Image

ഭ്രമം-2 (നോവൽ-1, മുരളി നെല്ലനാട്) ഒന്നാം ഭാഗത്തെ കഥാസംഗ്രഹത്തിന്റെ ഓര്‍മ്മപ്പെടുത്തലിലൂടെ തുടങ്ങുന്നു...

Published on 02 April, 2022
ഭ്രമം-2 (നോവൽ-1, മുരളി നെല്ലനാട്) ഒന്നാം ഭാഗത്തെ കഥാസംഗ്രഹത്തിന്റെ ഓര്‍മ്മപ്പെടുത്തലിലൂടെ തുടങ്ങുന്നു...

(ലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയം കവര്‍ന്ന 'ഭ്രമം'   സൂപ്പര്‍ഹിറ്റ് നോവലിന്റെ രണ്ടാം ഭാഗം. പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നാം ഭാഗത്തെ കഥാസംഗ്രഹത്തിന്റെ ഓര്‍മ്മപ്പെടുത്തലിലൂടെ..
ഭ്രമം-2 മുരളി നെല്ലനാട്)

അധ്യായം-1

ഉപ്പുപുരണ്ട കടല്‍ക്കാറ്റ് രവികുമാറിന്റെ മുഖത്തടിച്ചു കൊണ്ടിരുന്നു. കോവളത്ത് ബീച്ചിന് അഭിമുഖമുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയിലായിരുന്നു അയാള്‍. രവികുമാറിന്റെ മനസ് പ്രക്ഷുബ്ധമായിരുന്നു.

പിന്നില്‍ കാല്‍പദനം കേട്ടു. രണ്ടു കൈകളിലും ഐസ് ക്യൂബ്‌സ് നീന്തി തുടിക്കുന്ന വിസ്‌കി ഗ്ലാസുകളുമായി ഹരിബാബു ഒരു താളത്തോടെ വരുന്നുണ്ടായിരുന്നു. 'ഇത് ഞാന്‍ ചെയ്യുന്ന അവസാന സിനിമയായിരിക്കും, രവി. കലയില്‍ നിന്നൊരു വിരമിക്കല്‍ ഇല്ലെന്നു അറിയാതെയല്ല.
സിനിമ പുതിയ തലമുറക്കായി വാതില്‍ തുറന്ന സമയത്ത് എന്നെ പോലുള്ളവര്‍ കാഴ്ചക്കാരാവുന്നതല്ലേ നല്ലത്...?'

ചിരിയോടെ ഹരിബാബു ഗ്ലാസ് നീട്ടി. രവികുമാര്‍ അത് വാങ്ങി. ഹരിബാബുവിന്റെ സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണ് അവിടെ. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഒരു സിനിമ ചെയ്യുന്നത്.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം രവി നല്ലൊരു ബിസിനസ് തുടങ്ങി. കഠിനാധ്വാനം  ജീവിത വ്രതമായത് കൊണ്ട് രവി അതില്‍ വിജയിക്കുകയും ചെയ്തു. പിന്നെ ഏതിനും പൂര്‍ണിമയുടെ സഹോദരന്‍ പ്രഭാചന്ദ്രന്റെ പിന്തുണയും ഉണ്ടല്ലോ. അതും എം.എല്‍.എ....'

'പ്രഭേട്ടന്‍ തന്നെയാ എന്റെ ശക്തി...'
ഗ്ലാസില്‍ തലോടി രവികുമാര്‍ പറഞ്ഞു. ഹരിബാബു വിസ്‌കി  അല്പം സിപ് ചെയ്തു. താന്‍ പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. അപ്പോഴാ  കോള്‍ വന്നത്. നിരുപമയും മോളും കൊച്ചിയില്‍ എത്തിയോ?'

രവികുമാര്‍ മുറിഞ്ഞുപോയ ഭാഗത്ത് നിന്നു സംസാരം തുന്നി ചേര്‍ത്തു.
'മാളു വിളിച്ചു പറഞ്ഞാ ഞാന്‍ വിവരം അറിയുന്നത്. നിരുപമ സെലിബ്രിറ്റിയല്ലേ. മീഡിയക്ക് എന്തും വാര്‍ത്തയാ. അവളും മോളും കൊച്ചിയില്‍ എത്തിയിട്ട് കുറച്ചു ദിവസങ്ങളായി.'

'എറണാകുളത്താണോ അവള്‍ സെറ്റില്‍ഡായിരിക്കുന്നത്?'
'ആലുവയില്‍. പുഴയോരത്ത് അവള്‍ ഒരു വീട് പണികഴിപ്പിക്കുന്നുണ്ടായിരുന്നു. ആരും അതറിഞ്ഞില്ല. അവള്‍ മകളുമായി കേരളത്തില്‍ താമസിക്കാന്‍ വരുമെന്ന് ഞാന്‍ കരുതിയതല്ല. ങാ. മകള്‍ക്ക് പതിനെട്ടു വയസായില്ലേ.' ഹരിബാബു ഗ്ലാസിലെ മദ്യം തീര്‍ത്തു.

രവികുമാറിന്റെ ഹൃദയം വല്ലാതെ തുടിച്ചു.
'കുട്ടിക്ക് തിരിച്ചറിവുണ്ടായി തുടങ്ങിയപ്പോള്‍ അവള്‍ അതിനെയും കൊണ്ട് മുംബൈക്ക് പോയതാ. ഞങ്ങള്‍ ആ കുട്ടിയെ കാണാരുതെന്ന വാശിയായിരുന്നു നിരുപമക്ക്. ജയദേവന്‍ പോയതോടെ ഞങ്ങള്‍ക്കു തന്ന വാക്കുകള്‍ നിരുപമ തെറ്റിച്ചു. പതിനാലു വര്‍ഷം പൂര്‍ണ്ണിമ ജീവിക്കുകയായിരുന്നില്ല.... ഉരുകി മരിക്കുകയായിരുന്നു.'
രവികുമാര്‍ വേദനയോടെ പറഞ്ഞു.

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല രവി. നിരുപമയും മകളും എറണാകുളത്തുള്ള കാര്യം താന്‍ പൂര്‍ണ്ണിമയോടു പറയരുത്. മാളുനോടും ഞാനത് വിലക്കിയിട്ടുണ്ട്.

ഹരിബാബു അനുതാപത്തോടെ രവികുമാറിനെ നോക്കി. രവികുമാര്‍ ഒന്നു പറഞ്ഞില്ല.
'ഒരു പക്ഷേ നിഖില അതറിഞ്ഞെന്നു വരും. അവളും സന്ദീപും എറണാകുളത്തല്ലേ ഉള്ളത്. എന്തായാലും അറിഞ്ഞ ഭാവം അവള്‍ നടിക്കില്ല. അവളുടെ പിടിവാശി ആയിരുന്നല്ലോ പൂര്‍ണിമയെ കൊണ്ട് അങ്ങനെ ഒരു നോവുന്ന തീരുമാനമെടുപ്പിച്ചത്...' ഹരിബാബു കൂട്ടിചേര്‍ത്തു. രവികുമാറിന്റെ മനസിലെ ഉണങ്ങിയ മുറിപാടുകളില്‍ നിന്ന് ചോര കിനിയാന്‍ തുടങ്ങി.

'നിരുപമ, ഹരിബാബുവിനെ വിളിക്കാറില്ലേ. തനല്ലേ അവളെ സിനിമയില്‍ കൊണ്ടു വന്നതും നാഷ്ണല്‍ അവാര്‍ഡുള്‍പ്പെടെ മിന്നും താരമാക്കിയത്.'

അത് കേട്ട് ഹരിബാബു താടി തലോടി ചിരിച്ചു.
'സിനിമയില്‍ ഇല്ലാത്തത് ഒന്നേയുള്ളൂ. തിരിഞ്ഞുനോട്ടം.  ജയദേവന്റെ കാലശേഷം അവള്‍ എന്നെയും വിളിച്ചിട്ടില്ല. അവള്‍ക്ക് ചേരുന്ന ഒരു കഥാപാത്രം ഉണ്ടാവാത്തത് കൊണ്ട് ഞാനും വിളിച്ചില്ല.'

കോളിംഗ് ബെല്‍ ശബ്ദിച്ചു.
'അസോസിയേറ്റ് പയ്യനാ...ഒരു പത്തുമിനിറ്റ്. അവനെ പറഞ്ഞ് വിട്ടിട്ട് ഞാന്‍ വരാം.'
ഹരിബാബു തിടുക്കത്തില്‍ അകത്തേക്ക് പോയി. കൈയിലിരുന്ന വിസ്‌കി ഗ്ലാസ് ടിപോയില്‍ വച്ചിട്ട് രവികുമാര്‍ ഈസി ചെയറില്‍ ഇരുന്നു. ജയദേവന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യുമ്പോഴാണ്  ബാംഗ്ലൂരില്‍ നിന്ന് ജയദേവനും നിരുപയും മകളും നാട്ടില്‍ എത്തുന്നത്.  ജയദേവന്‍ ലിവര്‍ സിറോസിസായി രോഗം മൂര്‍ച്ഛിച്ച നിലയില്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോഴും അയാള്‍ മരിക്കുമ്പോഴും നിരുപമക്ക് തുണയായി താനും പൂര്‍ണിമയും കൂടെ ഉണ്ടായിരുന്നു. അന്ന് കുട്ടിക്കു പ്രായം നാലു വയസാണ്. ജയദേവന്റെ മരണം പൂര്‍ണിമയില്‍ ഉണ്ടാക്കിയ വികാരം ആശ്വാസമാണോ വേദനയാണോ എന്നൊന്നും തനിക്കറിയില്ലായിരുന്നു. അയാളുടെ അഭാവത്തില്‍ ആ വീട്ടില്‍ പോകാന്‍ അവള്‍ക്കൊരു മനസുറപ്പുണ്ടായി എന്നത് വാസ്തവമാണ്. പകല്‍ നേരങ്ങളില്‍ അവള്‍ അവിടെ തന്നെയായിരുന്നു.

ഒരു മാസം കഴിഞ്ഞ് താന്‍ ഷോപ്പിലായിരുന്ന സമയം പൂര്‍ണിമയുടെ പരിഭ്രമത്തോടെയുള്ള കോള്‍ വന്നു. അവള്‍ ആ വാടകവീട്ടില്‍ ചെല്ലുമ്പോള്‍ നിരുപമയും മകളും വീടൊഴിഞ്ഞു പോയിരുന്നു! പോകുന്നതിന്റെ ഒരു സൂചന പോലും നിരുപമ ആര്‍ക്കും കൊടുത്തിരുന്നില്ല. പിന്നീട് ഹരിബാബു വഴിയാണ് അറിഞ്ഞത് അവളും മകളും മുംബൈയില്‍ ചേക്കേറിയെന്ന്. പിന്നീട് അവളുടെ ഒരു കോള്‍ പോലും വന്നില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ല.

നാലു വയസുവരെ മാത്രമേ താനും പൂര്‍ണിമയും ആ കുട്ടിയെ കണ്ടിരുന്നുള്ളൂ. അനുപമ എന്നായിരുന്നു ജയദേവന്‍ അവള്‍ക്കു നല്‍കിയ പേര്. അനൂട്ടി എന്ന് അവളെ വിളിച്ചു.
തനിക്കും പൂര്‍ണിമക്കും അത് ജയദേവന്റെയും നിരുപമയുടെയും കുട്ടി ആയിരുന്നില്ല. ഞങ്ങളുടെ സ്വന്തം കുഞ്ഞ്!! തനിക്ക് പൂര്‍ണിമയില്‍ പിറന്ന് പൂര്‍ണിമ പ്രസവിച്ച മകള്‍!

കഠിനമായ മാനസിക വ്യഥയോടെ രവികുമാര്‍ കണ്ണുകളടച്ചിരുന്നു. വിവാഹം കഴിക്കുമ്പോള്‍ തനിക്കും പൂര്‍ണിമയ്ക്കുമിടയില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു.
കുടുംബത്തിന്റെ ബാധ്യതകള്‍ കൊണ്ടായിരുന്നു തന്റെ വിവാഹം മുപ്പതുകളിലേക്ക് നീണ്ടുപോയത്. പൂര്‍ണിമ ഡിഗ്രി എക്‌സാം എഴുതി നില്‍ക്കുന്ന സമയവും.

മുതിര്‍ന്ന ഒരാളോടുള്ള ആദരവും ഭയവുമായിരുന്നു അവളില്‍ കണ്ടത്. താനോ...? സ്‌നേഹം ഉള്ളില്‍ വച്ച് പുറത്തു പ്രകടിപ്പിക്കാന്‍ കഴിയാത്ത പ്രകൃതവും. മുരടന്‍, അരസികന്‍ അങ്ങനെ എന്തെല്ലാം ആളുകള്‍ വിളിച്ചു. തന്നെ തിരിച്ചറിഞ്ഞ ഒരാളേയുണ്ടായിരുന്നുള്ളൂ. പൂര്‍ണിമയുടെ ഏട്ടന്‍ പ്രഭാചന്ദ്രന്‍.

പൂര്‍ണിമയുടെ ലോകം അടുക്കള മാത്രമായിരുന്നു. അവള്‍ക്കൊരു മനസുണ്ടെന്നു പോലും തനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി. പി.എസ്.സി.യിലെ ഉന്നത ഉദ്യോഗം കൂടിയായപ്പോള്‍ യാത്രകളും തിരക്കുകളുമായിരുന്നു എന്നും. അതിനിടയില്‍ രണ്ടു കുട്ടികള്‍ ജനിച്ചു. അഖിലും നിഖിലയും. പിന്നെ പൂര്‍ണിമയുടെ ലോകം മക്കളായി.

അമ്പതില്‍ എത്തുന്നതിനു മുമ്പേ തലയും മീശയും നരച്ചു തുടങ്ങിയിരുന്നു. പൂര്‍ണിമ അപ്പോഴും സുന്ദരിയായിരുന്നു. അച്ഛനും മോളും എന്നുള്ള പരിഹാസങ്ങള്‍ വരെ തങ്ങളെപറ്റി ഉണ്ടായത് പിന്നീടാണ് അറിഞ്ഞത്. പക്ഷേ അതൊന്നും പൂര്‍ണിമയെ ബാധിച്ചിരുന്നില്ല.

സൗഹൃദങ്ങള്‍ തീരെ കുറവായിരുന്നു തനിക്ക്. ആരൊടെങ്കിലും അല്പനേരം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അത് ഫിലിം ഡയറക്ടര്‍ ഹരിബാബുവുമായിട്ടാണ്. അയാള്‍ വിഭാര്യനായിരുന്നു. ആകെയുള്ളത് ഒരേ ഒരു മകള്‍ മാളവിക എന്ന മാളു.

അഖിലും മാളവികയും തമ്മില്‍ അടുത്തപ്പോള്‍ എതിര്‍പ്പൊന്നും ഉണ്ടായില്ല. പൂര്‍ണിമയുടെ സ്വഭാവമായിരുന്നു അവന്. ഒരു പ്രമുഖ ന്യൂസ് ചാനലിലെ ക്യാമറാമാനായി അവനു ജോലികിട്ടി. അതേ സ്ഥാപനത്തിലെ ന്യൂസ് റിപ്പോര്‍ട്ടറായിരുന്നു മാളവിക.

നിഖിലക്ക് കിട്ടിയത് അച്ഛന്റെ സ്വഭാവമാണെന്നു എല്ലാവരും പറഞ്ഞു. ഒരു കാര്യത്തിലും അവള്‍ വിട്ടുവീഴ്ച കാണിച്ചില്ല. അവള്‍ക്ക് അവളുടേതായ നിലപാടുകള്‍ ഉണ്ടായിരുന്നു. തന്റെ മുഖത്ത് നോക്കി സംസാരിച്ചിട്ടുള്ളത് അവള്‍ മാത്രമാണ്.

ആ കാലത്താണ് കോഴിക്കോട്ട് ജോലി ചെയ്തിരുന്നപ്പോള്‍ തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ജയദേവന്‍ ട്രാന്‍സ്ഫറായി ഓഫീസില്‍ എത്തുന്നത്. ജയദേവന്റെ ഭാര്യ നിരുപമക്ക് എറണാകുളത്ത് ഒരു അഡൈ്വര്‍ടൈസിംഗ് കമ്പനിയിലായിരുന്നു ജോലി.

ജയദേവന്‍ തന്റെ സൗഹൃദത്തില്‍ വലിഞ്ഞു കയറുകയായിരുന്നു. വീട്ടിലും വരാറുണ്ടായിരുന്നു, അയാള്‍. അഖിലിന്റെയും മാളവികയുടെയും വിവാഹത്തിലും അയാള്‍ ഒപ്പമുണ്ടായിരുന്നു. ജയദേവനെ അകറ്റി നിര്‍ത്താന്‍ കാര്യമില്ലാതെ പ്രഭേട്ടന്‍ ഉപദേശിച്ചുകൊണ്ടിരുന്നു. നിരുപമ പൂര്‍ണിമയുമായി ചങ്ങാത്തത്തിലായി.

ഹരിബാബു പുതിയ സിനിമക്ക് നായികയെ തേടുമ്പോഴാണ് നിരുപമയെ കാണുന്നത്. ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന മൂവിയായിരുന്നു അത്. നിരുപമ ഒരു കുഴപ്പക്കാരിയായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. ഹരിബാബുവിനോട് അതു പറയുകയും ചെയ്തു. പക്ഷേ, അവളെ വച്ചു തന്നെ ഹരിബാബു സിനിമ ചെയ്തു. ഒന്നുമല്ലാതിരുന്ന നിരുപമയുടെ ജീവിതം മാറിമറിയുകയായിരുന്നു. ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. നിരുപമക്ക് നാഷ്ണല്‍ അവാര്‍ഡും ലഭിച്ചു.

തന്റെയും പൂര്‍ണിമയുടേയും ജീവിതത്തെ ഉഴുതു മറിച്ച സംഭവം അരങ്ങേറുന്നത് പിന്നീടാണ്.
താന്‍ അവളെ പുറത്ത് വിടില്ലെന്ന പഴി ഒഴിവാക്കാന്‍ അവളുടെ ഡിഗ്രി ബാച്ചിലുള്ളവര്‍ സംഘടിപ്പിച്ച റി-യൂണിയന് അവളെ നിര്‍ബന്ധിച്ച് അയച്ചത് താനാണ്. കന്യാകുമാരിയില്‍ വച്ചാണ് ഗെറ്റ്റ്റുഗദര്‍ നടന്നത്. വൈകീട്ടു തിരിച്ചെത്തുമെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ച് ലക്കുകെട്ടതിനാല്‍ ഒരു രാത്രി കൂടി അവര്‍ക്കവിടെ കഴിയേണ്ടി വന്നു.

പേടിച്ചു വിറച്ചു മടങ്ങിവന്ന പൂര്‍ണിമയെ ശകാരിക്കാനൊന്നും പോയില്ല. ഇനി ഇത്തരം പ്രോഗ്രാമിനു പോകില്ലെന്നു അവള്‍ തന്നെ പറഞ്ഞു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് ടെറസിലേക്കുള്ള സ്റ്റെയര്‍കേസില്‍ നിന്നും വീണ് പൂര്‍ണിമയുടെ കാലില്‍ ഫ്രാക്ചര്‍ ആയി. അവളേയും വീട്ടുകാര്യങ്ങളും നോക്കാന്‍ ഡിവോഴ്‌സിയായ അവളുടെ വല്യമ്മയുടെ മകള്‍ സുമലതയേയും കൊണ്ട് പ്രഭേട്ടന്‍ വന്നു.

ആറുമാസം കഴിഞ്ഞ് എന്തോ സംശയം തോന്നി, സമുലത നിര്‍ബന്ധിച്ചപ്പോള്‍ പൂര്‍ണിമയെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. ആ സത്യം ഒരു ഇടിത്തീയായി പതിച്ചു. പൂര്‍ണിമ ആറു മാസം ഗര്‍ഭിണിയാണ്! മകന്റെ വിവാഹം കഴിഞ്ഞു. മകള്‍ കെട്ടുപ്രായം തികഞ്ഞു നില്‍ക്കുന്നു. അപ്പോഴാണ് അമ്പത്തഞ്ചാം വയസ്സില്‍ അച്ഛന്‍ വീണ്ടുമൊരു അച്ഛനാവാന്‍ പോകുന്നത്.

മുന്‍പ്രസവങ്ങളിലെ കോംപ്ലിക്കേഷന്‍സ് കൂടി കണക്കിലെടുത്ത് അബോര്‍ഷന്‍ അസാധ്യമാണെന്നു ഡോക്ടര്‍ പറഞ്ഞു. നാണക്കേടും അപമാനവും ഓര്‍ത്ത് തലകുനിഞ്ഞുപോയ ദിവസങ്ങള്‍.

പിന്നെയുണ്ടായത് മാറ്റങ്ങളുടെ പരിവര്‍ത്തനമായിരുന്നു. നരച്ച മുടിയിഴകളില്‍ ഡൈ ചെയ്ത് പ്രായം കുറച്ചു. പുറത്തു കാണിക്കാത്ത സ്‌നേഹമൊക്കെ പ്രകടിപ്പിച്ചു തുടങ്ങി. നിഖിലയുടെ പരിഹാസവും അമര്‍ഷവും അറിഞ്ഞതായി ഭാവിച്ചില്ല. എല്ലാത്തിനും തണലായി സുമലത ഉണ്ടായിരുന്നു.

ആ കുഞ്ഞ് തന്റെ ജീവിതത്തെ ബാധിക്കുമെന്ന് നിഖില തുറന്നടിച്ചു പറഞ്ഞു. കുഞ്ഞിനെ കൂടെ വളര്‍ത്തിയാല്‍ അവള്‍ വീടുവിട്ട് പോകുമെന്ന് മുന്നറിയിപ്പ് തന്നു. ഡെലിവറി കഴിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കാനാണ് അവള്‍ ആവശ്യപ്പെട്ടത്. അതില്‍ പൂര്‍ണിമ തകര്‍ന്നുപോയി. പ്രഭേട്ടനും നിഖിലക്കൊപ്പം നിന്നതാണ് അമ്പരപ്പിച്ചു കളഞ്ഞത്.

ഡെലിവറി കഴിഞ്ഞുള്ള കാര്യം പിന്നീട്, തല്‍ക്കാലം പ്രസവത്തെ പറ്റി ചിന്തിക്കാമെന്നു ഹരിബാബു ഉപദേശിച്ചു. പുറത്താരുമറിയാതെ പൂര്‍ണിമയേയും സുമലതയേയും ബാംഗ്ലൂരില്‍ എത്തിച്ചു. അവിടെ ഒരു വാടക വീട്ടിലായി പിന്നീട്.

നാട്ടില്‍ നിന്നെത്തിയ ഒരു വാര്‍ത്ത ബൈക്ക് ആക്‌സിഡന്റില്‍ ജയദേവന് ഒരു കാല്‍ നഷ്ടപ്പെട്ട വിവരമാണ്. ആരോ അയാളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണത്രെ. തൊട്ടുപിന്നാലെ അത് ചെയ്യിപ്പിച്ചത് പ്രഭേട്ടനാണെന്നും അറിഞ്ഞു.

ഹരിബാബു ബാംഗ്ലൂരില്‍ വന്നു. ഹരിബാബു ധരിപ്പിച്ച വിവരങ്ങള്‍ സമനില തെറ്റിക്കുന്നതായിരുന്നു.
പൂര്‍ണിമയും ജയദേവനും ഡിഗ്രിക്ക് ഒരേ ബാച്ചിലാണ് പഠിച്ചത്. പഠിക്കുക മാത്രമല്ല, അവര്‍ പ്രണയത്തിലുമായിരുന്നു. പൂര്‍ണിമയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞ്, നാട്ടിലെത്തിയ ജയദേവനെ പ്രഭേട്ടന്‍ നന്നായി കൈകാര്യം ചെയ്തു. അയാള്‍ ഹോസ്പിറ്റലില്‍ കിടക്കുമ്പോഴാണ് വിവാഹം നടന്നത്.

പക്ഷേ വിവാഹത്തോടെ പൂര്‍ണിമ അതൊരു കാമ്പസ് പ്രണയമായി മറന്നതായിരുന്നു. അവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ബന്ധപ്പെടലും ഉണ്ടായില്ല. പിന്നീട് ഒരു വിവാഹത്തിന് ജയദേവനും തയ്യാറായില്ല. മദ്യത്തിനു അടിമയായി അയാള്‍ കഴിഞ്ഞു.

ഒരുപാടു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ജയദേവന്റെ ഏട്ടന്‍ എവിടെക്കെന്ന് പറയാതെ ജയദേവനെ ഒരു പെണ്ണു കാണല്‍ ചടങ്ങിനു കൊണ്ടുപോയി. ആ പെണ്‍കുട്ടി നിരുപമയായിരുന്നു. അച്ഛനും അമ്മയും മരിച്ച് ഒരു ബന്ധുവിന്റെ ആശ്രയത്തിലായിരുന്നു അവള്‍. അവര്‍ക്ക് അവളെ ഒഴിവാക്കി വിട്ടാല്‍ മതിയായിരുന്നു. ജയദേവന്റെ ഏട്ടന്‍ വിവാഹത്തിന് സമ്മതവും പറഞ്ഞു.

നിരുപമ ജയദേവനെ കാണാന്‍ വന്ന് ഒരു വെളിപ്പെടുത്തല്‍ നടത്തി. അവള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറായിരുന്നു. ആ സത്യം ഇപ്പോ അവള്‍ക്ക് ആശ്രയം കൊടുത്ത ബന്ധുക്കള്‍ക്കുമറിയില്ല. ജയദേവനെ ചതിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് അവള്‍ ആ വിവരം വന്നു പറഞ്ഞത്. തന്റെ മനസില്‍ ഒരു പെണ്ണുള്ള കാര്യം ജയദേവന്‍ അവളോടു പറഞ്ഞു. ഭാര്യയായി ഒരു പെണ്ണിനെ സങ്കല്പിക്കാന്‍ പോലും അയാള്‍ക്ക് കഴിഞ്ഞില്ല. ഏട്ടന്‍ വാക്കു പറഞ്ഞെങ്കിലും താന്‍ വിവാഹത്തില്‍ നി്ന്നു ഒഴിയുക തന്നെ ചെയ്യും. ഒടുവില്‍ ജയദേവന്‍ ഒരു തീരുമാനമെടുത്തു. വിവാഹം നടക്കട്ടെ. നമുക്ക് നല്ല ഫ്രണ്ട്‌സായി കഴിയാം. നിരുപമക്ക് അതൊരു അനുഗ്രഹമായി.

റിയൂണിയനു കൂട്ടുകാര്‍ക്കൊപ്പം കന്യാകുമാരിക്കു പോകുമ്പോള്‍ ജയദേവന്‍ ഉണ്ടാവില്ലെന്നാണ് പൂര്‍ണിമക്ക് അവര്‍ ഉറപ്പുകൊടുത്തത്. എന്നാല്‍ ഇടയ്ക്ക് വച്ച് ജയദേവന്‍ വണ്ടിയില്‍ കയറി. വൈകുന്നേരം തിരിച്ചു വരാന്‍ ആ ഗ്രൂപ്പിലെ രണ്ട് പഴയ കമിതാക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഒരു പ്രശോഭയും ഹരിപ്രസാദും. ഹരിപ്രസാദാണ് ഡ്രൈവറെ മദ്യപിപ്പിച്ച യാത്ര മുടക്കിയത്. ഹോട്ടലില്‍ പൂര്‍ണിമക്കൊപ്പം റൂം പങ്കിട്ടത് പ്രശോഭയായിരുന്നു. ജയദേവന്റെ മുറിയില്‍ ഹരിപ്രസാദും. ജയദേവനുമായി പൂര്‍ണിമ അടുക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായി. പൂര്‍ണിമയെ ഉറക്കി കിടത്താന്‍ വേണ്ടി അവള്‍ക്ക് അവര്‍ ജൂസില്‍ സ്ലീപ്പിംഗ് പില്‍സ് ചേര്‍ത്തു കൊടുത്തിരുന്നു. പൂര്‍ണിമ ഉറങ്ങിയപ്പോള്‍ പ്രശോഭ ഹരിപ്രസാദിന്റെ മുറിയില്‍ പോയി. അവര്‍ ജയദേവനെ പൂര്‍ണിമ കിടന്ന മുറിയിലേക്ക് തള്ളിവിട്ടു...

മുഖത്ത് പൊടിഞ്ഞ ഉപ്പിന്റെ രുചിയുള്ള വിയര്‍പ് രവികുമാര്‍ കൈകൊണ്ടു തുടച്ചു.
പൂര്‍ണിമ ഗര്‍ഭിണിയാണെന്നു മണത്തറിഞ്ഞ നിരുപമ ആ കുഞ്ഞ് ജയദേവന്റേതാണെന്ന വാദവുമായി വന്നു. അതു മനസിലാക്കി ആണത്രെ പ്രഭാചന്ദ്രന്‍ ജയദേവനെ കൊല്ലാന്‍ ശ്രമിച്ചത്. ജയദേവന്റെ കുഞ്ഞിനെ തങ്ങള്‍ക്ക് വേണമെന്ന് അവള്‍ ഹരിബാബുവിനെ കണ്ടു പറഞ്ഞു.

ഡെലിവറിക്ക് ഏതാനും ദിവസങ്ങള്‍ മാത്രം!
അന്ന് ആ ഹോട്ടല്‍ മുറിയില്‍ സംഭവിച്ചതൊന്നും പൂര്‍ണിമക്ക് അറിയില്ല. ഇന്നും അവള്‍ അത് അറിഞ്ഞിട്ടുമില്ല. ജയദേവന്റെയും പൂര്‍ണിമയുടെയും പ്രണയകഥ തനിക്കും ഹരിബാബുവിനും പ്രഭാചന്ദ്രനും സുമലതക്കും നിരുപമക്കുമല്ലാതെ ആര്‍ക്കും അറിയില്ല.

പൂര്‍ണിമയുടെ കുഞ്ഞിന്റെ അച്ഛന്‍ താനോ ജയദേവനോ?
കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് കണ്ടെത്താനുള്ള ഓട്ടമായിരുന്നു പിന്നീട് തന്റേത്.... പൂര്‍ണിമ പ്രസവിക്കുന്നതിനു മുമ്പ് ആ സത്യം തിരിച്ചറിയണമെന്ന വ്യഗ്രതയായിരുന്നു.

രവികുമാറിനെ ഓര്‍മ്മകളില്‍ നിന്ന് പിടിച്ചുണര്‍ത്തികൊണ്ട് സെല്‍ റിങ്ങ് ചെയ്തു. അയാള്‍ ഫോണ്‍ എടുത്തു നോക്കി. പൂര്‍ണിമയുടെ കോളാണ്. അയാള്‍ കോള്‍ അറ്റന്‍ഡ് ചെയ്തു.
'രവിയേട്ടാ....' ആ വിളി ഒരു ഉരുള്‍പൊട്ടല്‍ പോലെയാണ് അയാള്‍ക്ക് തോന്നിയത്.
'എന്താ പൂര്‍ണിമേ?'
'നമ്മുടെ മോള്‍ അനൂട്ടി ഇന്ന് ഏഴുമണിക്ക് ടി.വി.യില്‍ ഒരിന്റര്‍വ്യുവില്‍ വരുന്നുണ്ട്. നിരുപമയുമായിട്ടുള്ള ഇന്റര്‍വ്യുവിലാ മോളെയും കാണിക്കുന്നത്. സുമേച്ചിയാ വിളിച്ചു പറഞ്ഞത്. കുറേ നേരം ഞാന്‍ ടിവിക്കു മുന്നിലിരുന്നിട്ടും പരസ്യത്തില്‍ നിരുപമയെ മാത്രമേ കാണിച്ചുള്ളൂ. അമ്മയും മകളും നിങ്ങള്‍ക്കു മുന്നില്‍ എന്ന് പറയുന്നുണ്ട്. എവിടെയാണെങ്കിലും ഏഴ് മണിക്കു മുമ്പ് രവിയേട്ടന്‍ എത്തണേ... പതിനാലു വര്‍ഷമായില്ലേ നമ്മള്‍ നമ്മുടെ മോളെ കണ്ടിട്ട്...'

പൂര്‍ണിമ കരയുകയാണെന്ന് അയാള്‍ക്കു മനസിലായി.
ശരി. ഞാനെത്താം.'
രവികുമാര്‍ കോള്‍ കട്ടു ചെയ്തു.

പതിനാലു വര്‍ഷം മീഡിയയ്ക്കു മുന്നില്‍ കൊണ്ടുവരാത്ത മകളെ ഇപ്പോള്‍ നിരുപമ കൊണ്ടു വരാനുള്ള കാരണം എന്താവും?
ആ മുഖമൊന്നു കാണാന്‍ രവികുമാറിന്റെ മനസ് കടല്‍പോലെ ഇളകി.
(തുടരും) 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക