Image

ഭ്രമം-2 (അദ്ധ്യായം- 2-മുരളി നെല്ലനാട്)

Published on 05 April, 2022
ഭ്രമം-2 (അദ്ധ്യായം- 2-മുരളി നെല്ലനാട്)

കഥ ഇതുവരെ
പതിനെട്ടു വര്‍ഷം മുമ്പ് ജീവിതത്തെ പിടിച്ചുലച്ച സംഭവങ്ങളിലേക്ക് രവികുമാറിന്റെ മനസ് സഞ്ചരിക്കുകയാണ്. ഗവണ്‍മെന്റ്  സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഭാര്യ പൂര്‍ണിമ മൂന്നാമത് പ്രഗ്നന്റാവുന്നത്. മൂത്ത മകന്‍ അഖിലിന്റെ വിവാഹം കഴിഞ്ഞിരുന്നു. മകള്‍ നിഖില ഡിഗ്രി സ്റ്റുഡന്റും. സ്‌നേഹം പുറത്തു കാട്ടാന്‍ ശീലിച്ചിട്ടില്ലാത്ത രവികുമാറിന് അതൊരു ഷോക്കായി. അബോർട്ട് ചെയ്യാനുള്ള സമയവും കഴിഞ്ഞു. ആരുമറിയാതെ ഡെലിവറിക്ക് പൂര്‍ണിമയെ ബാംഗ്ലൂര്‍ക്ക് കൊണ്ടുപോയി. 

പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത എത്തി. പൂര്‍ണിമയുടെ കുഞ്ഞ് രവികുമാറിന്റേതല്ലെന്ന നിരുപമ എന്ന സിനിമനടിയുടെ അവകാശവാദം. അവള്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ ആയിരുന്നു. അവളുടെ ഭര്‍ത്താവ് ജയദേവനും പൂര്‍ണിമയും ഡിഗ്രി പഠനകാലത്ത് കമിതാക്കള്‍ ആയിരുന്നു. കന്യാകുമാരിയില്‍ വച്ചു നടന്ന റീയൂണിയന് പൂര്‍ണിമയും പോയിരുന്നു. അന്നുരാത്രി പൂര്‍ണിമക്ക് സ്ലീപിംഗ് പില്‍സ് കലര്‍ത്തിയ ജൂസ് കൂട്ടുകാരി കൊടുത്തു. ജയദേവന്‍, അബോധാവസ്ഥയിലായ പൂര്‍ണിമയുടെ റൂമില്‍ പോയി. അത് വരെയുള്ള കാര്യങ്ങള്‍ രവികുമാറിന്റെ ഓര്‍മ്മയിലൂടെ കടന്നുപോയി. 

ഇപ്പോള്‍ അന്നു ജനിച്ച പെണ്‍കുഞ്ഞിന് പതിനെട്ടുവയസായി. ജയദേവന്‍ ഇതിനകം മരിച്ചുപോയി. പൂര്‍ണിമയില്‍ നിന്നും രവികുമാറില്‍ നിന്നു അകറ്റി നിര്‍ത്തിയ മകളുമായി നിരുപമ മുംബൈ ജീവിതം മതിയാക്കി കൊച്ചിയില്‍ താമസിക്കാന്‍ എത്തിയിരുന്നു. രവികുമാറിനെ വിളിച്ച് പൂര്‍ണിമ ഒരു വിവരം പറയുന്നു. അന്നുരാത്രി ഒരു ടിവിഷോയില്‍ നിരുപമയും മകളും പങ്കെടുക്കുന്നു.

കഥ തുടര്‍ന്നു വായിക്കാം.

ഹരിബാബുവിനോട് യാത്ര പറഞ്ഞ് രവികുമാര്‍ കോവളത്തെ ഹോട്ടലില്‍ നിന്നിറങ്ങി. ഹൈവേയിലൂടെ കാര്‍ ഓടിക്കുമ്പോള്‍ അയാളുടെ മനസ് പിന്നെയും നൂല് പൊട്ടിയ പട്ടം പോലെയായി.

ജീവിതത്തെ കശക്കി എറിഞ്ഞ ദിവസങ്ങളായിരുന്നു, നിരുപമയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഉണ്ടായത്. അറിഞ്ഞുകൊണ്ട് പൂര്‍ണിമ തന്നെ ചതിക്കില്ലെന്നു നല്ല വിശ്വാസമുണ്ടായിരുന്നു. താലിക്ക് അത്രയും പവിത്രത കല്പിക്കുന്നവളായിരുന്നു പൂര്‍ണിമ.

അവള്‍ പ്രഗ്നന്റാണെന്ന് അറിഞ്ഞ സമയം മുതല്‍ ഒരു ഭര്‍ത്താവില്‍ നിന്നും കിട്ടാവുന്നതിനപ്പുറം സ്‌നേഹം അവള്‍ക്കു താന്‍ കൊടുത്തു. അതിനു മുമ്പ് ഒരേ ഒരു തവണ മാത്രമാണ് അവളെയും കുട്ടികളെയും കൊണ്ടു ഒരു യാത്ര പോയത്. അത് മൂകാംബിക ദര്‍ശനത്തിനായിരുന്നു. ഒന്നിച്ചൊരു തിയ്യേറ്ററില്‍ പോയി സിനിമ കണ്ടിട്ടില്ല. ഒരു ഔട്ടിംഗ് പോലും ഉണ്ടായിട്ടില്ല. ആ കടമൊക്കെ ഡെലിവറിക്ക് ബാംഗ്ലൂരിലേക്ക് പോകുന്നതിന് രണ്ടു മാസം കൊണ്ടു തീര്‍ത്തു. വേളാങ്കണ്ണി മാതാവിനു മുന്നില്‍ പോവുക അവളുടെ വലിയ സ്വപ്‌നമായിരുന്നു.

അതും സാധിച്ചുകൊടുത്തു. അവിടെ പടിക്കെട്ടില്‍ ഇരുന്ന് അവള്‍ പഴയ കാമ്പസ് പ്രണയത്തെപ്പറ്റി പറഞ്ഞു. അതുവരെ താന്‍ അവളുടെ മനസ് അറിയാതെ പോയത് കൊണ്ട് പറയാന്‍ അവള്‍ക്കൊരു അവസരം ലഭിച്ചിരുന്നില്ല.

രാത്രിയിലെ ഫയല്‍ നോക്കല്‍ തീര്‍ത്ത് എപ്പോഴും ബെഡ്‌റൂമിലേക്ക് വരും. ഒരു മൂഡ് തോന്നിയാല്‍ ഇരുട്ടില്‍ കൈകള്‍ അവളെ തേടി ചെല്ലും. എല്ലാം കഴിഞ്ഞ് അകന്നു കിടന്നുറങ്ങും.

കിടപ്പറയില്‍ പെണ്ണ് സംതൃപ്തയാവുന്നത് ഒന്നായി ചേരുമ്പോഴല്ല. എല്ലാം കഴിഞ്ഞ് അവള്‍ക്ക് തലചായ്ച്ച് കിടക്കാന്‍ അയാളുടെ കൈമടക്ക് കിട്ടുമ്പോഴാണ്. അവിടെ തലവച്ച് അയാളുടെ ദേഹത്തോട് ഒട്ടിക്കിടക്കുമ്പോള്‍ അവള്‍ സംതൃപ്തി അനുഭവിക്കുന്നു. ഒന്നും തനിക്കറിയില്ലായിരുന്നു. സ്‌നേഹിച്ചു തുടങ്ങിയപ്പോഴായിരുന്നു അങ്ങനെ ഒരു വേട്ടയാടലും.

പൂര്‍ണിമയുടെ കന്യാകുമാരിയിലേക്കുള്ള യാത്ര അറിഞ്ഞതു മുതല്‍ പ്രഭേട്ടന്‍ അസ്വസ്ഥനായിരുന്നു. അതിനു മുമ്പേ പ്രഭേട്ടന്‍ മനസിലാക്കിയിരുന്നു, ജയദേവന്‍ സൗഹൃദം നടിച്ചു തന്റെയൊപ്പം കൂടിയത് പകവീട്ടാനുള്ള ഉദ്ദേശ്യം മനസില്‍ വച്ചാണെന്ന്. ഗെറ്റ്റ്റുഗദറിന് കന്യാകുമാരിയില്‍ പൂര്‍ണിമ പോയപ്പോള്‍ ജയദേവനും ഉണ്ടാവുമെന്ന കാര്യത്തില്‍ പ്രഭേട്ടന് തീര്‍ച്ച ഉണ്ടായിരുന്നു.

പൂര്‍ണിമയുടെ പ്രഗ്നന്‍സി വാര്‍ത്ത അറിഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ അച്ഛന്‍ ജയദേവനെന്നു പ്രഭേട്ടന്‍ ഉറച്ചു വിശ്വസിച്ചു. ജയദേവനെ കൊന്നുകളയാന്‍ ക്വട്ടേഷനും കൊടുത്തു.

കൊല്ലപ്പെട്ടില്ലെങ്കിലും ജയദേവന് വലത് കാല്‍ നഷ്ടപ്പെട്ടു. ആ കേസ് പ്രഭേട്ടന്‍ തേച്ചുമാച്ചു കളഞ്ഞു. അത് കുത്തിപൊക്കി, കുഞ്ഞില്‍ ആവശ്യമുന്നയിച്ച് നിരുപമ മീഡിയയുടെ മുന്നില്‍ വരുമെന്നു ഭീഷണി മുഴക്കിയപ്പോഴാണ് ഹരിബാബു വന്നു കാര്യങ്ങള്‍ തന്നോടു പറയുന്നത്.

പൂര്‍ണിമയോട് അതേപറ്റി ഒരക്ഷരം പോലും പറയാതെ സുമലതയെ അവളുടെ കൈയില്‍ ഏല്പിച്ച് നാട്ടില്‍ വന്നു. അന്നു പൂര്‍ണിമക്കൊപ്പം ഉണ്ടായിരുന്ന പ്രശോഭയേയും ജയദേവന്റെ സുഹൃത്ത് ഹരിപ്രസാദിനെയും ചെന്നു കണ്ടു. ആദ്യം നിഷേധിച്ചെങ്കിലും, പൂര്‍ണിമയെ മയക്കി കിടത്തിയതും ആ മുറിയില്‍ ജയദേവന്‍ പോയതും അവര്‍ക്കു പറയേണ്ടി വന്നു.

പിന്നെ ഹരിബാബുവിനെയും കൂട്ടിപോയത് അന്ന്  പൂര്‍ണിമയും കൂട്ടുകാരും താമസിച്ച കന്യാകുമാരിയിലെ ആ ഹോട്ടലിലേക്കായിരുന്നു. ഹരിപ്രസാദില്‍ നിന്നും മനസിലാക്കിയ വിവരം വച്ച് ആ ദിവസമുണ്ടായിരുന്ന ശെന്തില്‍ എന്ന റൂം ബോയിയെ കണ്ടു. പോലീസ് അന്വേഷണം എന്ന രീതിയിലാണ് അവനെ സമീപിച്ചത്.
പ്രശോഭയും ജയദേവനും മുറികള്‍ മാറുന്നത് അവന്‍ കണ്ടിരുന്നു. അത്  പറഞ്ഞ് പിറ്റേന്ന് അവന്‍ ഹരിപ്രസാദിന്റെ കൈയില്‍ നിന്നും പണവും വാങ്ങിയിരുന്നു. ഹരിപ്രസാദ് തന്ന വിവരമായിരുന്നു അത്.
ശെന്തില്‍ പറഞ്ഞത്, ജയദേവന്‍ പൂര്‍ണിമയുടെ റൂമില്‍ കയറിയ ഉടന്‍ പുറത്തു പോയെന്നാണ്. പ്രശോഭ റൂമില്‍ തിരിച്ചെത്തുന്നത് വരെ ജയദേവന്‍ സ്‌റ്റെയര്‍കേസില്‍ കാവല്‍ ഇരുന്നു. അവള്‍ മുറിയില്‍ എത്തിയപ്പോള്‍ ജയദേവന്‍ രാത്രി ബീച്ചിലേക്ക് പോയി. പിറ്റേന്ന് രാവിലെ ആരോടും പറയാതെ അയാള്‍ തനിച്ചു മടങ്ങിപോയി.

തിരികെവന്ന് ഹോസ്പിറ്റലില്‍ കിടന്ന ജയദേവനെ ചെന്നു കണ്ടു. പൂര്‍ണിമയുടെ ഡെലിവറി കഴിഞ്ഞാല്‍ കുഞ്ഞിനെ ജചദേവനും നിരുപമക്കും വിട്ടു കൊടുക്കാമെന്ന് അവനോട് പറഞ്ഞു. പക്ഷേ കുഞ്ഞിന്റെ ഡി.എന്‍.എ. ടെസ്റ്  നടത്തിയിരിക്കും! കുഞ്ഞിന്റെ പിതാവ് താനല്ലെങ്കില്‍ കുഞ്ഞ് നിങ്ങളുടേതായിരിക്കും!
കന്യാകുമാരിയിലെ ആ രാത്രി ഹോട്ടല്‍ റൂമില്‍ സംഭവിച്ചത് ജയദേവന്‍ ഏററു പറഞ്ഞു.

പ്രശോഭയും ഹരിപ്രസാദും പ്ലാന്‍ ചെയ്ത് പൂര്‍ണിമക്ക് സ്ലീപ്പിംഗ് പില്‍സ് ജൂസില്‍ കലര്‍ത്തി കൊടുത്തത് താന്‍ അറിയുന്നത് എല്ലാവരും റൂമുകളില്‍ എത്തിയശേഷമാണ്. പ്രശോഭ ഹരിബാബുവിന്റെ റൂമില്‍ എത്തിയപ്പോള്‍, തന്നെ അവര്‍  പൂര്‍ണിമയുടെ റൂമില്‍ തള്ളികയറ്റി.

പൂര്‍ണിമ നല്ല ഉറക്കത്തിലായിരുന്നു. അബോധാവസ്ഥയില്‍ ഉറങ്ങുന്ന ഒരു പെണ്ണിനെ പ്രാപിച്ചാല്‍, അവളെ നീണ്ട ഇരുപത്തിയെട്ടു വര്‍ഷം മനസില്‍ കൊണ്ടുനടന്ന തന്റെ പ്രണയത്തിന് എന്ത് വിശുദ്ധിയാണ് ഉണ്ടാവുക.? തനിക്ക് പൂര്‍ണിമയോടുള്ള പ്രണയം മാംസനിബദ്ധമായിരുന്നില്ല. ഉടന്‍ വാതില്‍ ചാരി പുറത്തിറങ്ങി, അവള്‍ക്ക് കാവല്‍ ഇരുന്നു. എപ്പോഴോ  പ്രശോഭ വന്നപ്പോള്‍ കടല്‍ തീരത്തേക്ക് പോയി. പുലരുവോളം അവിടെ ഇരുന്നു. വിരല്‍തുമ്പിൽ  പോലും താന്‍ പൂര്‍ണിമയെ സ്പര്‍ശിച്ചിട്ടില്ല.

ജയദേവന്‍ പറഞ്ഞതായിരുന്നു റൂം ബോയിയും പറഞ്ഞത്. എല്ലാം പൊളിഞ്ഞപ്പോള്‍ കുട്ടികളില്ലാത്ത തങ്ങള്‍ക്ക് ആ കുഞ്ഞിനെ തരാന്‍ നിരുപമ കാലുപിടിച്ച് കരഞ്ഞ് അപേക്ഷിച്ചു. മനസ് തണുത്ത് ബാംഗ്ലൂരിലേക്ക് തിരിച്ചുപോയി.

കുഞ്ഞിനെ അവിടെ ഏതെങ്കിലും ഓര്‍ഫനേജിന് കൈമാറണമെന്ന ശാഠ്യവുമായി നിഖിലയും ബാംഗ്ലൂരില്‍ എത്തി.

അതിനു കഴിയില്ലെങ്കില്‍ നിരുപമക്ക് കൈമാറാനും അവള്‍ വാശിപിടിച്ചു. അടവുകള്‍ തെറ്റിയപ്പോള്‍ നിരുപമ നിഖിലയെ സമീപിച്ചിരുന്നു. ജയദേവനും പൂര്‍ണിമയുമായുള്ള പഴയ ബന്ധവും കന്യാകുമാരിയിലെ സംഭവങ്ങളും എ്തുകൊണ്ടോ നിരുപമ പുറത്തുവിടില്ലായിരുന്നു.

ഒരിക്കലും പ്രസവിക്കാന്‍ പോകുന്ന കുഞ്ഞിനെ കൂടെ വളര്‍ത്താന്‍ കഴിയില്ലെന്നു താനും പൂര്‍ണിമയും മനസിലാക്കി. അഖിലിനും മാളവികക്കും ഒരെതിര്‍പ്പും ഇല്ലായിരുന്നു. നിഖില മാത്രം അയഞ്ഞില്ല. തന്റെ ഭാവിയെ ബാധിക്കുമെന്ന് അവിള്‍ പിന്നെയും തുറന്നടിച്ചുകൊണ്ടിരുന്നു.

കാര്‍ ഈസ്റ്റ് ഫോര്‍ട്ടിലേക്ക് കടന്നു. വണ്ടി തന്നെയും കൊണ്ട് പോവുകയാണെന്ന് രവികുമാറിനു തോന്നി.
ഹരിബാബു ബാഗ്ലൂരിലേക്ക് വന്നത് പൂര്‍ണിമയുടെ പ്രസവനാളുകളുടെ തൊട്ടടുത്ത ദിവസമായിരുന്നു. പ്രഭേട്ടനും കൂടെ ഉണ്ടായിരുന്നു.
രണ്ടു തീരുമാനങ്ങളാണ് അന്നുണ്ടായത്.
അഖിലും മാളവികയും ഡല്‍ഹി ബ്യൂറോയിലേക്ക് സ്ഥലം മാറി പോവുകയാണ്. അച്ഛനെ തനിച്ചാക്കി പോകാന്‍ അവള്‍ക്ക് മനസില്ലായിരുന്നു. ഇനിയുള്ള കാലം അച്ഛനൊരു കൂട്ട് വേണം. അവള്‍ ആഗ്രഹിച്ചത് സുമലതയെയായിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ച് മാളവിക അതുപറഞ്ഞപ്പോള്‍ ആദ്യം അനുകൂലിച്ചത് താനായിരുന്നു. ഹരിബാബു ആദ്യമൊക്കെ എതിര്‍ത്തെങ്കിലും എപ്പോഴോ  അയാളുടെ ഉള്ളില്‍ സുമലത സ്പര്‍ശിച്ചിരുന്നു.

പിന്നീടുള്ള തന്റെ തീരുമാനം കുഞ്ഞിനെ ജയദേവനു കൊടുക്കാനായിരുന്നു. അവന് അവളിലുള്ള മോഹം തീര്‍ക്കാമായിരുന്നു. അന്നു രാത്രി എന്തു സംഭവിച്ചാലും പൂര്‍ണിമ ഒന്നും അറിയില്ലായിരുന്നു. ജയദേവന്‍ അന്തസ് കാണിച്ചു.

അവന് അവളോടുള്ള പ്രണയത്തിന് പത്തരമാറ്റിന്റെ വില കല്പിച്ചു. അവളുടെ മുറിയില്‍ മറ്റാരും കടന്നു വരാതിരിക്കാന്‍ കാവല്‍ ഇരുന്നു. പിന്നീട് ഒരു കുറ്റബോധം കൂടി ഉണ്ടായിരുന്നു. പ്രഭേട്ടന്‍ അവന്റെ ഒരു കാല് എടുത്തു. തികച്ചും നിരപരാധിയായിരുന്നു ജയദേവന്‍.

പൂര്‍ണിമയെ കൊണ്ട് അതൊന്നു സമ്മതിപ്പിക്കാന്‍ കുറെ പണിപ്പെട്ടു. അവളെ സംബന്ധിച്ച് ആരും ഒരാരോപണവും പറയാത്ത അവളുടെ ഭര്‍ത്താവിന്റെ കുഞ്ഞായിരുന്നു അത്. നിഖിലക്ക് മുന്നില്‍ കണ്ണീരോടെ അവള്‍ കീഴടങ്ങി.

ഡെലിവറി കഴിഞ്ഞ് വാടകവീട്ടില്‍ വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജയദേവനും നിരുപമയും വന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. അവര്‍ ബാംഗ്ലൂരില്‍ ഒരു വാടകവീടും തരപ്പെടുത്തിയിരുന്നു.

വീല്‍ചെയറില്‍ ജയദേവനെ ഇരുത്തി ഉരുട്ടികൊണ്ടുവന്ന നിരുപമയുടെ ചിത്രം ഇപ്പോഴും കണ്‍മുമ്പിലുണ്ട്.
പൂര്‍ണിമ എപ്പോള്‍ ആഗ്രഹിക്കുന്നുവോ, കുഞ്ഞിനെ കൊണ്ടുവന്നു കാണിക്കാമെന്നായിരുന്നു കരാര്‍. അത് നിരുപമ പാലിച്ചു. കുഞ്ഞിന് അനുപമ എന്നു അവര്‍ പേരിട്ടു. അഖിലും മാളവികയും ഇടയ്ക്കിടെ ബാംഗ്ലൂരില്‍ പോയി കുഞ്ഞിനെ കാണാറുണ്ടായിരുന്നു.

ചെറുപ്പകാല്ത്ത് നന്നായി കവിത എഴുതുന്ന ജയദേവനെ കൊണ്ട് നിരുപമ ഒരു തിരക്കഥ എഴുതിച്ചു.
ഹരിബാബു  ആ സിനിമ ചെയ്യാമെന്ന് ഏറ്റു.

ആ സമയത്ത് അവര്‍ തിരുവനന്തപുരത്തേക്ക് മടങ്ങിവന്നു. പൂര്‍ണിമക്ക് അതാശ്വാസമായിരുന്നു. മിക്കവാറും നിരുപമയും അനൂട്ടിയും വീട്ടിലുണ്ടാവും.

ജീവിച്ചു തുടങ്ങിയപ്പോഴേക്കും നീണ്ട കാലത്തെ ലക്കുകെട്ട മദ്യപാനത്തിന് ജയദേവന് വിലകൊടുക്കേണ്ടിവന്നു. ലിവര്‍ സിറോസിസ് ബാധിച്ച് അയാള്‍ ഹോസ്പിറ്റലിലായി. ആറുമാസത്തിനുള്ളില്‍ ജയദേവന്‍ കണ്ണടച്ചു.

ഒരുപാട് വേദന തോന്നിയിരുന്നു. ഒരു ട്രാന്‍സ്ജന്റര്‍ വുമണിന്റെ കൂടെയുള്ള ജീവിതം. അവര്‍ എന്നും നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു.

ജയദേവന്‍ മൂന്നു സിനിമകള്‍ക്ക് തിരക്കഥ എഴുതി. മൂന്നും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഒരിക്കല്‍ പോലും ജയദേവന്‍ പൂര്‍ണിമ എന്ന ലക്ഷ്യം വച്ച് വീട്ടിലേക്ക് വന്നിരുന്നില്ല. സത്യത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു അയാള്‍.

ഒരു പെണ്ണിനെ കോളേജ് പഠനകാലത്ത് മൂന്നുവര്‍ഷം പ്രണയിച്ചുപോയെന്നു വച്ച് ഒരു മനുഷ്യന്‍ സ്വയം കത്തി അമരുമോ?

പുരുഷന്‍ സുന്ദരനായ വിഡ്ഢിയാണെന്ന് തോന്നിപോകാറുണ്ട്. പെണ്ണ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നവളും.

ജയദേവന്റെ മരണാന്തര ചടങ്ങുവരെയേ നിരുപമ  തിരുവനന്തപുരത്ത് കഴിഞ്ഞുള്ളൂ. തിരക്കേറിയ നടിയായി അവള്‍ മാറി കഴിഞ്ഞിരുന്നു. മറ്റാര്‍ക്കും അറിയില്ലായിരുന്നു അവളൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ ആണെന്ന്.

വിളിച്ചിട്ടു ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ നിരുപമയും മോളും താമസിച്ചിരുന്ന വാടകവീട്ടിലേക്ക് പൂര്‍ണിമ ചെന്നു.
അവള്‍ വീട്ടൊഴിഞ്ഞിരുന്നു.

ജയദേവന്റെ മരണത്തിലൂടെ അവള്‍ എല്ലാം അവസാനിപ്പിക്കുകയായിരുന്നു. നാലുവയസ്സുള്ള അനൂട്ടിയേയും കൊണ്ട് മുംബൈയിലേക്ക് അവള്‍ ചേക്കേറി. പൂര്‍ണിമയുടെ കണ്ണീരിന് എന്തു വില? ലീഗലായി  കുട്ടി ജയദേവന്റെയും നിരുപമയുടേതുമായി കഴിഞ്ഞിരുന്നു! ജന്മം നല്‍കിയവനും നൊന്തുപെറ്റ അമ്മയും ചിത്രത്തിനു പുറത്ത്.

തമിഴ് തെലുങ്ക കന്നട ചിത്രങ്ങളിലൊക്കെ നിരുപമ നായികയായി എത്തി. മലയാളം അവള്‍ കൈവിട്ടു.
കുഞ്ഞിനെ അവര്‍ക്ക് കൈമാറിയിട്ട് പിന്നീട് അതിനെ കാണാതിരുന്നെങ്കില്‍ ഇത്രയും വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. എവിടെയോ കുഞ്ഞു വളരുന്നു എന്ന ചിന്തമാത്രമേ മനസില്‍ ഉണ്ടാവുമായിരുന്നുള്ളൂ.

നാലു വയസിലെ അനൂട്ടിയുടെ ഫോട്ടോ ആയിരുന്നു പൂര്‍ണിമക്ക് സ്വന്തമായി ഉണ്ടായിരുന്നത്. നൊമ്പരങ്ങള്‍ അവള്‍ സ്വയം ഉള്ളിലടക്കിവച്ചു.

നിഖില കോളേജ് ലക്ചറായി. അവളുടെ ഭര്‍ത്താവ് സന്ദീപും കോളേജ് അധ്യാപകനാണ്. പത്തു വയസുള്ള ഒരു മകള്‍ അവര്‍ക്കുണ്ട്. എറണാകുളത്താണ് അവര്‍ താമസിക്കുന്നത്.

അഖിലും മാളവികയും ഡല്‍ഹിയില്‍ തന്നെയായിരുന്നു. അവര്‍ക്ക് നാലുവയസുള്ള ഒരു മകള്‍ ഉണ്ട്. കുട്ടികള്‍ പിന്നീട് മതിയെന്നു അവര്‍ തീരുമാനമെടുക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ഹരിബാബുവിന്റെയും സുമലതയുടെയും വിവാഹം കഴിഞ്ഞ് മൂന്നാം മാസം  സുമലത പ്രഗ്നന്റാവുകയായിരുന്നു. അച്ഛന്‍ അമ്പത്തെട്ടാം വയസില്‍ അച്ഛനായതില്‍ സന്തോഷിച്ചത് മാളവിക ആയിരുന്നു. ഇളയമ്മയുടെ പ്രസവത്തിനും അവള്‍ ലീവെടുത്തു നാട്ടില്‍ പോന്നു. അവള്‍ക്ക് കിട്ടിയത് ഒരനിയനെയാണ്. അവന് പതിനഞ്ച് വയസായിട്ടു മതി നമുക്കു കുട്ടികള്‍ എന്നു മാളവികയും അഖിലും നിശ്ചയിച്ചു.

എല്ലാവരും സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. താനും പൂര്‍ണിമയും ഹൃദയവ്യഥ ഉള്ളിലടക്കി ജീവിച്ചു.

കാര്‍ ശാസ്തമംഗലത്തെത്തിയിരുന്നു. ഏഴുമണിയാകാന്‍ ഇനിയും പതിനഞ്ച് മിനിറ്റുണ്ട്.
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം മകളെ ഒരു നോക്കു കാണുകയാണ്. അതൊരു ടിവിഷോയിലൂടെ ആണെന്നു മാത്രം. അവള്‍ പ്രായപൂര്‍ത്തി ആയിരിക്കുന്നു.

അവള്‍ക്കറിയില്ല, അവള്‍ക്ക് ജന്മം നല്‍കിയ ഒരച്ഛനും അമ്മയും മറ്റെവിടെയോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്. അവള്‍ അമ്മ എന്നു വിളിക്കുന്നവള്‍ അവള്‍ക്കാരുമല്ലെന്ന്. അമ്മ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന കാര്യവും അവള്‍ക്ക് അജ്ഞാതമാണ്.

തുറന്നു കിടന്ന ഗേറ്റ് കടന്ന് കാര്‍ പോര്‍ച്ചില്‍ ചെന്നു നിന്നു. അകത്ത് നിന്ന് പൂര്‍ണിമ സിറ്റൗ്ട്ടിലേക്ക് ഓടിവരുന്നത് കാറിൽ  നിന്നിറങ്ങുമ്പോള്‍ രവികുമാര്‍ കണ്ടു.

'സമയത്തിന് രവിയേട്ടന്‍ എത്തുമോന്ന ടെന്‍ഷനായിരുന്നു എനിക്ക്. ഞാന്‍ മാളുനെ വിളിച്ചു വിവരം പറഞ്ഞു. നീലുനെ വിളിച്ചില്ല. അവള്‍ക്കിഷ്ടപ്പെടില്ലെന്ന് അറിയാം.'
ഒറ്റവീര്‍പില്‍ പൂര്‍ണിമ പറഞ്ഞു.
നിഖിലയോട് പറയാതിരുന്നത് നന്നായെന്ന് അയാള്‍ ഓര്‍ത്തു.
'രവിയേട്ടന്‍ ഒന്നു വേഗം വാ. ഇനി പത്ത് മിനിറ്റേയുള്ളൂ.'

പൂര്‍ണിമ അകത്തേക്ക് ഓടി. അവള്‍ നിലത്തൊന്നുമല്ലെന്ന് അയാള്‍ക്ക് തോന്നി.
രവികുമാര്‍ അകത്ത് വന്ന് സെറ്റിയില്‍ ഇരുന്നു. ടി.വി.യില്‍ മറ്റെന്തോ പ്രോഗ്രാമാണ്. ബ്രേക്ക് സമയത്ത് അടുത്ത പ്രോഗ്രാമിന്റെ പ്രൊമോ  വന്നു.

നിരുപമയുടെ ചിത്രങ്ങള്‍ക്കൊപ്പം അനൗണ്‍സ്‌മെന്റ്  'തെന്നിന്ത്യന്‍ താരസുന്ദരി നിരുപമയുമായുള്ള ചാറ്റ്‌ഷോ ഇന്നുരാത്രി ഏഴുമണിക്ക്. ഒപ്പം ഇന്നേവരെ പ്രേക്ഷകര്‍ ആരും കണ്ടിട്ടില്ലാത്ത നിരുപമയുടെ മകളും നിങ്ങള്‍ക്ക് മുന്നിലെത്തുന്നു....'

ചായയുമായി പൂര്‍ണിമ വന്നു.
'അങ്ങനെ പറയുന്നതല്ലാതെ അവര്‍ മോളുടെ മുഖം കാണിക്കുന്നില്ല.'
ചായ രവികുമാറിന് കൊടുത്തിട്ട് പൂര്‍ണിമ അടുത്തിരുന്നു.
'അത് അവരുടെ റേറ്റിംഗ് പിടിക്കാനുള്ള തന്ത്രമാ. നിരുപമക്ക് മകള്‍ ഉണ്ടെന്നു തന്നെ പലര്‍ക്കും അറിയില്ല.'
'മുംബൈയില്‍ പോയി അവര്‍ ഷൂട്ട് ചെയ്തതതാവും, അല്ലേ?'
പൂര്‍ണിമയുടെ ഒച്ചയില്‍ നെഞ്ചിടിപ്പിന്റെ വേഗത അറിയാമായിരുന്നു. ശബ്ദം ശരിക്കും പുറത്തു വരുന്നില്ല.
'അറിയില്ല.'
അയാള്‍ ചായ കുടിച്ചിട്ട് കപ്പ് വച്ചു.
'ഇങ്ങനെ എങ്കിലും ആ ഭാഗ്യം നമുക്കുണ്ടാവുമെന്ന് കരുതിയതാണോ?'
അയാള്‍ മൂളി.

ടിവിയിലെ ആ പ്രോഗ്രാം കഴിഞ്ഞു. പൂര്‍ണിമ നെഞ്ചില്‍ കൈവച്ചു.
'ഹൃദയം പൊട്ടിപോകുമെന്നാ എനിക്ക് തോന്നുന്നത്.'
പൂര്‍ണിമയുടെ ഒച്ച ചിലമ്പി.
നിരുപമ അഭിനയിച്ച സിനിമകളുടെ വിഷ്വല്‍സ് ടിവി സ്‌ക്രീനില്‍ മിന്നി പൊലിഞ്ഞു. ദേശീയ അവാര്‍ഡ് നേടി ഹരിബാബു സംവിധാനം ചെയ്ത അവളുടെ 'ഋതാംബര' എന്ന സിനിമയുടെ ദൃശ്യങ്ങള്‍ തെളിഞ്ഞു.
പിന്നെ അവതാരക എത്തി.
'സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി നമ്മുടെ ഇന്നത്തെ അതിഥി തെന്നിന്ത്യന്‍ താരസുന്ദരി നിരുപമ...' അവതാരക കൈയടിച്ചു.

നിരുപമ നടന്നുവരുന്നത് സ്‌ക്രീനില്‍ തെളിഞ്ഞു. നാല്‍പത്തി രണ്ടാം വയസിലും അവള്‍ സുന്ദരിയായി രവികുമാറിനു തോന്നി. നിരുപമയുടെ സിനിമകളൊന്നും കാണാത്തത് കൊണ്ടു തന്നെ അവളുടെ മാറ്റം അയാളെ അമ്പരിപ്പിച്ചു.
നിരുപമ സാരിയിലായിരുന്നു. അവള്‍ കൈകൂട്ടി പുഞ്ചിരിയോടെ നന്ദി പറഞ്ഞു.
ഹൃദയസ്പന്ദനം നിലച്ച് പൂര്‍ണിമ ഇരുന്നു.

അവതാരക തുടര്‍ന്നു:
'നിരുപമക്കൊപ്പം, നിരുപമയുടെ പ്രിയപ്പെട്ട മകള്‍ നിരഞ്ജന! സ്വാഗം മോളെ....'
'നിരഞ്ജനയോ...? അവള്‍ എന്റെ കുഞ്ഞിന്റെ പേരും മാറ്റി...!'
പെണ്‍കുട്ടി കടന്നു വന്നു. നിലത്തിഴയുന്ന ബ്രൗണ്‍കളറിലെ ഗൗണ്‍ ആയിരുന്നു അവളുടെ വേഷം. വിടര്‍ന്ന കണ്ണുകള്‍, വിരിഞ്ഞ അധരങ്ങളില്‍ പുഞ്ചിരി...
'രവിയേട്ടാ.... നമ്മുടെ മോള്‍.... മോളെ.... എന്റെ പൊന്നു മോളെ....'
അവളെ നോക്കി പൂര്‍ണിമ ആര്‍ത്തു കരഞ്ഞു.

തരിച്ചപടി ഇരിക്കുകയായിരുന്നു രവികുമാര്‍. ഇരുപതു വയസുമാത്രമുള്ളപ്പോള്‍ പെണ്ണുകാണല്‍ ചടങ്ങിന് തന്റെ മുന്നിലേക്ക് വന്ന പൂര്‍ണിമയുടെ രൂപമായിരുന്നു അയാളുടെ മനസില്‍!
അന്നത്തെ പുര്‍ണിമയുടെ തനിപകര്‍പ്പ്!
(തുടരും)

see also: https://www.youtube.com/channel/UCxhSmFhMJGQQ34Sm2XfoApw/videos

1

ഭ്രമം-2 (നോവൽ-1, മുരളി നെല്ലനാട്) ഒന്നാം ഭാഗത്തെ കഥാസംഗ്രഹത്തിന്റെ ഓര്‍മ്മപ്പെടുത്തലിലൂടെ തുടങ്ങുന്നു...

Join WhatsApp News
ഗിഫു മേലാറ്റൂർ 2022-04-06 02:37:30
കഥ ഓഡിയോബുക്ക് ആയും ഉൾപ്പെടുത്തണം എന്നാണ് എൻ്റെ എളിയ നിർദ്ദേശം
TRRPillai 2022-05-08 10:33:41
Very good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക