MediaAppUSA

ബാംഗ്ലൂർ ഡേയ്‌സ് (ഹാസ്യ നോവൽ-1 ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 17 April, 2022
ബാംഗ്ലൂർ ഡേയ്‌സ് (ഹാസ്യ നോവൽ-1 ജോൺ കുറിഞ്ഞിരപ്പള്ളി)

(ബാംഗ്ലൂർ ഡേയ്‌സ് -സൂചന 
മൊബൈൽ ഫോണുകളില്ലാത്ത ഡിജിറ്റൽ എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത കംപ്യൂട്ടറുകൾ ഡോസ് ഉപയോഗിച്ച് ജോലി ചെയ്തിരുന്ന എൺപതുകളിൽ ആരംഭിക്കുന്നു  ഈ കഥ..
മറുനാട്ടിലെ മലയാളികളുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം,അത്രമാത്രം.ഇത് കഥയാണോ ജീവിതമാണോ എന്ന ചോദ്യത്തിന് ഇപ്പോൾ  പ്രസക്തിയില്ല..
 ജോൺ കുറിഞ്ഞിരപ്പള്ളി )
 
പട്ടണപ്രവേശം

ബാംഗ്ലൂരിലെ  പ്രധാന  റെയിൽവേ സ്റ്റേഷൻ,മജെസ്റ്റിക്  സ്റ്റേഷൻ എന്നാണ് ഒരു കാലത്തു് അറിയപ്പെട്ടിരുന്നത്.ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല.റെയിൽവേ സ്റ്റേഷനടുത്തു് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗളൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ  ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ സിനിമ തീയേറ്ററിൻ്റെ പേര് ചേർത്ത് വിളിച്ചു, അങ്ങനെ  ആ പേര് കിട്ടി എന്നുമാത്രം.
മജെസ്റ്റിക് സ്റ്റേഷനിൽ ഞാൻ ആദ്യമായി വരികയാണ്.അതുകൊണ്ട് ട്രെയിനിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ  മനസ്സിൽ  അൽപം ഭയവും പരിഭ്രമവും ഉണ്ടായിരുന്നു..
കാത്തു്  നിൽക്കാം  എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് സ്റ്റേഷനിൽ എത്തുന്നതെങ്കിൽ  സുഹൃത്ത് മടങ്ങിപ്പോയേക്കാം.,അപ്പോൾ  എന്ത് ചെയ്യും? 
ജോലിക്കുള്ള അപ്പോയിൻറ്  ഓർഡർ കയ്യിൽ ഉണ്ടെങ്കിലും " ഓ സോറി നിങ്ങൾക്കയച്ചതല്ല  ആള് മാറിപ്പോയി" , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടായിരുന്നു  ഞാൻ ട്രെയിനിൽ നിന്നും ഇറങ്ങിയത്.
നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്.അതാണ് ഈ പരിഭ്രമത്തിൻറെയെല്ലാം കാരണം. 
എന്നാൽ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം  അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.
അവൻ്റെ  താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ  ജോലി സ്ഥലത്തേക്ക്.അതുകൊണ്ട് ഒന്നിച്ചു താമസിക്കാൻ കഴിയില്ല. ഒരു വീട് വാടകക്ക് കിട്ടുമോ  എന്ന് ഉടനെ കണ്ടുപിടിക്കണം..
വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്,ഈ ജോലി.
സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്.അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും  പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു.
എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു."എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ  ഭാവം?"കൂട്ടുകാർ കളിയാക്കി.
അങ്ങനെ ഇറങ്ങി തിരിച്ചതാണ്.
ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല.അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു എവിടെയെങ്കിലും  ഒരു വീട്  കണ്ടുപിടിക്കണം.ആരോടെങ്കിലും ചോദിച്ചു ഒരു വീട് കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു മനസ്സിൽ.ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ  പ്രശനം തന്നെയാണ്..
ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,"ഇവിടെ  സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്  അവരോട് ചോദിച്ചു നോക്ക്".
പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ  പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്.പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന്  സംശയമാണ്.
ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു, വീടുകിട്ടി.രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്.തരക്കേടില്ല.വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു.ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ.ആൾ എക്സ്ട്രാ ഡീസൻറ്. നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു. 
സ്വാഭാവികമായും ഒരു പുതിയ സ്ഥലത്തു് ചെല്ലുമ്പോൾ  എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ അൽപം ഭയവും ടെൻഷനും ഉണ്ട്.പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ.
വീടുകിട്ടി.ഇനി ഫർണിച്ചർ വാങ്ങണം .കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു.ഡ്രൈവർ എല്ലാം ഇറക്കിവയ്ക്കാൻ സഹായിച്ചു.
അടുത്തത്   എല്ലാം ഒന്ന് സെറ്റ് ചെയ്യണം.ആരും സഹായിക്കാനില്ല.എല്ലാം സാവകാശം ചെയ്യാം.ഓടിനടന്ന് നല്ല  ക്ഷീണവും ഉണ്ട്.ഇനി എല്ലാം നാളെ എന്ന് തീരുമാനിച്ചു.അല്പം വിശ്രമിച്ചിട്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ  ഒരു നല്ല ഹോട്ടൽ ക്ണ്ടുപിടിക്കണം.
വീടിൻ്റെ  മുൻവശത്തെ വാതിലിൽ  ആരോ മുട്ടുന്നു.
ഇതാരാണ് ?,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല.പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു..
"എന്താ?
"ഞാൻ ജോർജുകുട്ടി." 
"അതിനു?"
"എടോ തൻ്റെ  കൂടെ താമസിക്കാൻ വന്നതാ."
"എൻ്റെ  കൂടെ?"
"അതെ താൻ  ഒറ്റക്കല്ലേ "?"
"അതെ".
"ഞാനും ഒറ്റക്കാണ് .അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?"
"അതിന് നിങ്ങൾ ആരാണെന്നു എനിക്കറിയില്ല ".
"സാരമില്ല.നിങ്ങൾ ആരാണെന്നു എനിക്കറിയാം.ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല."
"അങ്ങനെ താൻ  ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട".
"എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ  താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്.ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല.ദാ  ഞാൻ എൻ്റെ കട്ടിലും  സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം.ഏതായാലും താൻ  വാടക കൊടുക്കണം.അപ്പോൾ ഞാൻ സേഫ് ആയി."
അയാൾ പറയുന്നത് എന്താണ് എന്ന് എനിക്കുമനസ്സിലാക്കാൻ സമയം പോലും തരാതെ ജോർജ്‌കുട്ടി  അകത്തേക്ക് കയറി.
"ആഹാ,ഈ സാധനങ്ങളെല്ലാം  ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ  എവിടെ കിടക്കും? വാ  നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം".
അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി.ഏതായാലും  അയാളുടെ സഹായം തൽക്കാലം  നല്ലതു തന്നെ.
"എവിടെയാണ്   ജോലി ചെയ്യുന്നത്?"
"നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്.സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്."അപ്പോൾ അതാണ് കാര്യം.
എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി  അയാളുടെ സാധനങ്ങൾ  എടുത്തുകൊണ്ടുവന്നു.
ആദ്യം ഒരു പെട്ടി തുറന്ന് ഒരു ഗിറ്റാർ  എടുത്തു വച്ചു.വയ്ക്കുന്നതിന്  മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ  സ്ട്രിങ്ങിൽ  തട്ടി ശബ്ദം കേൾപ്പിച്ചു.
അടുത്ത പാക്കറ്റ് തുറന്നു.
 ഒരു വലിയ  എയർ ഗൺ ആയിരുന്നു അത്.അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല.ഒന്നും ചെയ്തില്ല.
അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും  ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്.കാണാൻ നല്ല ഭംഗിയുണ്ട്.,"സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്."
അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,"ഒരു റൂം മുഴുവനും അതിനുവേണ്ടി........"
"താൻ  ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ."നിമിഷനേരംകൊണ്ട് ജോർജ്‌കുട്ടി കശുമാവ് അസംബിൾ ചെയ്തു.ഒരു റൂം മുഴുവൻ നിറഞ്ഞു നിൽക്കുന്നു,ആ മരം.
വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി  വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്.
"ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?".
"അത്, ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും."
എനിക്ക് തലകറങ്ങാൻ തുടങ്ങി.
അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു.
എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു.
അത്  ഒരു പുസ്തകം ആയിരുന്നു,അത് തുറന്നു,എന്നിട്ടു പറഞ്ഞു."ഞാൻ  എന്നും ഉറങ്ങുന്നതിനുമുമ്പ്  ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും.അത് എൻ്റെ ഒരു പതിവാണ്.അത് ഒരു ബൈബിൾ ആയിരുന്നു.
"ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും.അത് കിറു കൃത്യം ആയിരിക്കും.ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം,”ജോർജ്‌കുട്ടി പറഞ്ഞു.
അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലുംഞാൻ  അറിയാത്ത ഭാവത്തിൽ ഇരുന്നു.
പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,"ഭയപ്പെടേണ്ട,ഞാൻ  നിങ്ങളോടുകൂടിയുണ്ട്."
എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി.
ഞാൻ പറഞ്ഞു,"വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും  ഒന്നു നോക്കട്ടെ."
ഞാൻ പുസ്തകം തുറന്നു.
"മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ  സന്ദർശ്ശിക്കുകയോ  അരുത്‌ അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ  മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ  ഭോഷത്തം നിന്നെ വിഷമിപ്പിക്കുകയും ഇല്ല.ഇത്  പ്രഭാഷകൻ അധ്യായം ഇരുപത്തിരണ്ടിൽ പതിമൂന്നിൽ  പറയുന്നതാണ്. ,ഇപ്പോൾ എന്ത് തോന്നുന്നു?"
ജോർജ് കുട്ടി  എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി.
"ശരി ഞാൻ പോയേക്കാം."
ഞാൻ പറഞ്ഞു,"താൻ  ഇപ്പോൾ  പോകുന്നില്ല."
ജോർജ് കുട്ടി  വീണ്ടും ബൈബിൾ എടുത്തു തുറന്നു."ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല."
"വാടക കൊടുക്കാതെ കൂടെ താമസിക്കാൻ ശ്രമിക്കുന്നവനെ സൂക്ഷിക്കണം എന്നും ബൈബിളിൽ പറയുന്നുണ്ട്."
"ബൈബിളിൽ എവിടെ പറയുന്നു?"
"കുരിയാക്കോസ് എഴുതിയ ലേഖനത്തിൽ അങ്ങനെ പറയുന്നുണ്ട്"
"കുരിയാക്കോസ്,അത് ആരാ?യേശുവിന് അങ്ങനെ ഒരു ശിഷ്യനുണ്ടോ?"
"കുരിയാക്കോസ് എൻ്റെ അയൽക്കരനായിരുന്നു.അയാൾ മകന് അയക്കാനായി  എഴുതിയ കത്ത്  പോസ്റ്റ് ചെയ്യാൻ മറക്കാതിരിക്കാൻ ബൈബിളിൽ വച്ചു.അതിൽ എഴുതിയിരുന്നതാണ്."
"ഓ,തമാശക്കാരനാണല്ലോ .ഇനിയുംവല്ലതും ഉണ്ടോ ഈ മോഡൽ?"
ജോർജ് കുട്ടിയുടെ  പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു.അയാൾ ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത്  എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ.
പലപല പാക്കറ്റുകളിലായി ജോർജ് കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്.
സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ  പതുക്കെ  ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു.
"ഇനി നാളെ ബാക്കിതുറക്കാം."എന്നിട്ട്  ഒരു പാക്കറ്റ് കയ്യിലെടുത്തു.
"ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു".പാക്കറ്റ് തുറന്നു.ഞാൻ അമ്പരന്ന് ആ പാക്കറ്റിലേക്ക് നോക്കുന്നത് കണ്ട് ജോർജ്‌കുട്ടി ചോദിച്ചു,"എന്താ താൻ ഇങ്ങനെ തുറിച്ചുനോക്കുന്നത്?"

(തുടരും)


ജോൺ കുറിഞ്ഞിരപ്പള്ളി

കണ്ണൂർ ജില്ലയിലുള്ള എരുവാട്ടി സ്വദേശി.

മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷിയോളജിയിൽ എം.എ.
കണ്ണൂർ ഗവർമെന്റ് പൊളി ടെക്നിക്കിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ.
നിയമപഠനം വിദ്യാവർത്തക ലോ കോളേജ് മൈസൂർ.
ബാംഗ്ലൂരിലും മൈസൂറിലുമായി ഔദ്യോഗിക ജീവിതം .
1992 മുതൽ സ്വിറ്റസർലണ്ടിൽ സ്ഥിര താമസം.
ഭാര്യ, ഡെയ്‌സി.
മക്കൾ ക്ലിൻറ്,കെവിൻ,കിരൺ.
സോഷ്യൽ മീഡിയകളിൽ സജീവം.
നാല് പുസ്ടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികൾ മേമനെകൊല്ലി,(Indulekha Publishers  Kottayam
മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ(Multi-author )
 സാക്ഷി,Saikatham publishers ,Kothamangalam
ആറോൺ Haritham Books Kozhikode 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക