
ഏകപത്നീവ്രതനാം ശ്രീരാമനിൽ
മുഗ്ദാനുരാഗ വിവശയായ് വന്നവൾ
അജ്ഞാതമാമൊരു മധുരാനുഭൂതിയിൽ
അനുരക്തയായനുരാഗിണിയായ്!!!
ചൊന്നവൾ ദാശരഥിയോടായതാ
നീയുപേക്ഷിക്ക സീതയാം തരുണിയെ
വേൾക്കണമെന്നെയീക്ഷണം വൈകാതെ
അത്രമേലുണ്ട് പ്രണയമെന്നറിയുക!!!
അവഗണിച്ചവളോടുര ചെയ്തവൻ
ജാനകിയുണ്ടെനിക്കിന്നു കൂട്ടിനായ്
ചോദിക്കയെൻ ഭ്രാതാവിനോടായി
ഏകനാണവനെന്നതുമറിക നീ!!!
നോട്ടമിട്ടവൾ കോമളഗാത്രനെ
സുന്ദരൻ, ചന്ദ്രശോഭാംഗയുള്ളവൻ
ശങ്കവെടിയാതെ മുന്നിലായ് ചെന്നവൾ
ഇംഗിതമറിയിച്ചു വൈകാതെയായ്!!!
"ഭ്രാതൃസേവയിൽ കാലം കഴിക്കുവാൻ
വന്നതാണീ വനാന്തര ഭൂമിയിൽ
മാറിപ്പോവുക നീയിന്നകലെയായ്
വേണ്ടെനിയ്ക്കൊരു കൂട്ടിന്നു
വേറെയായ് "!!!
ഇച്ഛാഭംഗയായ് മാറി നക്തഞ്ചര
പാഞ്ഞടുത്തതാ ജാനകി മുന്നിലായ്
ഹേതുവായൊരാ സീതയാം ദേവിയെ
വകവരുത്തുവാൻ പോലുറപ്പിച്ചവൾ!!!
രാമദേവൻ്റെയിംഗിതം പോലതാ
കോപവേഗേന ലക്ഷ്മണൻ തൽക്ഷണം
അംഗച്ഛേദം വരുത്തിയവളുടെ
ദേഹിയാകെ പടർന്നു രുധിരവും!!!
ക്രോധിയായവളലറിക്കരഞ്ഞതാ
നാലുദിക്കും നടുങ്ങുമാറുച്ചത്തിൽ
പ്രാണനും കൊണ്ടോടി മറഞ്ഞുവോ
രാവണസഭയാകെ നടുങ്ങിയോ?
ജനകാത്മജ ശ്രീരാമ പത്നിയെ
അപഹരിക്കുവാൻ, യുദ്ധം തുടങ്ങുവാൻ
കാഹളങ്ങൾക്കു കാരണമാകുവാൻ
ലങ്കാസോദരി, മാറി കാവ്യത്തിലും.......!!!