Image

ജീവിതത്തിന്റെയും, മരണത്തിന്റെയും നടുക്ക് നിൽക്കുന്നവർക്കുള്ള സുവിശേഷം (മൃദുല രാമചന്ദ്രൻ)

Published on 19 April, 2022
ജീവിതത്തിന്റെയും, മരണത്തിന്റെയും നടുക്ക് നിൽക്കുന്നവർക്കുള്ള സുവിശേഷം (മൃദുല രാമചന്ദ്രൻ)
 
എന്റെ പ്രിയരേ,
 
ജീവിതത്തിൽ ചില നിമിഷങ്ങൾ ഉണ്ട്, നിങ്ങൾ നിങ്ങളെ തന്നെ അത്രമേൽ ശക്തിയോടെ, ഇഷ്ടത്തോടെ, ഊർജത്തോടെ ഒന്നമർത്തി  മുറുക്കി കെട്ടി പിടിക്കേണ്ട നിമിഷങ്ങൾ....
 
പ്രിയപ്പെട്ട എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ എഴുതിയത് പോലെ "മുന്തിയ" ചന്തമുള്ള മാത്രകൾ അല്ല...
 
മുറിഞ്ഞു മലിനപ്പെട്ട വ്രണിത മാത്രകൾ....പ്രാണനോളം നീറുന്നത്....
 
ഉയർത്തിയ പാദം മുന്നോട്ട് വയ്ക്കാൻ പൊടുന്നനെ വഴികൾ ഇല്ലാതെ പോകുന്നു....മുന്നിലത്രയും തീ പാറുന്നു...
 
അന്നോളം നടന്നു വന്ന വഴികൾ അത്രയും മുന്നറിയിപ്പില്ലാതെ പ്രളയം മൂടുന്നു.ജീവിതത്തെ അടയാളപ്പെടുത്തിയ നാഴികക്കല്ലുകൾ,സൂക്ഷ്‌മതയോടെ സൃഷ്ട്ടിച്ച സ്വപ്നങ്ങൾ, സ്വന്തമെന്നുറച്ച ഇടങ്ങൾ, ആളുകൾ ....എല്ലാം ഒന്നു കൺ ചിമ്മും നേരം കൊണ്ട് ജലരാശിയിൽ അപ്രത്യക്ഷമാകുന്നു....
 
ആകാശം പെയ്യാൻ പോകുന്ന തീമഴകളുടെ ആരംഭം ഓർമിപ്പിച്ചു കൊണ്ട് ചുവന്നു തുടുത്ത്, അഗ്നി തുപ്പുന്നു...
 
ഒറ്റക്കാലടി വച്ച ഇടം തീയിലും, ജലത്തിലും കത്തി അലിയുന്നു...
 
മരണദേവത അതിന്റെ ഉന്മാദ സൗന്ദര്യം കൊണ്ട് മോഹിപ്പിക്കുന്നു .... നിരാശയുടെ കറുത്ത ശലഭങ്ങളുടെ ചിറകടി അന്തമില്ലാത്ത ഒരു രാത്രിയെ കുറിക്കുന്നു...വിഷാദത്തിന്റെ മഞ്ഞു പാടക്കുള്ളിൽ പ്രതീക്ഷയുടെ ഒറ്റ താരകം നീലച്ചു പിടയുന്നു....
 
ജീവിതവും, മരണവും സന്ധിക്കുന്ന , കുഴയുന്ന ഒരു കാലടി മണ്ണിൽ ഹൃദയം മുറിഞ്ഞു കൊണ്ട് നിങ്ങൾ നിൽക്കുന്നു....ലോകം നിങ്ങളെ നോക്കാൻ മടിക്കുന്നു, തൊടാൻ അറക്കുന്നു....
 
തീർത്തും, തീർത്തും നിങ്ങൾ തനിയെ ആണ്...മരണവും, ജീവിതവും ഇരു തോളുകളിലും കൈ വച്ചു നിൽക്കുന്നു.
 
സങ്കടങ്ങളില്ലാത്ത ഇടങ്ങൾ ഉണ്ടെന്ന് മരണം മോഹിപ്പിക്കുന്നു...
 
വേദനയല്ലാതെ മറ്റൊന്നും തരാൻ ഇല്ലെന്ന് ജീവിതം നിസ്സഹായമാകുന്നു....
 
അപ്പോൾ, നിങ്ങൾ നിങ്ങളെ തന്നെ ഒന്ന് മുറുക്കെ കെട്ടി പിടിക്കണം...
 
സ്നേഹ നിരാസം  കൊണ്ട്, വിശ്വാസ വഞ്ചന കൊണ്ട്, കനിവറ്റ കൂർപ്പുകൾ കൊണ്ട് ഉടലാകെ നിറഞ്ഞ ഓരോ മുറിവിലും അമർത്തി ചുംബിക്കണം.ഓരോ മുറിവിലും നിങ്ങളുടെ പൊള്ളുന്ന കണ്ണീരു വീണു നീറണം...
 
നീറുന്ന കണ്ണുകൾ ധൈര്യത്തോടെ ഉയർത്തി ലോകത്തെ ഒരു നിമിഷം നോക്കണം....
 
ശേഷം, നിങ്ങൾക്ക് ജീവിതത്തെയോ, മരണത്തെയോ തിരഞ്ഞെടുക്കാം....
 
സങ്കടം ഇരമ്പുന്ന ജീവിതത്തിലേക്കോ, മരണം വാഗ്ദാനം ചെയ്യുന്ന ശാന്തിയിലേക്കോ കാലൂന്നാം...
 
അവനവനെ തന്നെ അത്യഗാധമായി സ്നേഹിച്ച ഒരു മാത്രക്കു ശേഷം .....നിങ്ങൾക്ക് എന്തു വേണമെങ്കിലും ആകാം.
 
 
Join WhatsApp News
പ്രപഞ്ച പൊടിപടലം 2022-04-25 01:40:02
When we realize the naked fact that we are Cosmic dust; we can fly above the galaxies. നമ്മൾ ഒക്കെയും പ്രപഞ്ച പൊടിപടലം ആണെന്നുള്ള സത്യം മനസിലാക്കിയാൽ ഗാലക്സികളുടെ മുകളിലൂടെ പറക്കാൻ സാധിക്കും.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക