MediaAppUSA

റഷ്യൻ യാത്രയുടെ ഓർമ്മകൾ: നിവയുടെ മനോഹാരിത (നടപ്പാതയിൽ ഇന്ന്- 29:ബാബു പാറയ്ക്കൽ)

Published on 09 April, 2022
റഷ്യൻ യാത്രയുടെ ഓർമ്മകൾ: നിവയുടെ മനോഹാരിത (നടപ്പാതയിൽ ഇന്ന്- 29:ബാബു പാറയ്ക്കൽ)

“നിവ എങ്ങനെയുണ്ടെടോ? അത് കേൾക്കട്ടെ. നമ്മുടെ നിള പോലെ മനോഹരിയാണോ?"
"പിള്ളേച്ചാ, നിളയിൽ വേനൽക്കാലത്തു വെള്ളം ഉണ്ടാകാറില്ലല്ലോ. അവളുടെ വറ്റി വരണ്ട വിരിമാറിൽ ഇപ്പോൾ ആളുകൾ കൃഷി ചെയ്യുന്നതായിട്ടാണ് കേൾക്കുന്നത്. കുട്ടികൾ അവിടെ ക്രിക്കറ്റ് കളിക്കും. എന്നാൽ നിവയുടെ ജലസമ്പത്ത് സമൃദ്ധമാണ്. ലെഡോഗാ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്നതുകൊണ്ടു നദിയിൽ ഒരു കാലത്തും വെള്ളം കുറവല്ല. സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തിനു വേണ്ട വെള്ളം മുഴുവൻ നൽകുന്നത് നിവയാണ്. വെറും 46 മൈൽ മാത്രം നീളമുള്ള ഈ നദി ഒഴുകിയെത്തുന്നത് ഫിൻലാൻഡ് ഉൾക്കടലിലേക്കാണ്. ഇത് യൂറോപ്പിലെ നാലാമത്തെ വലിയ നദിയാണ്."
"ഒന്നാമത്തേത് 'വോൾഗ' ആണ്. 3500 കിലോമീറ്ററാണ് അവൾ കവർ ചെയ്യുന്നത്."
"അതു ശരിയാണ് പിള്ളേച്ചാ. നിവ ശൈത്യകാലത്തുറഞ്ഞു കട്ടിയാവും. അതിന്റെ മുകളിൽ കൂടി ആളുകൾ നടന്ന് അക്കരക്കു പോകാറുണ്ടായിരുന്നു. ഇപ്പോൾ 22 പാലങ്ങളാണ് നിവയുടെ മുകളിൽ കൂടി പണിതിരിക്കുന്നത്.”

"പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റഷ്യയിലെ എക്കാലത്തെയും മികച്ച കവിയായി കണക്കാക്കപ്പെടുന്ന അലക്സാണ്ടർ പുഷ്‌കിനും മിഖായിൽ ലെർമോൺടോവും അതിമനോഹരമായി നിവയെപ്പറ്റി വളരെ കാവ്യാത്മകമായി അവരുടെ കവിതകളിൽ വർണിച്ചിട്ടുണ്ട്. ഈ നിവാ നദി കണ്ടുകൊണ്ടാണെടോ ചക്രവർത്തി അവിടെ നഗരം പണിയാൻ ഇറങ്ങിയത്. അന്നത്തെ വാണിജ്യ ബന്ധങ്ങളൊക്കെ ജലമാർഗമായിരുന്നല്ലോ കൂടുതലും. ഇന്ന് യൂറോപ്പിലെ അതിമനോഹരമായ ഒരു നഗരമാണത്."
“തന്നെയുമല്ല പിള്ളേച്ചാ, യൂറോപ്പുമായി ഇത്രയും അടുത്തു കിടക്കുമ്പോൾ ഉണ്ടാകാവുന്ന വാണിജ്യ വളർച്ചയും ചക്രവർത്തി മനസ്സിൽ കണ്ടിട്ടുണ്ടാവാം.

ഞങ്ങളുടെ ബസ് നിവയുടെ തീരത്തു നിർത്തി. നദിയിലേക്കിറങ്ങാനുള്ള കൽപ്പടവുകൾ ഗ്രാനൈറ്റിലാണ് പണിതിരിക്കുന്നത്.  അതിശൈത്യമായിരുന്നെങ്കിലും വെള്ളം കുറഞ്ഞിട്ടില്ല. കൽപ്പടവുകൾക്കരുകിlലായി ഒരു ഈജിപ്ഷ്യൻ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിമക്ക് 3500 വർഷങ്ങൾ പഴക്കമുള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു കാലത്ത് ഈജിപ്റ്റിലെ ഫറവോ ആയിരുന്ന അമേൻഹോടോപ് മൂന്നാമന്റെ ശവകുടീരത്തിനടുത്തായി നൈൽ നദിയിലെ ജലപ്പരപ്പിലേക്കു നോക്കിനിന്ന ഈ പ്രതിമ 1820 ലാണ് ആർക്കിയോളജി വകുപ്പ് കുഴിച്ചെടുക്കുന്നത്. 23 ടൺ ഭാരമുള്ള ഈ പ്രതിമ 1830 ൽ റഷ്യൻ ചക്രവർത്തിയായിരുന്ന നിക്കോളാസ് ഒന്നാമന് സമ്മാനമായി നൽകി. അദ്ദേഹം അത് ഫ്രാൻ‌സിൽ കൊണ്ടുവന്നിട്ട് യൂറോപ്പിൽ നിന്നും സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കു കപ്പൽ മാർഗം കൊണ്ടുവന്നു. ഇന്നിത് സെന്റ് പീറ്റേഴ്‌സ്ബർഗ് അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ മുൻപിൽ നിവയിലെ കൊച്ചോളങ്ങളെ നോക്കി നിൽക്കുന്നു.  ഈജിപ്തിലെ ഗിസയിലെ മുഖ്യമായ മൂന്നു പിരമിഡുകൾക്കടുത്തും ഈ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു സ്ത്രീ നരസിംഹമാണ്. ഇതിനു സൂര്യ ഭഗവാനുമായി അടുത്ത ബന്ധമുണ്ടെന്നും അതുപോലെതന്നെ പിരമിഡിനുള്ളിൽ ഉറങ്ങുന്ന  ഫറവോയുടെ ആത്മാവുമായി സംസാരിക്കാൻ കഴിയുമെന്നും അതുകൊണ്ടുതന്നെ ഒരു ദിവസം സൂര്യഭഗവാന്റെ ആജ്ഞയിൽ ആ ഫറവോൻ ഉയർത്തെഴുന്നേൽക്കുമെന്നും അന്ന് ഈജിപ്റ്റുകാർ വിശ്വസിച്ചിരുന്നു. അതിനായി കാവൽ നിൽക്കുന്ന ആദ്യത്തെ നരസിംഹ പ്രതിമക്ക് 5500 വർഷത്തിലധികം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.

ഫറവോയുടെ ഭരണ കാലത്തു നേരിൽ കണ്ട എത്രയോ സംഭവങ്ങൾ ആ അടഞ്ഞ കണ്ണുകൾക്കുള്ളിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും! വേനൽക്കാലത്തു നിവയുടെ ഈ തീരത്തു നൂറുകണക്കിനാളുകളാണ് ഈ പ്രതിമ സന്ദർശിക്കാൻ വരുന്നത്. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും തന്നെ അവിടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.”
“കാതറിൻസ് പാലസ് കണ്ടില്ലേ?"
"കണ്ടു പിള്ളേച്ചാ. സെന്റ് പീറ്റേഴ്‌സ്ബർഗിലെ കൊട്ടാരങ്ങളിൽ അതിമനോഹരമായ ഒന്നാണ് പീറ്റർ ദി ഗ്രേറ്റ് രണ്ടാം ഭാര്യ കാതറിന് വേണ്ടി പണി കഴിപ്പിച്ച കൊട്ടാരം. കാതറിൻ ഒരു പോളീഷ്-ലിതുവാനിയൻ വനിതയായിരുന്നു. അവൾ പീറ്റർ ദി ഗ്രേറ്റിന്റെ ഭാര്യയാകാൻ വേണ്ടി റഷ്യൻ ഓർത്തഡോക്‌സിലേക്കു പരിവർത്തനം ചെയ്തു വിവാഹം കഴിച്ചു. പീറ്റർ അവൾക്കു വേണ്ടി അവളുടെ അഭിരുചിക്കനുസരിച്ചൊരു കൊട്ടാരം പണിതു. അത് പിന്നീട് 'കാതറിൻസ് പാലസ്' എന്ന പേരിൽ അറിയപ്പെട്ടു. ഇത് മറ്റു പല കൊട്ടാരങ്ങളെയും അപേക്ഷിച്ചു വ്യത്യസ്തമാണ്. ഫ്രാൻസിൽ ഉടലെടുത്ത അലങ്കാരമയമായ വാസ്തുശില്പശൈലിയിൽ പണി കഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് സാർ ചക്രവർത്തിമാരുടെ ശൈത്യകാല വസതിയായി മാറി. ഇത് പിന്നീട് പലരുടെയും കാലഘട്ടത്തിൽ പല വിധത്തിൽ നവീകരിക്കപ്പെടുകയുണ്ടായി. അനേകം മുറികളും വിവിധോദ്ദേശ ഹാളുകളും പൂന്തോട്ടങ്ങളും ചാപ്പലുകളും അതിലൊക്കെ ഉപരിയായി വൈവിധ്യമാർന്ന അനേകം ശില്പങ്ങളും ഇതിന്റെ മനോഹാരിതയെ വർധിപ്പിക്കുന്നു. ഇതിലെ ശില്പങ്ങളുടെ നിർമ്മാണത്തിന് മാത്രം 100 കിലോ സ്വർണ്ണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചുവരുകളിൽ തൂക്കിയിരിക്കുന്ന ഛായാചിത്രങ്ങൾ അനേകം ലക്ഷങ്ങൾ വിലമതിക്കുന്നവയാണ്.
ഈ കൊട്ടാരത്തിലെ കിടക്കമുറികളിലുള്ള കട്ടിലുകൾക്ക്  സാധാരണയിൽ കുറവ് വീതിയുള്ളതായിട്ടാണ് കണ്ടത്. അതേപ്പറ്റി ചോദിച്ചപ്പോൾ ഗൈഡ് അലീസ്യ പറഞ്ഞത് അന്നത്തെ രാജ വംശത്തിൽ രസകരമായ ഒരു വിശ്വാസമുണ്ടായിരുന്നു.

കിടന്നുറങ്ങിയാൽ ശരീരത്തുള്ള അശുദ്ധ രക്തം തലയിലേക്കു കയറുകയും ശരിയായ തീരുമാനങ്ങളെടുക്കാൻ ബുദ്ധിക്കു കഴിയാതെ വരുകയും ചെയ്യും. അതുകൊണ്ട് അവർ കിടന്നുറങ്ങാറില്ലായിരുന്നു. പകരം, ഇരുന്നാണുറങ്ങിയിരുന്നതത്രേ!
ഈ കൊട്ടാരത്തിന് 2427 അടി നീളമുണ്ട്‌. 1500 ൽ പരം മുറികളുള്ള ഈ കൊട്ടാരത്തിലെ അലങ്കാരങ്ങൾ അവർണ്ണനീയമാണ്. സാർ ചക്രവർത്തിമാരുടെ ധൂർത്തിന്റെ തെളിവായി വാസ്തുശില്പ രംഗത്തെ ഒരു അപരതയായ ഈ കൊട്ടാരം നിലകൊള്ളുന്നു. 
പിന്നീട് ഞങ്ങൾ പോയത് ഒരു നാടോടി നൃത്തം കാണാനാണ്. ഇത് സാർ ചക്രവർത്തിമാരുടെ കാലത്തു പണികഴിപ്പിച്ച കൊട്ടാര സമുച്ചയത്തിലെ ഒരു തീയേറ്ററിലാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും റഷ്യയുടെ തനതായ കലകളെ വളർത്താനുമായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അനേക പരിപാടികളിലൊന്നാണിത്. റഷ്യൻ സംസ്കാരത്തെ വിളിച്ചോതുന്ന വേഷവിധാനങ്ങളോടുകൂടി അതിമനോഹരമായി അവതരിപ്പിച്ചതായിരുന്നു ആ ഷോ. റഷ്യൻ സംസ്കാരത്തിൽ ബാലെയും folk dance എന്ന് വിളിക്കുന്ന നാടോടി നൃത്തവും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്. പത്താം നൂറ്റാണ്ടോടെയാണ് ഈ കലാരൂപങ്ങൾ റഷ്യയിൽ ഉടലെടുത്തത്.

റഷ്യ ഏഷ്യയിലും യൂറോപ്പിലും വ്യാപിച്ചു കിടക്കുന്ന അതിബൃഹത്തായ രാജ്യമാണ്. ഒരു കാലത്തു ലോകത്തിന്റെ ആറിലൊന്നു ഭാഗവും റഷ്യൻ സാമ്രാജ്യമായിരുന്നു. പല രാജ്യങ്ങളിലെയും സംസ്‌കാരങ്ങൾ റഷ്യൻ സംസ്‌കാരവുമായി ഇഴുകിച്ചേർന്നവയാണ്. ആദിമ കാലത്തു സമൂഹത്തിൽ താഴ്ന്ന ജീവിതനിലവാരം പുലർത്തുന്നവരും അടിയാളന്മാരുമായവരായിരുന്നു ഈ കല അവതരിപ്പിച്ചിരുന്നത്. ഉന്നത ശ്രേണിയിലുള്ളവർ കാഴ്ചക്കാർ മാത്രമായിരുന്നു.”
“ഒരു കാലത്തു നമ്മുടെ നാട്ടിലെ രാജകൊട്ടാരങ്ങളിലും അരമനകളിലും അരങ്ങേറിയിരുന്നു കഥകളിയും കഥക്കും തെയ്യവുമൊക്കെ മേലാളന്മാർക്ക് കണ്ടാസ്വദിക്കാൻ മാത്രമായിരുന്നല്ലോ. അവർ ഒരിക്കലും അതിനായി ചായമിടാറില്ലായിരുന്നു.”“അതു ശരിയാ. റഷ്യയിൽ ഈ നൃത്തകലാരൂപം പല രാജ്യങ്ങളിൽ നിന്ന് വന്നതുകൊണ്ടാവാം അല്പസ്വല്പ വ്യത്യാസത്തോടുകൂടി പലവിധത്തിൽ അവതരിപ്പിക്കാറുണ്ട്. ആകർഷണീയമായ നിറപ്പകിട്ടാർന്ന സാംസ്‌കാരിക പൈതൃകം പേറുന്ന വേഷവിധാനത്തോടുകൂടി കാലുകൾ അമർത്തി ചവിട്ടി, കൈകൾ കൊട്ടിക്കൊണ്ടു പാദങ്ങൾ താളത്തിനൊത്തു ചവുട്ടിയും തുടയിലും നെഞ്ചിലും കൈകൾ മാറിമാറി അടിച്ചും ചുവടുകൾ മുൻപോട്ടും പിന്നോട്ടും മാറ്റിയും അവതരിപ്പിച്ച സംഘ നൃത്തങ്ങളായിരുന്നു ഏറെയും. താളം മുറുകുന്നതനുസരിച്ചു ചുവടു വയ്ക്കുന്നവരുടെ വേഗതയും കൂടും.  ഞങ്ങളെ അമ്പരിപ്പിച്ചുകൊണ്ടു കാണികളിൽ നിന്നും പാലക്കാട്ടുകാരൻ പ്രകാശിനെ യാദൃശ്ചികമായി സ്റ്റേജിൽ വലിച്ചുകയറ്റി അവരോടൊപ്പം ചുവടു വയ്‌പിച്ചതു രസകരമായി. ഞങ്ങൾക്കുള്ള അന്നത്തെ അത്താഴവും പഴയ ഒരു കൊട്ടാരത്തിലാണ് ക്രമീകരിച്ചിരുന്നത്. അതും പുതിയൊരനുഭവമായി.”
“എടോ അതാണ് നമ്മുടെ നാടുമായിട്ടുള്ള വ്യത്യാസം. ഇവിടെയാണെങ്കിൽ ഷോ കാണാൻ സന്ദർശകരെല്ലാം വന്നിരുന്നുകഴിയുമ്പോളായിരിക്കും 'ഒരാളുടെ ചായം തേച്ച പെൻസിൽ മറ്റൊരാളുടെ കയ്യിൽ മുട്ടി' എന്നു പറഞ്ഞു മിന്നൽ പണിമുടക്ക് നടക്കുക. വന്നിരുന്നവരെല്ലാം വെറുതെ എഴുന്നേറ്റു പോകേണ്ടിയും വരും."
"അവിടെ സർക്കാർ സന്ദർശകർക്കു യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണം എന്ന് പ്രത്യേകം അതാതു സ്ഥലത്തെ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്."
"നിവയിൽ ധാരാളം പാലങ്ങളുണ്ടെന്ന് ഇയ്യാൾ പറഞ്ഞല്ലോ. വളരെയധികം കപ്പലുകൾ സഞ്ചരിക്കുന്ന നദിയാകുമ്പോൾ ഈ പാലങ്ങളൊക്കെ വലിയ ഉയരത്തിലാണോ പണിതിരിക്കുന്നത്?"
"അല്ല പിള്ളേച്ചാ. അതിന് അവർ ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനം 'ഡ്രോ ബ്രിഡ്‌ജ്‌ സിസ്റ്റം' ആണ്. നിവയിൽ 12 ഡ്രോ ബ്രിഡ്‌ജുകളാണുള്ളത്. കപ്പൽ വരുന്ന സമയം അനുസരിച്ചു പാലത്തിന്മേലുള്ള ഗതാഗതം ഏതാനും മിനിറ്റുകൾ മുൻപേ നിർത്തലാക്കും. എന്നിട്ടു പാലം പകുതിയിൽ വച്ച് മുറിഞ്ഞു രണ്ടു വശത്തേക്കും ഉയർന്നു നിൽക്കും. കപ്പൽ പോയി കഴിയുമ്പോൾ പാലം പൂർവ്വ സ്ഥിതിയിലാകുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്യും. നദിയുടെ ഇരു കരകളിലുമായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ പിസ്റ്റണുകൾ ഉൾപ്പെടുന്ന ഹൈഡ്രോളിക് സിസ്‌റ്റം വഴിയാണ് ഈ പാലങ്ങളെ ഉയർത്തുക. ഈ 12 പാലങ്ങളിൽ ഒൻപതെണ്ണം മിക്കവാറും എല്ലാ ദിവസങ്ങളിലും തുറക്കപ്പെടുന്നുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി കപ്പൽ യാത്രകൾ കൂടുതലായും രാത്രിയിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ട്. 
ഈ പാലം ഉയർത്തുന്ന കാഴ്ച കാണാനായി ഞങ്ങളുടെ ഗ്രൂപ്പിനായി രാത്രിയിൽ ഒരു ട്രിപ്പ് ക്രമീകരിച്ചിരുന്നു."
"ഇയ്യാൾ റഷ്യയിൽ പോയിട്ട് അവരുടെ വോഡ്‌കയെപ്പറ്റി കാര്യമായി ഒന്നും പറഞ്ഞില്ലല്ലോ."
"അന്നു വൈകിട്ടു ഞങ്ങൾ 'വോഡ്‌ക മ്യൂസിയം കാണാൻ പോയിരുന്നു."
"അതിന്റെ വിവരങ്ങൾ നാളെയാകട്ടെടോ."
"ശരി പിള്ളേച്ചാ."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക