Image

മേലിലുയര്‍ത്തെഴുന്നേല്ക്കരുതേ...! (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 29 March, 2022
മേലിലുയര്‍ത്തെഴുന്നേല്ക്കരുതേ...! (കവിത: മാര്‍ഗരറ്റ് ജോസഫ്)

യുദ്ധം, യുദ്ധം, ലോകം മുഴുവന്‍
പടഹംകൊട്ടിപ്പരസ്യങ്ങള്‍;
യുദ്ധം, വെള്ളിടിവെട്ടും മട്ടില്‍,
ഉള്‍ക്കിടലത്തിന്‍ മാറ്റൊലികള്‍;
ചത്തും കൊന്നും വെല്ലുവിളിച്ചും,
പടയോട്ടങ്ങള്‍ പണ്ടുമുതല്‍,
ഭസ്മാസുര സന്നാഹം കൂട്ടി,
പട്ടടതീര്‍ത്തു രസിക്കുന്നു;
അധികാരത്തിനാള്‍രൂപങ്ങള്‍,
ഭരണത്തലവന്മാരായി,
ശത്രുതയാളിക്കത്തിയുള്ളില്‍,
അടിച്ചമര്‍ത്തുന്നയല്‍രാജ്യം;
സംഹാരത്തിന്‍ വീഥിയൊരുക്കി,
സര്‍വംസഹയുടെ ശാപങ്ങള്‍,
ആയുധക്കളിമേളത്തോടെ,
കുരുതിക്കളമായ് മാറ്റുന്നു;
മണ്ണാകുന്ന മനുഷ്യാ, നിന്റെ-
മതിഭ്രമങ്ങള്‍ക്കതിരുണ്ടോ?
മരണം വാരിവിതയ്ക്കുന്ന,
മാസ്മരവിദ്യകളെമ്പാടും;
റഷ്യ, യുക്രെയ്ന്‍ ചേരിതിരിഞ്ഞ്,
കാഹളമൂതിപ്പോര്‍വിളികള്‍;
പ്രതികാരത്തിന്‍ മൂര്‍ത്തികളായ്,
താണ്ഡവമാടിയടുക്കുന്നു,
ആകാശം, കര, കടലൊക്കെ-
പോരാട്ടത്തിന്‍ വേദികളായ്,
മദാന്ധകാരത്തില്‍ മുഴുകി,
കണ്ണീര്‍പ്പുഴകളൊഴുക്കുന്നു;
ജീവനുവേണ്ടിപ്പിടയുന്ന-
ദൃശ്യങ്ങള്‍ ഭയദായകമായ്;
കൂട്ടംവിട്ടഭയാര്‍ത്ഥികളായ്-
ഓട്ടം, നിലവിളിയോടൊപ്പം;
അംഗവിഹീനര്‍, മൃതപ്രായര്‍-
ഗതികിട്ടാതെയുഴലുന്നു;
പൈശാചികതയാവേശിച്ചോര്‍,
ചുട്ടുകരിക്കുവതെന്തെല്ലാം?
എത്ര ദുരന്തം, ദയനീയം!
ദുഷ്ടത തന്‍ വിളയാട്ടങ്ങള്‍;
അമ്പേ, ലോകമഹായുദ്ധങ്ങള്‍,
മേലിലുയര്‍ത്തെഴുന്നേല്ക്കരുതേ,
ഏകാധിപത്യം തകരുന്ന-
കാലം കിനാവ് മാത്രമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക