MediaAppUSA

വഴി തിരിയുമ്പോൾ (കഥ: രമണി അമ്മാൾ )

Published on 22 April, 2022
വഴി തിരിയുമ്പോൾ (കഥ: രമണി അമ്മാൾ )

സിജിത വീട്ടിൽനിന്നിറങ്ങുമ്പോൾ ഒരു മിസ്ഡ്കാൾ തരും..
ഒരു പത്തുമിനിറ്റുകൊണ്ട് 
റഡിയായി റോഡിലിറങ്ങി നില്ക്കണം..
പളളിയങ്കണംവരെ, അങ്ങോട്ടുമിങ്ങോട്ടുംകൂടി ഒരു മുക്കാൽ മണിക്കൂർ നടപ്പ്..
കൂരിശുരൂപത്തിനു മുന്നിൽ ഒരു നിമിഷം പ്രാർത്ഥിച്ചിട്ട്
തിരികെ   അങ്ങാടിക്കവലയിലെത്തുമ്പോഴാണ് 
മിക്കപ്പോഴും സെബാസ്റ്റ്യൻ സാറിനെ കാണാറ്..
മുന്നോട്ടു നടക്കാതെ 
അദ്ദേഹവും ഞങ്ങളോടൊപ്പം 
നടക്കും..
അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത് ഈ അടുത്ത സമയത്താണ്..
കാൻസറായിരുന്നു..
ബാംഗ്ളൂരിൽ ഏതോ വൻ ബിസിനസ്സിന്റെ   അടിത്തറയുളള ഫാമിലിയാണ് സാറിന്റേതെങ്കിൽ..
മകൻ കല്യാണം കഴിച്ചിരിക്കുന്നതും ബിസിനസ്സു കുടുംബത്തിൽ
നിന്നുതന്നെ.
ഭാര്യയുടെ രോഗം മൂർച്ഛിച്ച സമയത്ത് ബാംഗ്ളൂർവാസം മതിയാക്കി 
രണ്ടുപേരുംകൂടി നാട്ടിലേക്കു പോന്നതാണ്. 
ഒപ്പം നടക്കുന്നതിനിടെ സൂര്യനുതാഴെയുളള എന്തിനേക്കുറിച്ചും
സാറു സംസാരിക്കും.  ബോറടിപ്പിക്കാത്ത വാക്ധോരണി .. 
"സാറിനെ 
കണ്ടിട്ടു  ദിവസങ്ങളായല്ലോ. 
സിജിത കാണാറുണ്ടോ..?
"പോർച്ചിൽ കാറു കിടപ്പുണ്ട്..
പെട്ടെന്ന് ബാംഗ്ളൂരെങ്ങാനും പോകേണ്ടിവന്നിട്ടുണ്ടാവും"     സാറിന്റെ വീടും കഴിഞ്ഞു പോണം സിജിതയ്ക്ക്..
റോഡു സൈഡിലാണെങ്കിലും അകത്തേക്കുൾവലിഞ്ഞ്,
ചുറ്റിനും നിറയെ മരങ്ങളും,   ചെടികളുമൊക്കെയായി
പഴക്കമുളള പടുകൂറ്റൻ ബംഗ്ളാവ്..
സഹായത്തിനൊരു  തമിഴനെ,  ഭാര്യയും കുഞ്ഞുമായി ഔട്ടുഹൗസിൽ താമസിപ്പിച്ചിരുന്നത് ഭാവിയിൽ പൊല്ലാപ്പായേക്കുമെന്നു കരുതി പറഞ്ഞുവിട്ടുപോലും..
"ഒരു സ്ത്രീ വന്ന് ഭക്ഷണമുണ്ടാക്കി, വീടും വൃത്തിയാക്കിപ്പോവും.
രാക്കൂട്ടിന് എന്റെ സുഹൃത്ത് രാഘവന്റെ പഠിക്കുന്ന ചെക്കനും വരും..
കുറച്ചു വായന,  കുറച്ചു
നേരം ടി വി,
ഞായറാഴ്ചകളിലെ 
പളളീപ്പോക്ക്, ഉറക്കം, പിന്നെയീ നടത്തം.. 
ദിവസങ്ങളും തീരുന്നു..
ഞാനോ മടുപ്പിന്റെ പരമകാഷ്ഠയിലുമെത്തി നില്ക്കുന്നു...
"സാറിനു 
സ്ഥിരമായി മകന്റെയൊപ്പം താമസിച്ചൂടേ.." 
"നാടും വീടുമുപേക്ഷിച്ചൊരു പോക്ക് ഇനി വയ്യ. "
" എന്നാപ്പിന്നെ ഒരു കല്യാണമൊക്കെക്കഴിച്ച് ഇവിടത്തന്നെയങ്ങു കൂട്..
സിജിത പറഞ്ഞതു തമാശയായിട്ടാണെങ്കിലും
ഒരു നിമിഷം സാർ 
ഒന്നു നിന്നു.. 
കേൾക്കാനിഷ്ടപ്പെട്ടതു കേട്ടപോലെ.. 
മനസ്സിലുളളതാരോ വായിച്ചറിഞ്ഞ സന്തോഷത്തോടെ..
" ഈ പ്രായത്തിൽ ഇനി ആരെ കിട്ടാനാ..."
സിജിതയോടല്ല, 
എന്നോടു മാത്രയായിരുന്നില്ലേ ആ ചോദ്യം..?
സാർ ഉത്തരം തേടുന്നത് എന്റെ കണ്ണുകളിലായിരുന്നില്ലേ..?
ഒറ്റപ്പെടലിന്റെ നോവ് മറ്റാരേക്കാളും 
എനിക്കറിയാമെന്നതുകൊണ്ടാവുമോ..?
ആരോടെന്നില്ലാതെ സംസാരിച്ചു നടക്കുമ്പോൾ സാറിന്റ കണ്ണുകൾ ഇടയ്ക്കൊക്കെ
എന്നിൽ  ഉടക്കുന്നതുപോലെ,
ആ കണ്ണുകളിൽ ഒരു യാചനയുളളതുപോലെ തോന്നിയിട്ടുണ്ട്..
സിജിതയ്ക്ക് നടക്കാനിറങ്ങാൻ സൗകര്യപ്പെടാത്ത
ദിവസങ്ങളിൽ, 
അല്പം ധൃതിയുണ്ടെന്നു പറഞ്ഞു 
വേഗത്തിൽ നടന്നുപോരുന്നതു ആ കണ്ണുകളെ നേരിടാനുളള ധൈര്യക്കുറവുകൊണ്ടുതന്നെ. ..
ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ കാണുമ്പോൾ
സാറു സന്തോഷവാനായിരുന്നു..
"ഞാൻ മനോരമയിലൊരു
വിവാഹപ്പരസ്യം കൊടുത്തതിനു റെസ്പോൺസുണ്ടായി കേട്ടോ..
ഇരുപതുവർഷംമുൻപ്
ഭർത്താവു മരിച്ചുപോയ ഒരു സ്ത്രീ വിളിച്ചു. 
അമ്മയ്ക്കൊരു കൂട്ടുവേണമെന്നു അവരുടെ പെൺമക്കൾക്ക് വല്ലാത്ത നിർബന്ധമെന്ന്. അറുപത്തിയഞ്ചേയുളളു പ്രായം..ഫോട്ടോകണ്ടു..
ഇന്നലെ പളളിയിലെ പ്രാർത്ഥന കഴിഞ്ഞിറങ്ങുമ്പോൾ  കുറച്ചുദൂരെ മാറി  കാറിനുളളിലിരുന്നും കണ്ടു. 
അടുത്തേക്കു വിളിച്ചപ്പോൾ
വന്നു..
ചിരപരിചിതരേപ്പോലെ സംസാരിച്ചു...
കാറിൽ കയറ്റി അവരുടെ വീടിനു മുന്നിൽ 
കൊണ്ടു വിടുകയും ചെയ്തു.. ശേഷം, അപ്പോൾത്തന്നെ
പളളിയിൽച്ചെന്ന് അച്ചനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
എന്റെ  മകനോടും ബന്ധുക്കളോടും 
അച്ചൻ ഫോണിൽ വിളിച്ചു സംസാരിച്ചു..    
എന്റെ രണ്ടാംകെട്ടു തീരുമാനിക്കപ്പെട്ടു..
അടുത്ത വ്യാഴാഴ്ച..
നിങ്ങളു രണ്ടുപേരും നിങ്ങളുടെ സൗകര്യത്തിന്
എന്നെയൊന്നു വിളിച്ചിട്ട് വീട്ടിലേക്കു വരുക..."
കേട്ട വാർത്ത വിശ്വസിക്കണോ വേണ്ടയോ..
വീടിനടുത്തെത്തിയത് അറിഞ്ഞതേയില്ല..
എന്നോടുളള ചോദ്യത്തിന് സാറുതന്നെ ഉത്തരം കണ്ടെത്തിയതിൽ 
ആശ്വാസം തോന്നി..
ദിവസങ്ങൾ, ആഴ്പകൾക്കു വഴിമാറിക്കൊണ്ടിരിക്കെ
ഒരു ദിവസം. സാറും ഭാര്യയും ഒരുമിച്ച് ഞങ്ങൾക്കെതിരെ നടന്നുവരുന്നു..
സാറിനൊരു പത്തു വയസ്സു കുറഞ്ഞ ചെറുപ്പം..
യുവ മിഥുനങ്ങൾ...
ഒറ്റപ്പെടലിന്റെ ശ്വാസംമുട്ടലുകളിൽ നിന്നു മോചിതരായ രണ്ടുപേർ.. 
ആയുരാരോഗ്യത്തോടെ, ഇനിയും
കുറെക്കാലം ജീവിക്കാൻ അനുഗ്രഹമുണ്ടാവണേ. 
കുരിശുതൊട്ടിക്കു മുൻപിൽ ഒരു നിമിഷം പ്രാർത്ഥനയോടെ 
നിന്നു..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക