MediaAppUSA

മുൻ വൈസ് ചാൻസലർ ജെ വി. വിളനിലത്തിനും ചിലതു പറയാനുണ്ട് (കുര്യൻ പാമ്പാടി)

Published on 16 April, 2022
മുൻ വൈസ് ചാൻസലർ ജെ വി. വിളനിലത്തിനും ചിലതു പറയാനുണ്ട് (കുര്യൻ പാമ്പാടി)

ഗ്ലോബൽ വില്ലേജിൽ മലയാള മാധ്യമങ്ങൾക്കു കാലിടറുന്നു: വിളനിലം

കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ അതിജീവിച്ച ജോൺ വർഗീസ് വിളനിലം (ജെ.വി. വിളനിലം), മാധ്യമലോകത്തെപറ്റി മുപ്പതോളം കൃതികളുടെ കർത്താവാണ്. ചിലതു പ്രശസ്തമായ സേജ് പബ്ലിഷിങാണ് പുറത്തിറക്കിയത്.  ആ നിലക്ക്,  മാധ്യമപ്രവർത്തനത്തെ വിലയിരുത്താൻ  അദ്ദേഹത്തെക്കാൾ മറ്റൊരു ആധികാരിക ശബ്ദം മലയാളത്തിൽ ഇല്ല. 

മാധ്യമങ്ങൾ ഗ്ലോബൽ വില്ലേജിന്റെ സൃഷ്ട്ടാക്കളാണ് എന്ന മാർഷൽ  മക് ലൂഹന്റെ സിദ്ധാന്തം ഏറ്റവും പ്രകടമായി കാണാവുന്ന നാട്ടിലാണ് ജീവിക്കുന്നതെന്ന സന്തോഷം അംഗീകരിച്ചുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ പതാകാവാഹകരെന്ന ചുമതല അവർ ശരിക്കും നിർവഹിക്കുന്നില്ലെന്നു അദ്ദേഹം പരാതിപ്പെടുന്നു.

കാര്യവട്ടത്തെ ശ്രുതി സുരേഷിനും എ. പാർവതിക്കും അവാർഡ്‌

ഉദാഹരണത്തിന് കേരളത്തിലെ വിവാദവിഷയമായിരിക്കുന്ന സിൽവർ ലൈൻ.  കേരളത്തിലെ വികസനത്തിന് ലൈൻ അത്യന്താപേക്ഷിതമെന്നു ഗവർമെന്റ് വാദിക്കുമ്പോൾ മാധ്യമങ്ങൾ അതിനെതിരായ സമരങ്ങളെ മഹത്വവൽക്കരിക്കുന്നു. ഇത് നീതി നിഷേധമാണ്. 

"എന്നിരുന്നാലും എനിക്ക് ഒന്ന് ചോദിക്കാനുണ്ട്. കാസർകോട്ട് നിന്ന് തിരുവന്തപുരത്ത് എത്തുവാൻ  14 മണിക്കൂറിന് പകരം നാലുമണിക്കൂർ മതിയാകും എന്നാണ് വാദം. അങ്ങിനെ പത്തുമണിക്കൂർ ലാഭിച്ചിട്ടു എന്തുചെയ്യാനാണ്? മലബാർകാർക്ക് തലസ്ഥാനത്ത് വന്നു പലകാര്യങ്ങളും ചെയ്യാൻ കഴിഞ്ഞേക്കും. പക്ഷെ തിരുവിതാംകൂർകാരൻ മലബാറിൽ ചെന്ന് എന്തു ചെയ്യും? 

ഈടുറ്റ മാധ്യമ പുസ്തകങ്ങളിൽ ചിലത്

"ഇങ്ങിനെയുള്ള കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചർച്ചചെയ്യുന്നുണ്ടോ? ജനങ്ങളെ ഉൽബുദ്ധരാക്കുന്നുണ്ടോ? കോടികൾ കടമെടുത്ത് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതാണോ ജനങ്ങൾക്ക് ഭക്ഷണവും വസ്ത്രവും പാർപ്പിടവും  നല്കുന്നതാണോ പ്രധാനപെട്ടതെന്നു ഭരണകൂടം ചിന്തിക്കണം," റിട്ടയർ ചെയ്തു ശ്രീകാര്യത്തെ  വിളനിലം വീട്ടിൽ നിതാന്ത ജാഗ്രതയോടെ മൂന്നു പതിറ്റാണ്ടായി വായനയും പഠനവുമായി കഴിയുന്ന ഡോ. വിളനിലം (86)   വിശദീകരിച്ചു. 

അദ്ധ്യാപക ദമ്പതിമാർ ചാണ്ടിയുടെയും ഏലിയാമ്മയുടെയും മകനായി  ചെങ്ങന്നൂർ വിളനിലം വീട്ടിൽ ജനിച്ചു. അഞ്ചാം വയസിൽ പിതാവിന്റെ ടൈപ്പ്‌റൈറ്ററിൽ അടിച്ചു പഠിച്ച് പന്ത്രണ്ടാം   വയസിൽ  ലണ്ടൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ടൈപ്പ്‌റൈറ്റിംഗ് പരീക്ഷ  പാസായ മിടുക്കനാണ്. പഠിത്തത്തിലും പ്രസംഗത്തിലും ഫുട്‍ബോളിലും പ്രാവീണ്യം തെളിയിച്ചു. 

 സേജ്  ഇറക്കിയ  'റവല്യൂഷൻ', 'അഡ്വെർടൈസിങ്'

എസ്‌ബി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും ബനാറസ് ഹിന്ദു  യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ മാസ്റ്റേഴ്‌സും നേടി. കൊല്ലം ഫാത്തിമാ മാതാ  കോളജിലും തിരുവല്ലാ മാർത്തോമ്മാ കോളജിലും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലും പഠിപ്പിച്ചു. എംആർഎഫിൽ പബ്ലിക്  റിലേഷൻസ് മാനേജർ ആയി.  

ചെന്നെയിൽ ആയിരുന്ന കാലത്ത്  ജെ.വി. വിളനിലം എന്നപേരിൽ ഇംഗ്ലീഷ് പത്രങ്ങളിൽ എഴുതിയ മിഡിൽ പീസുകൾ വായിച്ച് അഭിരമിച്ച ഒരാളാണ് ഈ ലേഖകൻ.  അദ്ദേഹം  കോഴഞ്ചേരി തേവർവേലിൽ വലിയവീട്ടിൽ ആനിയെ വിവാഹം ചെയ്‌തു ഫിലാഡൽഫിയയിലേക്കു കുടിയേറി.  അവിടെ പഠിച്ചു, പഠിപ്പിച്ചു , എംഎസ്, പിഎച് ഡി ബിരുദങ്ങൾ കരസ്ഥമാക്കി. 

കാര്യവട്ടത്തെ അതിഥി റോബിൻ ജെഫ്രി; സെലിബ്രിറ്റി ദമ്പതിമാർ രഞ്ജി പണിക്കർ, അനീറ്റ

ടെംപിൾ, പെൻസിൽവേനിയ യൂണിവേഴ്‌സിറ്റികളിൽ ജേണലിസവും മാസ് കമ്മ്യുണിക്കേഷനും പഠിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിൽ നിന്ന് ഇതേവിഷയത്തിൽ പിഎച്ച്ഡി നേടി. The Influence of Foreign Policy on the Selection and Presentation of Foreign News എന്നതായിരുന്നു ഗവേഷണ വിഷയം.

ആംസ്റ്റർഡാമിലെ  പ്രൊഫ. ഡെന്നിസ് മക്ക്വയിൽ, ടെമ്പിൾ യൂണിവേഴ്‌സിറ്റിയിലെ  പ്രൊഫ ജോൺ എ ലെൻറ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പഠനം. പ്രബന്ധത്തിന്റെ കാതലായ ഭാഗം   Reporting a Revolution എന്നപേരിൽ 1989 ൽ സേജ് പബ്ലിഷിങ് പുസ്തകമാക്കി. 

മാക്‌സ്‌വെൽ ഫെർണാണ്ടസ്   പുരസ്കാരം നൽകുന്നത് ഡിജിപി അലക്‌. ജേക്കബ്; 83-ലെ കമ്മ്യൂണിക്കേഷൻ   ക്ലബ് സെക്രട്ടറി  ജോർജുകുട്ടി, ഭാര്യ പ്രൊഫ. കുഞ്ഞമ്മ 

ഇന്ത്യയിലെ പത്രങ്ങളുടെ അപഗ്രഥനത്തിനു ടെമ്പിൾ യൂണിവേഴ്‌സിറ്റി  വിളനിലത്തിനു കമ്മ്യുണിക്കേഷനിൽ മാസ്റ്റേഴ്‌സ്   ബിരുദം നൽകി. 1975ൽ  ജെയിംസ് മർഖാൻ പുരസ്കാരം നേടിയ ഈ പ്രബന്ധം ന്യുയോർക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പുസ്തകമാക്കി.  ആറ്  ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ദേശീയ വികസനവും കമ്മ്യൂണിക്കേഷൻ വിദ്യാഭ്യാസവും എന്ന വിഷയത്തിൽ രചിച്ച മറ്റൊരു പുസ്തകവും അതേ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു. 

പരസ്യം, പബ്ളിക് റിലേഷൻസ് എന്നിവയിലും വിളനിലം ആധികാരിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 'ഇംഗ്ലീഷ് ഇൻ മലയാളം, മലയാളത്തിലെ ഇംഗ്ലീഷ്' എന്ന നിഘണ്ടുവും. 

പ്രൊഫ. പുതുശേരി രാമചന്ദ്രന് ആദരം

എസ്റ്റേറ്റിൽ സേവനം ചെയ്തിരുന്ന കോഴഞ്ചേരി  തേവർവേലിൽ വലിയവീട്ടിൽ വിസി മാത്യുവിന്റെയും ചിന്നമ്മയുടെയും മകൾ ആനിയെ വിവാഹം ചെയ്യുന്നതു 1959ൽ. സയൻസിലും എഡ്യൂക്കേഷനിലും ബിരുദമുള്ള ആനി കുറേക്കാലം പെൻ യൂണിവേഴ്‌സിറ്റിയിൽ  അമേരിക്കക്കാരെ മലയാളം പഠിപ്പിച്ചിരുന്നു. 

1982 ലാണ് വിളനിലം  ജന്മനാട്ടിൽ തിരിച്ചെത്തി കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടത്തെ ജേർണലിസം വകുപ്പിൽ അധ്യാപകനാകുന്നത്. ജേർണലിസം വകുപ്പിനെ കമ്മ്യുണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പായി പരിഷ്കരിക്കുകയും ബിരുദം എംസിജെ ആക്കിമാറ്റുകയും ചെയ്തു. 1992-ൽ കേരളം യൂണിവേഴ്‌സിറ്റി  വൈസ്  ചാൻസലർ ആയി. 

ആനിയോടൊത്ത് നാട്ടിൽ; മക്കൾ സന്തോഷ്, പ്രകാശ്, സുരേഷ് ഒപ്പം യുഎസിൽ

"അദ്ദേഹം വകുപ്പധ്യക്ഷനായിരുന്ന  കാലത്ത് ഞങ്ങക്ക് ഒരു കമ്മ്യുണിക്കേഷൻ ക്ലബ് ഉണ്ടായിരുന്നു. അദ്ദേഹം അധ്യക്ഷനും ഞാൻ സെക്രട്ടറിയും. ആനുകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും വിദഗ്ദ്ധരെ ക്ഷണിച്ചു കൊണ്ടുവന്നുള്ള പ്രഭാഷങ്ങളും പരിപാടികളിൽ ഉൾപ്പെട്ടിരുന്നു, റോബിൻ ജെഫ്രി, ശബാന ആസ്മി, അടൂർ, ഓംപുരി തുടങ്ങിയവർ അവരിൽ ചിലർ," സെക്രട്ടറിയായിരുന്ന എസ്. ജോർജ് കുട്ടി  പറഞ്ഞു. 

ഡോ വികെ സുകുമാരൻ നായർ വിസി ആയിരുന്ന കാലത്ത് 1976 ൽ മാക്‌സ്‌വെൽ ഫെർണാണ്ടസ് മുൻകയ്യെടുത്ത് തുടങ്ങിയ ജേർണലിസം വകുപ്പ് ആ വിഷയത്തിൽ ഇന്ത്യയിലെ ആദ്യത്തേതായിരുന്നു. 1983-85 ബാച്ചിൽ പഠിച്ച  ജോർജുകുട്ടി കെഎസ്എഫ്ഇ സേവനത്തിനു ശേഷം edupress എന്ന ഓൺലൈൻ പോർട്ടലിന്റെ സിഇഒ ആണ്. 

ഹരികുമാർ സ്വീഡനിലെ ലുണ്ട് വാഴ്‌സിറ്റിയിൽ 

പ്രഗത്ഭരായ ഒരുപാട് പേരെ  ഇന്ത്യയിലും വിദേശത്തും മാധ്യമരംഗത്തു പ്രതിഷ്ഠിക്കാൻ ഡിപാട്ട്മെന്റിനു കഴിഞ്ഞുവെന്നു ജേർണലിസം വകുപ്പിന്റെ അംബ്രലാ ഓർഗനൈസേഷനായ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്ടർ ഡോ. എംഎസ് ഹരികുമാർ പറഞ്ഞു. മാതൃഭൂമിയിൽ നിന്ന്അധ്യാപന രംഗത്തേക്കു വന്ന ആളാണ് ഹരി. സ്വീഡനിലെ ലുണ്ട്  യൂണിവേഴ്സിറ്റിയിൽ ലീനയസ് പാൽമെ ഫെലോ ആയിരുന്നു.  

നടൻ രഞ്ജി പണിക്കർ, കൂടെപഠിച്ച മുൻ യുഎൻ ഉദ്യോഗസ്ഥ അനീറ്റ മിറിയം തോമസ് (അനീറ്റ 2019 ൽ അന്തരിച്ചു), ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ, ദി ഹിന്ദുവിൽ നിന്ന് ടെക്‌നോപാർക്കിൽ ടൂൺസിസിലേക്കു മാറിയ  സംഗീത ഉണ്ണിത്താൻ, മനോരമയിലെ  ജേക്കബ് കെ.ഈപ്പൻ, ഇൻഡ്യാ ടുഡേയിലെ ജേക്കബ് ജോർജ്, ഇലക്ഷൻ കമ്മീഷണർ  ഷാജഹാൻ  എഐഎസ്, പിആർഡി മുൻ ഡയറക്ടർ എം.നന്ദകുമാർ ഐഎഎസ്, ദൂരദർശൻ  മുൻ സ്റ്റേഷൻ ഡയറക്ടർ  ബൈജു ചന്ദ്രൻ അങ്ങിനെ കാര്യവട്ടത്തെ പ്രഗത്ഭരുടെ ലിസ്റ്റ് നീണ്ടുപോകുന്നു. 

കാര്യവട്ടത്തെ കമ്മ്യൂണിക്കേഷൻ വിദ്യാർഥികൾ

ഉമ്മൻ ചാണ്ടി മുഖ്യയായിരുന്ന കാലത്താണ് വിളനിലം വൈസ് ചാൻസലർ ആകുന്നത്. ടി.എം. ജേക്കബ് വിദ്യാഭാസ മന്ത്രി. ഇടതു വിദ്യാർഥി സംഘടനകളുമായുള്ള വലിയൊരു ഏറ്റുമുട്ടലിനു ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. എന്നാൽ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ്  വിളനിലത്തെ പിന്തുണക്കുകയും  നാലുവർഷകാലാവധി പൂർത്തിയാക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ഭരണകാലത്ത് നടപ്പാക്കിയ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ  സിസ്റ്റം ഉന്നതവിദ്യാഭ്യാസരംഗത്ത് മൂല്യാധിഷ്ഠിതമായ മാറ്റത്തിനു വഴിത്താരയിട്ടു. 

വിളനിലം അദ്ധ്യാപനത്തോട് വിടവാങ്ങിയിട്ടു 30  വർഷവും വൈസ് ചാൻസലർ പദവി വിട്ടിട്ടു 26 വർഷവും ആകുന്നു. എന്നിരുന്നാലും സസൂക്ഷ്മമായ പഠനവും ഗവേഷണവും ഒരിക്കലും അദ്ദേഹം കൈവിട്ടില്ല. കാര്യവട്ടത്തെ കാമ്പസിൽ വീണ്ടുമെത്തി കമ്മ്യൂണിക്കേഷൻ/ജേർണലിസം  വിദ്യാർഥികളെ അഭിസംബോധന ചെയ്തത് ഈയടുത്ത നാളിലാണ്. 

1983-85-ൽ കമ്മ്യൂണിക്കേഷൻ ക്ലബ് സെക്രട്ടറി ആയിരുന്ന എസ്.ജോർജ് കുട്ടി തയ്യാറാക്കിയ റിപ്പോർട്ടോടെ  ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:   

"മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനശില ഭാഷാപ്രാവീണ്യമാണെന്ന്  കേരളസർവകലാശാല മുൻ വൈസ് ചാൻസലറും  കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ് മുൻ മേധാവിയുമായ പ്രൊഫ.ഡോ. ജെ. വി. വിളനിലം അഭിപ്രായപ്പെട്ടു. 

"കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പിൽ 2018-20, 2019-21വർഷങ്ങളിൽ മികച്ച വിജയം നേടിയ പാർവതി എ, ശ്രുതി സുരേഷ് എന്നീ വിദ്യാർത്ഥിനികൾക്കു മെറിറ്റ്  അവാർഡ്  സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

"ഭാഷ ഇംഗ്ലീഷോ മലയാളമോ ഏതായാലും, പ്രയോഗം, അർത്ഥം എന്നിവയ്ക്കു മാത്രമല്ല ഉച്ചാരണത്തിനും അതീവ പ്രാധാന്യമുണ്ട്. മാധ്യമപ്രവർത്തകർ ഉൾപ്പെടെ എഴുത്തുകാർ ഒരു സവിശേഷവിഭാഗമല്ല. എല്ലാവർക്കുമുണ്ട് എഴുതാനുള്ള കഴിവ്. അതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്ന് മാത്രം -- അദ്ദേഹം ചൂണ്ടിക്കാട്ടി. 

"ജേർണലിസം  വകുപ്പിന്റെയും അലുംനൈ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കാര്യവട്ടം കാമ്പസിലെ ഇ കെ ജാനകി അമ്മ സെമിനാർ ഹാളിൽ നടന്ന ചടങ്ങ് സ്റ്റേറ്റ് ഇലക്ഷൻ കമ്മിഷണറും വകുപ്പിലെ മുൻ വിദ്യാർത്ഥിയുമായ എ. ഷാജഹാൻ ഐ എ എസ്  ഉദ്ഘാടനം ചെയ്തു. 

"വകുപ്പ് മേധാവി എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ . നസീബ്  എസ് , ടി. ജി. സുരേഷ് കുമാർ എന്നിവർ ആശംസ നേർന്നു. അലുംനൈ അസോ. ജോയിന്റ് സെക്രട്ടറി സംഗീത ഉണ്ണിത്താൻ സ്വാഗതവും മാഗി നന്ദിയും പറഞ്ഞു." 

(അലുംനൈ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് പ്രിയദാസ്  ജി. മംഗലത്തും സെക്രട്ടറി ജോ ജോസഫ് തായങ്കരിയുമാണ്) 

Rajmohan.D.S 2022-04-19 06:04:45
കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് വിളനിലം സാര്‍ വി.സി ആകുന്നത്. ഉ്മമന്‍ചാണ്ടിയുടെ കാലത്താണെന്ന് ലേഖനത്തില്‍ കാണുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക