Image

സ്നേഹമേ.. ! - ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 19 April, 2022
സ്നേഹമേ.. ! - ഡോ. കുഞ്ഞമ്മ ജോർജ്ജ്

ഞായറാഴ്ച രാവിലെ ശാരദക്കുട്ടി ടീച്ചറേ വിളിച്ചു. ഞങ്ങൾ ഈസ്റ്റെർ ആശംസകൾ കൈമാറി. ഇപ്പോൾ fb യിൽ ഒന്നും എന്നെ കാണുന്നേ ഇല്ലല്ലോ എന്ന് ടീച്ചർ. ഉണ്ടല്ലോ എന്നു ഞാൻ മനസ്സിൽ പറഞ്ഞു. ചില ചില നാട്ടു വീട്ടു വിശേഷങ്ങൾ ഒക്കെ പങ്കു വച്ചശേഷം ഞാൻ പറഞ്ഞു. തലയിൽ ദിവസേന പല പോസ്റ്റുകളും കറങ്ങി തിരിയുന്നുണ്ട്. എഴുതാം എന്നു വിചാരിക്കുമ്പോൾ സാബു കൃഷ്ണന്റെ fb പോസ്റ്റിൽ കണ്ട ഒരു പ്രസ്താവന ഓർമ വരും. "വായിക്കുമ്പോൾ ഏറ്റവും മഹത്തായത് വായിക്കുക, എഴുതാൻ തോന്നുമ്പോൾ ഏറ്റവും ശ്രേഷ്ഠമായതിനെപ്പറ്റി എഴുതുക. വായനക്കാരാ നീ ഒന്നാന്തരമായതു തിരഞ്ഞെടുത്തു കൊള്ളുക, കാരണം ജീവിതം ചെറുതാണ്.'". ടീച്ചർ കയ്യടിച്ചു, നൂറു ശതമാനം ശരിയെന്നു പറഞ്ഞു. പറഞ്ഞു വരുന്നത് സാബു കൃഷ്ണൻ എന്റെ പേനയ്യ്ക്കൊരു വിലങ്ങിട്ടു എന്നു തന്നെയാണ്. എന്നാലും ഞാനതിനെ വല്ലാതെ വിലമതിക്കുന്നു."നിന്റെ കണ്ണിൽ ഞാൻ നക്ഷത്രങ്ങളെ കണ്ടു, നീയെവിടെ ഒളിച്ചാലും എന്റെ കണ്ണുകൾ നിന്നെ പിന്തുടരും"എന്നമാതിരി എഴുത്തുകൾ സത്യമായും ഞാൻ മടുത്തു തുടങ്ങി. പ്രായം കൊണ്ടുവന്ന മാറ്റമാകാം.
                സ്നേഹത്തേക്കുറിച്ച് തന്നെ പറഞ്ഞാലോ! ഈയിടെ കാസന്ത് സാക്കിസ് ഒരു ഭൂതം മാതിരി എന്നെ പിടികൂടിയിരിക്കുന്നു. അങ്ങേരു സില്ലി കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. അപ്രാപ്യമായവയെ പ്രാപ്യമാക്കുക എന്ന ഒരു പ്രസ്താവന എല്ലാ ബുക്ക്സിലും എഴുതി കാണുന്നു."സ്നേഹം മരണത്തേക്കാൾ കഠിനമെന്നു"സോർബ ദി ഗ്രീക്കിൽ."സ്നേഹം ഭാരിച്ച ഒരു ഉത്തരവാദിത്വം കൂടിയെന്ന്"fr. Bobby Jose Capuchin.
                   ഈയിടെ Muse Mary യുടെ ഒരു യൂട്യൂബ് പോസ്റ്റ്‌ കണ്ടു. Soul post - പ്രണയം എന്നാണ് യൂ ട്യൂബിൽ വരുന്നത്. അതൊന്നു കേട്ടു നോക്കുന്നത് നല്ലതാണ്. മ്യൂസ് സ്വതസിദ്ധമായ ശൈലിയിൽ ഒരു പുൽക്കാട്ടിൽ നിന്ന് പച്ചപ്പുല്ലിന്റെ തുമ്പ് നുള്ളി ഉഗ്രൻ ഒരു പ്രഭാഷണം നടത്തി. എനിക്കതു വല്ലാതങ്ങു ബോധിച്ചു. എന്നാലും കമന്റിൽ ഞാൻ ഒരു പച്ചക്കള്ളം ഇട്ടു.- ഞാൻ പ്രണയിച്ചിട്ടേ ഇല്ല". എനിക്കിനിയും പ്രണയിക്കാനുള്ള യുവത്വം ഉണ്ടെന്ന് ഒരു സുഹൃത്ത്.

പ്രണയം ഏതു പ്രായത്തിലും വരാം, അതുകൊണ്ട് എനിക്കിനിയും സ്കോപ്പ് ഉണ്ടെന്ന് മ്യൂസ്. അയ്യോ വേണ്ടാ വേണ്ടാ എന്നു ബലം പിടിച്ചു ഞാൻ. എന്നേ ന്യായീകരിക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ!. ദാ പിന്നെയും വരുന്നു കാസന്ത് സാക്കിസ്. "എപ്പോഴും ഇരുപത്തഞ്ചു വയസ്സുള്ള ഒരു യുവാവിനെപ്പോലെ ആരോഗ്യവാനായിരിക്കുക. ആണായാലും പെണ്ണായാലും ഒരു പ്രത്യേക വ്യക്തിയേയും സ്നേഹിക്കാതിരിക്കുക. അതു നിങ്ങളുടെ ഹൃദയത്തെ ഇടുങ്ങിയതാക്കും. എല്ലാറ്റിനേയും തുല്യമായ നിസ്സംഗതയോടെയും ആവേശത്തോടെയും സ്നേഹിക്കാനുള്ള കെൽപ്പു നിങ്ങളിൽ ഇല്ലാതെയാക്കും".-റിപ്പോർട്ട്‌ ടു ഗ്രേക്കോ. ഇതൊന്നു നമുക്കിണങ്ങുന്ന മട്ടിൽ  പറഞ്ഞു നോക്കിയാലോ?

പ്രണയിച്ചോളൂ നിങ്ങൾ, പക്ഷെ നഷ്ടപ്രണയം നിങ്ങളുടെ രാത്രികളെ നിദ്രാവിഹീനങ്ങൾ ആക്കരുത്. നിങ്ങളുടെ രുചിമുകുളങ്ങളെ നിർവീര്യമാക്കരുത്, നിങ്ങളിലെ നല്ല ഊർജ്ജത്തെ കെടുത്തി കളയരുത്. ഒരു സ്നേഹവും നെഞ്ചിനുള്ളിലേക്ക് കയറ്റരുത് എന്നു. അസാധ്യം, അസാധ്യം എന്നു തലയാട്ടുന്നവരെ ഞാൻ കാണുന്നു.
        ഇനി പ്രവാചക കവി ലെബനൻ എഴുത്തുകാരൻ ഖലീൽ ജിബ്രാനെ ഒന്നു നോക്കിയാലോ."ഞങ്ങളോട് സ്നേഹത്തെക്കുറിച്ച് പറയുക "-അൽമിത്ര ( ഈ അൽമിത്ര ജിബ്രന്റെ ഒരു പ്രണയിനി മേരി ഹാസ്‌ക്കൽ എന്ന് എഴുതി കണ്ടിട്ടുണ്ട് )."പ്രേമം മാടി വിളിക്കുമ്പോൾ അനുഗമിക്കുക, അവന്റെ പാതകൾ കഠിനവും ദുർഗമവും ആണെങ്കിലും. അവന്റെ ചിറകുകൾ നിന്നെ പൊതിയുമ്പോൾ വഴങ്ങി കൊടുക്കുക. ഞൊറികൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച ഖഡ്ഗം നിന്നെ നോവിക്കുമെങ്കിലും "( ഇത്രയുമെ പ്രണയികൾ വായിക്കുകയുള്ളു.)അതിനടിയിൽ കുറേ വരികൾ കൂടിയുണ്ട് -"പരസ്പ്പരം സ്നേഹിക്കുകയെന്നാൽ പരസ്പ്പരബന്ധം ബന്ധനങ്ങൾ തീർക്കാതിരിക്കട്ടെ എന്നാണ്."

ജിബ്രാന് കിഴക്ക് പടിഞ്ഞാറൻ സംസ്ക്കാരമാണ്. ലെബനനിൽ ജനിച്ച് അമേരിക്കയിൽ താമസമാക്കിയവൻ.. ജിബ്രാനെ നമ്മുടെ നാടിനു ചേരും വിധം update ചെയ്ത് പഠിപ്പിക്കേണ്ടിയിരിക്കുന്നു എന്നെനിക്ക് അഭിപ്രായമുണ്ട്. അവസാനം മ്യൂസ് മേരി പറഞ്ഞതാണ് ശരി. സ്നേഹം ഒരു ആറ്റിട്യൂട് ആണ്. അത്രയുമേ ആകാവു. ഇതൊക്കെ സ്വയം പഠിച്ചു വരുമ്പോഴേക്കും നമ്മളൊക്കെ പാകത വന്നവരാകും. ശാരദക്കുട്ടി ടീച്ചർ ഒരിക്കൽ എഴുതിക്കണ്ടതുപോലെ എഴുത്തും വായനയും എനിക്കും പെടാപ്പാട് തന്നെ. നിർത്തട്ടെ..
     Dr. Kunjamma George

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക