എന്തുകൊണ്ടോ,എന്തുകൊണ്ടിങ്ങനെ-
ചിത്രത്തിലില്ലാത്തൊരുത്തിയായ് നീ,
എന്തുകൊണ്ടോ,എന്തുകൊണ്ടിങ്ങനെ-
ചിത്രത്തിലില്ലാത്തൊരുത്തിയായ് നീ....
ആരും നിനയ്ക്കാത്തിടത്തൊന്നിൽ നിന്നെ-
പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു,
ആരോ വരച്ചിട്ട ചിത്രങ്ങളിൽ,
തെല്ലൊരാകാംക്ഷയോടെത്തിരഞ്ഞു.
നിഴൽവിരിപ്പിൽ നീയൊളിച്ചതാവാം,
നിശവന്നു മൂടിപ്പുതച്ചതാവാം,
ഉമ്മറത്തേയ്‌ക്കെത്തി നോക്കിടാതേതോ-
അകത്തളത്തിൽ തളച്ചിട്ടതാവാം...
നിന്നിൽനിന്നാകാശമെന്നും മറയ്ക്കുവാൻ-
മിത്തുകൾ വാരി നിറച്ചതാരോ,
എത്താത്ത കൊമ്പിലേയ്ക്കേണി വച്ചെ-
ത്തിച്ചെടുത്തതും സ്വപ്നങ്ങളായിരുന്നോ!
താരകമാല്യമായ് തോന്നിടും ചേലോടെ-
യീക്കാട്ടു പാതയിൽ സൗരഭ്യമായ്,
മേവിടും നിന്നെ തിരിച്ചറിഞ്ഞില്ലത്രെ-
ഇപ്പാത താണ്ടി കടന്നുപോയോർ...
ഇക്കണ്ട ചേലുകളൊക്കെപ്പുതപ്പിച്ചൊ-
രാണ്ടവൻ പോലും മുഖം തിരിച്ചോ,
ഈ കാട്ടുവള്ളിയിലിപ്പൊഴും പുഞ്ചിരി-
തൂകിയിരിയ്ക്കുന്നതെങ്ങിനാവോ!!