Image

ഐ ഡോണ്ട് ഹാവ് ദി റൈറ്റ് റ്റു ക്രൈ (ബെന്നി)

Published on 23 March, 2022
ഐ ഡോണ്ട് ഹാവ് ദി റൈറ്റ് റ്റു ക്രൈ (ബെന്നി)

ജെയിംസ് റീഗൻ...
തകർന്നുടഞ്ഞൂപോയ സ്വപ്നങ്ങൾ... 
നിന്റെ കാമുകി, നിന്റെ മുറപ്പെണ്ണ് , നിന്റെ ഫിയാൻസി, നിന്റെ മേരി മഗ്ഹുഗ്..  നിന്റെ മാത്രം...

ആർലിങ്ങ്ടൻ സെമിത്തേരിയിലെ വെണ്ണക്കൽ മാർബിൾ ഫലകത്തിനോട് അവൾ നിർത്താതെ പിറുപിറുത്തു കൊണ്ടിരിക്കുന്നു .. 
ചുംബനം കൊണ്ട് നിന്നെ പൊതിയുന്നു... നിൻ്റെ അസ്തികളുടെ ചാരെയിരുന്ന് പ്രണയഗീതം ആലപിക്കുന്നു.

"എഴുന്നേറ്റുവരുക പ്രിയനേ... കണ്ണീർ നിറച്ച പാനപാത്രം ഇനിയെങ്കിലും ഞാൻ വലിച്ചെറിയട്ടെ.     
കരീബിയൻ കടൽക്കരയിലെ പറുദീസകളിൽ പോയി നമുക്ക് രാപ്പാർക്കാം. അതിരാവിലെ എഴുന്നേറ്റ്  നിന്റെ മാറിൽ ചാരി കടൽത്തീരത്തുകൂടെ നടക്കാം. കടൽപക്ഷികൾ നമ്മെ കണ്ട്  പ്രേമത്താൽ ചിണുങ്ങും. അവയുടെ മുമ്പിൽ  പ്രിയനേ,  നിനക്ക് ഞാനെന്റെ പ്രേമം തരും."

ഹവായിലെ ഏകാന്ത റിസോർട്ടിൽ നിന്റെ ഹൃദയതാളം കേട്ടുറങ്ങാൻ അവൾ എത്ര കൊതിച്ചിരുന്നു... നിന്നെ കെട്ടിപ്പിടിച്ചുമ്മകളിൽ പൊതിയാൻ...
ഹണിമൂണിൽ പറയാൻ ബാക്കിവെച്ചിരുന്ന, നീ കേൾക്കാൻ ആശിച്ചിരുന്ന കവിതകൾ  നിൻ്റെ വെണ്ണക്കൽ മാർബിൾ ഫലകത്തിനോട് അവൾ ഉരുവിട്ടു കൊണ്ടിരിക്കുന്നു... 
കണ്ണുതുറക്കാത്തതെന്തേ കാമുക... അതിജീവനത്തിൻ്റെ മൊഴികൾ പറഞ്ഞു കൊടുത്തവളെ ആശ്വസിപ്പിച്ച് തിരികെ വിട്ടാലും. 
   
ഭുമിക്ക് മുകളിൽ ചതുരംഗ പലക നിവർത്തിയിട്ടിട്ട് 
ദാർഷ്ട്യത്തിൻ്റെ സിംഹാസനത്തിൽ   
സ്വേച്ഛാധിപതി വോഡ്ക നുണഞ്ഞിരുന്നു. 
ഏഴ് വർണ്ണങ്ങളിൽ കരുക്കൾ നിരന്നു. 
അറുപത്തിനാലു് കളങ്ങളിൽ കണ്ണുനട്ടു് ചെന്നായ് കളി തുടങ്ങി.
വെളളക്കരുക്കളിലെ ശക്തനായ മന്ത്രിയെ തലോടിയിട്ട്
മുന്നിൽ തടസ്സമായിട്ടിരിക്കുന്ന കാലാളിനെ യുദ്ധക്കളത്തിലേക്ക് ഉന്തിയിട്ടു... 

'ചാവേറാകാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർ തന്നെ കളത്തിലിറങ്ങട്ടെ'

ആറ്റം മിസൈലുകളൂടെ കൺട്രോൾ പാനലിലെ കീ ബോർഡിൽ സീക്രട്ട് കോഡ് പകുതി കുത്തിയിട്ട്, 
മറുപുറത്തിരിക്കുന്ന പാവം ശത്രുവിൻ്റെ കണ്ണുകളിലേക്ക് ഒരു പരിഹാസച്ചിരിയോടെ തുറിച്ചു നോക്കി...

ക്യൂൻസ്  ഗാംബിറ്റിനായിട്ട് ശത്രു അവൻ്റെ രാജ്ഞിയുടെ മുൻപിലുള്ള കാലാളിനെ രണ്ടു കളം മുന്നോട്ട് തട്ടിയിട്ടിരിക്കുന്നു.   
അമ്പടാ... ഭൂലോകത്തെ വിറപ്പിക്കുന്ന ചക്രവർത്തിക്കെന്തിനാ ഒരു രാജ്ഞി മാത്രം? 
രാജ്ഞി... ക്യൂൻ!
ഈ പടയോട്ടത്തിൽ തകർക്കുന്ന ദേശങ്ങളിൽ നിന്ന് തനിക്കെത്രയൊ രാജ്ഞിമാർ ചതുരംഗ പലകയിൽ നൃത്തം ചെയ്യും!
ഗാംബിറ്റ് ചെയ്ക തന്നെ.... ക്യൂൻസ് ഗാംബിറ്റ്!!!
   
ഇടത്തെ ആനയുടെ മുന്നിലെ കാലാളിനെ  മുന്നോട്ടു തള്ളി ദ്വിഗ് വിജയിയായി അട്ടഹസ്സിച്ചു കൊണ്ടു് എകഛത്രാധിപതി ചാടി എഴുന്നേറ്റു:
"ആരവിടെ "
"വലുത്ത കളത്തിലെ കാലാളുകൾ ''
" ക്യൂൻസ് ഗാംബിറ്റ്"
നിഷ്‌ക്കരുണം എതിരാളി വെട്ടിമാറ്റി...
തിരിച്ചവൻ്റെ രണ്ടു് കാലാളിനെ വെട്ടിപ്പിടിച്ചിട്ട് ഏകാധിപതി ചതുരംഗപ്പലക ബോംബ് വെച്ച് തകർത്തു. 

ജെയിസ്...  നീയുമതിൽ വീണ് ഛിന്നഭിന്നമായി. 
സ്വപ്നങ്ങൾ വീണുടഞ്ഞു  
മേരിയുടെ ജെയിംസ്   
ആർലിങ്ങ്ടൻ സെമിത്തേരിയിൽ
വെള്ളയിൽ ഇളം മഞ്ഞനിറമുള്ള 
പനിനീർപ്പൂക്കളുമായി...
നിന്റെ ഇഷ്ട നിറം. 

അവളോട് നീ പറഞ്ഞിരുന്നല്ലോ 
'പ്രിയേ, മോതിരം മാറിയിട്ട് ആദ്യചുംബനത്തിൽ 
നീയൊരു വെളുത്ത പനിനീർപ്പൂവാകണം 
ഞാനത് എന്റെ ഹൃദയത്തിൽ സൂക്ഷിയ്ക്കും...'

സ്വേച്ഛാധിപതികളുടെ അലർച്ചയിൽ ഭൂമി നടുങ്ങി
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളും ഒപ്പം കൂടി.  
 
"ഐ ഡോണ്ട് ഹാവ് ദി റൈറ്റ് റ്റു ക്രൈ"

പ്രിസിസൺ ബോംബിങ്ങു നിർത്തി കാർപെറ്റ് ബോംബുകൾ ചതുരംഗ കളത്തിൽ. 

*ലയൂദമിള റൂഡ്ൻകൊയുടെ സിസിലിയൻ പ്രതിരോധത്തിൽ ഏകാധിപതിയുടെ കാലാൾ പട അടിയറവ് പറഞ്ഞുകൊണ്ടിരിക്കുന്നു.  
ചതുരംഗ പടക്കളത്തിൽ അവളുടെ തേരുകൾ രാജാവിനെ പൂട്ടുവാൻ എട്ടാമത്തെ കളത്തിലേക്ക് എടുത്തു ചാടി.... 

മേരി മഗ്ഹുഗ്.. നിന്റെ പ്രതിശുത വരൻ 
പാടിത്തീരാഞ്ഞ നിന്റെ കവിതയിൽ മയങ്ങി ഉറക്കമാണ് 
കാത്തുവെച്ചാലും ആ സുവർണ്ണ പനിനീർപ്പൂക്കൾ. 
A brave warrior your fiancé.
Be proud.. be proud...  
Your own James, Sergeant James J. Regan.

*Alyona Zub-Zolotarova, Irpin, Ukraine (New York Times)
**ലയൂദമിള റൂഡ്ൻകൊ - വേൾഡ് ചെസ്സ് ചാമ്പ്യൻ - ഉക്രേനിയൻ വംശജ.  

Mathew Joys 2022-06-11 15:43:05
മേരി മാഗ് ഹുഗ് , കൂടെ കൂടിയതിന്റെ തീഷ്ണ വികാരങ്ങളോടൊപ്പം, കുറെ നേരം ശലോമോനായി ഉത്തമഗീതങ്ങൾ പാടി, വോഡ്‌കാ കുടിച്ചിരിക്കുന്ന ഏകാധിപതിയായ രാജാവിനെ തളക്കാൻ ഇറങ്ങിത്തിരിച്ച പ്രേമകാവ്യമോ,വിലാപകാവ്യമോ (അതൊ വെല്ലുവിളിയോ)! നന്നായിരിക്കുന്നു . ബെന്നിയ്ക്ക് അനുമോദനങ്ങൾ 💐👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക