
"എന്താടോ ഇന്നു സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കഥകളാണോ?"
"അല്ല പിള്ളേച്ചാ, അങ്ങോട്ട് പോകുന്നതല്ലേ ഉള്ളൂ."
"മോസ്‌കോയില്‍ നിന്നും എത്ര ദൂരമുണ്ട് അങ്ങോട്ടേക്ക്? പ്ലെയിനിനാണോ പോയത്?"

"680 കിലോമീറ്ററാണ് ദൂരം. ഞങ്ങള്‍ ട്രെയിനിനാണ് പോയത്."
"അത് നമ്മുടെ കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ളതിനേക്കാള്‍ ദൂരമാണല്ലോ."
"പക്ഷേ, നാല് മണിക്കൂര്‍ സമയം മാത്രമേ എടുത്തുള്ളൂ."
"കേട്ടിട്ട് ഇത് നമ്മുടെ കെ-റെയില്‍ പോലെ ഉണ്ടല്ലോടോ. അതും പണിതീരുമ്പോള്‍ 530 കിലോമീറ്റ4 4 മണിക്കൂര്‍ കൊണ്ട് ചെല്ലുമെന്നാണ് പറയുന്നത്. പണിതാല്‍ തന്നെ എത്രനാള്‍ എടുക്കുമോ ആവോ! റഷ്യയില്‍ ആ ലൈന്‍ പണിതത് ഏതു കാലത്താടോ?''
''1842 ല്‍ അന്നത്തെ സാര്‍ ചക്രവര്‍ത്തിയായിരുന്ന നിക്കോളാസ് ഒന്നാമന്‍ ആണ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് ഒരു റെയില്‍വേ ലൈന്‍ വേണമെന്ന ആശയം കൊണ്ടുവന്നത്. 9 വര്‍ഷം കൊണ്ടു പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ട പാത ഇതായിരുന്നു. 1851 നവംബര്‍ ഒന്നാം തീയതി ആദ്യത്തെ ട്രെയിന്‍ ഓടിച്ചു. അന്ന് 19 മണിക്കൂര്‍ കൊണ്ടാണ് 680 കിലോമീറ്റര്‍ ദൂരം ഓടിഎത്തിയത്. എന്നാല്‍ 80 വര്‍ഷങ്ങള്‍ക്കു ശേഷം 1931 ല്‍ ആ യാത്രാസമയം 10 മണിക്കൂര്‍ ആയി കുറച്ചു. എന്നാല്‍ 2009 മുതല്‍ അത് 4 മണിക്കൂര്‍ ആയി വീണ്ടും കുറച്ചു. ഇപ്പോള്‍ പുതിയ തലമുറയിലെ ഹൈടെക് ട്രെയിന്‍ ഉപയോഗിച്ച് രണ്ടര മണിക്കൂര്‍ കൊണ്ട് ഓടിയെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. 2022 ആഗസ്റ്റോടു കൂടി ഇത് പ്രാവര്‍ത്തികമാക്കാമെന്നാണ് അവര്‍ അനുമാനിക്കുന്നത്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ സ്പീഡിലാകും പുതിയ ട്രെയിന്‍ ഈ ട്രാക്കില്‍ ഓടുക."
"വളഞ്ഞുപുളഞ്ഞൊക്കെയാണോടോ ഈ ലൈന്‍ പോകുന്നത്?"

"ഹേയ് അല്ല പിള്ളേച്ചാ. മോസ്‌കോ - സെന്റ് പീറ്റേഴ്സ്ബര്‍ഗ് ലൈനില്‍ ഒരു വളവു മാത്രമേയുള്ളൂ. ഇതിന്റെ പുറകില്‍ രസകരമായ ഒരു കഥ പ്രചരിച്ചിട്ടുള്ളതായി റഷ്യക്കാരിയായ ഗൈഡ് അലീസ്യ പറഞ്ഞു. 1842 ല്‍ ഈ പ്രൊജക്ടിന്റെ പ്രാരംഭ ചര്‍ച്ച നടക്കുമ്പോള്‍ മേശപ്പുറത്തിരിക്കുന്ന മാപ്പില്‍ മോസ്‌കോയും ദൂരെ സെന്റ് പീറ്റേഴ്സ്ബര്‍ഗും പെന്‍സിലുകൊണ്ട് അടയാളപ്പെടുത്തി ഓരോ ബിന്ദു വരച്ചു ചക്രവര്‍ത്തിയെ ചുമതലപ്പെട്ട എഞ്ചിനീയര്‍ കാണിച്ചു. അതില്‍ വളവൊന്നുമില്ലാതെ ഒരു നേര്‍രേഖ പോലെ വേണം റെയില്‍ പാത എന്നു പറഞ്ഞുകൊണ്ട് ചക്രവര്‍ത്തി തന്നെ ഒരു റൂള്‍ത്തടിയെടുത്തു വച്ച് ആ രണ്ടു ബിന്ദുക്കളും തമ്മില്‍ യോജിപ്പിച്ചു കൊണ്ട് ഒരു രേഖ വരച്ചു. പക്ഷെ ചക്രവര്‍ത്തിക്ക് ഒരബദ്ധം പറ്റി. റൂള്‍ത്തടി പിടിച്ചിരുന്ന വിരലിനു പുറത്തുകൂടിയാണ് വരച്ചത്. വര കണ്ട എന്‍ജിനീയര്‍മാര്‍ ഞെട്ടിപ്പോയി. ലൈനില്‍ നല്ല ഒരു വളവ്. ചക്രവര്‍ത്തി വളച്ചു വരച്ചത് നേരെയാക്കാന്‍ ആര്‍ക്കാണു ധൈര്യം! പക്ഷെ ചക്രവര്‍ത്തി പറഞ്ഞത് നേര്‍രേഖ ആയിരിക്കണമെന്നാണ്. അവര്‍ ആകെ ആശയക്കുഴപ്പത്തിലായി. എന്നാലും ഒടുവില്‍ നേരേ തന്നെ പാത പണിതു. പക്ഷേ, ചക്രവര്‍ത്തി വളച്ചു വരച്ച സ്ഥലത്തു ഭയങ്കര കയറ്റമാണ്. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ നാല് എന്‍ജിന്‍ വച്ച് വലിച്ചാണ് ഈ കയറ്റം ട്രെയിന്‍ കയറുക. ഇതു പ്രശ്നം സൃഷ്ടിച്ചു. തുടര്‍ന്ന് കയറ്റം ഒഴിവാക്കാനായി 27 വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടെ റെയില്‍പാത വളച്ചു പണിയേണ്ടി വന്നു. 17 മൈല്‍ ദൂരമുള്ള ഈ വളവ് 'വെരിബിന്‍സ്‌കി വയഡക്ട്' എന്നറിയപ്പെടുന്നു. അപ്പോഴാണ് ചിന്തിച്ചത് ഇവിടെ ഒരു വളവു വേണമെന്ന് ആ ചക്രവര്‍ത്തി നേരത്തെ എങ്ങനെയാണ് മനസ്സിലാക്കിയത്!

''നമ്മുടെ കെ-റെയിലിന് 530 കിലോമീറ്ററില്‍ 632 വളവുകളാണത്രെ ഉണ്ടാവുക. ആ പ്രൊജക്ട് നടപ്പിലാക്കിയാല്‍ തന്നെ അതിനു കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും വേണം. അതു കഴിഞ്ഞു നമ്മള്‍ മഹാസംഭവമായി 150 കിലോമീറ്റര്‍ സ്പീഡില്‍ ട്രെയിന്‍ ഓടിക്കുമ്പോള്‍ വിദേശരാജ്യങ്ങള്‍ 500 കിലോമീറ്ററിലായിരിക്കും ഓടുക. നമ്മള്‍ രണ്ടു ലക്ഷം കോടി മുടക്കി 10 വര്‍ഷം കഴിഞ്ഞു ലോകരാജ്യങ്ങള്‍ക്കു പുറകെ ഓടേണ്ട ഗതികേട് വേണോ? അതുകൊണ്ടായിരിക്കും അതിനിടുന്ന സര്‍വ്വേ കല്ലുകള്‍ പോലും ജനം പിഴുതെറിയുന്നത്.''
"അതെന്തെങ്കിലുമാകട്ടെ പിള്ളേച്ചാ. നമുക്ക് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള ഹൈസ്പീഡ് റയിലിന്റെ കാര്യത്തില്‍ ഫോക്കസ് ചെയ്യാം."

"അത് ശരിയാ. ഇയ്യാള്‍ പറയെടോ."
''ഹോട്ടലില്‍ നിന്നും രാവിലെ തന്നെ ഞങ്ങള്‍ എല്ലാവരും ചെക്കൗട്ട് ചെയ്തു ബസില്‍ കയറി. എന്നും രാവിലെ പുറപ്പെടുന്നതിനു മുന്‍പ് ഞങ്ങളുടെ ഗൈഡ് രാജേഷിന്റെ ഒരു ചെറിയ പ്രാര്‍ഥനയുണ്ട്. പലപ്പോഴും ഏതെങ്കിലും ഒരു ശ്ലോകമോ ചെറിയൊരു കീര്‍ത്തനമോ ആയിരിക്കാം. അന്നു രാവിലെ ഹോട്ടലില്‍ നിന്നും ബസ്സ് റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ ബസിന്റെ ഉള്ളില്‍ നിന്നും മോസ്‌കോയിലെ തണുത്തുറഞ്ഞ ആകാശ വിതാനത്തിലേക്ക് അലയടിച്ചുയര്‍ന്നതു രാജേഷ് ആലപിച്ച ഗായത്രി മന്ത്രമായിരുന്നു.
ഓം ഭുര്‍ ഭുവഃ സ്വഹ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാ
ഞാന്‍ ജാലകച്ചില്ലയിലൂടെ വെളിയിലോട്ടു നോക്കി. തണുത്തുറഞ്ഞ അന്തരീക്ഷം. അതിവേഗം തെക്കോട്ടു പായുന്ന കാര്‍മേഘ ശകലങ്ങള്‍ അടുത്ത മഞ്ഞു വീഴ്ചക്കുള്ള കോപ്പുകൂട്ടുകയാണ്. അതിനിടയില്‍ കൂടി ആറായിരം വര്‍ഷങ്ങള്‍ മുന്‍പുള്ള വിശ്വാമിത്ര മഹര്‍ഷിയുടെ ഋഗ്വേദ സംഹിതയിലെ മൂന്നാം ഭാഗത്തിലുള്ള 62 ശ്ലോകങ്ങളില്‍ പത്താമതായി ഉള്‍പ്പെടുന്ന ഗായത്രീ മന്ത്രം ശുഭകരമായ ഒരു യാത്ര ഞങ്ങള്‍ക്കു നേര്‍ന്നു കൊണ്ട് ഞങ്ങള്‍ക്കു സംരക്ഷണം ഒരുക്കി മുന്‍പേ നീങ്ങുന്നതുപോലെ തോന്നി.''
''അത് കൊള്ളാമല്ലോടോ"
"രാവിലെ 9:18 ന്റെ ട്രെയിന്‍ ആണ് ഞങ്ങള്‍ക്ക് പിടിക്കേണ്ടിയിരുന്നത്. നേരത്തെ തന്നെ എല്ലാവരും സ്റ്റേഷനില്‍ എത്തി. കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ കഴിഞ്ഞു പ്ലാറ്റുഫോമില്‍ എത്തിയപ്പോള്‍ ട്രെയിന്‍ എത്തിയിരുന്നില്ല. അടുത്ത ട്രാക്കില്‍ മറ്റൊരു 'സപ്സാന്‍' ഹൈ സ്പീഡ് ട്രെയിന്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് പോകേണ്ട ട്രെയിന്‍ എത്തി. കൃത്യം 9:18 നു തന്നെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. ആദ്യം അല്‍പനേരം പതുക്കെയാണ് നീങ്ങിയതെങ്കിലും പിന്നീട് നല്ല വേഗതയിലായിരുന്നു യാത്ര.''
''ട്രെനിനുള്ളിലെ സൗകര്യങ്ങളൊക്കെ എങ്ങനെയുണ്ടെടോ?"
"നല്ല സൗകര്യങ്ങളാണ് പിള്ളേച്ചാ. ഏതാണ്ട് 500 അടി നീളമുള്ള ഈ ട്രെയിനില്‍ ആകെ 6 കമ്പാര്‍ട്‌മെന്റുകളാണുള്ളത്. ഓരോ കമ്പാര്‍ട്ടുമെന്റിലും 64 സീറ്റുകള്‍ ഉണ്ട്. നാല് സീറ്റുകളുടെ 16 ഭാഗങ്ങള്‍. ഓരോ സെക്ഷനിലും ഒരു ലൈനില്‍ രണ്ടു സീറ്റ് മുന്നോട്ടും രണ്ടു സീറ്റ് പുറകോട്ടും. അഭിമുഖമായുള്ള ഈ സീറ്റുകള്‍ക്കു നടുവില്‍ മടക്കി വയ്ക്കാവുന്ന ഒരു മേശയുമുണ്ട്. നമുക്ക് ഭക്ഷണം കഴിക്കാനോ വല്ലതും ഇരുന്ന് എഴുതുവാനോ വായിക്കാനോ ചീട്ടു കളിക്കാനോ ഒക്കെ ഉപയോഗിക്കാം. ചെറിയ ലഗേജ് വയ്ക്കാന്‍ സീറ്റിനു മുകളിലായി ഷെല്‍ഫ് ഉണ്ട്. സ്യൂട്ട്‌കേസ് പോലെയുള്ള വലിയ പെട്ടികളാണെങ്കില്‍ അത് വയ്ക്കാന്‍ വേറെ സ്ഥലമുണ്ട്. പെട്ടികള്‍ അവിടെ വച്ചിട്ട് സീറ്റില്‍ ഇരുന്ന് ഉറങ്ങുകയോ വായിക്കുകയോ എഴുതുകയോ ഒക്കെ ചെയ്യാം. പെട്ടികള്‍ ആരും മോഷ്ടിച്ചുകൊണ്ടു പോകുമെന്ന് കരുതേണ്ട. കാരണം അവിടെ അങ്ങനെയൊരു കാര്യം ഇല്ലെന്നാണ് സീറ്റില്‍ അടുത്തിരുന്ന ഒരു യാത്രക്കാരി പറഞ്ഞത്. നിര്‍ത്തുന്ന സ്റ്റേഷനില്‍ വെറും ഒന്നോ രണ്ടോ മിനിറ്റുകള്‍ മാത്രമേ നിര്‍ത്തുകയുള്ളൂ. അതിനുള്ളില്‍ എല്ലാവരും ഇറങ്ങുകയും കയറുകയും ചെയ്യണം."
"അതല്പം അപകടം പിടിച്ച ഇടപാടാണല്ലോ. എല്ലാവര്‍ക്കും ഇറങ്ങാന്‍ സമയം കിട്ടുമോ?"
"അതിനവര്‍ക്കു പ്രത്യേക സംവിധാനമുണ്ട്. ഒരു സ്റ്റേഷനില്‍ ഇറങ്ങേണ്ടവരെയെല്ലാം ഒരു കമ്പാര്‍ട്ട്‌മെന്റിലാണ് കയറ്റുക. അതുകൊണ്ട് നിര്‍ത്തുന്ന ആ സ്റ്റേഷനില്‍ ആ കാര്‍ മാത്രമേ തുറക്കുകയുള്ളൂ. ട്രെയിനിന്റെ കണ്ടക്ടര്‍ ആ വാതിലിനു വെളിയില്‍ നില്‍ക്കും. എല്ലാവരും ഇറങ്ങുകയും കയറുകയും ചെയ്തിട്ടേ അയാള്‍ സിഗ്‌നല്‍ നല്‍കുകയുള്ളൂ. അതുകൊണ്ടു കൃത്യമായി ഒന്നു രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാം സുരക്ഷിതമായി നടന്നിരിക്കും. മറ്റു കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇതുകൊണ്ടു ബുദ്ധിമുട്ടുണ്ടാകയുമില്ല."
"അപ്പോള്‍ ഒരാള്‍ മറ്റൊരു കമ്പാര്‍ട്‌മെന്റിലാണെങ്കില്‍ അയാള്‍ എങ്ങനെ ഇറങ്ങും? അവസാനത്തെ സ്റ്റേഷന്‍ വരെ പോകേണ്ടി വരുമോ?"
"ഇല്ല. ഒരു സ്റ്റേഷനില്‍ ഇറങ്ങേണ്ടവര്‍ക്കെല്ലാം സീറ്റ് കൊടുത്തിരിക്കുന്നത് ആ കാറില്‍ തന്നെ ആയിരിക്കും. എന്നാല്‍ യാത്രക്കാര്‍ക്ക് ട്രെയിനില്‍ ഉടനീളം സഞ്ചരിക്കാന്‍ സൗകര്യമുള്ളതുകൊണ്ട് യാത്രക്കാര്‍ അവരുടെ സീറ്റില്‍ തന്നെ എപ്പോഴും ഇരിക്കണമെന്നില്ല. ട്രെയിനിലെ ഭക്ഷണശാലയിലോ മറ്റു പരിചയക്കാരുണ്ടെങ്കില്‍ അവരുടെ കൂടെയോ അല്ലെങ്കില്‍ വെറുതെ നടക്കുന്നവരോ ഒക്കെ കണ്ടേക്കാം. അതുകൊണ്ടു സ്റ്റേഷന്‍ വരുന്നതിനു വളരെ മുന്‍പ് തന്നെ അറിയിപ്പുണ്ടാകും, അടുത്ത സ്റ്റേഷന്‍ ഏതാണെന്നും അവിടെ തുറക്കുന്ന കാര്‍ നമ്പര്‍ എത്രയാണെന്നും. അതുകൊണ്ട് ആര്‍ക്കും ധൃതി പിടിച്ചു ബുദ്ധിമുട്ടേണ്ട ആവശ്യമില്ല."
"യാത്ര സുഖകരമാണോ? വെളിയില്‍ കാഴ്ചകളൊക്കെ എങ്ങനെ?"
"യാത്ര വളരെ സുഖകരമാണ്. 'യാത്രക്കാരുടെ എന്തെങ്കിലും സാധനങ്ങള്‍ മറന്നു പോകുകയോ നഷ്ടപ്പെടുകയോ ചെയ്‌തെങ്കില്‍ വിഷമിക്കരുത്. ട്രയിനിലെ ജോലിക്കാരുമായി ബന്ധപ്പെടുക. അവര്‍ സഹായിക്കും." എന്ന് സ്റ്റേഷന്‍ അടുക്കുമ്പോള്‍ തുടരെ അറിയിപ്പുണ്ടാകും.
ട്രെയിന്‍ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ പായുമ്പോള്‍ ഉള്ളിലുള്ള യാത്രക്കാര്‍ക്ക് ആ വേഗത അനുഭവപ്പെടുന്നേയില്ല. വെളിയിലേക്കു നോക്കിയാല്‍ ട്രാക്കിന്റെ ഇരുവശങ്ങളിലും മഞ്ഞു വീണു കിടക്കുന്നു. ശൈത്യകാലത്തെ അതിജീവിക്കാനായി മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളില്‍ കൂടുതലും പൈന്‍ മരങ്ങളാണ്. അതിന്റെ കൊമ്പുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു കണങ്ങള്‍ പ്രഭാത സൂര്യന്റെ പ്രകാശകിരണങ്ങളേറ്റ് ഒരു കണ്ണാടിയിലെന്നപോലെ മിന്നുന്നുണ്ടായിരുന്നു. വളവും പുളവുമില്ലാതെ കണ്ണെത്താ ദൂരത്തില്‍ റെയില്‍വേ ട്രാക്ക് കിടക്കുകയാണ്. ട്രാക്കിന് ഇരുവശത്തും ഏതാണ്ട് 4 അടി പൊക്കത്തില്‍ ചെറിയ വേലി സ്ഥാപിച്ചിട്ടുണ്ട്. അഴിയുള്ള വേലി ആയതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സമില്ല. ജനവാസമുള്ള സ്ഥലങ്ങളില്‍ ട്രാക്കിന് ഇരുവശത്തേക്കും കടക്കാനായി അണ്ടര്‍ പാസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
ഞങ്ങളുടെ ട്രെയിന്‍ 3 മണിക്കൂര്‍ 50 മിനിറ്റുകൊണ്ട് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെത്തി. അവിടെ ഞങ്ങളുടെ ഗൈഡ് അലീസ്യ പ്ലാറ്റ്‌ഫോമില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.''
"ഈ ലൈനില്‍ ആകെ എത്ര സ്റ്റോപ്പുകളുണ്ടെടോ?"
"ഞങ്ങള്‍ പോയ ട്രെയിന്‍ 7 സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തിയത്. ചില നേരത്തു പോകുന്ന ട്രെയിന്‍ 11 സ്റ്റോപ്പുകളിലും നിര്‍ത്തും. എന്നാല്‍ ചില അവസരങ്ങളില്‍ മോസ്‌കോ - സെന്റ് പീറ്റേഴ്സ്ബര്‍ഗ് റൂട്ടില്‍ ഓടുന്ന അതിവേഗ റെയില്‍ ഇടയ്ക്കു സ്റ്റോപ്പൊന്നും ഇല്ലാതെയും യാത്ര ചെയ്യാറുണ്ട്. ഈ ട്രെയിന്‍ മൂന്നര മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തും."
"ഇങ്ങനെയൊരു ട്രെയിന്‍ നമ്മുടെ നാട്ടില്‍ ഉണ്ടായാല്‍ അതൊരഭിമാനം തന്നെയാകും."
"പിന്നെ എന്തിനാ ജനങ്ങള്‍ ഇത്രയധികം ഈ കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്?"
"എടോ, ഈ പദ്ധതി ഇവിടെ നടക്കണമെങ്കില്‍ തീരദേശത്തുകൂടി തന്നെ തെക്കു മുതല്‍ വടക്കു വരെ ലൈന്‍ ഇടണം. ഭൂരിഭാഗവും മേല്‍പ്പാലമായിരിക്കും. ചെലവ് കൂടുമായിരിക്കും. പക്ഷേ, അധികമാരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ല. പരിസ്ഥിതി പ്രശ്‌നവും ഉണ്ടാകില്ല. സ്ഥലം ഏറ്റെടുത്തു നഷ്ടപരിഹാരം കൊടുക്കുന്നത് ഭൂരിഭാഗവും ഒഴിവാക്കുകയും ചെയ്യാം."
"അങ്ങനെയെങ്കില്‍ ആ വഴിക്കു ചിന്തിച്ചുകൂടേ?"
"നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ലെടോ. അതു പോകട്ടെ. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ എന്തൊക്കെയാണെടോ പ്രധാനമായും കാണാനുള്ളത്?"
"അത് നാളെയാകട്ടെ പിള്ളേച്ചാ."
"ശരി. അങ്ങനെയാകട്ടെടോ."
_______________