുകൾ സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ,' മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ  പറയരുത്.. ജീവിതത്തിലുണ്ടാകുന്ന പല വഴക്കുകള്‍ക്കും കാ‍രണം വായില്‍ നിന്നു വീഴുന്ന വാക്കുകളാണ് .

നമ്മളിൽ മിക്കവരും   പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണ്. ചിന്തിക്കുന്നതിനു മുൻപേ പ്രവർത്തിക്കും. പ്രവൃത്തിച്ചു കഴിഞ്ഞിട്ട്‌  ആയിരിക്കും ചിന്തിക്കുക ,'യ്യോ! ചെയ്തത്‌ ശരിയയോ?'  അബദ്ധമായിപോയോ? മുൻപും പിൻപും നോക്കാതെയുളള എടുത്തുചാട്ടത്തിന്റെ ഫലമായി ഒരു പാട്‌ അബദ്ധങ്ങൾ  നമുക്കൊക്കെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്‌ . പലപ്പോഴും അതിനു  പലരും  ഒരു പാട്‌ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്‌.

നല്ല വാക്കുകള്‍  സ്നേഹബന്ധം ഊട്ടിഉറപ്പിക്കാന്‍ സഹായിക്കുബോൾ മോശം വാക്കുകൾ  കലഹങ്ങള്‍ക്ക് കാരണമാകുന്നു.  നാക്കില്‍ നിന്നു വരുന്ന വാക്കുകൾക്ക്  നരകവും സ്വര്‍ഗവും സൃഷ്ടിക്കാൻ കഴിയും. സ്നേഹബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ശിഥിലമാക്കുന്നതിനും വാക്കുകള്‍ക്ക് കഴിയും. കുട്ടികളോടുള്ള   സംഭാഷണത്തില്‍ നല്ല വാക്കുകള്‍ പറഞ്ഞു ശീലിപ്പിക്കുക.. വീട്ടില്‍ പറഞ്ഞു പരിചയിക്കുന്ന സംഭാഷണരീതിയാണ് പുറമെ പറയുന്നത്. മോശം  വാക്കുകള്‍ പുറമെ പറഞ്ഞാല്‍ ശത്രുക്കളെ ഉണ്ടാക്കും.  'നാക്കുള്ളവന് നാട്ടില്‍ പാതി’ എന്നാണ് ചൊല്ല് . നാക്കില്‍ നിന്നു നല്ല വാക്ക് ഉരിയാടുന്നവന് എന്തും നേടാന്‍ കഴിയും എന്നാണ് ഈ ചൊല്ലിന്റെ സാരം’.
 
വാക്കുകള്‍ക്ക് കത്തിയേക്കാള്‍ മൂര്‍ച്ചയുണ്ടെന്ന് പറയാറുണ്ട്. അത് തീര്‍ത്തും സത്യമാണ്. കത്തികൊണ്ടുണ്ടാക്കിയ ഒരു മുറിവ് ചികിത്സയിലൂടെ പരിഹരിക്കാന്‍ കഴിയും. എന്നാല്‍ വാക്കു കൊണ്ട് നോവിച്ചാല്‍ അത് ചിലപ്പോള്‍ ജീവിതാവസാനം വരേയും മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ ഓരോ വാക്കും അത്രമേല്‍ സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ. കോപിച്ചിരിക്കുന്ന മനസ്സില്‍ നിന്ന് നല്ല വാക്കുകള്‍ പുറത്തേയ്ക്കു വരില്ല. മറിച്ച് ഒരിക്കലും പറയണമെന്ന് വിചാരിക്കാത്ത കാര്യങ്ങളായിരിക്കും ദേഷ്യപ്പെടുമ്പോള്‍ ഓരോ വ്യക്തിയുടേയും നാവില്‍ നിന്നു വരുന്നത്. ഇത് നല്ല ബന്ധങ്ങളെ പാടെ തകര്‍ക്കും

.."ജീവിതം നമുക്ക്  പല വേഷങ്ങൾ തരുന്നു. സ്വപ്നങ്ങൾ പല കാഴ്ചകളും കാട്ടുന്നു..പക്ഷേ സ്നേഹം അത് നല്ല മനസ്സുള്ളവർ തരുന്ന സമ്മാനമാണ്, അത് നാം ഇല്ലാതെയാക്കരുത്..

പറഞ്ഞു ജയിക്കാൻ  നമ്മുടെ ഭാഗത്തു  ന്യയങ്ങൾ നൂറാണെങ്കിലും  ചിലപ്പോൾ മൗനം തന്നെയാണ്   ഉത്തമം!!  ചിലർ നമ്മുടെ ജീവിതത്തിൽ ഒരു അനുഗ്രഹമായിരിക്കും.എന്നാൽ മറ്റു ചിലർ നമുക്ക് ഒരു പാഠമായിരിക്കും!!

കുട്ടിക്കാലത്തു കേട്ട ഒരു കഥ ഓർമ്മവരുന്നത്. കഴുതയും പുലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പുലി പറഞ്ഞു  പുല്ലിന് പച്ചനിറം ആണെന്ന്.  പക്ഷേ കഴുത പറഞ്ഞു നീല നിറമാണെന്ന്. വഴക്ക് രാജാവായ സിംഹത്തിന്റെ അടുത്തെത്തി. സിംഹം പുലിയെ  രണ്ടുവർഷത്തേക്കു ജയിൽ ശിക്ഷ വിധിച്ചു, പുലി സിംഹത്തോടായി ചോദിച്ചു, പ്രഭോ  ഞാൻ പറഞ്ഞത് സത്യമല്ലേ, സിഹം മറുപടി പറഞ്ഞു, നീ  പറഞ്ഞതാണ് സത്യം.  പക്ഷേ  ശിക്ഷ തന്നത് അതിനല്ല!!  

നാം സംവദിക്കുബോൾ  ആളും തരവും  നോക്കിവേണം സംവദിക്കാൻ. .വിവേകമില്ലത്തവരോട് തർക്കിക്കുന്നതിലും ഭേദം   വിവേകത്തോട് കുടി മൗനമായി ഇരിക്കുന്നതാണ് ബുദ്ധി.

നമ്മളിൽ  പലർക്കും ദേഷ്യം വരുമ്പോള്‍ മനസ്സിന്റെ  നിയന്ത്രണം കൈവിട്ടു പോകുകയും അപ്പോള്‍ അരുതാത്തതൊക്കെ വിളിച്ചു പറയുന്നതായും കാണാം. പലരും പറയുന്നത്  എത്ര  ശ്രമിച്ചാലും   പലപ്പോഴും  നടക്കാറില്ല എന്നാണ് .

ചിലപ്പോൾ നമ്മൾ വിചാരിക്കാറുണ്ട്  എന്ത്‌ അഹങ്കാരമാണു അയാളുടെ  ചിന്താഗതിയിൽ!!  തന്റെ പ്രവൃത്തികൾ മറ്റുളളവർ എങ്ങനെ സ്വീകരിക്കുന്നു എന്നോ അല്ലെങ്കിൽ അത്  എങ്ങനെ മറ്റുള്ളവരെ  വിഷമിപ്പിക്കുന്നെന്നോ   അവർ   ചിന്തക്കാറെയില്ല.  രണ്ട്‌ വ്യക്തികൾ  സംസാരിക്കുബോൾ   പരസ്പര ബഹുമാനത്തിനു പകരം പലപ്പോഴും  ഉടലെടുക്കുന്നത്‌ ഒരു മത്സര ബുദ്ധിയാണ്.  ആരാണു മികച്ചത്‌, ഞാൻ നിന്നെക്കാട്ടിലും ബുദ്ധിയുള്ളവൻ  എന്ന് സമർത്ഥിക്കുവാനുളള ശ്രമം ആയിരിക്കും  അവിടെ  നടക്കുക.

ദേഷ്യം  മനസ്സിനെ കീഴടക്കുമ്പോള്‍ ഒരു വ്യക്തിക്ക് വിവേകപൂര്‍ണ്ണമായി ചിന്തിക്കാനുള്ള കഴിവ് തീര്‍ത്തും നഷ്ടപ്പെടുന്നു. മനസ്സ് പൂര്‍ണ്ണമായും ദേഷ്യത്തിന്  അടിമയാകുന്നു.  ..

ഇങ്ങനെ   വികാരങ്ങൾക്ക് അടിമപ്പെട്ട വ്യക്തി  ഏതുതരത്തില്‍ പ്രതികരിക്കുമെന്ന് പലപ്പോഴും നമുക്ക്  പ്രവചിക്കാന്‍ കഴിയില്ല.  പക്ഷേ ഈ  പ്രതികരണത്തിനു  ഇരയാകുന്ന ആള്‍ക്ക് ഇത് മനസ്സിലാക്കാനോ ക്ഷമിക്കാനോ ഉള്ള മാനസികാവസ്ഥ ഉണ്ടാകണമെന്നില്ല. പിന്നീടൊരിക്കലും കൂട്ടിയിണക്കാന്‍ കഴിയാത്ത വിധം അങ്ങനെയുള്ള  ബന്ധങ്ങൾ  മുറിഞ്ഞു പോകാനും  കാരണമാകാം.

ദേഷ്യത്തെ പെട്ടെന്നൊരു ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. അതിന് നിരന്തര പരിശ്രമം ആവശ്യമാണ്. ഏതൊക്കെ സാഹചര്യങ്ങളിലാണ് നിങ്ങള്‍ ദേഷ്യത്തിന് അടിമപ്പെടുന്നതെന്ന് കണ്ടെത്താന്‍ ശ്രമിക്കുക. വീണ്ടും അതേ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നിങളുടെ പെരുമാറ്റം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

ജീവിതത്തില്‍ എല്ലായ്പ്പോഴും എല്ലാ വ്യക്തികളും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറണമെന്നില്ല. ഓരോ വ്യക്തിയേയും വ്യത്യസ്തമായി  തന്നെ കാണാന്‍ ശ്രമിക്കുക.  എന്തു സംഭവിച്ചാലും നിലവിട്ടു പെരുമാറുകയില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.

തെറ്റ് പറ്റിയതിന് ആരെങ്കിലും ക്ഷമ ചോദിക്കുമ്പോൾ നാം  മുഖം തിരിച്ചു നിൽക്കരുത്.  നമ്മുടെ  മഹിമ കണ്ടിട്ടല്ല  ക്ഷമ ചോദിക്കുന്നത്, അവർക്ക് പറ്റിയ തെറ്റുകൾ  തിരിച്ചറിയാൻ കഴിഞ്ഞത്  വലിയ ഒരു മനസ്സ് ഉള്ളതു കൊണ്ടാണ്.

സ്നേഹം നെല്ല്  പോലെയാണ് വിതച്ചാലാണ് മുളയ്ക്കുക. എന്നാൽ ദേഷ്യം  "പുല്ല് " പോലെയാണ് ഒന്നും ചെയ്യാതെ തന്നെ മുളയ്ക്കും". ഒരു ശക്തനായ മനുഷ്യന്റെ ഏറ്റവും വലിയ ശക്തി സ്വന്തം ദൗർബല്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധമാണ് !


ചില വാക്കുകളിൽ തകരുന്ന ബന്ധങ്ങളുണ്ട്.
ചില വാക്കുകളിൽ തീരുന്ന പരിഭവങ്ങളുണ്ട്.
ചില വാക്കുകൾ നൽകുന്ന വേദനകൾ ഉണ്ട്
ചിലവാക്കുകൾ നൽകുന്ന സന്തോഷങ്ങളുമുണ്ട്
ചില വാക്കുകൾ പരിഹാസം പകരുമ്പോൾ
ചില വാക്കുകൾ പ്രതീക്ഷയും, ആത്മവിശ്വാസവും നൽകുന്നു..

 ബന്ധങ്ങൾ ഊഷ്മളമാക്കുന്നതും, തകർക്കുന്നതും, പലരുടെയും വാക്കുകളാണ്...
 നല്ല വാക്കുകൾ വിടർന്നു നിൽക്കുന്ന പൂക്കളെക്കാൾ മനോഹരമാണ്...
എന്നാൽ മോശം വാക്കുകൾ മൂർച്ച ഒട്ടും കുറയാത്ത അസ്ത്രങ്ങൾ പോലെയും..
 മരുന്നുകൊണ്ട് ഉണക്കാൻ കഴിയാത്തവിധം അതങ്ങു തറച്ചു കയറും.
 ശത്രുവിൽ നിന്ന് മിത്രത്തിലേക്കുള്ള ദൂരവും
മിത്രത്തിൽ നിന്ന് ശത്രുവിലേക്കുള്ള ദൂരവും ഒരു വാക്കിനോളമേയുള്ളൂ.. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക