Image

ഭ്രമം-2 (അദ്ധ്യായം -6-മുരളി നെല്ലനാട്)

Published on 22 April, 2022
ഭ്രമം-2 (അദ്ധ്യായം -6-മുരളി നെല്ലനാട്)

കഥ ഇതുവരെ
അവിചാരിതമായിട്ടായിരുന്നു രവികുമാര്‍ പൂര്‍ണിമ ദമ്പതികള്‍ക്ക് ജീവിതത്തിന്റെ മധ്യാഹ്നത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. വിവാഹിതനായ മകന്‍ അഖിലും ഡിഗ്രി വിദ്യാര്‍ത്ഥിനി നിഖിലയും മക്കളായി ഉണ്ടായിരുന്നു. നാണക്കേടോര്‍ത്ത് കുഞ്ഞിനെ ഉപേക്ഷിക്കണമെന്നു നിഖില വാശി പിടിച്ചു. അതിനിടെ പഴയ സഹപാഠികള്‍ക്കൊപ്പം റീയൂണിയന് പൂര്‍ണിമ കന്യാകുമാരിയില്‍ പോയിരുന്നു. കോളേജ് പഠനകാലത്ത് കൂടെ പഠിച്ചിരുന്ന ജയദേവനുമായി പൂര്‍ണിമ പ്രണയത്തിലായിരുന്നു. പൂര്‍ണിമയുടെ കുഞ്ഞ് തന്റെ ഭര്‍ത്താവ് ജയദേവന്റേതാണെന്ന വാദവുമായി ജയദേവന്റെ ഭാര്യ നിരുപമ രംഗത്തു വരുന്നു. നിരുപമ അറിയപ്പെടുന്ന ഫിലിം സ്റ്റാറും ഒരു ട്രാന്‍സ്‌ജെന്റര്‍ വുമണും ആയിരുന്നു. പ്രസവത്തിനു രഹസ്യമായി പൂര്‍ണിമയുമായി രവികുമാര്‍ ബാംഗ്ലൂരിലായിരുന്നു. 

വിവരം അറിഞ്ഞ രവികുമാര്‍ നാട്ടില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ നിരുപമയുടെ വാദം പൊളിയുന്നു. എന്നാല്‍ കുഞ്ഞിനെ രവികുമാര്‍, ജയദേവനും നിരപുമക്കും കൊടുക്കുന്നു. നിരുപമയുടെ വാദം പൂര്‍ണിമയോ മക്കളോ ആരും അറിഞ്ഞിരുന്നില്ല. കുട്ടിക്ക് നാലു വയസ്സുള്ളപ്പോള്‍ ജയദേവന്‍ മരിക്കുന്നു. നിരുപമ മകളുമായി മുംബൈയിലേക്ക് താമസം മാറുന്നു. പിന്നെ ആ കുട്ടിയെ ആരും കണ്ടിട്ടില്ല. പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അനൂട്ടി എന്നു വിളിച്ചിരുന്ന  ആ പെണ്‍കുട്ടിക്ക് നിരഞ്ജന എന്ന പേരിട്ട് നിരുപമ കൊച്ചിയില്‍ താമസിക്കാന്‍ വരുന്നു. നിരുപമയുടെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ മകള്‍ വഴി തെറ്റി മയക്കുമരുന്നിന് അടിമപ്പെട്ടിരുന്നു. 

നിരുപമയും മകളും കൊച്ചിയില്‍ എത്തിയ വിവരം രവികുമാറും പൂര്‍ണിമയും അറിയുന്നു. മകളെ തിരിച്ചു പിടിക്കാനുള്ള മോഹം അവരിലുണ്ടാകുന്നു. നിരുപമ അനൂട്ടിയെ ഡിഗ്രിക്ക് പഠിക്കാന്‍ ചേര്‍ത്ത കോളേജിലെ അധ്യാപികയായിരുന്നു നിഖില. അനൂട്ടി തന്റെ അനിയത്തിയാണെന്ന അറിവ് നിഖിലയെ നടുക്കുന്നു. മകള്‍ക്കു വേണ്ടി രംഗത്തു വന്നാല്‍ വന്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് പൂര്‍ണിമയുടെ സഹോദരന്‍ പ്രഭാചന്ദ്രന്‍ രവികുമാറിനെ ബോധ്യപ്പെടുത്തുന്നു.
തുടര്‍ന്നു വായിക്കാം.

രവികുമാര്‍ കൈകള്‍ നെഞ്ചില്‍ വച്ച് കണ്ണുകളടച്ച് കിടന്നു. പ്രഭാചന്ദ്രന്റെ മുന്നറിയിപ്പും ഉപദേശവും അയാളുടെ മനസിനെ മഥിച്ചുകൊണ്ടിരുന്നു.
ഒരു ജഗില്‍ വെള്ളവുമായി പൂര്‍ണിമ മുറിയില്‍ പ്രവേശഇച്ചു. ജഗ് മേശയില്‍ വച്ചിട്ട് അവള്‍ വാതിലടച്ചു. പിന്നെ കൈയിലെയും കഴുത്തിലെയും ആഭരണങ്ങള്‍ അഴിച്ചുവച്ചു. തലമുടി അഴിച്ചിട്ട് കോതികെട്ടി.
അയാള്‍ ഉറങ്ങിയിട്ടില്ലെന്നു അവള്‍ക്കറിയാമായിരുന്നു.
'പ്രഭേട്ടനോട് സംസാരിച്ചില്ലേ?'
അയാള്‍ മൂളി.
പൂര്‍ണിമ അടുത്ത് വന്നിരുന്നു.
എനിക്കറിയാം പ്രഭേട്ടന്‍ നമ്മുടെ ആഗ്രഹത്തിന് കൂടെ നില്‍ക്കില്ലെന്ന്. അന്ന് നിഖിലക്കൊപ്പം നിന്നയാളാ, പ്രഭേട്ടന്‍. പ്രായം കടന്ന് പ്രസവിച്ചെന്നത് അന്ന് അവര്‍ക്കൊരു അപമാനമായിരിക്കാം. ഇനി നമ്മള്‍ ആരെയാണ് രവിയേട്ടാ പേടിക്കേണ്ടത്. അനൂട്ടിക്ക് പതിനെട്ടായില്ലേ. കൊച്ചുക്കുട്ടി ഒന്നുമല്ലല്ലോ അവള്‍.'
പൂര്‍ണിമ വാശിയോടെ ചോദിച്ചു.

രവികുമാര്‍ എഴുന്നേറ്റ് കോസിയില്‍ ചാരി ഇരുന്നു.
'അനൂട്ടി നമ്മുടെ മോളാ. നാളെ അവളുടെ പേരില്‍ ഒരു അവകാശ തര്‍ക്കമുണ്ടായാല്‍ ഡി.എന്‍.എ. ടെസ്റ്റിന് കോടതി ഉത്തരവിടും.
നിരുപമക്കെന്ത് ചെയ്യാന്‍ പറ്റും?'
പൂര്‍ണിമ ആവേശം  കൊണ്ടു.
'കോടതിയില്‍ എ്ന്ത് കാരണം പറയും. ഇത്രയും കാലം നമ്മള്‍ എവിടെയായിരുന്നു എന്ന ചോദ്യം വരില്ലേ?'
അയാള്‍ ചോദിച്ചു.

'നിയമപരമായ നിരുപമ ദത്തെടുത്ത കുഞ്ഞല്ല അനൂട്ടി. അവള്‍ പ്രസവിച്ചതാണെന്നു വരുത്തി തീര്‍ത്തതാ. അവള്‍ ആദ്യം അടിപതറാന്‍ പോകുന്നത് അവിടെയാ. ജയദേവനും നിരുപമക്കും കുട്ടികളുണ്ടാവില്ലെന്നറിഞ്ഞപ്പോള്‍ നമുക്കു പിറന്ന കുഞ്ഞിനെ അവര്‍ക്കു കൊടുത്തു. കുഞ്ഞിനെ എപ്പോഴും നമുക്ക് കാണാനും, നമ്മുടെ കണ്‍മുന്നില്‍ ജീവിക്കുമെന്നും അവര്‍ ഉറപ്പ് തന്നിരുന്നു. അതുകൊണ്ടു മാത്രമാ അവര്‍ക്ക് കൊടുത്തത്. നാലുവര്‍ഷം വരെ അവര്‍ അത് പാലിച്ചു. ജയദേവന്‍ മരിച്ചതോടെ നിരുപമ ഉടമ്പടി തെറ്റിച്ചു. നമ്മുടെ കുഞ്ഞുമായി അവള്‍ സ്ഥലം വിട്ടുവെന്നു മാത്രമല്ല. ഒരു ഫോണ്‍കോളിലൂടെ ബന്ധപ്പെടാനും ശ്രമിച്ചില്ല.'

പൂര്‍ണിമ ആലോചിച്ചു കൂട്ടുകയായിരുന്നെന്ന് രവികുമാറിനു മനസിലായി. അവളുടെ മനസ് അത്രയും ദൂരെ വരെ സഞ്ചരിച്ചു കഴിഞ്ഞു. മകളെ എളുപ്പത്തില്‍ തിരിച്ചു പിടിക്കാമെന്നാണ് അവള്‍ കരുതുന്നത്.
'നമുക്ക് തന്ന വാക്ക് തെറ്റിക്കുകയല്ലേ അവള്‍ ചെയ്തത്. കോടതിയിലെത്തിയാല്‍ എന്താ ഉണ്ടാവുക എന്നെനിക്കറിയാം. അനൂട്ടി നമ്മുടേതാണെന്നു തെളിഞ്ഞാലും അനൂട്ടി പറയുന്നതിനായിരിക്കും കോടതി വില കല്‍പിക്കുക. അവള്‍ സ്വര്‍ണ്ണകരണ്ടിയില്‍ ഊട്ടിയാലും സ്വന്തം അച്ഛനും അമ്മയും മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ തിരസ്‌ക്കരിക്കാന്‍ ഒരു മകള്‍ക്കും കഴിയില്ല. നിരുപമ സിനിമയെന്നു പറഞ്ഞ് ഓട്ടമായിരുന്നില്ലേ. ജോലിക്കാരിയുടെ തണലിലാ അവള്‍ വളര്‍ന്നതെന്നു ആര്‍ക്കാ ഊഹിക്കാന്‍  കഴിയാത്തത്. അതിനു മാത്രമുള്ള ആത്മബന്ധമൊന്നും നിരുപമയും അനൂട്ടിയും തമ്മില്‍ ഉണ്ടാവില്ല രവിയേട്ടാ.'

പൂര്‍ണിമ പറഞ്ഞു സ്ഥാപിക്കുകയായിരുന്നു. അവളെ കുറ്റം പറയാന്‍ പറ്റില്ല. നാലുവയസുവരെ  കണ്ട  മകളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നിരുപമ അവളേയും കൊണ്ടുപോയി ഒരു വര്‍ഷത്തോളം പൂര്‍ണിമ ഏതാണ്ട് മൗനിയായിരുന്നു. നിഖിലക്ക് ഒരു കുഞ്ഞ് ജനിച്ച ശേഷമാണ് ഏതാണ്ട് നോര്‍മലായത് തന്നെ.
രവികുമാറിന്റെ മനസ്സ് തേങ്ങി. അയാള്‍ നിശ്ശബ്ദം പറഞ്ഞു.
എല്ലാത്തിനും എന്റെയും മനസ്സ് വെമ്പുന്നുണ്ട് പൂര്‍ണിമേ. പക്ഷേ പ്രഭേട്ടന്റെ വാക്കുകള്‍ ബഹുദൂരം പിന്നോട്ടടിക്കുകയാണ്. പ്രിയപ്പെട്ടവളുടെ ഛായയുള്ള മകളെക്കാള്‍ വലുത് പ്രിയപ്പെട്ടവള്‍ തന്നെയാണ്.
പതിനെട്ടു വര്‍ഷം മുമ്പ് കന്യാകുമാരിയിലെ ആ രാത്രി, ഹോട്ടല്‍ മുറിയില്‍ അരങ്ങേറിയതൊന്നും നിനക്കറിയില്ല. ഒരു ടൂര്‍ പോയ ലാഘവത്തില്‍ നീ തിരികെ പോന്നു.
'നിരുപമ ഏതറ്റം വരെയും പോകുമെന്ന് അറിയാമല്ലോ. പഠിക്കുന്ന കാലത്തെ ആ കഥകളൊക്കെ അവള്‍ നമ്മുടെ മകളോടു പറയും.'
അയാള്‍ ഓര്‍മപ്പെടുത്തി.

പൂര്‍ണിമ ചിരിച്ചു.
'അയാള്‍ എന്റെ പിന്നാലെ നടന്നിട്ടുണ്ടെന്ന് തരിച്ചടിക്കാനും എനിക്കറിയാം. അയാള്‍ നമ്മുടെ വീട്ടില്‍ വന്നപ്പോ ഞാന്‍ കാണിച്ച വെറുപ്പ് അവര്‍ക്ക് അറിയാവുന്നതല്ലേ. അത് വച്ചൊന്നും എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട.'
അയാള്‍ മൗനം ഭജിച്ചു.

'ഞായറാഴ്ച മോര്‍ണിംഗ് ഫ്‌ളൈറ്റില്‍ അഖിലും മാളുവും എത്തുന്നുണ്ട്. അവര്‍ കൊച്ചിയില്‍ താമസം ആരംഭിച്ചാല്‍ നമുക്ക് കൂടെ പോകണം....'
'അപ്പോ സൂപ്പര്‍ മാര്‍ക്കറ്റ് ആരു നോക്കും?'
അയാള്‍ അമ്പരപ്പോടെ ചോദിച്ചു.
'രവിയേട്ടന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇങ്ങോട്ടു വാ. അവിടത്തെ കാര്യങ്ങളൊക്കെ പ്രശാന്ത് വേണ്ടവിധം നോക്കികൊള്ളും. അതിനെക്കാള്‍ വലുതല്ലേ  രവിയേട്ടാ, നമുക്ക് നമ്മുടെ മോള്‍? രവിയേട്ടന്‍ നോക്കിക്കൊ, എന്റെ മോളെ കൊണ്ട് അച്ഛാന്നും അമ്മേന്നും വിളിപ്പിക്കും. അതിനെനിക്ക് കഴിഞ്ഞില്ലെങ്കില്‍ മരിച്ചാല്‍ എനിക്ക് ആത്മശാന്തി കിട്ടില്ല.'
പൂര്‍ണിമ ലൈറ്റണച്ചു. അവള്‍ ബഡിലേക്ക് ചാഞ്ഞതും അയാളുടെ ഹൃദയത്തിനു മീതെ അവളുടെ കൈ വന്നമര്‍ന്നതും രവികുമാര്‍ അറിഞ്ഞു.
*****
കാര്‍ സെന്റ് ജോസഫ് സ്‌ക്കൂളിന്റെ ഗേറ്റിനു മുന്നില്‍ നിന്നപ്പോള്‍ മുന്‍ സീറ്റിലിരുന്ന നിഖില തിരിഞ്ഞു.
'സച്ചു.... സ്‌ക്കൂള്‍ എത്തി.'
ഒട്ടും മയമില്ലാതെ സന്ദീപ് പറഞ്ഞു.
'അവനെ ഒന്നു ഇറക്കി ഗേറ്റ് കടത്തി വിട്ടിട്ട് ഞാന്‍ വരാം.' നിഖില ഡോര്‍ തുറക്കാന്‍ തുടങ്ങി.
'നോ. അതിന്റെ ആവശ്യമില്ല. അവന്‍ ഫിഫ്ത്ത് സ്റ്റാന്‍ഡേര്‍ഡിലാ പഠിക്കുന്നത്. സ്വന്തമായി ചെയ്യേണ്ടത് സ്വന്തമായി ചെയ്യണം. ഗേറ്റ് കടത്തി വിട്ടാലും ക്ലാസ് റൂം വരെ അവന്‍ തനിച്ചല്ലേ പോകേണ്ടത്.'
സന്ദീപ് കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു.

സച്ചു ബാഗു വലിച്ചു തോളില്‍ തൂക്കി കാറില്‍ നിന്നിറങ്ങി. നിഖിലക്ക് വിഷമം തോന്നി.
'ചെല്ല്....' സന്ദീപ് പറഞ്ഞു.
ഡാഡിക്കും മമ്മിക്കും റ്റാറ്റ പറഞ്ഞ് അവന്‍ പോയി. അവന്‍ സ്‌ക്കൂള്‍ ഗേറ്റ് കടന്നിട്ടാണ് സന്ദീപ് കാര്‍ എടുത്തത്.
'അവനോട് കുറച്ചൊക്കെ ഇന്റിമസി കാണിക്കണം. എന്തിനും ഏതിനും കല്പന....' നിഖില കുറ്റപ്പെടുത്തി.
'നീ ആവശ്യത്തില്‍ കൂടുതല്‍ കൊടുക്കുന്നുണ്ടല്ലോ. അത് മതി.'
നിഖില മിണ്ടിയില്ല.

'കുട്ടികള്‍ വളരേണ്ട സമയം നല്ല നിഷ്ഠ വേണം. അല്ലാതെ സ്‌നേഹമില്ലാഞ്ഞിട്ടല്ല. ഇപ്പോ കൊഞ്ചിച്ചാല്‍ അതവരുടെ ഭാവിയെ ബാധിക്കും. അച്ചടക്കം ശീലിക്കേണ്ട പ്രായമാ. രവിയങ്കിള്‍ റിട്ടയര്‍മെന്റുവരെ കണിശക്കാരനായിരുന്നെന്നു കേട്ടിട്ടുണ്ട്. മക്കള്‍ പേടിച്ചു വിറച്ചാണ് മുന്നില്‍ ചെല്ലുന്നത്. മക്കള്‍ ഒരു നിലയിലെത്തിയപ്പോള്‍ അങ്കിള്‍ സോഫ്റ്റായി. പിന്നെ അവര്‍ക്ക് സ്വതന്ത്രരായി ജീവിക്കാമല്ലോ. ഏതാണ്ട് അതേ പോളിസി തന്നെയാ എന്റേതും.'
സന്ദീപ് വിട്ടുവീഴ്ചയില്ലാതെ പറഞ്ഞു.

നിഖില പുറത്തു നോക്കി ഇരുന്നതല്ലാതെ മിണ്ടിയില്ല. അച്ഛനെങ്ങനെ മാറ്റം റം വന്നെന്നു സന്ദീപിനറിയില്ല. മൂക്കിന്‍ തുമ്പത്ത് കോപവും ആരുടെ മേലിലും മേല്‍ക്കോയ്മയുമായി നടന്ന മനുഷ്യനാണ്. അച്ഛനും അമ്മയും ഒന്നിച്ചിരിക്കുന്നത് കണ്ടിട്ടില്ല. എല്ലാം മാറ്റി മറിച്ചത് മക്കള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ വീണ്ടും അച്ഛനാവാന്‍ പോകുന്ന വാര്‍ത്ത അശനിപാതം പോലെ പതിച്ചപ്പോഴാണ്. ഇന്നും നല്ല ഓര്‍മ്മയുണ്ട്. അതുവരെ മുടി ഡൈ ചെയ്യാതെ നടന്ന പരുക്കനായ മനുഷ്യന്‍ ഒരു സുപ്രഭാതത്തില്‍ തലമുടിയും മീശയും കറുപ്പിച്ച് കളര്‍ ഷര്‍ട്ടും ധരിച്ച് അമ്മയെ വിളിച്ചു മുന്നില്‍ നിര്‍ത്തി ലവലേശം ഉളുപ്പില്ലാതെ നടത്തിയ പ്രസ്താവന.
'ഞങ്ങള്‍ വീണ്ടും അച്ഛനും അമ്മയുമാവാന്‍ പോകുന്നു....!' തൊലിയുരിഞ്ഞു പോയി. അമ്മ വീണ് കാലൊടിഞ്ഞു കിടക്കുകയായിരുന്നു. ആറു മാസം കഴിഞ്ഞാണ് പ്രഗ്നന്‍സി പുറത്തറിയുന്നത്.

എല്ലാം ഒഴിഞ്ഞുപോയെന്നു കരുതിയിരുന്നപ്പോ വീണ്ടും....
'തന്റെ ക്ലാസിലല്ലേ നിരുപമയുടെ മോള്‍ വന്നിരിക്കുന്നത് ? കോളേജ് മുഴുവനും അത് തന്നെയാ ചര്‍ച്ച. ഇന്നലെ തന്നോടു ചോദിക്കാന്‍ മറന്നു. താന്‍ എന്താ അത് പറയാതിരുന്നത്.'
നിഖില ഒന്നു ഞെട്ടി. അതേപറ്റി ചിന്തിച്ചതേയുള്ളൂ.
'നിരുപമയുടെ മോള്‍ മാത്രമല്ല. വേറെ ഒരുപാടു കുട്ടികളുണ്ട്.'
'അതുപോലെയാണോ നിരുപമ. അവര്‍ സെലിബ്രിറ്റിയല്ലേ. മാത്രമല്ല ഹരിബാബു അങ്കിള്‍ ഇന്‍ട്രഡ്യൂസ് ചെയ്ത ആര്‍ട്ടിസ്റ്റും. അവളുടെ മകള്‍ സ്റ്റുഡന്റായി വന്ന വിവരം മറന്നു പോകാന്‍ വഴിയില്ല...'

'എനിക്കവള്‍ സെലിബ്രിറ്റിയായി തോന്നിയിട്ടില്ല. മുഖത്ത് ചായം തേച്ച്, തുണിയുടെ  അളവും  കുറച്ചു നടക്കുന്നവരെ ഞാനാ കൂട്ടത്തില്‍ പെടുത്തിയിട്ടില്ല.'
'നിരുപമക്ക് തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ജെലസി...!'
സന്ദീപ് പരിഹസിച്ചു.

കാര്‍ കോളേജ് ഗേറ്റ് കടന്ന് കാമ്പസിലൂടെ ഓടി മുറ്റത്ത് ചെന്നു നിന്നു.
'ഇറങ്ങിക്കോ....' സന്ദീപ് പറഞ്ഞു.
അവള്‍ ബാഗും, പുസ്തകങ്ങളും ഒതുക്കി പിടിച്ച് ഡോര്‍ തുറന്നിറങ്ങി. സന്ദീപ് കാര്‍ പാര്‍ക്കിംഗ് ഏരിയായിലേക്ക് ഓടിച്ചു പോയി.

ആദ്യമായി സന്ദീപീന്റെ പരാമര്‍ശങ്ങള്‍ നിഖിലയെ അസ്വസ്ഥയാക്കി.
അഞ്ചു വയസ്സു മുതല്‍ സച്ചുനെ ഒരു മുറിയില്‍ കിടത്തി ശീലിപ്പിച്ചു. കൃത്യ സമയം ഉണരണം. ദിനചര്യകള്‍ സ്വയം ചെയ്യണം. സന്ദീപ് കഴിക്കാന്‍ എത്തുമ്പോള്‍ അവനും ഡൈനിംഗ് ഹാളില്‍ ഉണ്ടാവണം. കള്ളം പറയാന്‍ പാടില്ല. അതിലൊന്നും സന്ദീപ് ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല.

അറേഞ്ച്ഡ് മാര്യേജായിരുന്നു, സന്ദീപുമായിട്ട്. ഒരേ തൊഴില്‍, ഒരേ പ്രായം. എല്ലാവരില്‍ നിന്നും താന്‍ വ്യത്യസ്തനാണെന്ന ഒരു  ചിന്താഗതി സന്ദീപിനുണ്ട്. അതില്‍ അഭിമാനവും തോന്നിയിരുന്നു. അഖിലേട്ടനോട് സന്ദീപിനു വലിയ താല്‍പര്യമൊന്നുമില്ല.
മാളുവിന്റെ വിരല്‍ തുമ്പിലാണ് അഖിലേട്ടന്റെ ചരടെന്നു പറഞ്ഞു പരിഹസിക്കും. അച്ഛനെ ഹീറോ ആയിട്ടാണ് സന്ദീപ് കാണുന്നത്.
ആ പരിവേഷമാണ് ഏത് നേരത്തും അഴിഞ്ഞു വീഴാന്‍ പോകുന്നത്.
നിഖിലയുടെ മനസിലൊരു പുകച്ചിലുണ്ടായി.

സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ അന്നും ഫസ്റ്റവര്‍ ഫസ് ഇയർ  ക്ലാസിലാണെന്നു മനസിലായി. എപ്പോഴായാലും ഒരു മണിക്കൂര്‍ അങ്ങോട്ടു പോയേ പറ്റൂ. ആ പെണ്ണിന്റെ മുഖം കാണുന്നത് ഓര്‍ത്ത് കാലില്‍ നിന്നു പടര്‍ന്ന തരിപ്പോടെയാണ് ക്ലാസില്‍ ചെന്നു കയറിയത്.
അവള്‍ വന്നിട്ടില്ല.
കുട്ടികള്‍. ഗുഡ്‌മോര്‍ണിംഗ് പറഞ്ഞ്  ഇരുന്നു .
'ഇന്നലെ നമ്മള്‍ എന്തിനെ കുറിച്ചാ സംസാരിച്ചത്?'
നിഖില കുട്ടികളോട് ചോദിച്ചു.
'മോഡേണ്‍ പോയട്രിയാ മാം.'

ഒരു കു്ട്ടി പറഞ്ഞു. നിഖില ക്ലാസ് എടുത്തു തുടങ്ങി. സിലബസ് വരാത്തതിനാല്‍ പൊതുവെയുളള കാര്യങ്ങളാണ് പറയുന്നത്.
മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ നിന്നു ശബ്ദം വന്നു.
'മേ ഐ കമ്മിന്‍ മാം....'
കുട്ടികള്‍ അങ്ങോട്ടു നോക്കി. അവരുടെ മുഖം വിടരുന്നതു കണ്ട് നിഖില വാതിലിനു നേരെ തിരിഞ്ഞു.
മിഡിയും ടോപ്പും ധരിച്ച് അനൂട്ടി നില്‍ക്കുന്നു. അവളുടെ സൗന്ദര്യം കൂടി കണ്ടപ്പോള്‍ നിഖലക്ക് വിറഞ്ഞു കയറി.
'ഇത് വളരെ ഡിസിപ്ലിനോടെ നടക്കുന്ന കോളേജാ. ഇവിടെ തോന്നുമ്പോ കയറി വരാനൊന്നും പറ്റില്ല. മുക്കാല്‍ മണിക്കൂര്‍ ലേറ്റ്....'
കർക്കശമായി നിഖില പറഞ്ഞു.

'നേരത്തെ ഇറങ്ങിയതാ ടീച്ചര്‍.... റോഡ് ബ്ലോക്കായാല്‍ എ്ന്തു ചെയ്യും.... ഒരു മണിക്കൂറാ ബ്‌ളോക്കില്‍പ്പെട്ടത്....'
അനൂട്ടി നിസ്സഹായയായി.
'ങും. കയറി വാ....'
'ഞങ്ങളും ഈ പറഞ്ഞ ബ്ലോക്ക് മറികടന്നാ കൃത്യസമയത്ത് ഇവിടെ എത്തിയത്. ഇയാള്‍ക്കെന്താ അതിനു കഴിയാത്തത്?...'
'ഞാന്‍ സ്‌പൈഡര്‍മാന്‍ അല്ല ടീച്ചര്‍.... ഇങ്ങനെ വാഹനങ്ങള്‍ക്കു മുകളിലൂടെ പറന്നു വരാന്‍....'
അനൂട്ടി കൈകൊണ്ട് ആംഗ്യം കാട്ടിയതും കുട്ടികള്‍ പൊട്ടിച്ചിരിച്ചു.
'യൂ...'
'പരിസഹിക്കുന്നോ ...?'
'അല്ല ടീച്ചര്‍..... അതിനുള്ള കഴിവില്ലെന്നല്ലേ ഞാന്‍ പറഞ്ഞത്....' അവള്‍ നിഷ്‌കളങ്കത ഭാവിച്ചു.
'അതിന് നേരത്തെ ഇറങ്ങണം.'
അവള്‍ പരിസഹക്കുകയാണെന്നു നിഖിലക്ക് തോന്നി.

'നിന്റെ ജാഡയൊന്നും എന്റടുത്ത് വേണ്ട. ചെന്നിരിക്ക്....'
അനൂട്ടി സീറ്റില്‍ ചെന്നിരുന്നു. കുട്ടികള്‍ അമര്‍ത്തിപ്പിടിച്ച് ചിരിച്ചു. അവള്‍ അടുത്തിരുന്ന കുട്ടികളെ ഗൂഢമായ ചിരിയോടെ നോക്കുന്നത് നിഖില ശ്രദ്ധിച്ചു.
'ഏറ്റു.... അവരുടെ ഫ്യൂസ് പോയി...'
നിയ ജോണ്‍ പതുക്കെ പറഞ്ഞു.
'യൂ സ്റ്റാന്റപ്പ്.....'

നിഖില അനൂട്ടിക്കു നേരെ വിരല്‍ചൂണ്ടി. അവള്‍ എഴുന്നേറ്റു നിന്നു.
'സേ എ വേര്‍ഡ് ഓര്‍ ടു എബൗട്ട് ഒ ഹെന്ററി?'
'ടീച്ചര്‍ അത് പഠിപ്പിച്ചപ്പോ ഞാന്‍ ക്ലാസില്‍ ഇല്ലായിരുന്നു.'
അവള്‍ പ്രത്യേക രീതിയില്‍ ചുമല്‍ കൂപ്പി.
ക്ലാസ് നിശബ്ദമായി. നിഖിലക്ക് ആ റിയാക്ഷന്‍ സഹിക്കാനായില്ല.
'ഓ ഹെന്ററി ആരാന്ന് നിനക്കറിയില്ലേ?'
'ഇല്ല ടീച്ചര്‍. സത്യമായും അറിയില്ല.'
'പ്ലസ്ടു വരെ പഠിച്ചിട്ടല്ലേ നീ ഇങ്ങോട്ട് വന്നത്. എന്നിട്ട് ഓ ഹെന്റി ആരാന്ന് അറിയില്ല.?'
നിഖില ദേഷ്യം കൊണ്ടു ചുവന്നു.
'അറിയാങ്കി പറയില്ലേ ടീച്ചര്‍. അറിയാവുന്ന കാര്യം ഞാനെന്തിന് ഒളിപ്പിച്ചു വയ്ക്കണം....'
നിഷ്‌കളങ്കമായി അവള്‍ നിഖിലയെ നോക്കി നിന്നു.
'കഷ്ടം.'
'ഹോളിവുഡ് ഡയറക്ടറാണോ ടീച്ചര്‍....?' ക്ലാസില്‍ കൂട്ടചിരി മുഴങ്ങി.
'ഷട്ടപ്പ് യുവര്‍ മൗത്ത്... വലിയ സിനിമ നടിയുടെ മോളാന്ന അഹങ്കാരം! അത് ക്യൂനിന്ന് സിനിമക്ക് ടിക്കറ്റെടുത്ത് ഇടിച്ചു കയറുന്നവരോട് മതി. എന്റടുത്ത് ചെലവാകില്ല. ഇവറ്റകള്‍ക്കൊന്നും ഞാനൊരു വിലയും കല്പിക്കില്ല. കുറച്ച് ചന്തവുമുണ്ട്, ആരുടെ മുന്നിലും എങ്ങനെയും ആടാമെന്ന തൊലിക്കട്ടിയുമുണ്ടെങ്കില്‍ ഫിലിംസ്റ്റാറായി....'
നിഖില അമര്‍ഷം തീര്‍ക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുഖം വളറി.

'ടീച്ചര്‍ അസൂയപ്പെട്ടിട്ടു എന്ത്  കാര്യാ ഉള്ളത്.... ഞങ്ങളെ പോലുള്ള കുട്ടികളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.'
അനൂട്ടി രസം പിടിച്ചു നിന്നു. മര്‍മ്മത്ത് ഒന്നു കൊടുത്ത് അവളെ കരയിപ്പിക്കാമെന്നാണ് നിഖില കരുതിയത്.
'ജലസിയോ.... എന്റെ പട്ടിക്ക്....'
നിഖില പുച്ഛത്തോടെ മുഖം വെട്ടിച്ചു.
'ഇല്ലെങ്കില്‍ ടീച്ചര്‍ എന്തിന് ഇങ്ങനെ ഷിവര്‍ ചെയ്യണം?  നമുക്ക് താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ വെറുതെ വിട്ടാല്‍ പോരെ. പിന്നെ ആക്ടിംഗ് മോശമൊന്നുമല്ല ടീച്ചര്‍. എങ്കില്‍ ഗവണ്‍മെന്റ് അവാര്‍ഡ്  കൊടുക്കോ. പ്രസിഡന്റാ എ്‌ന്റെ മമ്മിക്ക് അവാര്‍ഡ് കൊടുത്തത്. അത് ഫൂളിഷ്‌നസ് എന്നു ടീച്ചര്‍ പറയോ?'
അനൂട്ടി പുരികകൊടികള്‍ ഉയര്‍ത്തി ചിരിച്ചു.

അവളുടെ നില്‍പും മട്ടും ചലഞ്ച് ചെയ്യും പോലെയായിരുന്നു. കുട്ടികള്‍ അവളെ അനുകൂലിച്ച് ചിരിച്ചു.
ഒരു പിടി ചാരമായി ഊര്‍ന്നു വീഴുന്നത് പോലെ നിഖിലക്ക് തോന്നി. തന്നെ നാണം കെടുത്താന്‍ തന്നെയാണ് ഇവളുടെ ജന്മം.
'നിര്‍ത്തെടി. നീ പഠിക്കാന്‍ വന്നതാണോ, അതോ ഷോ കാണിക്കാന്‍ വന്നതാണോ?'
'ടീച്ചറേ... എടി, നീ എന്നൊക്കെ കുട്ടികളെ വിളിക്കുന്നെങ്കില്‍ അവരോട് ഇന്റിമെസി കാണിച്ചിട്ടാവണം. അല്ലെങ്കില്‍ അനിയത്തിയെയോ മക്കളെയോ വിളിക്കണം. ഞങ്ങള്‍ കംപ്ലെയിന്റ് ചെയ്താല്‍ ടീച്ചര്‍ ഈ പ്ലാറ്റ് ഫോമില്‍ വന്നു നിന്ന് സോറി പറയേണ്ടി വരുമേ....'

നിഖിലയുടെ മനസില്‍ അത് തറച്ചു കയറി. പുസ്തകവുമെടുത്ത് നിഖില പുറത്തേക്ക് നടന്നതും അനൂട്ടിയുടെ ഒച്ചയെത്തി.
'O Henry original name William Sidney Porter. He was an American short story writer. O Henry's writing style, humorous language, surprising ending and tearful smile.... കൂയ്....'
അനൂട്ടിയുടെ കൂക്കു വിളിയും പിന്നാലെ കുട്ടികളുടെ പൊട്ടിച്ചിരിയും കേട്ടു.

എല്ലാം അവഗണിച്ച് നിഖില കാറ്റുപോലെ പുറത്തേക്ക് പോയി.
സ്റ്റാഫ് റൂമില്‍ ചെന്നിരുന്നു നിഖില കിതപ്പടക്കി. അഹങ്കാരിയാണവള്‍. ധിക്കാരി. ഇവളെ പോലൊന്നു വീട്ടിലുണ്ടായിരുന്നെങ്കില്‍ കുടുംബം മുടിഞ്ഞേനെ. പരാതിപ്പെട്ടാല്‍ അത് വലിയ കുഴപ്പത്തിലെ ചെന്ന് അവസാനിക്കൂ. ആരോടും ഒരക്ഷരവും ശബ്ദിക്കാനാവില്ല. സന്ദീപിനോടു പോലും.
വീര്‍ത്ത് വീര്‍ത്ത് മനസ് പൊട്ടിപോകുന്നത് പോലെ നിഖലക്ക് തോന്നി.
****
ഉച്ച മയക്കം കഴിഞ്ഞ് നിരുപമ ബാല്‍ക്കണിയില്‍ വന്ന് കാറ്റേറ്റിരുന്നു. ഫോണിലേക്ക് ആരൊക്കെയോ വിളിച്ചിരുന്നു. പ്രധാനപ്പെട്ട നമ്പരുകളിലേക്ക് അവള്‍ തിരിച്ചു വിളിച്ചു.
പുതിയ ഷെഡ്യൂള്‍ അടുത്തയാഴ്ച തുടങ്ങുകയാണ്. എത്തുമെന്നുറപ്പു കൊടുക്കാതെ നിരുപമക്ക് വേറെ വഴിയില്ലായിരുന്നു.
ആച്ചിയമ്മ ചൂട് ചായയുമായി വന്നു.
'മോള് വന്നോ?'
'വന്നു. റൂമിലുണ്ട്.'
'അവളുടെ ശാഠ്യത്തിനും പിടിവാശിക്കും കുറച്ച് മയം വന്നിട്ടുണ്ട്. അല്ലേ ആച്ചിയമ്മേ?'
'ഉവ്വ്.... കോളേജില്‍ പോയി തുടങ്ങിയപ്പോ വന്ന മാറ്റമാ. എന്നോടും മിണ്ടാറുണ്ട്....എടു പിടീന്ന് അവിടെ നിന്നു പോന്നതിന്റേതാ കുഞ്ഞേ. ഇനി അതൊക്കെ മാറും...'
ആശ്വാസത്തോടെ ആച്ചിയമ്മ പറഞ്ഞു.

'ആച്ചിയമ്മയെ ഞാന്‍ കാണുന്നത് സ്വന്തം അമ്മയായിട്ടാ. ഒരു പേരകുട്ടിയോടുള്ള വാത്സല്യം അവളോടു ആച്ചിയമ്മക്കുണ്ടാവണം. രണ്ടാഴ്ച കഴിഞ്ഞാല്‍ പതിനാറു ദിവസം ഞാനിവിടെ ഉണ്ടാവില്ല. ഷൂട്ടിന് ഹൈദരാബാദില്‍ ആവും.'
ആച്ചിയമ്മയുടെ നരച്ച മിഴികളില്‍ ഒരു പ്രകാശമുണ്ടായി.
'ഞാന്‍ നോക്കികൊള്ളാം കുഞ്ഞേ..... മോള്‍ക്കൊരു കുറവും വരില്ല.'

ഒരു കാര്‍ വന്നു ഗേറ്റിനടുത്തായി നില്‍ക്കുന്നത് അവിടെ ഇരുന്നു നിരുപമ കണ്ടു. സെക്യൂരിറ്റി ഇറങ്ങിചെന്ന് എന്തോ ചോദിക്കുന്നു. പിന്നെ അയാള്‍ സെക്യൂരിറ്റി ക്യാബിനിലേക്ക് കയറി പോയി.
'ആരോ ഗസ്റ്റുണ്ട്.... കയറി വന്നാല്‍ അകത്ത് കടത്തണ്ട.'
'ശരി കുഞ്ഞെ....'
ആച്ചിയമ്മ പോയതും നിരുപമയുടെ സെല്‍ റിംങ്ങ് ചെയ്തു.
സെക്യൂരിറ്റിയുടെ കോള്‍ ആണ്.

'ആരാ വന്നത്?'
സെക്യൂരിറ്റിയുടെ വാക്കുകള്‍ കേട്ടതും നിരുപമ എഴുന്നേറ്റു.
'ശരി.... ഞാന്‍ വരാം....'
നിരുപമ സ്റ്റെയര്‍കേസ് ഇറങ്ങി താഴെ വന്നു. മുറ്റം കടന്നു ഗേറ്റിനടുത്തെത്തി. നീല കളറിലുള്ള നെക്‌സോണ്‍ കാര്‍ കുറച്ച് മാറ്റിയിട്ടിരിക്കുകയാണ്. കാറില്‍ നിന്നൊരു യുവതി ഇറങ്ങി. അടുത്തെത്തിയതും നിരുപമ ആ മുഖം തിരിച്ചറിഞ്ഞ്, ഒന്നു ഞെട്ടി. നിഖില!!
അനൂട്ടിയുടെ ടീച്ചര്‍ വന്നിട്ടുണ്ടെന്നും അകത്ത് വരാന്‍ കൂട്ടാക്കുന്നില്ലെന്നുമാണ് സെക്യൂരിറ്റി പറഞ്ഞത്.
'നിഖില.... ഇവിടെ?'
അമ്പരപ്പോടെ നിരുപമ ചോദിച്ചു.
'നിങ്ങള്‍ എന്നെ മറന്നിട്ടില്ല അല്ലേ...?'
'ഇല്ല.... അവിടെ ആ പെണ്ണുണ്ട്.... നിങ്ങള്‍ ചെയ്തിരിക്കുന്നത് എന്താണെന്ന്   വല്ല ബോധവും ഉണ്ടോ? ഞാനും ഹസും പഠിപ്പിക്കുന്ന കോളേജിലാ നിങ്ങള്‍ അവളെ കൊണ്ട് വന്ന് ചേര്‍ത്തിരിക്കുന്നത്. അതും എന്റെ സ്റ്റുഡന്റായി.....!'
നിരുപമ അമ്പരന്നു പോയി.
'നിഖില..... ഞാനത് അറിഞ്ഞില്ല....'
'നിങ്ങള്‍ക്കവളെ തരാന്‍ വേണ്ടി വക്കാലത്ത് പറഞ്ഞവളാ ഞാന്‍. ആ ഞാന്‍ തന്നെ നിങ്ങളോട് പറയുന്നു, എത്രയും വേഗം അവളെയും കൊണ്ട് കൊച്ചി വിട്ടു പോകാന്‍! ഇനി ഞാന്‍ അവളെ കണ്ടു പോകരുത്. അവള്‍ ഇനി ആ കോളേജിലേക്ക് വരരുത്.... അത്രക്ക് വെറുപ്പാ എനിക്കവളോട്.'

നിരുപമ പകച്ചു നിന്നു. നിഖില കിതപ്പടക്കി.
'കോളേജില്‍ നിന്നും നിങ്ങളുടെ വിലാസം തപ്പിപിടിച്ച് ഞാന്‍ വന്നത് ഇത് പറയാനാ..... ഇന്നെങ്കില്‍ ഇന്ന്.... കൊണ്ടു പോയ്‌ക്കൊണം ആ അസുര ജന്മത്തെ....!'
വീടിന്റെ മുകള്‍ നിലയിലെ ജനലിനടുത്ത് നിന്ന അനൂട്ടി അവരെ കാണുന്നുണ്ടായിരുന്നു.
(തുടരും)

read more

https://emalayalee.com/writer/217

Join WhatsApp News
Sandeep 2022-04-23 15:51:46
സ്വന്തം അമ്മയെപ്പോലെ എന്നൊക്കെ തട്ടി വിട്ട് നിരുപമ ആച്ചിയമ്മയെ പാട്ടിലാക്കി.😤 ഇതും അവളുടെ സ്വാർഥത തന്നെ കാണിക്കുന്നു. അനുവിന്റെ കാര്യം നോക്കാൻ ആരേലും വേണ്ടേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക