Image

മുന്‍വിധിയുടെ കുരുക്ക് (തോമസ്  കളത്തൂര്‍)     

തോമസ്  കളത്തൂര്‍                             Published on 14 April, 2022
 മുന്‍വിധിയുടെ   കുരുക്ക് (തോമസ്  കളത്തൂര്‍)     

 പള്ളിയിലെ    കൃഷിത്തോട്ട  നിര്‍മ്മാണ   പ്രവര്‍ത്തനങ്ങളില്‍    ഭാഗഭാക്കാകാനായി  എത്തിയ പത്തുമുപ്പതു പേരില്‍ ഒരാളായി ഞാനും രംഗ പ്രവേശം ചെയ്തു. പണ്ടു  ആദ്യ മാതാ പിതാക്കളായ  ആദാമിനെയും ഹൗവായെയും  പുറത്താക്കിയ 'ഏതെന്' എന്ന കൃഷിത്തോട്ടത്തിന്റെ ഓര്‍മ്മ മനസ്സിലേക്ക് വന്നു.  എല്ലാവര്‍ക്കും ഒരു 'പുറത്താക്കപ്പെടല്‍'  ആവശ്യമായേക്കാം,  അവനവനില്‍ നിന്ന് തന്നെ.
വിവേകവും അറിവും നേടി,.. സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാന്‍.   ഒരു ക്രേയാലീസില്‍ നിന്നും  പൂമ്പാറ്റ പറന്നുയരുമ്പോലെ.  എങ്കിലേ..,  ചലനമറ്റ ചെടികളുടെ ചലനമായി മാറാനും, അവയ്ക്കു വേണ്ടി വിത്ത് വിതരണം നടത്തി, ലോകത്തിന്റെ ജൈവ നീതി നടപ്പാക്കാനും  കഴിയൂ. 
                പലര്‍ക്കും 'ഹായ്...' കൈമാറിക്കൊണ്ട് ഞാനും,  ആ അദ്ധ്വാനിക്കുന്ന വിശ്വാസികളില്‍ ഒരുവാനാകാന്‍ ശ്രമിച്ചു.   അവിടെയും ഇവിടെയും ആയി ചില്ലറ ശുചീകരണ പണികള്‍ തുടങ്ങി.    അല്പം അകലെയായി  ഒരാള്‍,  ഒരു പഴയ ജീന്‍സും റ്റീഷര്‍ട്ടും ധരിച്ചു, കിളയും നടീലും ഒക്കെയായി, കഠിനാ ദ്ധ്വാനം  ചെയ്യുന്നത് ശ്രദ്ധിക്കാനിടയായി. പുറത്തു നിന്നും ഒരാളെ, വേലയ്ക്കായി കൂലി കൊടുത്തു നിര്‍ത്തിയിട്ടുണ്ട് എന്ന് കേട്ടിരുന്നു.  ആ, അയല്‍രാജ്യ കുടിയേറ്റക്കാരനാണ് ഇത്  എന്നു സ്വയം തീരുമാനിച്ചു,  ഒന്ന് പരിചയപ്പെടാനായി  സമീപിച്ചു. വശ്യ സുന്ദരമായി  ചിരിച്ചു കൊണ്ട്,  'കേ പാസ്സോ അമീഗോ' എന്ന അഭിവാദന സൗഹൃദം അറിയിച്ചു.  തിരിച്ചു 'നാധ' എന്ന രണ്ടക്ഷര മറുപടിയും കിട്ടി.   ആ ഭാഷയില്‍ കൂടുതല്‍ അറിവില്ലായ്കയാല്‍, അല്പം ജ്ഞാനമുള്ള അടുത്ത ഭാഷയിലേക്കു കടന്നു.    'യൂ റ്റോക്...സ്പീച്..  ഇംഗ്ലീഷ്'?   ഉത്തരം, ഒറ്റ അക്ഷരത്തില്‍ അവസാനിച്ചു, 'യ'.   മധ്യമപുരുഷന്റെ താത്പര്യം കണക്കിലെടുക്കാതെ, താന്‍ ഡല്‍ഹി യില്‍ ഒരു പതിറ്റാണ്ടു ജീവിച്ചു  സമ്പാദിച്ച 'മറുഭാഷാ പ്രാഗല്‍ഭ്യം' വെളിപ്പെടുത്താനായി യുക്തിശൂന്യമായി മറ്റൊരു ചോദ്യം തട്ടിവിട്ടു.   'തും ഹിന്ദി മാലും'?  ജോലിക്കിടയില്‍ ഒരു നിശ്വാസം പോലെ മറുപടിയും കിട്ടി.  'തോഡാ ..ധോഡ..'.    ഒരു 'സ്പാനിഷ് കാരനായി' മുന്‍വിധി നല്‍കിയ വ്യക്തിയോട് ചോദിക്കാന്‍ അര്‍ഹത ഇല്ലാത്ത ചോദ്യങ്ങളുടെ ഒരു വന്‍ നിര തന്നെ ആയിരുന്നു പിന്നീട്. കുടുംബ കാര്യങ്ങളും, സഭാ, വിശ്വാസം ..., എന്തിനു കുട്ടികള്‍ സ്പാനിഷ് ആണോ ഇംഗ്ലീഷ് ആണോ സംസാരിക്കുന്നതു, എന്ന് വരെ, ഉത്തരങ്ങള്‍ക്കു വേണ്ടി മിനക്കെടാതെ ചോദിച്ചു കൊണ്ടിരുന്നു.  അപ്പോള്‍ അവിടെ കടന്നെത്തിയ വികാരിയച്ചന്റെ  സാന്നിദ്ധ്യം, എന്റെ സ്പാനിഷ് സുഹൃത്തിനെ പെട്ടെന്ന് വാചാലനാക്കി, എന്നെ അര്‍ദ്ധ പ്രജ്ഞനും.   'അച്ചന്‍ ദയവായി ഇദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് ഒരു നിവാരണം ഉണ്ടാക്കി കൊടുക്കാമെങ്കില്‍,  എനിക്ക് ഈ കപ്പയും ചേനയും ഒക്കെ ഒന്ന് നടാന്‍ സാധിക്കും.   പ്‌ളീസ് ടേക്ക് ഓവര്‍ അച്ചന്‍.  ലെറ്റ് മി കമ്പ്‌ളീട് വാട്ട് ഐ സ്റ്റാര്‍ട്ടഡ്.  താങ്ക്  യു അച്ചന്‍'.  ഒന്നും സംഭവിക്കാത്തത് പോലെ അദ്ദേഹം തന്റെ ജോലി തുടര്‍ന്നു.
        നമ്മളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഉള്ള നമ്മുടെ മുന്‍വിധികള്‍,  നമ്മളെ കൊണ്ടെത്തിക്കുന്ന അപമാനകുരുക്കുകള്‍ക്കും അപകടങ്ങള്‍ക്കും ഒരു ഉദാഹരണമാണ്  മേല്‍ വിവരിച്ചത്.   സത്യാ ന്വേഷണങ്ങളെ മുന്‍വിധികള്‍ തടസ്സപ്പെടുത്തും. നാം ആര്‍ജ്ജിച്ചു  വെച്ചിരിക്കുന്ന ബുദ്ധിയെയും യുക്തിയേയും, മുന്‍വിധികള്‍ നി ശ്ശബ്ദവും നിര്‍വീര്യവും ആക്കി മാറ്റും.    പഞ്ചേന്ദ്രിയങ്ങളെ പോലും നിഷ്‌ക്രീയമാക്കും.    അതേ സമയം ചിന്താമണ്ഡലത്തിലും മനസ്സിലും 'രഹസ്യ പരിപാടി'(ഹിഡന്‍ അജണ്ട) കളുടെ  താളുകള്‍ മറിക്കുന്നുണ്ടാവും. കൂടുതല്‍ കൂടുതല്‍ മുന്‍വിധികളെ  കല്പനം ചെയ്യുന്നുണ്ടാവാം, താനറിയാതെ.   'നാമും നമ്മുടെ ആള്‍ക്കാരും ഒഴികെ, മറ്റെല്ലാവരും സംസ്‌കാരത്തിലും ബുദ്ധിയിലും  എല്ലാം താണ പടിയിലാണ് ' എന്ന മുന്‍വിധി,  മലയാളിയുടെ മാത്രം സ്വത്തല്ല.   മറ്റു ഭാഷക്കാരിലും നാട്ടുകാരിലും ഒക്കെ കാണാന്‍ കഴിയും.  ഈ ഊന്നല്‍ അഥവാ മുന്‍വിധി, മതങ്ങളും  രാഷ്ട്രീയപാര്‍ട്ടികളും  വ്യാപാരികളും ഒക്കെ  പ്രചാരണത്തിനും നിലനില്‍പ്പിനും അതിനായുള്ള മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്നു.   അതിനാല്‍ മനുക്ഷ്യന്‍ അറിവും യുക്തിയും നേടേണ്ടതായുണ്ട്, ഉപയോഗിക്കേണ്ട തായുണ്ട്.  ഒരു കുളത്തില്‍ കിടക്കുന്ന തവളയ്ക്കു അറിയാവുന്ന ലോകം, ആ കുളത്തില്‍ ഒതുങ്ങുന്നു.  നമ്മുടെ യാത്രകളും വായനകളും കാഴ്ചകളും, ഒരേ സമയം നമ്മുടെ ഉള്ളിലൂടെയും ബാഹ്യമായും കൂടി ആയിരിക്കണം.  ഇടയ്ക്കിടയ്ക്ക്,
നമ്മള്‍ നമ്മളില്‍ നിന്ന് പുറത്തുകടന്നു,  തിരിഞ്ഞു നോക്കുന്നത്, മുന്‍വിധികളില്‍ നിന്നുള്ള രക്ഷപെടലിനു സഹായകമാകും.


       എല്ലാ ജീവികള്‍ക്കും അവയുടേതായ പ്രത്യേകതകളും കഴിവുകളും ദൈവം നല്‍കിയിട്ടുണ്ട്.  മറ്റൊന്നിനെ പാര്‍ശ്വവത്ക രിക്കാനും ഇകഴ്ത്താനും ശ്രമിക്കാതെ, മനസ്സ്‌സിലാക്കാനും കരുതാനും സ്‌നേഹിക്കുവാനും കഴിയുക എന്നത്, മനസ്സിന് ആരോഗ്യവും സുഖവും പ്രധാനം ചെയ്യും.  അതിനായി, മുന്‍വിധികള്‍ ഒഴിവാക്കി വ്യക്തവും ക്രീയാത്മകവുമായ(പോസിറ്റീവ്) കാഴ്ചപ്പാട് നേടി എടുക്കുക. ഭൂമിയില്‍ ആര്‍ക്കും ഒരു ശല്യം ആകാതെ, എല്ലാവര്ക്കും നമ്മുടെ സാന്നിധ്യം അനുഗ്രഹപ്രദമായി ഭവിക്കട്ടെ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക