
ബസ്സിനുളളിൽ പതിവുപോലെ നല്ല തിരക്കുണ്ട്..
രാവിലെ ഒൻപതിനും പത്തിനും ഇടയിലുളള സമയത്തെ സിറ്റിബസ്സുകളിൽ തിങ്ങിനിറഞ്ഞുളള യാത്രക്കാരായിരിക്കും..
സ്റ്റാച്യു ജംങ്ഷനീന്നു ബസു കയറിയാൽ ഒരു പത്തുമിനിറ്റു മതി
ഓഫീസ് നടയെത്താൻ.
ഇരിക്കാൻ
സീറ്റുകിട്ടില്ലെന്നറിഞ്ഞിട്ടും നൂണ്ടുകയറിയത് അതുകൊണ്ടാണ്.
ദീർഘദൂരയാത്രയാ
ണെങ്കിൽ ഒരു ഗർഭിണിയെ കണ്ടാൽ ആരെങ്കിലും ഒന്നെഴുന്നേറ്റുമാറി സീറ്റു തരും..ഇതിപ്പോൾ അങ്ങിനെയുണ്ടാവില്ല.
തൊട്ടുമുന്നിൽ സീറ്റുകമ്പിയിൽ ചാരിനില്ക്കുന്ന പെൺകുട്ടിയെ ഒരുത്തൻ ചേര്ന്നുനിന്നുരുമ്മി
രസിച്ചുകൊണ്ടിരിക്കുന്നു..
ആ കുട്ടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു നീങ്ങി നില്ക്കാന് ഇടം കൊടുക്കാതെ,
അയാൾ
കുട്ടിയുടെ പുറത്തേക്ക്
വീണ്ടും വീണ്ടും അമരുകയാണ്. ഒന്നും അറിയാത്തപോലെ പുറത്തെ കാഴ്ചകണ്ടങ്ങനെ..
അവന്റെ പ്രവൃത്തി ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അവനു മനസ്സിലായി.
എന്നിട്ടും...
"എന്താടോ തനിക്ക്.. ആ കൊച്ചിന്റെ പുറത്തു തൂങ്ങാതെ അല്പം മാറി നിൽക്കടോ.." എന്തിന്
അവൻ കേട്ടഭാവംപോലും കാണിച്ചില്ല.
കണ്ടക്ടർ ബസ്സിന്റെ മുന്നിലെവിടയോ ആണ്. മറ്റാരും ഈ പ്രവൃത്തി ശ്രദ്ധിക്കുന്നില്ല, അറിയുന്നുമില്ല.
പെട്ടെന്നു ഞാൻ ബല്ലടിച്ചു.....
സ്റ്റോപ്പിലല്ലാതെ
ബല്ലടിച്ചതിന് ഡ്രൈവറും,
ആരാണു ബല്ലടിച്ചതെന്നറിയാൻ കണ്ടക്ടറും പിന്നിലേക്കു എത്തിവലിഞ്ഞു നോക്കി..
"ഇയാൾ ഈ കുട്ടിയെ കുറേനേരമായി ഉപദ്രവിച്ചു
കൊണ്ടിരിക്കുന്നു."
ആവുന്നത്ര ഒച്ചയിൽ ഞാൻ വിളിച്ചുകൂവി...
വണ്ടി നിന്നു...
തിരക്കിനിടയിലൂടെ കണ്ടക്ടർ നൂഴ്ന്നൂവന്നു...
ഇതിനിടെ പെൺകുട്ടി കരയാനും തുടങ്ങി..
"മുട്ടാതേം തട്ടാതേമൊക്കെ യാത്രചെയ്യണമെങ്കിൽ
ഓട്ടോയോ കാറോ വിളിച്ചു പോണം. തിരക്കുളള ബസ്സിൽ കയറീട്ട് മുട്ടുന്നുപോലും.."
അയാൾ മാന്യനാവാൻ ശ്രമിച്ചു..
"ഇവനാ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു..""അവനെ ഇറക്കി വിടരുത്.
വണ്ടി
പോലീസ് സ്റ്റേഷനിലേക്ക് പോട്ടെ സാറേ." യാത്രക്കാരിലാരുടേയോ ശബ്ദം..
" അവനെ ഇവിടിറക്കിവിട്ട് വണ്ടി പോട്ട്.."
മറ്റൊരാൾ..
ഒരു സെക്കന്റുകൊണ്ട് ഒരഭ്യാസിയേപ്പോലേ അടുത്തുനില്ക്കുന്നവരെ
തളളിമാറ്റി ഉപദ്രവകാരി ബസ്സില്നിന്നു ചാടിയിറങ്ങിയോടി..
ആ പോക്കിൽ
എനിക്കിട്ടൊരു തളളുതരാന് അവൻ മറന്നില്ല.