നൊമ്പരങ്ങൾ കേൾക്കാൻ നക്ഷത്രവും നിലാവും മാത്രമുള്ളപ്പോൾ നമുക്ക് അവരെ അനാഥർ എന്ന് വിളിക്കാം. സ്വപ്നം കാണുവാൻ പോലും അവകാശമില്ലാതെ ആർക്കും വേണ്ടതാകുക എന്നത് മരണത്തെക്കാൾ ഭയാനകമാണ്. സ്നേഹബന്ധങ്ങളില്ല, മുറിപ്പാടുകളില്ല, സ്വപ്നങ്ങളില്ല , യാഥാര്‍ഥ്യങ്ങളുമില്ലത്ത കുറെ മനുഷ്യർ. കുറെ വർഷങ്ങൾക്ക് മുൻപ് ഒരു അനാഥാലയം സന്ദർശിക്കാൻ ഇടയായി. നമ്മള്‍ നമ്മുടെ ജീവിതത്തിന്‍റെ മഹത്വം കണ്ടറിയുവാൻ കഴിയുന്നത് ഇതുപോലുള്ളവരുടെ ജീവിതങ്ങൾ തൊട്ടറിയുമ്പോഴാണ്.
തങ്ങളുടെതല്ലാത്ത കുറ്റംകൊണ്ട് പെറ്റമ്മക്ക് പോലും വേണ്ടാത്തവരും, സ്വന്തം ഉറ്റവരും ഉടയവരും ഇല്ലാത്തവരുമായി വഴിയിൽ ഉപേക്ഷിച്ച കുറെ കുട്ടികൾ . അൻപത് പേർക്ക് താമസിക്കാവുന്ന സ്ഥലത്തു ഏകദേശം നൂറിൽ കൂടുതൽ പേരുണ്ട്. പണക്കാരായ ആളുകളുടെ ജനനദിവസവും മരണദിവസവും ഈ കുരുന്നുകൾക്ക് ആഘോഷങ്ങൾ ആയിരുന്നു. അന്ന് വയറു നിറയെ ഭക്ഷണവും ചിലപ്പോൾ പുത്തൻ ഉടുപ്പും സമ്മാനമായി ലഭിക്കും.
പലരും അവിടെ വരുന്നത് അനാഥകുട്ടികൾക്ക് അന്നം കൊടുക്കുവാൻ വേണ്ടിയാണ്. "അന്നം കൊടുത്താൽ പുണ്യം കിട്ടും" എന്നുകേട്ടിട്ടുള്ളത് കൊണ്ടാണ് ഇവിടം സന്ദർശിക്കുന്നത്. ആ കുട്ടികൾക്ക് അറിയില്ല അനാഥത്വം എന്താണെന്ന്. മറ്റുള്ളവർക്ക് ഈ കുട്ടികൾ ഒരു കാഴ്ചവസ്തു ആണെകിലും, കാഴ്ചവസ്തുവായിട്ടാണെങ്കിലും കിട്ടുന്ന സമ്മാനങ്ങളിൽ ആ കുട്ടികൾ ആകാശംമുട്ടെ സന്തോഷിച്ചിരുന്നു . മറ്റുള്ളവർ പുണ്യം കിട്ടാൻ വേണ്ടിയെങ്കിലും ചെയ്യുന്ന കർമ്മങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം സ്വർഗ്ഗതുല്യമായിരുന്നു. ആ കുഞ്ഞുങ്ങളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് ഒരു ജന്മായുസ്സിന്‍റെ സുകൃതം ഉണ്ടായിരിന്നു.
ആരുമില്ലാതെ അനാഥരെപ്പോലെ ജീവിക്കുന്ന , ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുകയും , വികാരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഒട്ടിച്ച പുഞ്ചിരി സമ്മാനിക്കുകയും ചെയുന്ന കുറെ മനുഷ്യരൂപങ്ങൾ. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു പറ്റം കുട്ടികളെയാണ് അവിടെ കണ്ടത്. ആദ്യമായി മനസിൽ അനാഥത്വം മുളപൊട്ടിയ ദിനങ്ങൾ ആയിരുന്നു അത്.
ആളുകളെ കാണുബോൾ കൊച്ചുകുട്ടികള്‍ വളരെ ആവേശത്തോടെ ആളുകളുടെ അടുത്തേക്ക് ചെല്ലുന്നു. മുതിര്‍ന്ന കുട്ടികള്‍ ഓടിയൊളിക്കുവാന്‍ ശ്രമിച്ചു. കാരണം അനാഥത്വം എന്ന ശാപത്തിന്‍റെ പൊരുള്‍ അറിയാവുന്ന അവര്‍ തങ്ങളെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ കണ്ണിൽ പെടാതെ മാറിനിൽക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ആ കുട്ടികളുടെ വേദനയും നിസ്സാഹായവസ്ഥയും വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. ആ വീടിന്‍റെ ചുവരുകളിലും തിണ്ണയിലും നിറയെ ആ കുട്ടികളുടെ കരി കൊണ്ട് തീർത്ത കലാസൃഷ്ടികള്‍ നിറഞ്ഞു നിന്നിരുന്നു. ക്രയോൺ പെൻസിലുകൾ അവരെ സംബന്ധിച്ചടത്തോളം അന്യമായിരുന്നു. ഞങ്ങള്‍ കൊണ്ടുചെന്ന ഗിഫ്റ്റുകൾ എല്ലാവര്‍ക്കുമായി വിതരണം ചെയ്തപ്പോളും മുതിർന്ന കുട്ടികൾ അവിടേക്ക് വന്നില്ല .
എല്ലാ കുട്ടികളും കളിച്ചു ചിരിച്ചു നടന്നപ്പോള്‍ മുതിർന്ന കുട്ടികൾ മാത്രം ഒരു കോണില്‍ ദുഃഖഭാരത്താല്‍ മ്ലാനവദനനായിരിക്കുന്നത് കണ്ടു. അവരുടെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. ഞാൻ എന്റെ കുട്ടികളെ ആ സ്ഥാനത്തു കണ്ടു. ഹൃദയത്തില്‍ ഒരു നൂറു ചോദ്യങ്ങൽ ഉയരുണ്ടായിരുന്നു.
അവരുടെ ആ കണ്ണുനീര്‍ മാതാപിതാക്കളെക്കുറിച്ചോര്‍ത്തുള്ളതായിരിക്കാം, അവർക്ക് നഷ്ടപ്പെട്ട ബാല്യത്തെക്കുറിച്ചോര്‍ത്തായിരിക്കാം, അവരുടെ അനാഥത്വത്തെക്കുറിച്ചോര്‍ത്തായിരിക്കാം, നാളെ എങ്ങനെ ആയിരിക്കാം എന്നതിനെകുറിച്ചയിരിക്കാം.
തിരികെ പോരുമ്പോളും അവർ ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ അവർ ഞങ്ങളിൽ കണ്ടത് അവർക്ക് നഷ്‌ടപ്പെട്ട ആരെയോ ആയിരിക്കാം?
ഈ അനാഥത്വം എന്നത് അനാഥരല്ലാത്ത നമ്മുടെ ചുറ്റിലുമുള്ള പലരിലും കാണാം. .എന്റെ ഒരു സുഹൃത്തിന്റെ മകൻ വളരെ ധിക്കാരപരമായിട്ടാണ് മാതാപിതാക്കളോട് സംസാരിക്കാറുള്ളത്. പിതാവ് അവന്റെ സുഹൃത്തുക്കളായ ഞങ്ങളോട് അവന്റെ ഈ സ്വഭാവത്തിന്റെ കാരണം ഒന്ന് ചോദിച്ചറിയാൻ. പറഞ്ഞു.
വളരെ ധനികനായ പിതാവ് മകനെ കോൺവെന്റ് സ്കൂളിൽ വിട്ടാണ് പഠിപ്പിച്ചത്, ധാരാളം പണമുള്ള അയാളെ സംബന്ധിച്ചടത്തോളം മകന് ഏറ്റവും നല്ല വിദ്യഭ്യസം നൽകുക എന്നതായിരുന്നു ലക്‌ഷ്യം . പക്ഷേ മകന് എപ്പോഴും മാതാപിതാക്കളോട് ദേഷ്യം മനസ്സിൽ കുടികുടി വരുകയായിരുന്നു. കുട്ടികാലത്ത് അവന് കിട്ടേണ്ടിയിരുന്ന സ്നേഹവും ലാളനയൊന്നും ലഭിച്ചില്ല എന്നത് തന്നെ കാരണം. അങ്ങനെ അവന് ഈ മാതാപിതാക്കളോട് അടങ്ങിയാൽ തീരാത്ത പക വളർന്നു വളർന്നു. അവർ അവന് ഏറ്റവും വെറുക്കപ്പെട്ട മനുഷ്യരായി.
അവൻ വിദ്യഭാസം തന്നെ ഉപേക്ഷിച്ചു. ഓരോ ആളുകളിലും അനാഥത്വം പല രിതിയിൽ ആണ് വ്യക്തമാകുന്നത്. അത് ചിലപ്പോൾ മയക്കുമരുന്നിന്റെ രൂപത്തിലായിരിക്കാം. പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളിലൂടെ ആയിരിക്കാം അവരുടെ മനസ്സ് കടന്നുപോകുന്നത്. ഒരു പക്ഷേ ആ വേദനയിലൂടെ കടന്നുപോയാവർക്ക് ഈ അനുഭവങ്ങൾ മനസ്സിലാക്കൻ എളുപ്പമാണ്. സ്നേഹത്തെക്കുറിച്ചും മനുഷ്യമനസിനെക്കുറിച്ചും അറിയണമെങ്കിൽ നാം അവരുടെ തലത്തിലേക്ക് എത്തണം. ആ സ്നേഹത്തെ അതിന്റെ ഏറ്റവും ആഴങ്ങളിൽ അടുത്തറിയാൻ ഒരു പക്ഷേ ഈ ജന്മം പോലും മതിയാവില്ല.
വെളിച്ചം പല നിറങ്ങളിൽ മനുഷ്യനെ വ്യത്യസ്തനാക്കുമ്പോൾ ഇരുട്ട് ഒറ്റ നിറത്തിൽ നമ്മെ തുല്യരാക്കുന്നു.
നമ്മുടെ ജീവിത്തൽ സംഭവിക്കുന്ന ചിലതൊക്കെ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്ന് മായുകയില്ല. ചില ഓർമകൾ അതിങ്ങനെ ഇടക്കിടക്ക് വന്നു നോവിച്ചു കൊണ്ടിരിക്കും.
നാം എല്ലാവരും പറയുന്ന ഒരു ചെല്ലുണ്ടു, 'മനുഷ്യരായി ഈ ഭൂമിയില്‍ ജനിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ ആണ് എന്ന്.' എങ്കിൽ കൂടി പലപ്പോഴും നമ്മളിൽ പലരും അനാഥത്വം അനുഭവവിക്കുന്നവരാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ എന്തിന് ജനിച്ചു എന്ന് ?
'നാം എന്താണോ അത് ദൈവത്തിന്‍റെ ദാനമാണ്. നാം എന്തായിത്തീരുന്നുവോ അത് ദൈവത്തിന് നാം നല്‍കുന്ന സമ്മാനവും.'
പകരം വയ്ക്കാൻ പറ്റാത്ത ചില അമൂല്യമായ നിധികൾ ജന്മം കൊണ്ട് നാം നേടിയെടുക്കും .പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ആ നിധികളെയൊക്കെ ചിലപ്പോൾ നഷ്ടപ്പെട്ടു പോയിരിക്കും , . പിന്നീട് ആയിരിക്കും നാം മനസിലാക്കുന്നത് ആ നിധിയെക്കാൾ വലുതല്ല നേടിയതൊന്നും എന്ന്!
തനിച്ചാവുക എന്ന തിരിച്ചറിവാണു നമ്മളിൽ നിഴലിക്കുന്ന അനാഥത്വം. ആ തോന്നൽ വലിയ വിടവായി അവസാന ശ്വാസം വരെയും കൂടെ കാണും. നഷ്ടമായതൊക്കെയും സ്വപ്നങ്ങൾ മാത്രമായിരുന്നില്ല എന്ന ഓർമപ്പെടുത്തലിൽ ഓരോ ദിവസം കടന്നുപോകുബോൾ ഓര്‍ക്കുക നമ്മളും അനാഥർ തന്നെ അല്ലെ ?
ആരും അനാഥരായി ജനിക്കുന്നില്ല. സമയം അവരെ അനാഥർ ആക്കുകയല്ലേ പതിവ്?