Image

ഒറ്റുകാർ ( കവിത : ആൻസി സാജൻ )

Published on 13 April, 2022
ഒറ്റുകാർ ( കവിത : ആൻസി സാജൻ )

നിങ്ങളിലാരെങ്കിലും
എന്നെ
ഒറ്റുകൊടുത്തോളൂ..
ആളുകൾ കാൺകെ എന്നെ ചൂണ്ടി
സ്വസ്തി എന്നു
പറഞ്ഞോളൂ
ഉള്ളതെല്ലാം
പന്ത്രണ്ട് ഭാഗങ്ങളാക്കി വച്ചപ്പോഴും
എനിക്കെന്തുണ്ടെന്ന്
തിരക്കാതെ, ഭുജിക്കാൻ മറക്കാത്തവർ
നിങ്ങളന്യോന്യം നോക്കുവതെന്ത്...!
മൂന്നുദിവസം മുമ്പ് 
ഓശാന - പ്പുകഴ്ത്തലുകളു -
യർന്നപ്പോൾ
എന്നെച്ചുമന്ന
കഴുതയുടെ
ശിരസ്സിൽ തലോടി
വ്യഥിതനായിരുന്നു ഞാൻ ..
ഒടുവിലീ അത്താഴമൊരുക്കാൻ
എത്ര വാതിലുകൾ മുട്ടി
മാളികമുകളിലെ
ഒഴിഞ്ഞയിടത്ത്
അപ്പവും വീഞ്ഞുമായ് ഞാനിരിക്കേ
വാങ്ങി ഭക്ഷിക്കുക
എന്നു പറഞ്ഞതും എന്റെ
ഹൃദയമൂറ്റിയ
രക്തംമുക്കി ഭക്ഷിച്ചവർ നിങ്ങൾ ,
വിയർത്തുപോയി
കനിവിന്റെയൊരു
തുള്ളിയും കാണാതെ..
മലമുകളേറിയ എനിക്ക് പിന്നാലെ
ഒരുവരും വേണ്ടെന്ന്
പറഞ്ഞ് - വെളുക്കുവോളം
ഒറ്റയ്ക്കിരുന്നു കരഞ്ഞുഞാൻ ..
മങ്ങിയ വെളിച്ചത്തിൽ
നിങ്ങളെല്ലാം ,
എന്നാൽ
യൂദാസ്
എന്നു വിളിക്കപ്പെട്ടവൻ
ഏറ്റംമുന്നിലായ്
നടന്നുവന്നു,
ശിരസ്സുകുനിച്ചു പിടിച്ചിരുന്നേവരും
ഒറ്റുകാരനെന്നെ -
ഴുതപ്പെടാനൊരുവൻ
മാത്രമായ്..
ഇത്തിരിവെട്ടത്തിൽ
മുഖമുയർത്തി
നടന്നവൻ

Join WhatsApp News
Silji 2022-04-13 13:28:38
Very nice
rarima 2022-04-13 17:19:54
Awesome lyrics
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക