Image

ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി   ടോമി അമ്പേനാട്ട്  മത്സരിക്കുന്നു

Published on 23 April, 2022
ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി അംഗമായി   ടോമി അമ്പേനാട്ട്  മത്സരിക്കുന്നു

ചിക്കാഗോ: പ്രമുഖ സംഘടനാ പ്രവർത്തകൻ   ടോമി അമ്പേനാട്ട്  ഫൊക്കാന  ബോർഡ് ഓഫ് ട്രസ്റ്റി   അംഗമായി മത്സരിക്കുന്നു. ചിക്കാഗോ മലയാളികളുടെയും പ്രത്യേകിച്ച് ക്നാനായ സമുദായത്തിന്റെയും കരുത്തനായ നേതാവായ ടോമി ഫൊക്കാനയുടെയും സജീവ നേതുത്വം വഹിച്ചിട്ടുള്ള നേതാവാണ്. ഗോൾഡൻ ജൂബിലി(50 വർഷം) കടന്ന അമേരിക്കയിലെതന്നെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷ (സി.എം.എ) നു  സ്വന്തമായി ഓഫീസും കോൺഫറൻസ് ഹാളും നിർമ്മിച്ചത് 7 വര്ഷം മുൻപ് ടോമി സി. എം. എയുടെ പ്രസിഡണ്ട് ആയിരുന്നപ്പോഴാണ്. സി.എം.എക്കു സ്വന്തമായി ആസ്ഥാനം എന്ന സ്വപനം യാഥാർഥ്യമാകുവാൻ നീണ്ട 45 വർഷത്തെ കാത്തിരിപ്പിനു ശേഷം ടോമിയുടെ നേതൃത്വത്തിലൂടെ യാഥാർഥ്യമാകുകയായിരുന്നു.
 

കെ.സി.സി.എൻ.എ യുടെ നാഷണൽ കൗൺസിൽ  അംഗമായിരുന്ന  ടോമി 2020 ജൂലൈ 23 മുതൽ കാലിഫോർണിയയിൽ നടന്ന കെ.സി.സി.എൻ.എ യുടെ നാഷണൽ  കോൺഫെറെൻസിന്റെ ഫണ്ട് റൈസിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന്  കൺവെൻഷൻ നടന്നില്ല. ഫോക്കാന ഓഡിറ്റർ ആയിരുന്ന ടോമി ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡണ്ട്, സെക്രട്ടറി എന്നീ പദവികൾ വഹിച്ച ടോമി ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐ എൻ..ഒ.സി.)ന്റെ ചിക്കാഗോ ചാപ്റ്റർ വൈസ് പ്രസിഡണ്ടുമായിരുന്നു. ചിക്കാഗോ കെ.സി.എസിന്റെ ഫിനാൻസ് കമ്മിറ്റി അംഗം, ലെയ്സൺ ബോർഡ് ചെയർപേഴ്‌സൺ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്. 


സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ടോമി ഈ ഭരണ സമിതിയിൽ ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. എന്നാൽ ഈ ഭരണസമിതി അധികാരമേൽക്കുമ്പോൾ ചില ആശയക്കുഴപ്പങ്ങളുടെ പേരിൽ സംഘടനയിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നവരെ മുതിർന്ന ഫൊക്കാന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചയിലൂടെ തിരികെ കൊണ്ടുവന്നിരുന്നു. അവരിൽ ഒരാളെ ബോർഡിൽ ഉൾക്കൊള്ളിക്കാൻ സ്വയം സ്ഥാനത്യാഗം ചെയ്തുകൊണ്ട് ടോമി മുഴുവൻ യുവ നേതാക്കന്മാരുടെയും മുതിർന്ന നേതാക്കന്മാരുടെയും പ്രശംസയ്ക്ക് പത്രമായിരുന്നു. തിരികെ വന്നവരെ ഉൾക്കൊള്ളിക്കാൻ ചർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി . ജേക്കബ് രാജി സന്നദ്ധത അറിയിച്ചപ്പോൾ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ മുന്നോട്ടു വന്ന ടോമി സ്വയം സ്ഥാനത്യാഗം ചെയ്യാൻ തയാറാകുകയായിരിന്നു. ബോർഡിൽ നിന്ന് രാജി വച്ച ടോമിയെ പിന്നീട് നാഷണൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണ കൈവെടിഞ്ഞ സ്ഥാനം ഇക്കുറി ടോമിക്ക് തന്നെ നൽകണമെന്നാണ് ഫൊക്കാന നേതാക്കൾക്കിടയിലെ പൊതുവായ താൽപര്യം .

ചിക്കാഗോ മലയാളികളുടെ അഭിമാനമായ ടോമി അമ്പേനാട്ട്  ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഉഴവൂർ സിന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദവും  ബിഎഡും നേടിയ ടോമി കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്നു.യൂത്ത് കോൺഗ്രസ് ഉഴവൂർ മണ്ഡലം പ്രസിഡണ്ട്,പാലാ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എന്നി പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ഉഴവൂർ സ്വദേശിയായ മാത്യു (മത്തായി) അമ്പേനാത്തിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായ ടോമി  കഴിഞ്ഞ 26  വർഷമായി ചിക്കാഗോ എൽമ്‌സ്റ്റ് ഹോസ്പിറ്റലിൽ റേഡിയോളജി ടെക്‌നീഷനായി ജോലി ചെയ്തു വരുന്നു. റെസ്‌പിറ്ററി തെറപ്പിസ്റ്റായ സാലിയാണ് ഭാര്യ. മക്കൾ:ടോണിയ,ടാഷ,സിറിൽ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക