വേള്‍ഡ് മദര്‍ വിഷന്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Published on 26 March, 2022
 വേള്‍ഡ് മദര്‍ വിഷന്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: വേള്‍ഡ് മദര്‍ വിഷന്റെ ഒന്‍പതാമത് കണിയാംപറമ്പില്‍ മേരി മാത്യു മെമ്മോറിയല്‍ പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. നടനും എഴുത്തുകാരനും സംവിധായകനും വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാനുമായ ജോയി കെ. മാത്യുവിന്റെ മാതാവ് മേരി മാത്യുവിന്റെ സ്മരണാര്‍ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡിനായി അപേക്ഷകള്‍ ഏപ്രില്‍ 30-നകം wmothervision@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം.

സെപ്റ്റംബറില്‍ നടക്കുന്ന വേള്‍ഡ് മദര്‍ വിഷന്‍ 25-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മദര്‍ വിഷന്‍ ആഗോള മലയാളികള്‍ക്കിടയില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും അന്ന് വിതരണം ചെയ്യും.


ജീവകാരുണ്യം, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സേവനങ്ങളിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം.


സമൂഹമാധ്യമങ്ങളിലൂടെ ജീവകാരുണ്യ, വിജ്ഞാന പ്രവര്‍ത്തനങ്ങള്‍, പാചകം എന്നിവയില്‍ സജീവമായ വ്യക്തിത്വങ്ങള്‍ക്കും സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡിന് അര്‍ഹതയുള്ളവരെ നിര്‍ദേശിക്കാം.

സന്ദേശ ചലച്ചിത്രങ്ങളുടെ നിര്‍മാണ-വിതരണ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും അഭിമാനാര്‍ഹമായ നേട്ടത്തോടെ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മദര്‍ വിഷന്‍ ഇതിനകം ചെറുതും വലുതുമായ 12 സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്യൂമെന്ററികളും നിര്‍മിച്ചു കഴിഞ്ഞു. രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇവയ്ക്ക് ലഭിക്കുകയും ചെയ്തു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക