Image

കാഴ്ച്ച (കഥ : മീര കൃഷ്ണൻകുട്ടി )

Published on 30 March, 2022
കാഴ്ച്ച  (കഥ : മീര  കൃഷ്ണൻകുട്ടി )

"കണ്ണൊന്നു നല്ലോണം തുറക്കണേ..."! 

 കണ്ണിൽ മരുന്ന്
തുളിക്കാനെത്തിയ സിസ്റ്റർ പറഞ്ഞു.

 കണ്ണാശുപത്രിയിൽ  കടലോളമായിരുന്നു രോഗികൾ. കസേരകൾ നിറഞ്ഞുകവിഞ്ഞിരുന്നു.  


കൊറോണ ഭീതി  ലേശമൊ ന്നടങ്ങിയിരുന്നതിന്റെ ആശ്വാസം പ്രകടമായിരുന്നു.

 "ഇനി  കണ്ണടച്ചോളൂ...! തുറക്കരുതേ! "
മരുന്ന് തുളിച്ചുകഴിഞ്ഞ്,
 ഒരുകഷണം ടിഷ്യുകടലാസ്സ്  കൈയിൽ  പിടിപ്പിച്ചു കൊണ്ട്,  സിസ്റ്റർ ഓർമ്മിപ്പിച്ചു.

   കടുത്ത എരിച്ചിലിൽ താനേ  കണ്ണുകളടഞ്ഞു.
നിമിഷം കൊണ്ട്     കാഴ്ചകളൊക്കെയും ഇരുട്ടിലായി. മനസ്സിനെ   നിസ്സഹായത വിഴുങ്ങി. കണ്ണിന്റെ വില  ശരിക്കുമറിഞ്ഞു .

എന്നാൽ, അത്ഭുതം!  ക്ഷണ  മാത്രയിൽ   
കാതുണർന്നു.
മൂക്കു വിടർന്നു.
ചുറ്റിനും പടർന്ന  പല പല  ശബ്ദ ഗന്ധങ്ങൾ അവ ആവാഹിച്ചെടുത്തു. 

ഇരമ്പക്കങ്ങൾക്കിടയിൽ,  തൊട്ടടുത്ത  സീറ്റുകളിൽ ആളുകൾ മാറുന്നതറിഞ്ഞു.പിന്നിലെ  കസേരയിൽ നിന്നും ഡാവിഡോഫ് പെർഫ്യൂമിന്റെ വാസന മൂക്കു തുളച്ച് തൊണ്ടയോളം കയറി. ഒപ്പം ഒരു  ചെറുപ്പക്കാരന്റെ ശബ്ദവും  കാതിലലച്ചു .

"അന്റെ  കണ്ണിനിപ്പോ ഒരു കേടൂല്ല്യ. ബെർക്കനെ ജ്ജ് ഓരോന്ന് ആലോചിച്ചുകൂട്ടീട്ട്!'"

സ്നേഹവും കരുതലും വഴിഞ്ഞിരുന്ന വർത്തമാനം. 
"അതിപ്പോ ഇങ്ങള് ഷാർജേ ലേക്കു പോഗും മുമ്പോന്നു നോക്കിയാ, അവിടെ ചെന്നിട്ട് ബേജാറാകേ ണ്ടല്ലോ! " നേർത്തൊരു പെൺ ശബ്ദം. ഭാര്യയാകണം. പുതിയ പെണ്ണാകാം. സുന്ദരമായൊരു മുഖവും മുഖത്തൊരു പുഞ്ചിരിയും 
മനസ്സ് സങ്കല്പിച്ചു. 

സിസ്റ്റർമാർ  മരുന്ന് ഉറ്റിക്കുന്നതിന്റെ ബഹളവും
കൊച്ചു  വർത്തമാനങ്ങളും തുടർന്ന്  ചെവിയിലേക്കരിച്ചെത്തി.
  

"കല്ലൂ..! ദാ ബാഗ് സൂക്ഷിക്കണേ...!"

 തൊട്ടടുത്ത്   വലതു  വശത്തു നിന്നായി
ഒരു   പുരുഷശബ്ദം. തളർച്ചയുടെ, വാർദ്ധക്യത്തിന്റെ സ്വരം. എങ്കിലും വാക്കുകളിൽ  ഒരു രക്ഷാധികാര  ഭാവം  . റിട്ടയർ  ചെയ്ത ഒരു   മാഷാകാം. അല്ലെങ്കിൽ ഒരു നാട്ടുപ്രമാണി.  പൊതുപ്രവർത്തകനാവാനും  സാധ്യതയുണ്ട്.  ഊഹങ്ങളുമായി  മനസ്സ് രമിച്ചു.


 കഞ്ഞിപ്പശയുടെയും അരച്ച ചന്ദന ത്തിന്റെയും   വാസനകൾ മൂക്കിൽ നിറഞ്ഞു.ആരായാലും
 നാട്ടിൻപുറത്തുകാരാ  വാനാണ് സാധ്യത. ബസ്സു പിടിച്ച്, രാവിലെ തന്നെ  വന്നിരിക്കാം.

ഒരു നേരമ്പോക്കിന് അലസമനസ്സ് വെറുതെ പല ചിന്താ വലകൾ നെയ്തു. 

 "  ഇത്രക്ക്  വിശ്വാസം 'ല്ലെങ്കിൽ, ദാ, അവനോൻ തന്നെ   വെച്ചോളൂ. അല്ലെങ്കി കണ്ണും  മിഴിച്ചു ഇരുന്നോളുണ്ടു.!"


 ക്ഷീണിതമായ ഒരു  സ്ത്രീ സ്വരം.കപട കോപത്തിലും സ്നേഹ സ്പർശം. ലേശം  പരിഭവം.

" എന്നാലും  നിങ്ങക്ക് പണ്ടേ  ' ല്ല്യാലോ  ഒരു വിശ്വാസോം ! കൂടെ കൂടീട്ട്  കൊല്ലം അമ്പതാവാറായി. ഇപ്പഴും, ഞാൻ എട്ടും പൊട്ടും തിരിയാത്ത കുട്ടിയാ'ന്നാ വിചാരം."


"അതേലോ! സ്വഭാവം  അങ്ങനല്ലേ!
 അല്ല, കാശ് ഒന്നും രണ്ടും അല്ലല്ലോ. നാൽപതിനായിരം ഉറുപ്യാണേ ! അതുണ്ടാക്കാൻ പെട്ട പാട്,  അത് നിയ്ക്കല്ലേ അറിയൂ.  വടക്കോർത്തെ  മൂവാണ്ടൻ   മാവ്  വെട്ടുകാര് കൊണ്ടോയപ്പോ നീയും ഉള്ളാലെ കരഞ്ഞില്ലേ  ? "

"ഇനീം രണ്ട്   ബാക്കിണ്ടലോ. "

അത്‌ നമ്മടെ ശ്വാസം പോകുമ്പഴക്ക്!. കുട്ട്യോളും കൂട്ടക്കാരും ഒന്നും ഇല്ലാത്ത നമ്മക്ക് അവസാനത്തക്ക്  അതെങ്കിലും വേണം. ഇല്ലെങ്കില് നാട്ടാര്  ശപിക്കും!"
പുരുഷശബ്ദത്തിൽ വിഷാദ ത്തിന്റെ നിഴൽ!


" നിങ്ങടെ കാഴ്ചന്ന്യാ ഇപ്പൊ വലുത്.  ഭഗവാൻ, അത്  മടക്കി ത്തന്നാ  മതിയാരുന്നു. "

"രണ്ടുകണ്ണിനും  ഓപ്പറേഷൻ വേണം, 'ന്നല്ലേ കഴിഞ്ഞാഴ്ച്ച പറഞ്ഞത്. ഇന്നിപ്പോ പണം മുൻകൂറ്  കെട്ടാൻ പറയേരിക്കും! ഒന്നിനെങ്കിലും തെകഞ്ഞാ , ഭാഗ്യം!  അതു ശര്യായാൽ കഷ്ടിച്ച്  ട്യൂഷൻ മുടങ്ങാതെ കഴിയും".


ഭാര്യയും  ഭർത്താവും  തെരുതെരെ  സംസാരിച്ചു കൊണ്ടിരുന്നു.

"നമക്കാണെങ്കിൽ ഇൻഷൂ റൻസും ഇല്ല!"

പുരുഷ ശബ്ദത്തിൽ അഗാധമായ നിരാശ.

 "ഗോപിനാഥൻനായർ! റൂം നമ്പർ രണ്ടിലേക്ക്  ചെല്ലുക!"

സിസ്റ്ററുടെ ഉറക്കെയുള്ള   അനൗൺസ്മെന്റ്!

 മുണ്ടുലയുന്ന ശബ്ദം. പെട്ടെന്ന് ആരോ  എഴുന്നേൽക്കുന്നതിന്റെ ബഹളം.   പരിഭ്രമം.  കസേരയുടെ കരകര ശബ്ദം .

 "ഞാനും വരണ് 'ണ്ട്! " സ്ത്രീസ്വരം.

"വേണ്ട, വേണ്ട! അമ്മ വരണ്ട! സ്കാനിങ്ങും റെറ്റിനയുടെ  ചെക്കിങ്ങും കഴിഞ്ഞാൽ ഡോക്ടർ വിളിക്കും ! അപ്പൊ വന്നാ മതി!"

അവരെ അവിടെ ത്തന്നെ   ഇരുത്തി ക്കൊണ്ട്  സിസ്റ്റർ പറയുന്നത്  കേട്ടു. 

"കല്ലൂ... ബാഗ് നോക്കണേ...!"
പുരുഷശബ്ദം  അകലുന്നതറിഞ്ഞു.

പിന്നിലിരുന്ന   ചെറുപ്പക്കാരൻ അന്നേരം എഴുന്നേൽക്കുന്നതിന്റെ    ശബ്ദവും കേൾക്കാറായി.

 "ഇങ്ങള് പ്പൊ ഏട്ക്കാ  പോണേ  ??
 ദാ സ്ഥലം പോവ്വേ!"

"അവടെ അന്റെ കൊട  വെച്ചള!  ആ  അമ്മനെ  ഒന്നു പോയോ'ക്കട്ടെ ! "

ചെറുപ്പക്കാരൻ  പതിയെ പറഞ്ഞു.
പിന്നെ കേൾക്കാറായത്,  അയാളും അവരും തമ്മിലുള്ള  വർത്തമാനമാണ് .

"കുട്ടി ഭാര്യയെ കാട്ടാൻ വന്നതാല്ലേ, അതു ശരി... ! ഇബടത്താൾക്ക് 
 രണ്ടു കണ്ണിലും തിമിരാത്രെ!   എന്തൊക്കെയോ പ്രശ്നം വേറേം' ണ്ടത്രേ !" പെട്ടെന്നു ലോഗ്യമായതുപോലെയുള്ള  സംസാരം.ആരോടെങ്കിലും ഒന്നുരിയാടാനായതിന്റെ  സമാധാനമായിരുന്നു അവർക്കെന്നു തോന്നി. 

 "ഒക്കെ സരിയാവും ന്ന്!"

 "  പണം തെകഞ്ഞാ  മതിയാരുന്നു.   പാവം!   ആയകാലത്ത്  എത്രകുട്ട്യോളെ പഠിപ്പിച്ച്‌ കര  കേറ്റീതാ! മക്കളൂല്ല്യ. മരോ ക്കളാണെങ്കിൽ, പ്പൊ പഴയതൊക്കെ മറന്ന മട്ടാ!"  

"കാരുണ്യ ഫണ്ട്ന്ന്‌ വല്ല   സഹായോം    കിട്ടില്ലേ?"

"എങ്ങനെ! മൂക്കുകുത്തി വീഴാറായിച്ചാലും കാഴ്ച്ചേല്  ഒരു മണ്ടൻ പെരണ്ടല്ലോ, സ്വന്തായിട്ട് !   അതുകണ്ടിട്ട്, കാരുണ്യക്കാര് കൈയൊഴിഞ്ഞു.
തൊടീന്ന്  ലേശം  വിക്കാം' ന്നു വെച്ചാൽ അതിപ്പോ  നെലം  ആണ് 'ത്രെ ! ആർക്കും വേണ്ടാ'ന്ന്‌!
കുട്ട്യേ, ഒന്നു ബാത്‌റൂമില് പോണം. ഈ സ്ഥലോന്നു പിടിച്ചു വയ്ക്കണേ..! ദാ, ഈ  ബാഗും!"

കസേരയുടെ  ഞരക്കം.കഞ്ഞിപ്പശയുടെ  രൂക്ഷ ഗന്ധം.

"സുബൈദ  ബഷീർ ! റൂം നമ്പർ  ഒന്നിലേക്ക് വരിക!"

 സിസ്റ്ററുടെ  വിളി വന്നതപ്പോൾ!  

"ഇക്കാ, ബരീ..!" അക്ഷമയുടെ   സ്വരം. 

 വീണ്ടും കസേരയുടെ കരച്ചിൽ.പെർഫ്യൂമിന്റെ വാസന.

അതിനോടകം എന്റെയും ഊഴമെത്തി.  റൂം നമ്പർ മൂന്നിലേക്ക്‌  ചെല്ലാൻ വിളി വന്നു. 

 പരിശോധന കഴിഞ്ഞിറങ്ങിയ ഉടനെ , ആദ്യം തിരഞ്ഞത്  കേട്ടു  മാത്രം പരിചിതരായിരുന്ന  വൃദ്ധദമ്പതികളെയായിരുന്നു.

പക്ഷെ, അവരുടെ ഇരിപ്പിടങ്ങളിൽ അതിനകം  ആരൊക്കെയോ ഇരുപ്പായിരുന്നു.

 ചുറ്റിനും നോക്കുമ്പോഴായിരുന്നു  വഴിയിൽ ഒരു ചെറിയ ആൾക്കൂട്ടം കണ്ടത്. നടുവിലതാ  അവർ, പരിഭ്രമത്തിന്റെ നിറചിത്ര ങ്ങളായി ! 

 "ഇപ്പൊ എന്തായി? ബാഗ് പോയില്ലേ?
  നീ ആരെയോ ഏൽപ്പിച്ചു എന്ന് പറഞ്ഞ ആളെത്തന്നെ  കാണാനില്ലല്ലോ."

 അമർഷത്തിന്റെ  സ്വരം.

 "നിങ്ങൾ എന്തിനാ അമ്മേ  അറിയാത്തവരുടെ കയ്യിൽ ബാഗ് കൊടുത്തത്?"
 "നിങ്ങൾ പറേണ  ചെറുപ്പക്കാരൻ ഭാര്യേം   കൊണ്ട് പുറത്തേക്ക് പോണത്  ഞാൻ  കണ്ടതാ."

 "ആസ്പത്രികളിലൊക്കെ  വരുമ്പോ, കയ്യിലു  ള്ളതൊക്കെ വളരെ സൂക്ഷിക്കണം. കാലം പന്തിയല്ല.!"

അടക്കിയ ശബ്ദത്തിൽ പല പല അഭിപ്രായങ്ങൾ.

"ഇനിപ്പോ എന്താ കാട്ടാ !  നല്ലൊരു കുട്ടിയാന്ന്‌  തോന്നീട്ടാ! " നിസ്സഹായതയോടെ വൃദ്ധ. 

 "ഇനി മിണ്ടണ്ട! പോയത് പോയി! ബഹളം കൂട്ട്യാ മോശാവും ! വാ..  പോവാൻ  നോക്കാം..!"

തിരക്കിൽ നിന്നൊഴിവായി   അവരുടെ കയ്യും  പിടിച്ച് ഭർത്താവ് നടന്നു.

"എല്ലാം പോയി. ഐഡി കാർഡ് പോക്കറ്റിൽ ഇട്ടതോണ്ട്   അതെങ്കിലും കിട്ടി.ഭാഗ്യം. ഇനി  ആരോടാ ആവലാതി പറയാ! അവനോന്റെ  സൂക്ഷ്മത കുറവോണ്ട് വന്ന  പിഴ! അത്രന്നെ!"

ദയനീയമായി  തിരിഞ്ഞു നോക്കിക്കൊണ്ട്  അതും  പറഞ്ഞ്   അവർ  നടന്നു.    ബസ്സിനുള്ളതെങ്കിലും   കൈയിലുണ്ടാകുമോ?
ചോദിക്കാൻ ഉള്ളുപിടഞ്ഞു.

 
 അപ്പോഴേക്കതാ   ഓടിക്കിതച്ച്  ബഷീറെന്ന  ചെറുപ്പക്കാരനും ഭാര്യയും!

 "മാഷേ.....ഒന്നു നിൽക്കണേ!
 ക്ഷമിക്കണം! ഇത്തിരി വൈകി!! ഇതാ നിങ്ങടെ   ബാഗ്! അമ്മേ, വല്ലാതെ പേടിച്ചൂല്ലേ!"
കിതച്ചുകൊണ്ട് ചെറുപ്പക്കാരൻ  .

വിറക്കുന്ന കൈകളോടെ  അതേറ്റു വാങ്ങുമ്പോൾ അറിയാതെ ആ സ്ത്രീ ബഷീറിന്റെ മൂർദ്ധാവിൽ കൈവെച്ച് കരയുന്നത് കണ്ടു !

"മാഷേ...! ഇങ്ങടെ രൂപം  കണ്ടപ്പഴേ  ആളെ  തെളിഞ്ഞു.
ഓർമ്മല്ല്യേ, ഈ ബഷീറിനെ? കണക്കു ട്യൂഷന്  വരുമ്പോ  മൂവാണ്ടന്റെ മോളിൽ   കയറി  മാങ്ങ ചപ്പി  കൊണ്ടിരിക്കാറുള്ള കുരങ്ങനെ?   
എപ്പഴും കണക്കുതെറ്റിക്കാറുള്ള മൊട്ട  ബഷീറിനെ?? 

"മരം വെട്ടുകാരൻ അബൂന്റെ മകൻ ?"
പകച്ചു നിന്ന മാഷും ഭാര്യയും ഒപ്പം ചോദിച്ചു. 
.
"തന്നേന്നും. മാഷേ....! പത്തുകഴിഞ്ഞപ്പോ, മാമന്റെ കൂടെ  ദുബൈലേക്ക് പോയ  ചെക്കൻ.  പാത്രം  തേപ്പായിരുന്നു പണി.ഇപ്പൊ പടച്ചോന്റേം  മാഷിന്റേം അനുഗ്രഹം കൊണ്ട് ഒരു ഹോട്ടൽ തന്നെ സ്വന്തായി ട്ടുണ്ടേ ! ദാ..ബാഗിലേത് ഒന്നെണ്ണിക്കോളൂ ട്ടൊ!" പൊട്ടിച്ചിരിക്കുന്ന ബഷീർ. 

"വേണ്ട"!  മടിച്ചു നിന്ന മാഷ്.

 "മാഷെ രണ്ട് കണ്ണും ഓപ്പറേഷൻ ചെയ്യണം.അതിനുള്ളത്   ഇതില്   വെച്ചിട്ടുണ്ട്.  ഇനിയിപ്പോ  മാവൊന്നും  വിക്കണ്ട!"

മാഷ്  തരിച്ചു  നിൽക്കുന്നത് കണ്ടു . പിന്നീട് വികാരാധീനനായി  പെട്ടെന്ന്  ബഷീറിനെ കെട്ടിപ്പിടിക്കുന്നതും.

"മാഷേ..മാഷ്  ദാനം   ചെയ്ത  കണക്കാ  മാഷേ, ഈ ബഷീറിന്റെ ജീവിതത്തിന്റെ  കാഴ്ചയായത്. വെളിച്ചായത്. ഇത്,  ഇന്റെ എളിയൊരു തിരുമുൽകാഴ്ച്ചാന്നു കൂട്ടിയാ'  മതി."

കണ്ടും കേട്ടും നിന്നവരുടെ   ഉള്ളവും കണ്ണും നിറഞ്ഞ  നിമിഷം! പുതിയൊരു   കാഴ്ചയും കാഴ്ചപ്പാടുമുള്ളിൽ വിരിഞ്ഞതുമാനിമിഷം! 

Join WhatsApp News
Sebastian Vattamattam 2022-03-30 14:20:52
Very beautiful and inspiring poem.
Boby Varghese 2022-03-30 15:07:42
One of the best. Thanks.
Meera 2022-03-31 03:02:16
Thank you, Sebastian, Bobby. 🙏🙏🙏
Vijayakumar 2022-04-03 12:27:15
ജീവിതഗന്ധിയായ കഥ. മനോഹരം
Haridas 2022-04-04 15:24:39
മീരയുടെ കഥ "കാഴ്ച്ച" വളരെ നന്നായിട്ടുണ്ട്
Meera 2022-04-08 12:09:08
Thank you, Haridasetta...🌹 Thank you Vijayakumar..🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക